ഡോ. മിനി പ്രസാദ്

വഴിയില്‍ ചിതറി വീണ കുങ്കുമത്തരികള്‍

ഡോ. മിനി പ്രസാദ്

ദാമ്പത്യബന്ധത്തിൽ പുരളുന്ന ഒരു കളങ്കം, ഒരനഭ്യഗമനം അതിന് ദൃക്‌സാക്ഷിയാവുന്ന കുട്ടിയെ എങ്ങനെയാണ് ബാധിക്കുക. ഇത് എന്ത് എന്ന് വിവേചിച്ചറിയാവുന്ന കാലത്തല്ലെങ്കിൽപോലും അതിന് സ്വയം ചമയ്ക്കുന്ന വ്യാഖ്യാനങ്ങളിലൂടെയും കണ്ടെത്തലുകളിലൂടെയും കുട്ടി സ്വയം സമാധാനം കണ്ടെത്തുന്നു. പക്ഷേ ആ കണ്ടെത്തലുകൾക്കവസാനം കുട്ടിയുടെ മനോനില എന്തായിരിക്കും? ഈയൊരു വിഷമാകുലമായ അവസ്ഥയാണ് ഇ. ഹരികുമാറിന്റെ 'കുങ്കുമം വിതറിയ വഴികളി'ലെ കഥാവസ്തു.

സംഗീത എന്ന ആറുവയസ്സുകാരി പെൺകുട്ടിയാണിവിടെ കഥാപാത്രം. അവൾ സ്‌കൂളിൽനിന്ന് വരുമ്പോൾ ബസിൽ വെച്ചാണ് അങ്കിളിനെ പരിചയപ്പെടുന്നത്. അവളുടെ പേരും അമ്മയുടെ പേരും പഠിക്കുന്ന ക്ലാസും അറിയാമെന്ന അവകാശവാദവുമായി അവളെ സമീപിക്കുന്ന അങ്കിളിനെ അവൾക്കിഷ്ടമാവുന്നു. അപരിചിതരോട് അധികം അടുക്കേണ്ട എന്നാണ് മമ്മി നൽകുന്ന ഉപദേശമെങ്കിലും സ്വന്തം അദ്ഭുത സിദ്ധികളുടെ വിവരണങ്ങൾകൊണ്ട് അങ്കിൾ അവളെ ആകർഷിക്കുന്നു. ഇതിനുമപ്പുറം അങ്കിളിന്റെ ഭംഗിയും അവളുടെ ഇഷ്ടത്തിനൊരു ഘടകമായിരുന്നു. വീട്ടിൽവന്ന് മമ്മിയോട് അങ്കിളിനെപ്പറ്റി വളരെ വിവരിച്ചുപറയുന്നുണ്ടെങ്കിലും

ഉച്ചയുറക്കത്തിന്റെ പകുതി അലസഭാവം സംഗീതയെ വല്ലാതെ മടുപ്പിക്കുന്നു. പക്ഷേ അങ്കിൾ കൊൽക്കത്തയിൽനിന്നാണ് വരുന്നതെന്ന് കേൾക്കുമ്പോൾ തന്റെ പൂർവകാമുകന്റെ സാന്നിധ്യം മമ്മി തിരിച്ചറിയുന്നു. ഏകദേശം അതേ അവസരത്തിൽ തന്നെ മമ്മിക്ക് റോസ്പൂക്കളും അവൾക്ക് ചിക്ക്‌ലറ്റ്‌സുമായി അങ്കിൾ എത്തുന്നു. സംഗീതക്ക് അളവറ്റസന്തോഷമാണ് അങ്കിളിന്റെ വരവ് സമ്മാനിക്കുന്നത്. പക്ഷേ അങ്കിളും മമ്മിയും വലിയ കാര്യങ്ങൾ പറഞ്ഞു തുടങ്ങുന്നതോടെ അവൾക്ക് മടുത്തുപോവുന്നു. മോളൂ പോയി കളിച്ചോളൂ എന്ന് മമ്മി പറയുമ്പോൾ അതൊരനുഗ്രഹമായിട്ടാണ് സംഗീതക്ക് തോന്നുന്നത്. മുതിർന്നവർ സംസാരിക്കുന്നത് കേട്ടുനിൽക്കാൻ തന്നെ അവൾക്കിഷ്ടമായിരുന്നില്ല.

സംഗീത കൂട്ടുകാരനായ ഡിംബിളിനൊപ്പം കളിക്കാനായി മുകളിലെ ഫ്‌ളാറ്റിലേക്ക് പോയി. അവൻ ലുഡോവിൽ കള്ളത്തരം കാണിക്കുന്നതിനാൽ അവൾ വളരെ വേഗം അവനോട് പിണങ്ങി വീട്ടിലെത്തുന്നു. പുതുതായി വന്ന അങ്കിളിനോട് സംസാരിക്കാമെന്ന് കരുതുന്നുണ്ടെങ്കിലും കിടപ്പുമുറിയുടെ വാതിൽ അടഞ്ഞു കിടക്കുന്നതായി കാണുന്നതിനാൽ ഡാഡി തലേദിവസം കൊണ്ടുവന്ന കോമിക്പുസ്തകവുമായി ഹാളിലെ കാർപെറ്റിൽ കുറേസമയം പോയിരുന്നെങ്കിലും അവൾക്കൊന്നും മനസ്സിലായില്ല. വീണ്ടും ഡിംബിളിന്റെയൊപ്പം കളിക്കാനായി പോവുന്ന സംഗീത ഡ്രാട്ടുകളിയാണ് സ്വീകരിക്കുന്നതെങ്കിലും അതവളെ വളരെവേഗം മടുപ്പിക്കുന്നു. അവൻ ലുഡോ കളിക്കാമെന്ന് പറയുന്നുണ്ടെങ്കിലും അവൾക്ക് താൽപര്യം തോന്നുന്നില്ല. അവൻ വീണ്ടും കള്ളത്തരം കാണിക്കുമെന്ന് സംഗീതക്കുറപ്പുണ്ടായിരുന്നു. പാമ്പും കോണിയും കളിക്കാൻ ഡിംബിൾ ക്ഷണിക്കുന്നു. പക്ഷേ 'കോണികയറി മുകളിൽപ്പോയ തന്റെ കരുക്കൾ പാമ്പുകൾ കൊത്തിവിഴുങ്ങി വീണ്ടും താഴെ കള്ളികളിലെത്തുന്നത്' സംഗീതക്ക് ഇഷ്ടമായിരുന്നില്ല. അവൾ തിരികെ വീട്ടിലെത്തുന്നു. അപ്പോഴും കിടപ്പറയുടെ വാതിൽ അടഞ്ഞുകിടക്കുന്നത് അവളെ നിരാശപ്പെടുത്തുകയും കോമിക് പുസ്തകവുമായി കാർപ്പെറ്റിൽ കിടക്കുന്ന കുട്ടി അവിടെ കിടന്ന് ഉറങ്ങുകയും ചെയ്യുന്നു. ഈ വിവരണത്തിൽ കഥാകൃത്ത് നിസ്സംഗത പാലിക്കുന്നുണ്ടെങ്കിലും കുട്ടി പ്രകടമായും അസ്വസ്ഥയാണ്. അവളുടെ വേഗം വേഗമുള്ള പ്രവൃത്തികളിൽ അതാണ് വെളിപ്പെടുത്തുന്നത്.

ഉറക്കത്തിനിടെ അവൾ സമർഥനായ ഒരു മുയൽ ചെന്നായയുടെ കൈയിൽപെടാതെ രക്ഷപ്പെടുന്നതും അങ്കിൾ തന്നെയുമെടുത്ത് കാഴ്ചബംഗ്ലാവിലൂടെ നടക്കൂന്നതും സ്വപ്നം കാണുന്നു. അതേ അവസരത്തിൽതന്നെ കിടപ്പുമുറിയുടെ വാതിൽതുറന്ന് വാസുദേവും സുധയും പുറത്തുവരുന്നു. വാസുദേവ് സംഗീതയെ ഉമ്മവെച്ചുണർത്തുന്നു. താൻ സ്വപ്നം കാണുമ്പോൾതന്നെ അങ്കിളിന്റെ പ്രത്യക്ഷപ്പെടൽ അവളെ അദ്ഭുതപ്പെടുത്തുന്നു. അങ്കിളിനെങ്ങനെയാണ് മറ്റുള്ളവരുടെ സ്വപ്നങ്ങളിൽ കടന്നുവരാനാവുക എന്ന ചോദ്യം ഈ അദ്ഭുതത്തിൽ നിന്നുളവായതായിരുന്നു. പിന്നെ അങ്കിളവളെ കോമിക്കിലെ കഥപറഞ്ഞും അഭിനയിപ്പിച്ചും രസിപ്പിക്കുന്നു.

വൈകുന്നേരം ഡാഡി വരുമ്പോൾ സംഗീത അങ്കിളിനെപ്പറ്റി വളരെ വിസ്തരിച്ച് പറയുന്നു. മമ്മിയെപ്പോലെ അലസമായിട്ടേയല്ല വളരെ താൽപര്യപൂർവം ഈ വർത്തമാനമൊക്കെ കേൾക്കുന്ന ഡാഡി അങ്കിൾ കൊണ്ടുവന്ന ചിക്ക്‌ലറ്റ്‌സ് തനിക്കും തരില്ലേ എന്നും റോസ്പൂക്കൾ കാണിച്ചുതരില്ലേ എന്നും ചോദിക്കുന്നു. അതെടുക്കാനായി കിടപ്പറയിലേക്കോടുന്ന സംഗീത പെട്ടെന്ന് സംശയാലുവാകുന്നു.

'അങ്കിൾ റോസ്പൂക്കൾ കൊണ്ടുവന്നത് ഡാഡിക്കെങ്ങനെ മനസ്സിലായി?'

അടഞ്ഞുകിടന്ന ഒരു വാതിൽ അവളുടെ ഓർമയിലെത്തി. അവളുടെ കൊച്ചുമനസ്സിൽ പതഞ്ഞുവരുന്ന സാന്ദ്രത അവൾ അറിഞ്ഞു. ഫ്‌ളവർവാസിൽ വിരിഞ്ഞുനിന്ന പൂക്കൾ അവളെ ശത്രുതയോടെ നോക്കി. വൈകീട്ട് സ്‌കൂൾ വിട്ട് കൂട്ടുകാരികളെല്ലാം പോയി ഒറ്റക്ക് ബസ് കാത്തുനിൽക്കുമ്പോൾ ഉണ്ടാകാറുള്ള ഏകാന്തത അവൾക്ക് വീണ്ടും അനുഭവപ്പെട്ടു. വേലിയേറ്റത്തിൽ ഉയർന്നുവരുന്ന ഒരു വലിയ തിരപോലെ തേങ്ങലുകൾ അവളുടെ ഹൃദയത്തിൽ ഉരുണ്ടുകയറി. ഒരു നിമിഷത്തിൽ നിയന്ത്രിക്കാൻ വയ്യാതായപ്പോൾ അവൾ കട്ടിലിൽ തലയിണയിൽ മുഖമമർത്തി തേങ്ങിതേങ്ങി കരഞ്ഞു. ഈ കഥയിൽ ഇത്തരമൊരു പരിണാമ ഗുപ്തി പ്രതീക്ഷിക്കില്ല. പക്ഷേ ഉത്തരം കിട്ടാത്ത ഒരു ചോദ്യത്തിൽനിന്ന് അങ്കിളിന്റെ ചില പ്രസ്താവനകളെയും ബന്ധിപ്പിക്കുമ്പോൾ ഇതൊരു സ്വാഭാവികപരിണതിയാവുന്നു. തനിക്ക് മറ്റുള്ളവരുടെ സ്വപ്നങ്ങളെ തകർക്കാനാവും എന്ന പ്രസ്താവനയായിരുന്നു ഒന്ന്. മുതിർന്നവർ ജീവിതത്തിൽ കള്ളത്തരം കാണിക്കുന്നു എന്ന സ്വയം സമ്മതമായിരുന്നു മറ്റൊന്ന്. മുതിർന്നവർ ജീവിതത്തിൽ കാണിച്ച ഒരു ചെറിയ കള്ളത്തരംകൊണ്ട് ഒരു കുട്ടിയുടെ സ്വപ്നങ്ങൾ എന്നേക്കുമായി തകർന്നുപോവുകയാണ്.

താൻ കുറേക്കാലമായി മറന്നുപോയ കാമുകിയുടെ റോളിൽ വാസുദേവിന്റെ കൈകളിൽ താൻ വളരെ സംതൃപ്തയായതായി സുധക്ക് തോന്നുന്നുണ്ട്. ആ സംതൃപ്തി കുട്ടിയെ എങ്ങനെ ബാധിക്കുന്നു എന്നവർ ചിന്തിക്കുന്നതേയില്ല. സംഗീതക്ക് ആറ് വയസ്സുള്ള കുട്ടിക്ക് അടഞ്ഞുകിടുന്ന കിടപ്പുമുറിയുടെ വാതിലിനെക്കുറിച്ചുള്ള ഓർമ ജീവിതത്തിൽ താനെന്നും ഒറ്റക്കായിരിക്കുന്നു എന്ന സത്യത്തിന്റെ നടുക്കമാണ് സമ്മാനിക്കുന്നത്. വൈകീട്ട് ബസ്സ്‌റ്റേപ്പിൽ ഒറ്റക്ക് നിൽക്കുമ്പോഴുള്ള ഏകാന്തത ഇപ്പോൾ അനുഭവപ്പെടുന്നതോടെ ജീവിതത്തിൽ ബന്ധങ്ങളുടെ വിശ്വാസ്യതകളത്രയും അപഹരിക്കപ്പെട്ട ഏകയായ കുട്ടിയാണ് അവിടെ നിൽക്കുന്നത്. എല്ലാ സുരക്ഷിതത്വബോധങ്ങളും നഷ്ടപ്പെട്ടു എന്ന തോന്നലിനവസാനമാണ് അവൾ പൊട്ടിക്കരയുന്നത്. കഥാവസാന വാചകം 'അവൾക്കുണ്ടായ നഷ്ടം അപാരമായിരുന്നു' എന്നാണ്. എല്ലാ സ്വപ്നങ്ങളുടെയും സകലബോധ്യങ്ങളുടെയും തകർച്ചയാണ് ആ നഷ്ടം. അവളുടെ വഴികളിൽ സംശയത്തിന്റെ കുങ്കുമം ചിതറിക്കിടക്കുന്നു.

മാധവിക്കുട്ടിയുടെ 'നുണകൾ' എന്ന കഥ ഇതിന് സമാനമായ ഒരിതിവൃത്തമാണ് കൈകാര്യം ചെയ്യുന്നത്. അച്ഛന്റെ അവിഹിതബന്ധത്തിന് സാക്ഷിയാവുന്ന മകനാണ് അവിടെ കഥാപാത്രം. സ്വന്തം നഷ്ടങ്ങൾ അപ്പു നിസ്സാരമായി, ഏറ്റവും നിസ്സാരമായി അവഗണിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നു. ഒരേ മാനസികാഘാതം ആൺകുട്ടിയെയും പെൺകുട്ടിയെയും എങ്ങനെ ബാധിക്കുന്നു എന്നതും ഈ രണ്ട് കഥകളും വെളിപ്പെടുത്തുന്നു.

വാരാദ്യമാധ്യമം - 2001 സെപ്റ്റംബർ 9, ഞായർ

ഡോ. മിനി പ്രസാദ്

അനുബന്ധ വായനയ്ക്ക്