ടോണി ചിറ്റേട്ടുകുളം

തെരുവോരത്തെ കുട്ടിസര്‍ക്കസ്

ടോണി ചിറ്റേട്ടുകുളം

ലോകത്തേക്കു മലർക്കെ തുറന്നിട്ട ഒരു വാതിൽ. കഥാകാരന്റെ മനസ് ഈ വിധമാകുമ്പോൾ യാഥാർ ത്ഥ്യങ്ങൾ അവഗണിക്കപ്പെടുന്നില്ല. അതുകൊണ്ടു തന്നെ ജീവിതത്തിന്റെ പച്ചയായ ആവിഷ്‌കാരം കഥക ളിൽ പ്രത്യക്ഷപ്പെടുന്നു.

വളച്ചുകെട്ടില്ലാത്ത ഈ സമീപനമാണ് ഹരികുമാറി ന്റെ കഥകളുടെ ബലം. ജീവിതത്തിന്റെ തിക്തസ്വഭാവം പലപ്പോഴും കഥകൾക്ക് വിഷയീഭവിക്കുന്നു.

ഈ യാഥാർത്ഥ്യബോധത്തിന്റെ ഫലമെന്നോണം കുട്ടികളുടെ മനസിനെ ചിത്രീകരിക്കുന്ന ഏറെക്കഥകളും ഹരികുമാറിന്റെതായുണ്ട്. ഏറ്റവും മഹത്തായ കാഴ്ച, പച്ചപ്പയ്യിനെ പിടിക്കാൻ എന്നിവതന്നെ മികച്ച ഉദാഹരണം. ഇക്കൂട്ടത്തിൽ ബോംബെ ജീവിതത്തിന്റെ അന്തരീക്ഷത്തിൽ ഉരുത്തിരിഞ്ഞ ഏറ്റവും മഹത്തായ കാഴ്ചയെ ഹരികുമാർ ഏറെ ലാളിക്കും. കാരണമുണ്ട്. അതിലെ രാജുവിനെയും ഷീലയെയും ഒരിക്കലും മറക്കാനാവില്ല തന്നെ.

പതിനഞ്ചുവർഷങ്ങൾക്കുമുൻപാണ് അവരെ ആദ്യ മായി കാണുന്നത്. ജൂഹു ബസ്‌സ്റ്റേഷനിൽവച്ച്. എട്ടും ആറും വയസ് പ്രായമുള്ള ആൺകുട്ടിയും പെൺകുട്ടിയും. അവന്റെ മുഖം ചെളിപിടിച്ച് ഇരുണ്ടിരുന്നു. അനുജത്തിയുടെ മുഖവും വൃത്തികേടായിരുന്നു. അവൾ ഇടയ്ക്കിടയ്ക്ക് മൂക്ക് പുറംകൈകൊണ്ട് തുടയ്ക്കും. ചേട്ടനും അനുജത്തിക്കും കീറി മുഷിഞ്ഞ വേഷം.

ബസ്‌സ്റ്റേഷനിൽ സർക്കസ് കാണിക്കുകയായിരുന്നു കുട്ടികളുടെ ജോലി.

ബോംബെയിൽ ജോലിചെയ്തിരുന്ന കഥാകൃത്ത് അവരെ എല്ലാദിവസവും ശ്രദ്ധിച്ചു. ഒരാഴ്ചക്കാലം അവർ ജൂഹു ബസ്‌സ്റ്റേഷനിലുണ്ടായിരുന്നു. പകലന്തിയോളം അഭ്യാസങ്ങൾ കാട്ടും. തലകുത്തി മറിയുക, ചെറിയ വളയത്തിലൂടെ ദേഹം കടത്തുക തുടങ്ങി ഏറെ അഭ്യാസങ്ങൾ. കാണികൾ കുറവാണെന്നതൊന്നും അവർക്കു പ്രശ്‌നമല്ല.

എല്ലാം കഴിയുമ്പോൾ അനുജത്തി ഒരു പഴയ അലുമിനിയം പാത്രവുമായി കാണികളുടെ മുമ്പിൽ വരും. കിട്ടുന്ന പൈസയുമായി ദിവസം കഴിച്ചുകൂട്ടും. അതായിരുന്നു പതിവ്.

ഒരു ദിവസം കഥാകൃത്ത് ചെല്ലുമ്പോഴുണ്ട്, ഏറെ കാഴ്ചക്കാർ, ഒരുവിധം അശ്ലീലമായ ജിജ്ഞാസയോടെ കാഴ്ചകാണാൻ നില്ക്കുകയാണവർ. കഥാകൃത്തും കൂട്ടത്തിൽക്കൂടി.

ശരിക്കും ഒരു കൊച്ചുകുട്ടിക്കു ചെയ്യാവുന്നതിലുമധികം അഭ്യാസങ്ങൾ. കുറച്ചു കഴിഞ്ഞപ്പോൾ രാജു നിലത്തുകുനിഞ്ഞിരുന്നു. ക്ഷീണിച്ചിട്ടൊന്നുമല്ല, കാലിൽ ഒരു മുറിവ്. പൊടിഞ്ഞ ചോര തുടച്ചുകളയുകയാണവൻ.

ഹരികുമാറിന് സഹതാപം തോന്നി. അഭ്യാസത്തിനിടെ പറ്റിയതാവണം.

'എന്തുപറ്റി?' അദ്ദേഹം രാജുവിനോടു ചോദിച്ചു.

പക്ഷേ, മറുപടിയുണ്ടായില്ല, രാജു മുറിവു ശുശ്രൂഷിക്കുന്നതിൽ മാത്രം ശ്രദ്ധവച്ചു.

അവൻ ഒന്നും മിണ്ടുന്നില്ലെന്നതിലുള്ള വിഷമത്തിലോ സഹതാപത്തിലോ ഇരുപത്തഞ്ചുപൈസയാണ് നല്കിയത്. 'സർ, ഒരു പത്തുപൈസ' എന്നു പറഞ്ഞു പാത്രം നീട്ടിയ പെൺകുട്ടിക്ക് ഇരുപത്തഞ്ചുപൈസ! മെല്ലെ വീട്ടിലേക്കു നീങ്ങി.

പക്ഷേ, വീട്ടിലെത്തിയിട്ട് ഹരികുമാറിന് സമാധാനമായില്ല. സത്യം പറഞ്ഞാൽ അവന്റെ കൂസലില്ലായ്മ യായിരുന്നു അദ്ദേഹത്തെ നാണിപ്പിച്ചത്. ചോദ്യം ചോദിച്ചപ്പോഴുണ്ടായ നിസംഗത ഒരു വശത്ത്. അതിനൊപ്പം കൂടുതൽ പൈസ കൊടുക്കാമായിരുന്നു എന്ന പശ്ചാത്താപവും. ഒരു വിധത്തിൽ ആ ദിവസം തള്ളിനീക്കി.

പിറ്റേന്ന് കുറേക്കൂടി ഭേദപ്പെട്ട ഉദാരമനസോടെയാണ് ബസ്സ്റ്റാൻഡിൽ ചെന്നത്. പക്ഷേ, സർക്കസ് സംഘം മറ്റെവിടേയ്‌ക്കോ മാറിയിരുന്നു. കഥാകൃത്തിന് വളരെ വിഷമമായി.

ദിവസങ്ങളും വർഷങ്ങളും കടന്നുപോയി. കുട്ടിസർക്കസ് പിന്നെയും ദേശാന്തരങ്ങൾ ചുറ്റിസഞ്ചരിച്ചിരിക്കണം. ഹരികുമാർ ബോംബെയിലും കൽക്കട്ടയിലുമൊക്കെയായി ജോലിയും ഉറപ്പിച്ചു.

അതിനിടെയാണ് '83ൽ കൊച്ചിയിലേക്ക് മടക്കയാത്ര. കഥാരചനകൾ മുറയ്ക്കു നടന്നുവന്നു. ഇടയ്‌ക്കൊന്നു പറയട്ടെ. സുദീർഘമായ ബോംബെ - കൽക്കട്ട വാസങ്ങളിൽനിന്നാകാം ഹരികുമാറിന്റെ കഥകളിൽ ബോംബെ അന്തരീക്ഷം തുടിച്ചുനില്ക്കുന്നത്.

കൊച്ചിയിൽ ഫ്‌ളാറ്റിൽ താമസം തുടങ്ങിയ ഹരികുമാറിന് പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. സമൂഹത്തിന്റെ മേലേത്തട്ടിലെ ആൾക്കാർ താമസിക്കുന്ന ഫ്‌ളാറ്റാണ്. കേരളത്തിലാണെങ്കിൽ ഫ്‌ളാറ്റുകൾ പച്ചപിടിച്ചുവരുന്ന സമയവും. അതിനുതക്ക അഭിമാനബോധം താമസക്കാർക്കുണ്ടായിരുന്നുവെന്നത് വാസ്തവം മാത്രം. അഭിമാനബോധമെന്നതിലുപരി ഏതോ ഉയർന്ന നിലയിലെത്തിയെന്ന ചിന്ത അവരെ ആവേശിച്ചു എന്നു വേണമെങ്കിൽ പറയാം.

ഫ്‌ളാറ്റ് ജീവിതത്തിന്റെ പുറംമോടികൾ ക്ലബ്ബുകളും മറ്റുമായി അരങ്ങുതകർത്തു.

അതിനിടയിൽ കഥാകൃത്ത് താമസിച്ച കെട്ടിടത്തിൽ ഒരു പുതുവർഷ ഗെറ്റ് ടുഗഥർ. ധാരാളം പണം ചെലവാക്കി ഒരു സദ്യ. ഓർക്കസ്ട്രയും നൃത്തവും മറ്റുമായി പരിപാടി ഗംഭീരമായി കൊണ്ടാടി. എങ്കിലും അതിനിടെ ഒഴിവാക്കാമായിരുന്ന അനാവശ്യചെലവുകൾ അനവധിയായിരുന്നു.

'നൂറ്റമ്പതു ചിക്കൻ ബിരിയാണിയാണ് ഏല്പിച്ചത്. ആകെ ഉണ്ടായിരുന്നവർ തൊണ്ണൂറിൽ താഴെ അതിൽത്തന്നെ സസ്യഭുക്കുകളുണ്ട്. പുറത്തുനിന്നു കുറെപ്പേരെ പ്രതീക്ഷിച്ചിരുന്നു. മുഴുവൻ പേരും വന്നില്ല. ബാക്കി വന്നത് അറുപത്, എഴുപത് പ്ലേയ്റ്റ് ബിരിയാണി'.

'എന്നിട്ട്?'

'അതപ്പടി പ്ലാസ്റ്റിക് സഞ്ചിയിലിട്ടു കുപ്പയിൽ കൊണ്ടു പോയി തട്ടിയിട്ടുണ്ട്. പെർഫക്ട് മർഡർ'

'കുപ്പയിലോ?'

'അല്ലാതെന്തു ചെയ്യാനാണ്. നാലുമണിക്ക് ഉണ്ടാക്കിയ സാധനമാണ്. രാത്രി ഒരു മണി കഴിഞ്ഞാൽ പിന്നെ അതെന്തിനു കൊള്ളും.'

'കഷ്ടായി'

'ഒരു പ്ലെയിറ്റ് ബിരിയാണിക്ക് ഇരുപത്തഞ്ചുരൂപ വീതം എത്രപണമാണ് തുലച്ചത്. മീൻ വറുത്തതും വെജിറ്റബിൾ ഫ്രൈഡ്‌റ്റെസും ഒക്കെ ബാക്കിയായി.'

അയാൾ കുറച്ചുനിർത്തി. പിന്നീടു തന്നോടു തന്നെയായി പറഞ്ഞു.

'.....അതും ദാരിദ്ര്യവും പട്ടിണിയുമുള്ള ഒരു നാട്ടിൽ...'

ഹരികുമാറിന്റെ മനസ് പെട്ടെന്ന് വർഷങ്ങൾക്കു പിന്നിലേക്കു പാഞ്ഞു.

ഒരു നേരത്തെ ഭക്ഷണത്തിനായി ജീവിതം പന്താടുന്ന കുട്ടികൾ മനസിലേക്കു കടന്നുവന്നു. ഒപ്പംതന്നെ ഉള്ളവരുടെ വരണ്ട ഔദാര്യവും, ഈ ചിന്തയിൽനിന്നാണ് 'ഏറ്റവും മഹത്തായ കാഴ്ച' ജനിക്കുന്നത്. പതിനഞ്ചു വർഷമായി എഴുതാൻ കഴിയാതിരുന്ന കഥ എഴുതാൻ നിമിത്തമായതോ ഒരു പുതുവർഷപ്പാർട്ടിയും....'

ബസ്സ്റ്റാൻഡിനു സമീപമുള്ള നടപ്പാതയിൽവച്ചു കണ്ടുമുട്ടിയ കുട്ടികൾ കഥയിൽ പുനർജനിച്ചു. പത്തു പൈസയ്ക്കുപകരം ഇരുപത്തഞ്ചുപൈസ കൊടുത്തു മാറുന്ന കഥാകൃത്ത് പിറ്റേന്നു തിരിച്ചുവരികയാണ്. ചെല്ലുമ്പോൾ സമയം സന്ധ്യയായിരുന്നു. ക്ലേശകരമായ ജോലിക്കുശേഷം കുട്ടികൾ ഭക്ഷണം കഴിക്കാ നിരിക്കുന്ന സമയം, തുറന്ന പൊതിയിലെ നാലഞ്ച് ഇഡ്ഡലികളിൽ കണ്ണുംനട്ടിരിക്കുകയാണ് അവർ.

അയാൾ അടുത്തു ചെല്ലുമ്പോൾ അവർ തലയുയർത്തിനോക്കി.

തികഞ്ഞ നിസംഗഭാവത്തോടെയാണ് അവർ ചോദ്യങ്ങൾക്ക് ഉത്തരംപറഞ്ഞത്. അവർക്ക് അമ്മയില്ല. അച്ഛനുള്ളത് മോഷ്ടിച്ചതിന് ജയിലിലും.

കഥാകൃത്ത് ചോദിച്ചു.

'ഞാനൊരു പത്തുരൂപ തന്നാൽ നീ അതുകൊണ്ട് എന്തുചെയ്യും?'

അവന്റെ മുഖം വികസിച്ചു. നാണത്തോടെ അവൻ ചിരിച്ചു. അവന്റെ മുഖത്ത് അതുവരെയുണ്ടായിരുന്ന മുതിർന്ന ഭാവം മാറി, കുട്ടിത്തം തിരിച്ചുവന്നു. അവൻ വീണ്ടും ഒരെട്ടുവയസുകാരനായി.

'നീ എന്തുചെയ്യും?'

'ഞങ്ങളു സിനിമ കാണും'

മറുപടിക്കുവേണ്ടി അവന് ആലോചിക്കേണ്ടിവന്നില്ല.

അയാൾ പത്തുരൂപയുടെ ഒരു നോട്ടെടുത്ത് അവന്റെ കൈയിൽ വച്ചുകൊടുത്തു. അവൻ അതു നിവർത്തി നോക്കി. വിശ്വസിക്കാൻ പ്രയാസമായപോലെ അനുജത്തിയെനോക്കി. അവളുടെ മുഖവും വിടർന്നിരുന്നു. അവൾ ഭക്ഷണം നിർത്തിവച്ച് അവന്റെ കൈയിൽനിന്ന് നോട്ടുവാങ്ങി നോക്കി....

അയാൾ തിരിഞ്ഞുനടന്നു.

പെട്ടെന്നു രാജുവിന്റെ വിളി അയാളെ പിടിച്ചുനിർത്തി.

ധൃതിയിൽ തന്റെ മാറാപ്പ് അഴിച്ച്, അതിൽനിന്ന് രാജു രണ്ട് ഇരുമ്പുവളയങ്ങളെടുത്തു. ഏതൊരു സർക്കസ് അഭ്യാസിയും ചെയ്യുന്നതുപോലെ നാലഞ്ചു കരണം മറിഞ്ഞു. പിന്നെ വളയങ്ങളിലൂടെ ശരീരം കടത്തുന്നതുൾപ്പെടെ ഏറെ അഭ്യാസങ്ങൾ.

ഭക്ഷണംപോലും മാറ്റിവച്ച് അവൻ അയാൾക്കുവേണ്ടി അഭ്യാസങ്ങൾ കാണിക്കുകയായിരുന്നു. അയാൾക്കു വേണ്ടി മാത്രം.....

നിഷ്‌കളങ്കബാല്യത്തിനു പിന്നിലുള്ള അഭിമാനബോധമാണ് ഹരികുമാർ ചൂണ്ടിക്കാട്ടുന്നത്. ആരുടെയും ഔദാര്യം അവനുവേണ്ട; മറിച്ച് തന്റെ കലയ്ക്കുള്ള പ്രതിഫലം മാത്രം മതി.

അതോടൊപ്പം ശ്രദ്ധേയമായ ഒന്നുകൂടിയുണ്ട് കഥയിൽ; കാലമെത്രയായാലും കലയ്ക്ക് കുമ്പിളിൽത്തന്നെ കഞ്ഞിവിളമ്പുന്ന അവസ്ഥയാണുള്ളത്. കലയിലെ യാഥാർത്ഥ്യത്തെ അംഗീകരിക്കാൻ, അതിന്റെ പ്രയത്‌ന ത്തെ വിലമതിക്കാൻ പലരും തയാറാകുന്നില്ല. 'കോരന് കുമ്പിളിൽ കഞ്ഞി' എന്നതുപോലെയാണ് സമ്പന്നന് പാവപ്പെട്ടവനോടുള്ള സമീപനവും. ഈ അവസ്ഥയിലുള്ള മാറ്റമാണ് വേണ്ടത്.

അതിനായി പാവപ്പെട്ടവന്റെ പക്ഷത്തുനില്ക്കുന്നതിലാണ് തനിക്ക് താല്പര്യമെന്നു പറയാൻ ഹരികുമാർ മടിക്കുന്നില്ല. ഫ്‌ളാറ്റുസംസ്‌കാരത്തിന്റെ പൊങ്ങച്ചസഞ്ചികളെ വരച്ചുകാട്ടുവാനും ശ്രമിക്കുകയാണ് കഥാകൃത്ത് തന്റെ ഈ കൃതിയിലൂടെ.

ദീപിക - 1999 ഫെബ്രുവരി 14, ഞായറാഴ്ച

ടോണി ചിറ്റേട്ടുകുളം

അനുബന്ധ വായനയ്ക്ക്