ഉറൂബിന്റെ തിരഞ്ഞെടുത്ത കഥകൾ എന്ന സമാഹാരത്തിന്റെ അവതാരിക
മലയാള കഥാസാഹിത്യത്തിൽ ആദ്യമായി നൂതന സങ്കേതങ്ങൾ ആവിഷ്‌കരിച്ച ഒരെഴുത്തുകാരനാണ് ഉറൂബ് എന്ന ശ്രീ. പി.സി. കുട്ടികൃഷ്ണൻ. അദ്ദേഹത്തോടൊപ്പം എസ്.കെ. പൊറ്റെക്കാട്ടുമുണ്ടായിരുന്നു. കഥ പറഞ്ഞു തരിക, ആ കഥനത്തിലൂടെ നമ്മെ അവരോടൊപ്പം നടത്തുക, അതായിരുന്നു ഉറൂബിന്റെ ശൈലി. അതിൽ നമ്മെ ആകർഷിച്ച് ഒപ്പം കൊണ്ടുപോകാൻ കഴിവുള്ള ഭാഷയുണ്ട്. ഭാഷയിലെ പൈഡ് പൈപ്പറായിരുന്നു (Pied Piper) അദ്ദേഹം. ഏറ്റവും ഇഷ്ടമുണ്ടായിരുന്ന ഒരു കാര്യമാകട്ടെ ചുറ്റും വട്ടമിട്ടിരിക്കുന്ന സുഹൃത്തുക്കളുടെ നടുവിലിരുന്ന് കൈയ്യും കലാശവും കാട്ടി, പലപ്പോഴും മുറുക്കിക്കൊണ്ട് നാട്ടുവർത്തമാനം പറയുന്നതുമാണ്. ആ സംസാരത്തിൽ കവിതയുണ്ട്, നാടകീയതയുണ്ട് സാരസ്യമുണ്ട്. ഉറൂബിന്റെ കഥകൾ വായിക്കുമ്പോൾ നമുക്കുണ്ടാവുന്ന അനുഭവവും മറിച്ചല്ല. ഒരു കഥ അദ്ദേഹം പറഞ്ഞ് ഫലിപ്പിക്കുകയാണ്. മറ്റുള്ളവർക്കുണ്ടായ അനുഭവമാണെങ്കിൽക്കൂടി അത് സ്വന്തം അനുഭവംപോലെ തന്മയത്വത്തോടെ പറയുവാനുള്ള ഈ കഴിവായിരിക്കണം അദ്ദേഹത്തെ മഹാനായ ഒരു കഥാകാരനാക്കിയത്. ടെന്നിസന്റെ 'പൗരാണിക നാവിക'ന്റെ (Ancient Mariner by Lord Tennyson) യാത്രക്കാരനെപ്പോലെ നാമാകട്ടെ അദ്ദേഹത്തിനു മുമ്പിൽനിന്ന് ഒഴിഞ്ഞുമാറാൻ കഴിവില്ലാതെ ഉറച്ചുപോകുകയുമാണ്. അവസാനം പുസ്തകമടച്ചു വെയ്ക്കുമ്പോൾ നമുക്കു തോന്നുന്ന വികാരം കുറച്ചുകൂടി ആകാമായിരുന്നു എന്നാണ്.
കഥാസാഹിത്യത്തിൽ ആദ്യമായി തന്റേടികളായ സ്ത്രീകളെ അവതരിപ്പിച്ചത് ഉറൂബാണെന്നു തോന്നുന്നു. ലളിതാംബിക അന്തർജ്ജനത്തിന്റെയും കടത്തനാട്ട് മാധവിയമ്മയുടെയും കഥാപാത്രങ്ങളെക്കാൾ ശക്തരായ സ്ത്രീകഥാപാത്രങ്ങളെ ഉറൂബ് സൃഷ്ടിച്ചിട്ടുണ്ട്. അത് പ്രകടമായി കാണുന്നത് നോവലുകളിലാണെങ്കിലും തുടക്കം ചെറുകഥകളിലാണ്. 'സർവ്വേക്കല്ല്' എന്ന കഥയിലെ കുഞ്ഞിത്തേയി ഒരുദാഹരണം മാത്രം. അമ്മാവനും സ്വന്തം ഭർത്താവും തമ്മിലുള്ള അസംബന്ധ നാടകത്തിൽ അവളൊരു വെറും കാഴ്ചക്കാരിയായി നിന്നില്ല. ഒരു കാലത്ത് കേരളത്തിൽ നിലവിലുണ്ടായിരുന്ന മരുമക്കത്തായ സമ്പ്രദായത്തിന്റെ കൊള്ളരുതായ്മകളിൽ ഒന്നായിരുന്നു അമ്മാവനും മരുമകനും കൂടി സ്വത്തിനു വേണ്ടിയുള്ള തർക്കം. രണ്ടുപേരും അവനവന്റെ മരുമക്കൾക്കു സ്വത്തുണ്ടാക്കാനാണ് സ്വന്തം മക്കളുടെ ചെലവിൽ തർക്കിക്കുന്നത് എന്നത് ഒരു കാലത്ത് വളരെ അപഹാസ്യമായിരുന്ന ഒരു സംഭവമാണ്. ഇതൊരു അസംബന്ധനാടകമായി തോന്നാം, പക്ഷെ മരുമക്കത്തായം പ്രബലമായിരുന്ന കാലത്ത് വളരെ സാധാരണമായിരുന്ന ഒരു സംഭവം മാത്രം. ഇതിൽ അവസാനം മരുമകൾ ജയിച്ചത് അവളുടെ കടുംപിടുത്തമൊന്നു കൊണ്ടു മാത്രമായിരുന്നു. 'എന്റെ കുട്ടിയ്ക്ക് സ്വത്തുണ്ടാക്കാൻ അമ്മാവൻ അവന്റെ അച്ഛനെ കളഞ്ഞു, അല്ലെ?' അമ്മാവന്റെ മുമ്പിൽ നേരിട്ട് വരാൻകൂടി ഭയപ്പെട്ടിരുന്ന ഒരു കാലത്താണ് ഇതു സംഭവിച്ചതെന്നോർക്കണം. അതിന് അമ്മാവന്റെ മറുപടി, 'അച്ഛനില്ലെങ്കിലും ജീവിക്കാം, പക്ഷെ ഭൂമിയില്ലെങ്കിൽ പറ്റുമോ?' എന്നായിരുന്നു. അതാകട്ടെ മരുമക്കത്തായത്തിന്റെ സാമ്പത്തിക സാമൂഹ്യ അടിത്തറയാണുതാനും. അന്നെല്ലാം കുട്ടികൾ അച്ഛനെ കാണുന്നത് വല്ലപ്പോഴുമായിരിയ്ക്കും. അച്ഛൻ ഭാര്യവീട്ടിൽ സംബന്ധത്തിന് വരുമ്പോഴേയ്ക്ക് മക്കൾ ഉറക്കമായിട്ടുണ്ടാവും. അച്ഛൻ നോക്കി നടത്തുന്നത് അയാളുടെ വീടാണ്, അവിടെയുള്ള സ്വന്തം പെങ്ങന്മാരെയും അവരുടെ മക്കളെയും, അതായത് മരുമക്കളെ. അതു കഴിഞ്ഞിട്ടേ അയാൾക്ക് സ്വന്തം ഭാര്യയും മക്കളുമുള്ളൂ. എന്തൊരു സാമൂഹ്യബന്ധം! കുഞ്ഞിത്തേയി ജീവനവസാനിപ്പിയ്ക്കാൻ പോകുന്നുവെന്ന ഭീഷണിയൊന്നു മാത്രമാണ് ഈ അസംബന്ധ യുദ്ധത്തിന് വിരാമമിട്ടത്. വളരെ ശക്തമായ കഥ. അന്ത്യം ഉദ്ദേശ്യത്തെത്തന്നെ തോൽപിക്കുന്ന ഈ കഥ മലയാളത്തിലെ നല്ല കഥകളിലൊന്നാണ്.
ഒരു കൊച്ചു കുട്ടിയുടെ സ്‌നേഹം മൂലം സമുദായം കല്പിച്ചു നൽകിയ ഒറ്റപ്പെടലിൽ നിന്നു രക്ഷ തേടിയ ധാത്രിയെന്ന സ്ത്രീയുടെ കഥയാണ് 'പൊന്നമ്മ'. പക്ഷെ അതിന്റെ തീവ്രത അവളെ എത്തിച്ചത് ഒരു കൊടും ദുരന്തത്തിലാണ്. 'നീർച്ചാലുകൾ' എന്ന സമാഹാരത്തിലെ ഈ കഥ ഹൃദയഹാരിയാണ്.
അതേ സമാഹാരത്തിലാണ് 'കൊടുങ്കാറ്റ്' എന്ന കഥയുമുള്ളത്. പൊന്നാനിയിലെ അഴിമുഖത്ത് എല്ലാ വർഷക്കാലത്തും ഓരോ പ്രശ്‌നങ്ങളുണ്ടാവാറുണ്ട്. ധീരോദാത്തത പ്രകടിപ്പിയ്ക്കാൻ അവസരം നൽകിക്കൊണ്ട് വർഷംതോറും അരങ്ങേറുന്നു. മഴക്കാലത്ത് ഭാരതപ്പുഴയിൽനിന്നു കുത്തിയൊഴുകുന്ന മണ്ണും മണലും അവസാനം അടിഞ്ഞുകൂടുന്നത് അഴിമുഖത്താണ്, കാരണം അപ്പോൾ സമുദ്രനിരപ്പും വളരെ കൂടുതലായിരിയ്ക്കും. അങ്ങിനെ അടിഞ്ഞുകൂടുന്ന മണ്ണും മണലും ഒരു തിട്ടായിവന്ന് അഴിമുഖത്തെ അടയ്ക്കുന്നു. പുഴവെള്ളം കടലിലേയ്‌ക്കൊഴുകാതാകുന്നു. ഫലമോ പുഴയിലെ നിരപ്പ് ക്രമാതീതമായി വന്ന് സമതലങ്ങളെ വെള്ളത്തിലാഴ്ത്തുന്നു. എത്രയോ പേരുടെ പാർപ്പിടങ്ങൾ നഷ്ടമാകുന്നു. ആ വെള്ളപ്പൊക്കത്തിലും, കുത്തിയൊഴുക്കിലും പെട്ട് മൃഗങ്ങളുടെയും ചിലപ്പോൾ മനുഷ്യരുടേയും ശവശരീരങ്ങൾ വയലുകളിലൂടെ ഒഴുകിപ്പോകുന്നതു കാണാം. അങ്ങിനെയുള്ള സന്ദർഭത്തിൽ അഴി മുറിക്കുക എന്ന കടുത്ത സാഹസം ഏറ്റെടുക്കുന്നത് കടപ്പുറത്തെ പൂശ്ലാന്മാരാണ്. അഴിമുഖത്ത് വന്നടിഞ്ഞ തിട്ട് മുറിച്ച് പുഴയെ സ്വതന്ത്രയാക്കുക. വല്ലാത്തൊരു സാഹസകൃത്യമാണത്.ചിലപ്പോൾ കുത്തിയൊഴുകുന്ന പുഴയോടൊപ്പം അവരും ഒലിച്ച് പോയെന്നു വരും. എല്ലാ വർഷവും ധീരസാഹസികതയുടെ കഥകൾ കേൾക്കാം. ഉറൂബിന്റെ കഥയിൽ അങ്ങിനെയുണ്ടാവുന്ന ഒരു തുരുത്തിൽ പെട്ടുപോയ ഒരു വഞ്ചിയിലെ ഇരുപത്തഞ്ചോളം യാത്രക്കാരെ രക്ഷിച്ച കഥയാണ്. രോമാഞ്ചത്തോടെയല്ലാതെ ഈ കഥ വായിക്കാൻ പറ്റില്ല.
ഉറൂബിന്റെ കഥകൾ വൈവിദ്ധ്യം നിറഞ്ഞവയാണ്. ഒരേ കഥകൾ പല വിധത്തിൽ പറയുകയല്ല, പറയുന്നതെന്തിലും പുതുമയുണ്ടാവണമെന്ന നിഷ്‌കർഷ വേണമെന്ന ശാഠ്യമുണ്ടായിരുന്നു അദ്ദേഹത്തിന്.
അതുപോലെ താൻ പറയാൻ പോകുന്ന കാര്യത്തെപ്പറ്റി കണിശമായ അറിവുണ്ടാകണമെന്നും അദ്ദേഹം കരുതിയിരുന്നു. നീലഗിരി മലകളിലെ തന്റെ വാസത്തിന്റെ പശ്ചാത്തലത്തിൽ കുറേ കഥകളെഴുതിയിട്ടുണ്ട് അദ്ദേഹം. എല്ലാം ചായത്തോട്ടങ്ങളിലെ പാവപ്പെട്ടവരുടെ കഷ്ടപ്പാടുകൾ കൊണ്ട്, വേദനകൊണ്ട് തീവ്രമായവയാണ്. കഷ്ടപ്പാടുകളിൽനിന്നും അടിമത്വത്തിൽനിന്നും എങ്ങിനെയെങ്കിലും ഓടിപ്പോയി രക്ഷപ്പെടാനുള്ള വാഞ്ച ഒരു ചെറുപ്പക്കാരിയെ എത്തിച്ച ദുരന്തത്തെപ്പറ്റി എഴുതിയതാണ് 'നനഞ്ഞ ഒരു രാത്രി' (വെളുത്ത കുട്ടി) എന്ന കഥ. അതിലെ ചെറുപ്പക്കാരൻ കഥാകൃത്തുതന്നെയാണ്.
ഇതിൽനിന്നെല്ലാം വളരെ വ്യത്യസ്തമായ കഥയാണ് 'സഖറിയാസ് എന്ന പുണ്യവാളന്റെ കഥ' (മൗലവിയും ചങ്ങാതിമാരും). നന്മയും തിന്മയും ഒരേ വ്യക്തിയിൽ ഒരേ സമയം കുടികൊള്ളുന്നുവെന്ന അറിവാണ് ഈ കഥ. അതുപോലെ പലപ്പോഴും മഹത്വം ഒരു വ്യക്തി ആർജ്ജിക്കുന്നതായിരിക്കണമെന്നില്ലെന്നും ആരോപിക്കപ്പെടുന്നതാകാമെന്നുമാണ് ഈ കഥയുടെ സന്ദേശം. പാപപുണ്യങ്ങളെപ്പറ്റിയുള്ള ധാരണകൾ തിരുത്തുകയാണ് ഈ കഥ ചെയ്യുന്നത്. കള്ളനും തട്ടിപ്പറിക്കാരനുമായ ഒരാളെ, സ്വന്തം അനുജനെ കൊലപാതകക്കുറ്റത്തിൽനിന്ന് രക്ഷിച്ച് ആ കുറ്റം സ്വയം ഏറ്റുവാങ്ങി തൂക്കിലേറിയെന്ന ഒരേ കാരണത്താൽ, കഥയിലല്ലെങ്കിലും നമ്മുടെ മനസ്സിൽ പുണ്യവാളനായി അവരോധിക്കുന്നു. കഥയിലുള്ള പുണ്യവാളനാകട്ടെ നമുക്കു മുമ്പിൽ ഒരു കീറാമുട്ടിയായി നിലകൊള്ളുകയും ചെയ്യുന്നു. അവസാനം പുണ്യവാളനെ അടക്കം ചെയ്ത ശവകുടീരം പൊളിച്ച് അദ്ദേഹത്തിന്റെ തിരുശേഷിപ്പ് വിവിധ രാജ്യങ്ങളിലേയ്ക്കു കൊണ്ടു പോകുന്ന രംഗമുണ്ട്. വളരെ ഗൗരവമായി ചിത്രീകരിച്ച ആ സംഭവങ്ങൾക്കു പിന്നിൽ ഉറൂബ് എന്ന മനുഷ്യൻ അമർത്തിച്ചിരിക്കുന്നതിന്റെ ദൃശ്യമാണ് നാം കാണുക. സംഭാഷണത്തിലെന്ന പോലെ കഥകളിലും നമുക്ക് ഉടനീളം അനുഭവപ്പെടുന്ന നർമ്മം ലോലവും സൂക്ഷ്മവുമാണ്. ഈ കഥയിലെ ക്രാഫ്റ്റ് എടുത്തു പറയേണ്ടതാണ്. ഒരു കാവ്യം പോലെ, സംഗീതം പോലെ, സങ്കീർത്തനം പോലെ അനുഭവിക്കാവുന്നതാണ് ഈ കഥ.
സ്ത്രീ ! എന്നു നമ്മൾ പറഞ്ഞു പോയേക്കാവുന്ന ഒരു സന്ദർഭമാണ് 'വാടകവീടുകൾ' (വെളുത്ത കുട്ടി) എന്ന കഥയിലുള്ളത്. വാടക ബാക്കിവച്ച കാരണം മുറിയിൽനിന്നു പുറത്താക്കിയ മുട്ടാളനായ വീട്ടുകാരന്റെ നേരെ വിപരീതമാണ് സൗന്ദര്യവും മധുരമൊഴികളും കൊണ്ട് അയാളെ സ്വീകരിച്ച് അഭയം നൽകിയ വീട്ടുകാരി. പക്ഷെ കാര്യങ്ങളുടെ കിടപ്പിനെപ്പറ്റി കവിയ്ക്കുണ്ടായിരുന്ന ധാരണ മാറ്റിമറയ്ക്കുന്നതായിരുന്നു കഥാന്ത്യം. സ്ത്രീ എന്ന പ്രഹേളിക ഇത്രയും ഭംഗിയായും തീക്ഷ്ണമായും അവതരിപ്പിച്ച മറ്റൊരു കഥ മലയാളത്തിലില്ല.
നൂറ്ററുപതോളം കഥകളിൽനിന്ന് എതാനും കഥകൾ മാത്രം തെരഞ്ഞെടുക്കുകയെന്നത് ഒരു സാഹസമാണ്. എന്നെ,യെന്നെ എന്നു പറഞ്ഞ് മുമ്പിലേയ്ക്ക് ഇരച്ചു കയറുന്നവയാണ് മിക്ക കഥകളും. തിരഞ്ഞെടുപ്പുകാരൻ വിഷമിക്കുകയേയുള്ളൂ. സ്ഥലപരിമിതി കാരണം മറ്റു കഥകളെ നിഷ്‌കരുണം പുറംതള്ളി പ്രതിനിധ്യാത്മകമായ എതാനും കഥകൾ മാത്രമെടുക്കുകയാണ് ചെയ്തിട്ടുള്ളത്. വളരെ നല്ല പല കഥകളും ഉൾപ്പെടുത്താൻ അതുകൊണ്ട് കഴിഞ്ഞിട്ടില്ല.
ഉറൂബിന്റെ പല കഥകളും അവയെഴുതിയ കാലത്ത് ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളെയും സംഭവങ്ങളെയും അവലംബിച്ചെഴുതിയവയാണ്. കുഞ്ഞമ്മയും കൂട്ടുകാരും എന്ന നോവലിലെ ഒരുമാതിരി എല്ലാ കഥാപാത്രങ്ങളും അന്ന് പൊന്നാനിയിൽ സാംസ്‌കാരിക രംഗത്ത് സജീവമായിരുന്ന വ്യക്തികളാണ്. ഇടശ്ശേരി, അക്കിത്തം, ടി. ഗോപാലക്കുറുപ്പ്, തുടങ്ങിയവർ. പേരുകൾ അന്യോന്യം മാറ്റിയിട്ടുണ്ടെന്നു മാത്രം. അവരുടെ വ്യക്തിത്വത്തിനോ സ്വഭാവത്തിനോ മാറ്റമില്ല. അതുപോലെ ഗോപാലൻ നായരുടെ താടി എന്ന കഥയിലും എതാണ്ട് ഇതേ കഥാപാത്രങ്ങളാണുള്ളത്. 'ബിസിനസ്സുകാര'നിലെ റഹിം സാഹിത്യകാരന്മാരും കലാകാരന്മാരും സംഗീതജ്ഞരും കൂട്ടുകാരായിട്ടുളള പി.കെ.എ. റഹിം ആവാനാണ് സാധ്യത. കാരണം ആ നല്ല ബിസിനസ്സുകാരന്റെ സ്റ്റോക്കിൽ പെട്ടവരിൽ എം. ഗോവിന്ദനും, എം.വി. ദേവനുമൊക്കെയുണ്ട്. അന്നത്തെ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ ഒരു വലിയ പങ്കുണ്ട് എന്നതിനാൽ ഉറൂബുതന്നെ സ്വയം കഥാപാത്രമായിട്ടുള്ള കഥകളുമുണ്ട്. 'പതിനാലാമത്തെ മെമ്പർ' (മൗലവിയും ചങ്ങാതിമാരും). ഏതു കഥയെടുത്താലും അതിനു പിന്നിൽ മഹാനായ ഒരു വ്യക്തി പ്രകാശം പൊഴിക്കുന്നത് കാണാം. അതുകൊണ്ടുതന്നെ ഓരോ കഥയും ഒരു മഹദ്‌സൃഷ്ടിയാവുന്നു.
ഇതൊരു പൊന്നാനിക്കാരന്റെ സൃഷ്ടികളാണ്. പൊന്നാനിക്കളരിയിൽ നിന്നുകൊണ്ടാണദ്ദേഹം സൃഷ്ടി നടത്തിയിരുന്നത്. ജോലിയന്വേഷിച്ച് വയനാട്ടിലും നീലഗിരിത്തോട്ടങ്ങളിലും പിന്നെ ആകാശവാണിയിലും കുങ്കുമത്തിലും മനോരമയിലും പ്രവർത്തിച്ചിരുന്നപ്പോഴൊക്കെ അദ്ദേഹത്തിന്റെ വേരുകൾ പൊന്നാനിയിലാഴ്ന്നിറങ്ങി നിലകൊള്ളുകയായിരുന്നു. പൊന്നാനിയ്ക്കു പുറത്തുള്ള വാസം, പ്രത്യേകിച്ച് വയനാട്ടിലും നീലഗിരിയിലും ചായത്തോട്ടങ്ങളിലുണ്ടായ അനുഭവങ്ങൾ അദ്ദേഹത്തിന്റെ കഥകളെയും നോവലുകളെയും ചൈതന്യവത്താക്കി. ഉമ്മാച്ചുവിലെ മായനായാലും, സുന്ദരികളും സുന്ദരന്മാരും എന്ന നോവലിലെ സ്‌കൂൾ മാസ്റ്ററായാലും, ഈ പുസ്തകത്തിലെ നിരവധി കഥകളിലായാലും അനുഭവസമ്പത്തിന്റെ വായനാസുഖം നമ്മൾക്കു ലഭ്യമാകുന്നു. ഓരോ കഥകളും ഓരോരോ കാലഘട്ടത്തിന്റെ സ്മരണ നമ്മിലുയർത്തിക്കൊണ്ടുവരുന്നത് ഹൃദ്യമാണ്. ആ കാലഘട്ടങ്ങളിൽ ജീവിച്ചുപോന്ന വ്യക്തികൾ പുതിയ തലമുറയ്ക്ക് പരിചയമുണ്ടായി എന്നു വരികയില്ല, പക്ഷെ ഇങ്ങിനെയും കുറേ മനുഷ്യർ നമുക്ക് മുമ്പെ ഈ മണ്ണിൽ ജിവിച്ചിരുന്നു എന്നറിയുന്നത് താല്പര്യമുളവാക്കുന്നു. ഒരു ചില്ലിക്കാശ് തുമ്പില്ലാതെ ചെലവാക്കിയാൽ സ്വർഗ്ഗത്തിൽ ചെന്നാൽ ഒരു പറ കണ്ണീരു വീഴ്‌ത്തേണ്ടിവരും എന്നു പറയുന്ന ലുബ്ധനായ കാരണവർ അച്ഛനും അമ്മയുമില്ലാത്ത സ്വന്തം പൗത്രിയ്ക്ക് വേണ്ടത്ര ചികിത്സ കൊടുക്കാതെ മരിക്കാൻ വിടുന്നത് കണ്ടുനിൽക്കേണ്ടി വന്ന ഒരു ചെറുപ്പക്കാരന്റെ കഥ ഇന്ന് ആരും വിശ്വസിച്ചില്ലെന്നു വരും. ചേതനയറ്റു കിടക്കുന്ന പൗത്രിയുടെ ശരീരത്തിനു മുമ്പിൽനിന്ന് ആ കാരണവർ വിലപിച്ചത് 'എത്ര കഷ്ടപ്പെട്ടുണ്ടാക്കിയ കാശാണ്, ഒക്കെ തുമ്പില്ലാതെ പോയി' എന്നാണ്. ചിന്നമ്മുവിനെ പ്രാണനു തുല്യം സ്‌നേഹിച്ച ആ ചെറുപ്പക്കാരന് അതു താങ്ങാൻ കഴിയുന്നില്ല. 'ദുഷ്ടൻ അവളെ കൊന്നു' എന്ന് ആ ചെറുപ്പക്കാരനോടൊപ്പം നമ്മളും പറഞ്ഞുപോകും.
ഓരോ കഥ വായിച്ചു കഴിഞ്ഞാലും അതിലെ കഥാപാത്രങ്ങൾ നമ്മെ ഒരു ബാധ പോലെ പിൻതുടരുന്നു. കഥ വെറുതെ പറഞ്ഞു പോവുകയല്ല, അനുഭവിപ്പിയ്ക്കുകയാണ് അദ്ദേഹം ചെയ്യുന്നത്.
മനുഷ്യബന്ധങ്ങളെപ്പറ്റി അദ്ദേഹം വളരെയധികം ചിന്തിച്ചിരുന്നു. 'പൂട്ടിയിട്ട വീടുകൾ' എന്ന കഥ വളരെ ഹൃദ്യമായി തോന്നുന്നത് മനുഷ്യമനസ്സിന്റെ ആഴങ്ങളിലേയ്ക്ക് കടക്കാനുള്ള ആ കഴിവാണ്. കാലിൽ അവശതയുണ്ട് എന്നതുകൊണ്ട് അമ്മുകുട്ടിക്ക് വന്ന വിവാഹാലോചനകളെല്ലാം അലസിപ്പോയി. ഒരു ഗതിയുമില്ലാതായപ്പോൾ അച്ഛൻ അവളെ സ്ഥലത്തെ വലിയ തറവാട്ടിന്റെ ഉരൽപുരയിൽ തള്ളിയതാണ്. എല്ലാവരും അവളെ വിളിച്ചിരുന്നത് ചണ്ണക്കാലിയെന്നായതുകൊണ്ട് അവൾതന്നെ സ്വന്തം പേര് മറന്നുപോയ സ്ഥിതിയാണ്. പക്ഷെ അവിടുത്തെ കാരണവരുടെ 'കുരുത്തംകെട്ട' മരുമകൻ ഒരു ദിവസം യാദൃശ്ചികമായി അവളെ കാണുകയാണ്. 'ആര് അമ്മുകുട്ടിയോ? അമ്മുകുട്ടി സുന്ദരിയായിരിക്കുന്നല്ലൊ' എന്നു ചോദിക്കുന്നു. ആ ചോദ്യം അവളുടെ മനസ്സിലും ജീവിതത്തിലും ഉണ്ടാക്കുന്ന മാറ്റങ്ങളാണ് കഥ. ആ മനുഷ്യനെപ്പറ്റി പറഞ്ഞു കേൾക്കുന്ന കഥകൾ പേടിപ്പെടുത്തുന്നതാണ്. അവയിലൊന്ന് ഒന്നരക്കൊല്ലം ഒപ്പം പൊറുത്ത സ്ത്രീയെ ചവുട്ടിക്കൊന്ന കഥയാണ്. അതെല്ലാം അറിഞ്ഞിട്ടും അവളുടെ മനസ്സിൽ വലിയൊരു വേലിയേറ്റമുണ്ടാകുകയാണ്. ഒരു സ്ത്രീകഥാപാത്രത്തെ ഇത്രയും സ്വാഭാവികമായും തന്മയത്വത്തോടും കൂടി അവതരിപ്പിക്കാൻ മറ്റൊരു കഥാകാരനും കഴിഞ്ഞിട്ടില്ലെന്നാണ് എന്റെ അറിവ്. കഥയുടെ പരിസമാപ്തി എന്തായിരിയ്ക്കുമെന്ന് വായനക്കാർക്ക് വിട്ടുകൊടുത്തുകൊണ്ട് കഥ നിർത്തിയിരിയ്ക്കയാണ് ഉറൂബ്. അങ്ങിനെയൊരു സമാപ്തിയുണ്ടാക്കാൻ ഒരു കഥാകൃത്തിന് വളരെ മനഃസാന്നിദ്ധ്യം ആവശ്യമാണ്.
ഉറൂബിന്റെ കഥകൾ ഒരു കാലഘട്ടത്തിന്റെ കഥകളാണ്. അദ്ദേഹം എഴുതിത്തുടങ്ങിയ കാലത്തുതന്നെ അസ്തമിച്ചു തുടങ്ങിയ ഏറനാടൻ ഭൂപ്രദേശങ്ങൾ അവിടുത്തെ പേരുകേട്ട നായർ തറവാടുകളുടെ കഥകൾ, ഇവയെല്ലാം ചരിത്രത്തിന്റെ അവശിഷ്ടങ്ങളാണ്. ഒരു നൂറു വർഷം മുമ്പ് വള്ളുവനാട് താലൂക്കിലുണ്ടായിരുന്ന സാമൂഹ്യ സാമ്പത്തിക ചിത്രം കിട്ടണമെങ്കിൽ ഉറൂബിന്റെ കഥകൾ വായിച്ചാൽ മതി. പക്ഷെ ഉറൂബിന്റെ സാഹിത്യം ആ കാലത്തിലോ ദേശത്തിലോ മനുഷ്യരിലോ ഒതുങ്ങി നിൽക്കുന്നില്ല. കാലത്തിന്റെ വളർച്ചക്കൊത്ത് വന്ന മാറ്റങ്ങൾ, അത് ഇന്ന് എവിടെ എത്തിനിൽക്കുന്നു എന്നതുകൂടി ഈ കഥകൾ വ്യക്തമാക്കുന്നു. വെറുമൊരു സാഹിത്യകൃതി എന്ന പേരിൽ ഈ കഥകളെ അവലോകനം ചെയ്യുന്നത് പാകപ്പിഴയാകും. ഇത് മനുഷ്യവളർച്ചയുടെ ചരിത്രമാണ്, മാനവികതയ്ക്കുള്ള ഉദ്‌ബോധനവും.
ഉറൂബ് സാഹിത്യത്തിൽ പ്രവേശിച്ചത് തൊള്ളായിരത്തി മുപ്പതുകളിലാണ്. വല്ലാത്തൊരു കവിതാഭ്രമവുമായി നടന്നിരുന്ന ചെറുപ്പക്കാരനെ ഇതര സാഹിത്യ വിഭാഗങ്ങളിലേയ്ക്ക് നയിച്ചത് ഇടശ്ശേരിയായിരുന്നു. വിശാലമായ ജീവിത സമസ്യയെ ചിത്രീകരിക്കാൻ കവിതയ്ക്കാവില്ലെന്നു തോന്നിയതാവണം അദ്ദേഹം ഇടശ്ശേരിയുടെ ഉപദേശം സ്വീകരിച്ചു കഥകളിലേയ്ക്കും പിന്നീട് വളരെ വിശാലമായ കാൻവാസുമായി നോവലുകളിലേയ്ക്കും പ്രവേശിച്ചത്. ഉറൂബിന്റെ നോവലുകൾ പഠിക്കാനാഗ്രഹിക്കുന്നവർ ആദ്യം ചെയ്യേണ്ടത് അദ്ദേഹത്തിന്റെ ചെറുകഥകൾ പഠിക്കുകയാണ്. ഈ കഥകളാണ് വിശാലമായ ആ ലോകത്തേയ്ക്കുള്ള വാതായനങ്ങൾ. അധികം അറിയപ്പെടുന്നില്ലെങ്കിലും ഉറൂബിന്റെ നാടകങ്ങൾ വളരെ തീഷ്ണമായ അനുഭവങ്ങൾ പകർന്നുതരാൻ പര്യാപ്തമാണ്. അതിൽ ഏറ്റതും മികച്ചത് 62ൽ ചൈനീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിലെഴുതിയ 'തീ കൊണ്ട് കളിക്കരുത്' എന്ന നാടകമാണ്. എം. ഗോവിന്ദന്റെ 'നീ മനുഷ്യനെ കൊല്ലരുത്' എന്ന നാടകത്തിനോടൊപ്പം മഹത്തായ യുദ്ധവിരുദ്ധ നാടകമായി ഇതു നിലകൊള്ളുന്നു. പിന്നീട് വളരെ വിജയകരമായ സിനിമകൾക്ക് തിരക്കഥയെഴുതിയിട്ടുണ്ട് അദ്ദേഹം. 'നീലക്കുയിൽ', 'രാരിച്ചൻ എന്ന പൗരൻ' 'നായര് പിടിച്ച പുലിവാൽ'. 'കുരുക്ഷേത്രം' തുടങ്ങിയവ.
ഉറൂബിന്റെ സാഹിത്യത്തെ വില മതിയ്ക്കാൻ അദ്ദേഹത്തിന്റെ കഥകൾ വളരെ അനുപേക്ഷണീയങ്ങളാണ്. കാരണം ഈ കഥകളിലാണ് ഉറൂബിന്റെ സ്വത്വം അടങ്ങിയിരിക്കുന്നത്. ഉറൂബ് എന്ന നോവലിസ്റ്റിനൊപ്പമോ അതിനേക്കാൾ ഒരുപടി മുന്നിലായോ ഉറൂബ് എന്ന കഥാകൃത്ത് നിൽക്കുന്നതിന്റെ കാരണവുമതാണ്.