സൂര്യകാന്തിപ്പൂക്കൾ എന്നോട് പറഞ്ഞത്

ഒരു തീവണ്ടിയാത്രയിലാണ് 1987ലെഴുതിയ ഈ കഥയുടെ ബീജാവാപം നടന്നത്. വർഷങ്ങൾക്കുമുമ്പ് നടത്തിയ ആ തീവണ്ടി യാത്രയിൽ കണ്ട ഒരു ദൃശ്യം എന്റെ മനസ്സിൽ മായാതെ കിടന്നിരുന്നു. മുംബൈയിൽനിന്ന് നാട്ടിലേയ്ക്കുള്ള ആ യാത്ര എന്റെ ജീവിതാവബോധത്തെ പാടെ മാറ്റിമറിക്കുകയാണുണ്ടായത്. മുംബൈയ്ക്കും പൂനെയ്ക്കുമിടയിലാണ് ലോനാവ്‌ല. മലനിരകൾ തുടങ്ങുന്ന സ്ഥലം. തീവണ്ടി ചുരം കയറുകയാണ്. ജനലിലൂടെ നോക്കിയിരിക്കുന്ന എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ഒരു മലയുടെതാഴ്‌വര മുഴുവൻ പൂക്കളെക്കൊണ്ട് നിറഞ്ഞിരുന്നു. കഴിഞ്ഞ മഴക്കാലത്ത് പ്രകൃതി നട്ടുണ്ടാക്കിയ മനോഹരമായ ഒരു തോട്ടം.

വിധിയുടെ നിരന്തരമായ എതിർപ്പ് കാരണം വർഷങ്ങളായി നിരാശയിൽ കഴിഞ്ഞിരുന്ന എനിയ്ക്ക് പ്രത്യാശയുടെ വെളിച്ചം കാണിച്ചുകൊണ്ട് ആ പൂച്ചെടികൾ കാറ്റിലാടി. ഞാൻ നടക്കാൻ പോകുന്ന പാതയിലെവിടേയോ വെളിച്ചമുണ്ട്, ഒരു നല്ല ജീവിതം എനിയ്ക്കുവേണ്ടി കാത്തിരിക്കുന്നുണ്ട് എന്ന് അതെന്നോടു വിളിച്ചു പറയുകയാണ്. ഏതാനും നിമിഷങ്ങൾക്കുള്ളിൽ ആ കാഴ്ച എന്നിൽ നിന്നു മറഞ്ഞു. അതിനുള്ളിൽ ഈ സന്ദേശം എനിയ്ക്കു നൽകി; എല്ലാം നഷ്ടപ്പെട്ടിട്ടില്ല, വരും വഴിയിൽ എന്തൊക്കെയോ പ്രതീക്ഷിക്കാനുണ്ട്. അതു ശരിയായി വരികയും ചെയ്തു.

എല്ലാം നഷ്ടപ്പെട്ട ഞാൻ നാട്ടിലേയ്ക്കു മടങ്ങിയത് തൊള്ളായിരത്തി എൺപത്തിനാലിലാണ്. അതോടെ അതുവരെ എന്നെയിട്ടു കശക്കിയിരുന്ന അതേ വിധി തന്നെ എനിയ്ക്കു വേണ്ടി, തുടക്കത്തിൽ മടിച്ചിട്ടാണെങ്കിലും, പിന്നീട് സന്തോഷത്തോടെ പൂക്കളുടെ പരവതാനി വിരിയ്ക്കാൻ തുടങ്ങി. അതിന്റെ തുടക്കത്തിലാണ്, അതായത് തൊള്ളായിരത്തി എൺപത്തിഏഴിൽ, ഞാൻ 'സൂര്യകാന്തിപ്പൂക്കൾ' എന്ന കഥയെഴുതുന്നത്. വളരെ വായനക്കാർക്ക് ഈ കഥ ഇഷ്ടമാവാനുള്ള കാരണവും അതു നല്കുന്ന പ്രത്യാശയുടെ സന്ദേശമാണെന്നു തോന്നുന്നു. സ്വന്തം ജീവിതബോധം ഈ കഥ മാറ്റിമറിച്ചുവെന്ന് പലരും എന്നോടു പറയുകയുണ്ടായി. ഈ കഥ എനിയ്ക്കു പ്രിയങ്കരമാകുവാനുള്ള കാരണവും അതാണ്. കഥ സാങ്കല്പികമാണ്, പക്ഷെ അതിന്റെ അമൂർത്തതയിൽ അത് വളരെ യഥാർത്ഥമാണ്. അതെന്റെ ജീവിതകഥയാണ്.

ഇ ഹരികുമാര്‍

E Harikumar

അനുബന്ധ വായനയ്ക്ക്