സമകാലിക മലയാള ചെറുകഥ

(കൊച്ചി സർവകലാശാല ഹിന്ദിവകുപ്പ് സംഘടിപ്പിച്ച ചർച്ചയിൽ അവതരിപ്പിച്ച പ്രബന്ധം - 2002 ഏപ്രില്‍)

സമകാലികം എന്നു പറഞ്ഞാൽ കുറച്ച് ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രസ്താവനയാണ്. ഒരു പ്രസ്ഥാനത്തിന്റെ വയസ്സും അതിന്റെ ഘട്ടംഘട്ടമായുള്ള വളർച്ചയും വച്ചുകൊണ്ടു വേണം കാലപരിധി നിർണയിക്കാൻ. മലയാള ചെറുകഥയ്ക്കു നൂറുവയസ്സു തികഞ്ഞു. മാത്രമല്ല. കഴിഞ്ഞ ഏതാനും കൊല്ലങ്ങളായി അത് ഒരു പ്രത്യേക ഘട്ടത്തിലൂടെ കടന്നുപോകുകയുമാണ്. നാല്പതുകളുടെ തുടക്കത്തിലാണ് മലയാള ചെറുകഥയ്ക്ക് പഴമയിൽനിന്ന് വിടുതൽ കിട്ടി ഒരു നവോന്മേഷം കൈവരിച്ചത്. അതിന് ഉത്തരവാദികളാണ് പ്രമുഖ കഥാകൃത്തുക്കളായ കാരൂർ, ഉറൂബ്, എസ്.കെ. പൊറ്റെക്കാട്, തകഴി തുടങ്ങിയവർ. കെ. സരസ്വതിയമ്മ, ലളിതാംബിക അന്തർജ്ജനം, ടാറ്റാപുരം സുകുമാരൻ, നന്തനാർ, ഇ.എം. കോവൂർ, മലയാറ്റൂർ തുടങ്ങിയവരുടെ പേരുകളും വിട്ടുപോകാൻ പാടില്ല. പിന്നീട് ടി. പദ്മനാഭൻ, കോവിലൻ, എം.ടി. വാസുദേവൻനായർ, മാധവിക്കുട്ടി, ഒ.വി. വിജയൻ, എൻ. മോഹനൻ തുടങ്ങിയവരിൽ എത്തിനിൽക്കുന്ന ഒരു ഘട്ടമായിരുന്നു അത്. മലയാള ചെറുകഥയുടെ സുവർണകാലമെന്ന ഒന്നുണ്ടെങ്കിൽ അത് നാല്പതുകളിൽ തുടങ്ങി അറുപതുകളുടെ മദ്ധ്യത്തോടെ അവസാനിച്ച ഈ കാലമാണെന്ന് നിസ്സംശയം പറയാം. മലയാള ചെറുകഥയെ വായനക്കാരുടെ അടുത്തെത്തിക്കാനും വായനക്കാരിൽ വായനയുടേതായ ഒരുതരം അഡിക്ഷൻ തന്നെയുണ്ടാക്കാനും ഈ കാലഘട്ടത്തിലെ ചെറുകഥകൾ ഉപകരിച്ചു. വാരികകളിൽ ഒരു പ്രത്യേക ഉണർവുതന്നെ സൃഷ്ടിക്കാൻ ഈ കഥാകൃത്തുക്കൾക്ക് കഴിഞ്ഞു. അമ്പതുകളിലും അറുപതുകളിലും വാരികയിൽ ഈ എഴുത്തുകാരുടെ രചനയ്ക്കായി വായനക്കാർ കാത്തിരുന്നത് ഞാൻ ഓർക്കുന്നു. കാരൂരിന്റെ പൂവൻപഴം, ഉറൂബിന്റെ രാച്ചിയമ്മ, വാടകവീടുകൾ, ടി. പദ്മനാഭന്റെ കടയനെല്ലൂരിലെ സ്ത്രീ, എം.ടി.യുടെ വിത്തുകൾ, ഇരുട്ടിന്റെ ആത്മാവ്, മാധവിക്കുട്ടിയുടെ പക്ഷിയുടെ മണം, ഒ.വി. വിജയന്റെ ഇരിങ്ങാലക്കുട, എൻ.മോഹനന്റെ നിന്റെ കഥ, എന്റേയും തുടങ്ങിയ നിരവധി കഥകൾ എത്ര വായിച്ചാലും മടുക്കാത്തവയാണ്.

പുതിയ ഘട്ടം

അറുപതുകളിലാണ് പുതിയൊരു ഘട്ടത്തിന്റെ ആരംഭമുണ്ടായത്. പാശ്ചാത്യകഥകളുടെ പെട്ടെന്നുണ്ടായ ഉൾപ്രവാഹവും അതിനോടുള്ള അമിതമായ വിധേയത്വവുമാണ് ഈ ഘട്ടത്തിന്റെ പ്രേരകശക്തിയായി വർത്തിച്ചത്. അളവുകോലുകൾ നമ്മുടെ സംസ്‌കാരത്തിൽനിന്നും പാരമ്പര്യത്തിൽനിന്നും മാറി പാശ്ചാത്യമായി. നമ്മുടെ അളവുകോലുകൾകൊണ്ട് അളക്കാൻ പറ്റുന്നവ പഴഞ്ചനും പാശ്ചാത്യമാതൃകകൾ കൊണ്ട് അളക്കാൻ പറ്റുന്നവ ആധുനികവും സ്വീകാര്യവും എന്ന് മുദ്രകുത്തപ്പെട്ടു. ഈ ജ്വരം മൂത്ത് വായിച്ചാൽ മനസ്സിലാവുന്നവ പഴഞ്ചനും അല്ലാത്തവ ആധുനികവും എന്ന സമവാക്യംവരെയെത്തി. ഇത് സ്വാഭാവികമായും പുതിയ എഴുത്തുകാരിലും പൊതുവെ നല്ല വായനക്കാരിലും അങ്കലാപ്പുണ്ടാക്കി. എഴുത്തുകാരുടെ രചനകൾ ആധുനികമാക്കാനുള്ള ത്വരയിൽ കൃത്രിമമാക്കപ്പെട്ടു. പഴയ രാജാവിന്റെ കഥയില്ലേ? നഗ്നനായ രാജാവിന്റെ? അതുപോലെയായി കാര്യങ്ങൾ. ആധുനികതയുടെ പേരിൽ പടച്ചുവിടുന്ന എന്തും നല്ലതാണെന്ന് പറഞ്ഞില്ലെങ്കിൽ സാഹിത്യസമുദായത്തിൽനിന്നുതന്നെ നിഷ്‌കാസിതനാകുമെന്ന ഗതികേടു വന്നു. ബുദ്ധിജീവി പരിവേഷം എല്ലാവരും ആഗ്രഹിച്ചിരുന്നതാണ്. അതില്ലാതാവുന്നത് സഹിക്കാവുന്നതല്ല. എന്താണ് ആധുനികത എന്ന വിഷയത്തിൽ ധാരാളം ഗ്രന്ഥങ്ങൾ രചിക്കപ്പെടുകയും ചെയ്തു. കാരണം ആധുനികകഥകൾ എന്ന പേരിൽ വാരികകളിൽ പ്രത്യക്ഷപ്പെടുന്ന സാധനം എന്താണെന്നറിയാൻ സാമാന്യവായനക്കാർക്ക് താല്പര്യമുണ്ടായിരുന്നു. ആ കഥകൾ വായിച്ച് ആസ്വദിക്കണമെന്ന് ആത്മാർത്ഥതമായും അവർ ആഗ്രഹിച്ചിരുന്നു. ആധുനികതയെപ്പറ്റിയുള്ള പുസ്തകങ്ങളിൽ നിക്ഷേപിച്ച പണം നഷ്ടമായെന്ന് ബോദ്ധ്യമായപ്പോൾ അവർ വായനയ്ക്കായി മറ്റു മേച്ചിൽപ്പുറങ്ങൾ അന്വേഷിച്ചുപോയി. പൈങ്കിളി വാരികകളുടെ സുവർണകാലം അങ്ങനെയാണ് തുടങ്ങിയത്. നഷ്ടമുണ്ടായത് നല്ല സാഹിത്യത്തിന്നായിരുന്നു. ഒന്നു ചീഞ്ഞാൽ മറ്റൊന്നിന് വളം.

അറുപതുകളിൽ ഈ ബഹളങ്ങൾക്കിടയിൽ എഴുതിത്തുടങ്ങിയ ഒരാളെന്ന നിലയിൽ ഞാൻ ഈ പ്രതിഭാസത്തെ എങ്ങിനെ കണ്ടു എന്നും എങ്ങിനെ നേരിട്ടു എന്നും പറയുന്നത് യുക്തമായിരിക്കും. ചിലപ്പോൾ വളരെ വ്യക്തിപരമായ കാഴ്ചപ്പാടുകളായിരിക്കാം എന്റേത്. പക്ഷേ, വർണശബളമായ ഒരു കാലഘട്ടത്തിന്റെ അവസാനത്തിലും മറ്റൊന്നിന്റെ ശക്തമായ തുടക്കത്തിലും ആദ്യം കാഴ്ചക്കാരനായും പിന്നീട് വേഷക്കാരനായും പ്രത്യക്ഷപ്പെട്ട ഒരാളുടെ അഭിപ്രായങ്ങൾ വ്യക്തിഗതമാണെങ്കിലും സംഗതമെന്ന് ഞാൻ കരുതുന്നു. അറുപതുകളുടെ ആദ്യം മുതൽ അവസാനം വരെ ഏകദേശം എട്ടുവർഷക്കാലം ഞാൻ ഒരു പരീക്ഷണഘട്ടത്തിലായിരുന്നു. പക്ഷേ, ഒരിക്കലും ആധുനികതയുടെ പേരിൽ സാഹിത്യത്തിൽ മായം ചേർക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല. രണ്ടോ മൂന്നോ അമൂർത്തകഥകൾ ഇക്കാലത്ത് എഴുതിയിട്ടുണ്ടെങ്കിൽ അവ ചിത്രകലയുടെ സ്വാധീനം കൊണ്ടുമാത്രമാണ്. വളരെ പെട്ടെന്നുതന്നെ ഞാൻ ചിത്രകലയുടെ സ്വാധീനത്തിൽനിന്നു വിട്ടുമാറി. ചിത്രകലയും ചെറുകഥയും രണ്ടും രണ്ടാണെന്നും രണ്ടു വ്യത്യസ്ത മാധ്യമങ്ങളുപയോഗിച്ച് നിർമിക്കുന്ന ഇവയ്ക്ക് അടിസ്ഥാനപരമായി വളരെ വ്യത്യാസമുണ്ടെന്നും ഞാൻ കണ്ടെത്തി. വ്യത്യാസം ആസ്വാദനതലത്തിലാണ്. ഒരു ചിത്രം നമ്മുടെ മുൻപിൽ അതിന്റെ എല്ലാ സൗന്ദര്യവും പ്രദർശിപ്പിച്ചുകൊണ്ട് നിൽക്കുമ്പോൾ ചെറുകഥ, ആസ്വാദനത്തിനായി വായന എന്ന പ്രക്രിയയെ അവലംബിക്കുകയാണ്. ഒരു ചിത്രത്തെ ഒറ്റനോട്ടത്തിൽ നമ്മുടെ മനസ്സിലേക്ക് ആവാഹിക്കാമെങ്കിൽ ഒരു ചെറുകഥ അവസാനത്തെ വാചകംവരെ വായിക്കപ്പെടുകതന്നെ വേണം. അതായത് പാരായണക്ഷമമായിരിക്കണം ഒരു കഥ എന്നർത്ഥം. ആദ്യത്തെ വാചകത്തിൽനിന്ന് ഒരു ഖണ്ഡികയിലേയ്ക്കും പിന്നീട് അടുത്ത ഖണ്ഡികയിലേയ്ക്കും. ഒരു പേജിൽനിന്ന് മറ്റൊരു പേജിലേയ്ക്കും അങ്ങനെ കഥാന്ത്യംവരെ വായനക്കാരനെ കൊണ്ടുനടത്താൻ കഴിഞ്ഞാലേ ഒരു കഥ ആസ്വദിക്കുകയുണ്ടാവൂ. സംവേദനക്ഷമമാകണം എഴുത്ത് എന്നർത്ഥം. മറിച്ച് ആദ്യത്തെ വാചകം. അല്ലെങ്കിൽ ആദ്യത്തെ ഖണ്ഡിക മാത്രം വായിച്ച് നിർത്തുകയാണെങ്കിൽ കഥ ആസ്വദിക്കപ്പെടുകയുണ്ടാവില്ല. നമ്മുടെ കഥയ്ക്ക് എന്തൊക്കെ ആന്തരാർത്ഥങ്ങളുണ്ടെങ്കിലും വായനക്കാരനെക്കൊണ്ട് ഒരാവർത്തിയെങ്കിലും വായിപ്പിക്കാൻ പറ്റിയില്ലെങ്കിൽ നാം ഒരു പരാജയമാണെന്നുറപ്പാണ്. ചിത്രകലയിൽ ആ പ്രശ്‌നമില്ല. ഒറ്റനോട്ടത്തിൽ ആ ചിത്രം നമ്മുടെ മനസ്സിൽ സ്ഥാനംപിടിക്കുന്നു. നമുക്കാ ചിത്രം ഇഷ്ടപ്പെട്ടാലും ശരി ഇല്ലെങ്കിലും ശരി. ഇഷ്ടപ്പെട്ടാൽ വീണ്ടും വീണ്ടും അതു ദർശിക്കുകയും ചിത്രത്തിന്റെ ആന്തരാർത്ഥങ്ങൾ ഓരോന്നായി നമ്മുടെ മനസ്സിലേക്ക് കടന്നുവരികയും ചെയ്യും. ഈ തത്ത്വം മനസ്സിലാക്കിയപ്പോഴാണ് എന്റെ രചനയിൽ ഒരു വഴിത്തിരിവുണ്ടായത്. കഥകൾ പാരായണക്ഷമമാകണമെന്ന ശാഠ്യമുണ്ടായത് അങ്ങനെയാണ്. പകുതി എന്റെ മനസ്സിലും പകുതി കടലാസിലുമായി കഥകളെഴുതിയാൽ വായനക്കാരന് ഒന്നും മനസ്സിലാവില്ലെന്നും അയാൾ പകുതിക്കുവച്ച് വായന നിർത്തുമെന്നും എനിക്കു ബോദ്ധ്യമായി. എഴുത്തുകാരൻ എന്നതിനുപരി ഞാൻ ഒരു വായനക്കാരനുമായി. ആധുനികരെന്നു വിളിക്കപ്പെടുന്ന എഴുത്തുകാരിൽ പ്രതിഭയുള്ള ഒന്നോ രണ്ടോ പേരൊഴികെ മറ്റുള്ളവരുടെ രചനകൾ വായനയിൽ ആദ്യഖണ്ഡികയിൽനിന്നുമപ്പുറത്തേയ്ക്കു പോകുന്നില്ലെന്നും ഞാൻ മനസ്സിലാക്കി.

കഥ എന്നല്ല എല്ലാ കലാരൂപങ്ങളും ബുദ്ധിപരമായും സാംസ്‌കാരികമായും പല തട്ടുകളിലുള്ളവർക്ക് ഒരേ സമയം ആസ്വദിക്കാനുള്ളതാണ്; അല്ലാതെ എന്റെ കഥകൾ കേവലം ബുദ്ധിജീവികൾക്കുള്ളതാണ്. മറ്റുള്ളവരൊന്നും വായിക്കേണ്ട എന്നു പറയുന്നതിൽ അർത്ഥമില്ല. ബുദ്ധിപരമായും സാംസ്‌കാരികമായും ഏറ്റവും താഴേക്കിടയിലുള്ളവർക്കും മേലേക്കിടയിലുള്ളവർക്കും ഒരേപോലെ ആസ്വദിക്കാൻ കഴിഞ്ഞാൽ അതൊരു വിജയമായി കരുതണം. എഴുപതുകൾ തൊട്ട് എന്റെ സാഹിത്യശ്രമങ്ങളെ സ്വാധീനിച്ചത് ഈ ചിന്തയാണ്. എന്നെപ്പോലെ ചിന്തിച്ച ഏതാനും പേർ കൂടിയുണ്ട്. സി.വി. ശ്രീരാമൻ, വൈശാഖൻ, മുണ്ടൂർ കൃഷ്ണൻകുട്ടി, യു.കെ. കുമാരൻ, അഷ്ടമൂർത്തി, ടി.എൻ. പ്രകാശ്, അക്ബർ കക്കട്ടിൽ തുടങ്ങിയവർ. ഇനിയും പേരുകൾ പറയാം. ഏതാനും പേരുകൾ പറഞ്ഞുവെന്നേയുള്ളൂ. പക്ഷേ, മലയാള ചെറുകഥയ്ക്ക് നഷ്ടപ്പെട്ടുപോയ വായനക്കാരനെ തിരിച്ചുകൊണ്ടുവരാൻ ഞങ്ങൾക്ക് കഴിഞ്ഞുവോ എന്നു സംശയമാണ്. കാരണം വായനക്കാരനിലെ, 'ഇതൊന്നും വായിച്ചാൽ മനസ്സിലാവില്ല' എന്ന മുൻവിധി അത്രമാത്രം ശക്തമായിരിക്കുന്നു. മാത്രമല്ല, ഇപ്പോൾ ആധുനികതയ്ക്കുശേഷം ഉത്തരാധുനികത എന്ന ഇറക്കുമതിച്ചരക്കിന്റെ പ്രസക്തിയും നഷ്ടപ്പെട്ടിരിക്കുന്നു. ഇനി മാനത്തുനിന്ന് എന്ത് ഇടിത്തീയാണ് വീഴാൻ പോകുന്നതെന്ന് ഭയപ്പെട്ടിരിക്കയാണ് സാധാരണ വായനക്കാർ. ഇതിനിടയ്ക്ക് ഏതാനും എഴുത്തുകാർ ഭയപ്പെടേണ്ട. നല്ല കഥകൾ ഇവിടെയുണ്ട്. നോക്കൂ എന്നു പറയുന്നത് പരക്കെ കേൾക്കപ്പെടുന്നില്ല. നല്ല കഥകൾ മലയാളത്തിൽ വരുന്നുണ്ടെന്നുതന്നെയാണ് എന്റെ വിശ്വാസം. ആ കഥകൾ കാലത്തെ അതിജീവിച്ച് തലമുറകൾക്കുശേഷവും വായിക്കപ്പെടുമെന്നും മറിച്ച് കൃത്രിമമായി, വൈദേശികമായ അളവുകോലുകൾക്കനുസരിച്ച് നിർമിതമായ കഥകൾ കാലത്തിന്റെ ചവറ്റുകൊട്ടയിലേക്ക് എറിയപ്പെടുമെന്നും ഞാൻ വിശ്വസിക്കുന്നു. കാരണം കാലം എന്നും ഒറിജിനലുകൾ സൂക്ഷിക്കുന്നതിലേ താല്പര്യം കാണിക്കാറുള്ളൂ. ഈ കാലഘട്ടത്തിന്റെ മറ്റൊരു പ്രത്യേകത ധാരാളം സ്ത്രീകഥാകൃത്തുക്കൾ രംഗപ്രവേശം ചെയ്തു എന്നതാണ്. അവർ പ്രതിഭാശാലികളാണെന്നും ആശ്വാസം പകരുന്നു. സാറാ ജോസഫ്, നളിനിബേക്കൽ, കെ.ബി. ശ്രീദേവി, മാനസി, ഗ്രേസി, ചന്ദ്രമതി, അഷിത, ഒ.വി. ഉഷ, ഗീതാ ഹിരണ്യൻ, ബി.എം. സുഹറ, പ്രിയ എ.എസ്., ശ്രീകുമാരി രാമചന്ദ്രൻ, കെ.പി. സുധീര, സിതാര എസ്, എം.പി. പവിത്ര തുടങ്ങിയ എഴുത്തുകാരികൾ. ഇവരിൽ ചിലരെങ്കിലും ഉത്തരാധുനികത എന്നൊക്കെ പറഞ്ഞ് ഭീഷണിപ്പെടുത്തുന്നുണ്ടെങ്കിലും അതിൽനിന്നെല്ലാം കാലക്രമത്തിൽ കരകയറുമെന്ന് ആശ്വസിക്കാം.

വിധേയത്വം

പടിഞ്ഞാറൻ സാമ്രാജ്യത്തിനെതിരെ വാതോരാതെ സംസാരിക്കുന്നവർതന്നെയാണ് ഉത്തരാധുനികത എന്നു പറഞ്ഞുനടക്കുന്നത് എന്നത് വലിയൊരു വിരോധാഭാസമാണ്. പാശ്ചാത്യർ നമ്മുടെ പ്രജ്ഞയെ സ്വാധീനിച്ച് അടിമകളാക്കുകയാണ് ചെയ്യുന്നത്. നമ്മുടെ സംസ്‌കാരം, നമ്മുടെ പാരമ്പര്യം എല്ലാം തുടച്ചുനീക്കി നമുക്ക് തികച്ചും അപരിചിതമായ ഒരു സംസ്‌കാരം നമ്മിൽ അടിച്ചേല്പിക്കുകയാണ് കോളനികളുമായി വന്ന പാശ്ചാത്യർ ഒരുകാലത്ത് ചെയ്തിരുന്നത്. അതിനുശേഷം നാം അവരിൽനിന്നെല്ലാം കുതറി സ്വതന്ത്രരായി. പക്ഷേ, സാംസ്‌കാരികമായി നാം ഇപ്പോഴും അവരോട് വിധേയത്വം കാണിക്കുന്നു എന്നതിന്റെ തെളിവാണ് നമ്മുടെ സാഹിത്യകാരന്മാർ പാശ്ചാത്യമായ ഒരു പ്രസ്ഥാനത്തെ വെള്ളം ചേർക്കാതെ സ്വീകരിക്കുന്നതിൽ കാണുന്നത്. നമ്മുടെ മലയാളഭാഷ തന്നെ അപകടത്തിലാവുന്നത് ഈ പാശ്ചാത്യ വിധേയത്വം കൊണ്ടാണ്. വലിയൊരു പദ്ധതിയുടെ ഭാഗമാണിത്. ഇന്ന് പാശ്ചാത്യർ അവരുടെ സൈന്യത്തെ അയച്ച് ഒരു രാജ്യം കീഴടക്കുന്നില്ല. ഒരു രാജ്യവും അവർക്ക് കീഴടക്കാനുദ്ദേശ്യവുമില്ല. അവർക്ക് വേണ്ടത് വലിയൊരു വിപണിയാണ്. ആ വിപണിക്കുവേണ്ടിയാണ് അവർ ആഗോളവത്കരണം എന്ന പദ്ധതി ഉപയോഗിക്കുന്നത്. ആഗോളവത്കരണം കൊണ്ട് നമുക്ക് നേട്ടങ്ങളുണ്ടാക്കാം. സാങ്കേതികമായ പലതും സ്വീകരിക്കേണ്ടതായി വരും. അല്ലെങ്കിൽ നാം പിന്നിലേയ്ക്കു തള്ളപ്പെടുകയേ ഉള്ളൂ. പക്ഷേ, അങ്ങനെ സ്വീകരിക്കേണ്ട കാര്യങ്ങളിൽ ഒന്നല്ല ഉത്തരാധുനികത എന്ന് ഞാൻ വ്യക്തമാക്കട്ടെ. കാരണം ഭാഷയുമായി ബന്ധപ്പെട്ട എന്തും നമ്മുടെ സത്തയാണ്. നമ്മുടെ സ്വത്വമാണ്. അത് മാറ്റി മറ്റൊന്നു സ്വീകരിക്കുമ്പോൾ നഷ്ടപ്പെടുന്നത് നമ്മുടെ സംസ്‌കാരമാണ്. പാരമ്പര്യമാണ്. ഇത് ഏറ്റവുമധികം അറിയേണ്ടത് ഭാഷ കൈകാര്യം ചെയ്യുന്ന സാഹിത്യകാരന്മാർതന്നെയാണ്. അവർ ഉത്തരവാദിത്വമില്ലാതെ പെരുമാറരുത്.

മലയാള ചെറുകഥ നേരിടുന്ന മറ്റൊരു പ്രശ്‌നം പ്രസിദ്ധീകരണത്തിന്റേതാണ്. സ്ഥിരപ്രതിഷ്ഠനേടിയ ഏതാനും എഴുത്തുകാർക്കൊഴികെ ഇതൊരു വലിയ പ്രശ്‌നം തന്നെയാണ്. വാരികകൾ ചെറുകഥകളുടെ എണ്ണം കുറച്ചു. സാഹിത്യത്തിനുള്ള സ്ഥലം രാഷ്ട്രീയത്തിന്നായി മാറ്റിവച്ചു. രണ്ടു കഥകളും കഥകളെപ്പറ്റിയുള്ള പഠനങ്ങളും കൊടുത്തിരുന്ന വാരികകൾ ഇപ്പോൾ കഷ്ടിച്ച് ഒരു കഥ കൊടുത്താലായി എന്ന നിലയിലായിരിക്കുന്നു. പഠനങ്ങൾ ഇല്ലെന്നുതന്നെ പറയാം. ഇതൊരു തെറ്റിദ്ധാരണയുടെ ഫലമാണെന്നു തോന്നുന്നു. വായനക്കാർക്ക് രാഷ്ട്രീയമാണ് കൂടുതൽ വേണ്ടതെന്ന തെറ്റിദ്ധാരണ. മറിച്ചാണെന്നാണ് എന്റെ വിശ്വാസം. കാരണം വായനക്കാർക്ക് രാഷ്ട്രീയമാണ് വേണ്ടതെങ്കിൽ മലയാള മനോരമ ആഴ്ചപ്പതിപ്പിന്റെയോ മംഗളത്തിന്റെയോ ഒരൊറ്റ കോപ്പിപോലും വിൽക്കപ്പെടലുണ്ടാവില്ലല്ലോ. വായനക്കാർക്ക് കഥകൾ വേണം. അതും നല്ല കഥകൾ. ഒരുകാലത്ത് നല്ല കഥകളിൽനിന്ന് പൈങ്കിളിയിലേയ്ക്ക് യാത്ര പറഞ്ഞുപോയ വായനക്കാരെ തിരികെ കൊണ്ടുവന്ന് വാരികകളുടെ സർക്കുലേഷൻ കൂട്ടുന്നതിലുള്ള ഉത്തരവാദിത്വം പത്രാധിപന്മാർക്കാണ്. ഈ ധർമം അവർ നിർവഹിക്കുന്നില്ലെന്ന് വ്യസനപൂർവം അറിയിക്കട്ടെ. പുതിയ തലമുറയിൽ നല്ല കഥകൾ എഴുതാൻ പ്രാപ്തരായ ഒട്ടേറെ കഥാകൃത്തുക്കളുണ്ട്. അവരെ പ്രോത്സാഹിപ്പിച്ച് അവരിൽനിന്ന് നല്ല രചനകൾ കറന്നെടുക്കാൻ ഒരു പത്രാധിപർക്കേ കഴിയൂ. അവർ ഇപ്പോഴും അറുപതുകളിലെ നായകന്മാരുടെ വീരശൂരതയിൽത്തന്നെ മയങ്ങിക്കിടക്കുകയാണ്.

ഒരുകഥ കേട്ടിട്ടുണ്ട്. പറഞ്ഞുതന്നത് എന്റെ വന്ദ്യഗുരുനാഥനായ പി. കൃഷ്ണവാരിയരാണ്. ഒരാൾ അളിയന് പെണ്ണുകാണാൻ ഒപ്പം പോയി. അളിയന് നല്ല മുണ്ടില്ലാത്തതുകൊണ്ട് തന്റെ മുണ്ട് ഉടുക്കാൻ കൊടുത്തിരുന്നു. പെണ്ണുവീട്ടിലെത്തിയപ്പോൾ അയാൾ അളിയനെ പരിചയപ്പെടുത്തി. ഇത് എന്റെ അളിയനാണ്. ഇത്ര വയസ്സാണ്, ഇന്നതാണ് ജോലി എന്നെല്ലാം. അവസാനം ഒരു വാചകം കൂട്ടിച്ചേർക്കാൻ അയാൾ മറന്നില്ല. 'അളിയൻ ഇട്ട ഷർട്ട് അളിയന്റേതാണ്. പക്ഷേ, ഉടത്തിരിക്കുന്ന മുണ്ട് എന്റേതാണ് കേട്ടോ.' സ്വാഭാവികമായും അളിയന് ഈ പ്രസ്താവന അല്പം ക്ഷീണമുണ്ടാക്കി. അതയാൾ വീട്ടിൽ തിരിച്ചെത്തിയപ്പോൾ പറയുകയും ചെയ്തു. അയാൾ കാര്യം പറഞ്ഞാൽ മനസ്സിലാവുന്ന തരക്കാരനായിരുന്നു. അടുത്ത പെണ്ണുകാണലിന് പോയപ്പോൾ അയാൾ പറഞ്ഞത് ഇതാണ്. 'അളിയൻ ഉടുത്ത മുണ്ട് അളിയന്റേതുതന്നെയാണ് കേട്ടോ.' ഇതും അളിയന് കുറച്ചു ക്ഷീണമുണ്ടാക്കി. എന്തിനാണ് അങ്ങനെയൊരു പ്രസ്താവന? അയാൾക്കു കാര്യം മനസ്സിലായി. ശരിയാണ്. താൻ അതും പറയാൻ പാടില്ലായിരുന്നു. പെണ്ണുകാണാൻ മൂന്നാമതൊരു വീട്ടിൽ പോയപ്പോൾ അയാൾ ഇനി വിഡ്ഢിത്തമൊന്നും പറയില്ലെന്നു തീർച്ചയാക്കിയിരുന്നു. അയാൾ പറഞ്ഞത് ഇതാണ്. 'അളിയൻ ഉടുത്ത മുണ്ട് എന്റേതുമല്ല അളിയന്റേതുമല്ല.'

ഇന്നത്തെ അവസ്ഥ

ഞാനിതു പറയാൻ കാരണം ഇതാണ്. ചില നിരൂപകർ ഏതെങ്കിലും വിഷയത്തെപ്പറ്റി മലയാളകഥകളിൽ വന്ന പരാമർശത്തെപ്പറ്റി ലേഖനമെഴുതുകയാണെന്നു വയ്ക്കുക. ഉദാഹരണം എലികൾ. ഇപ്പോൾ അങ്ങനെയാണല്ലോ. ഗൗളികൾ ആരുടെയൊക്കെ കഥകളിൽ വന്നിട്ടുണ്ട്. ആനകൾ ആരുടെയൊക്കെ കഥകളിൽ വന്നിട്ടുണ്ട് എന്നൊക്കെയാണ് അന്വേഷണം. ഓരോ കഥാകൃത്തുക്കളുടെ കഥകളിലും എലിയെപ്പറ്റി വന്ന പരാമർശം വിവരിച്ചശേഷം നമ്മുടെ നിരൂപകൻ തുടരുന്നു. 'പ്രശസ്ത കഥാകൃത്തായ മിസ്റ്റർ എക്‌സ് അദ്ദേഹത്തിന്റെ ഒരു കഥയിലും എലിയെ കൊണ്ടുവന്നിട്ടില്ല.' മിസ്റ്റർ എക്‌സിനെപ്പറ്റി ആ അവസരത്തിൽ പറയേണ്ട ആവശ്യമേയില്ല. പക്ഷേ, ആ പേർ പറഞ്ഞില്ലെങ്കിൽ ലേഖനം പൂർണമാവില്ലെന്ന വിശ്വാസമായിരിക്കണം നിരൂപകനെക്കൊണ്ട് ആ വാചകമെഴുതിച്ചത്. ഇത് ഞാൻ നേരത്തെ കഥയിൽ പറഞ്ഞ 'മുണ്ട് സിൻഡ്രോം' തന്നെയാണ്. അല്ലെങ്കിൽ തുടച്ചുനീക്കാൻ വയ്യാത്ത വിധേയത്വം. ഇനി ഒരു പടി കടന്ന് ഈ ലേഖനം അച്ചടിച്ചുവരുമ്പോൾ പത്രാധിപർ കൊടുക്കുന്നത് നിരൂപകൻ ആദ്യം പറഞ്ഞ ലേഖകരിൽ, അതായത് എലിയെ സ്വന്തം കഥകളിൽ പരാമർശിച്ച ആരുടെ ചിത്രവുമല്ല. മറിച്ച് ലേഖനത്തിലെ വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത, എലിയെ ഒരു കഥയിലും കൊണ്ടുവന്നിട്ടില്ലാത്ത മിസ്റ്റർ എക്‌സിന്റേതായിരിക്കും. ആന ചത്താലും പന്തീരായിരം.

മലയാള കഥയുടെ ഇന്നത്തെ നില ആശാവഹമാണോ എന്നു ചോദിച്ചാൽ അതെയെന്നും അല്ലായെന്നും പറയേണ്ടിവരും. നല്ല നാണയങ്ങളുണ്ട്. കള്ളനാണയങ്ങളുമുണ്ട്. പക്ഷേ, കൂടുതൽ സർക്കുലേഷൻ എപ്പോഴും കള്ളനാണയങ്ങൾക്കായിരിക്കും. ആ നാണയങ്ങളുടെ നിറംമങ്ങിത്തുടങ്ങിയാൽ മാത്രമെ നല്ല നാണയങ്ങൾക്ക് പ്രചാരം കിട്ടും.

കള്ളനാണയങ്ങളെപ്പറ്റി പറയുമ്പോൾ ഒരു കാര്യം ഓർമ വരുന്നു. മലയാളകഥയിലെ പുതിയ ഫാഷൻ, കംപ്യൂട്ടറിനോടു ബന്ധപ്പെട്ട കാര്യങ്ങൾ കഥകളിൽ അവിടവിടെയായി പറഞ്ഞു വയ്ക്കുക എന്നതാണ് ഡോട് കോം, ഇ-മെയിൽ, വെബ്‌സൈറ്റ് (ഒരാൾ പിടിപാടില്ലാതെ എഴുതിയത് വെബ്‌സെറ്റ് എന്നാണ്). ഡൊമെയ്ൻനെയിം എന്നൊക്കെ എഴുതിയാൽ അതൊരു കംപ്യൂട്ടർ കഥയാകുമെന്ന വിചാരമുണ്ട് എഴുതുന്നവർക്ക്. പക്ഷേ, ഈ കഥകളെപ്പറ്റി എഴുതുന്ന നിരൂപകർക്കും അതേ ചിന്താഗതിയുണ്ടാവുമ്പോൾ എന്താണ് പറയേണ്ടത്? ചക്കിക്കൊത്ത ചങ്കരൻ എന്നോ? നിരൂപണം ഉപകാരസ്മരണയായി മാറുമ്പോഴുണ്ടാകുന്ന കുഴപ്പമാണത്. അല്ലെങ്കിൽ വായനക്കാർ മുഴുവനും അറിവില്ലാത്തവരാണെന്ന മുൻവിധിയോ? എഴുത്തുകാരൻ എപ്പോഴും ഓർക്കേണ്ട ഒരു കാര്യം താൻ എഴുതിയത് വായിക്കുന്ന വായനക്കാരന് തന്നേക്കാൾ വിവരമുണ്ട് എന്നതാണ്. വിവരമില്ലാത്തവരും ഉണ്ടാകാം. പക്ഷേ, നാം മാനദണ്ഡമായി എടുക്കേണ്ടത് ഏറ്റവും അറിവുള്ള വായനക്കാരനെയാണ്, നമ്മൾ വിഡ്ഢിത്തം എഴുതിയാൽ വാപൊത്തിച്ചിരിക്കുന്ന ആ വായനക്കാരനെ. അറിവുള്ള മേഖലകൾ മാത്രം സ്പർശിക്കുക. അറിവില്ലാത്തവ പഠിച്ചശേഷം മാത്രം എഴുതുക. അല്ലാതെ, അയാൾ റോക്കറ്റിൽപോയി ആൾഫാ സെന്റോറി ഗാലക്‌സിയിലെ ഒരു തമോഗർത്തത്തിലിറങ്ങി അല്പസമയം കഴിഞ്ഞ് തിരിച്ച് പൊങ്ങി ഭൂമിയിൽ എത്തി എന്നൊക്കെ എഴുതിയാൽ സ്വല്പം അറിവുള്ളവർ ഊറിച്ചിരിക്കും. ഉപകാരസ്മരണയുടെ പേരിൽ, അല്ലെങ്കിൽ അറിവില്ലായ്മയുടെ പേരിൽ ഒരു നിരൂപകൻ 'ഇതാ മലയാളത്തിലെ ആദ്യത്തെ സൈഫി' (scientific fiction) എന്നൊക്കെ ആ കഥയെപ്പറ്റി, അല്ലെങ്കിൽ നോവലിനെപ്പറ്റി പുകഴ്ത്തി എഴുതിയെന്നിരിക്കും.

അനുഭവങ്ങൾ

നമ്മുടെ അറിവിനകത്തും അനുഭവമണ്ഡലങ്ങൾക്കുള്ളിലും മാത്രം വ്യാപരിക്കുക. അനുഭവങ്ങൾ ഉണ്ടാവാൻ ധാരാളം യാത്ര ചെയ്യുക. അനുഭവങ്ങളുടെ കാര്യത്തിൽ ഒരു ബഷീറാകാൻ എല്ലാവർക്കും കഴിഞ്ഞെന്നുവരില്ല. പക്ഷേ, നമുക്കുചുറ്റും പലതട്ടിൽ ജീവിതങ്ങൾ തുടിക്കുന്നുണ്ട്. കൂടുതൽ അനുഭവങ്ങൾ താഴെക്കിടയിലുള്ള ജീവിതങ്ങൾക്കിടയിലാണ്. അവരുടെ ജീവിതങ്ങൾ സാനുഭൂതിയോടെ നോക്കിക്കാണുക. ഒരായുഷ്‌കാലം മുഴുവൻ എഴുതാനുള്ള കഥകൾ നമുക്കു കിട്ടും. ഇവിടെയും ആത്മാർത്ഥത ഒരു പ്രശ്‌നമാണ്. അവരുടെ ജീവിതത്തോട് ആത്മാർത്ഥമായ ഒരു സമീപനം ആവശ്യമാണ്. അല്ലെങ്കിൽ എഴുതുന്നതെല്ലാം കാപട്യമാകും. ഇന്നത്തെ എഴുത്തുകാർക്ക് ഇല്ലാതെ പോകുന്നതും ഈ വിധത്തിലുള്ള അനുഭവസമ്പത്താണെന്നു തോന്നുന്നു. എന്തെഴുതണമെന്ന അറിവില്ലായ്മയിൽ പകച്ചുനിൽക്കുന്ന പുത്തൻ എഴുത്തുകാരനെ ഞാൻ കാണുന്നു.

നമുക്കുചുറ്റും നടക്കുന്ന ഭീകരപ്രവർത്തനങ്ങൾ ഒരുപാടു കഥകൾക്കുള്ള ബീജം തന്നു. പക്ഷേ, ഇവിടെ ഒരു ശരാശരി എഴുത്തുകാരൻ, ബുദ്ധിജീവി പരിവേഷം കളയാതിരിക്കാൻ അവയെപ്പറ്റി എഴുതുന്നില്ല. ഭീകരവാദം എന്നൊരു ഭീഷണിയേ ഇല്ലെന്നും ആകെയുള്ള ഭീഷണി അമേരിക്കൻ സാമ്രാജ്യത്വം നയിക്കുന്ന ആഗോളവത്ക്കരണം മാത്രമാണെന്നും അതിനെ ചെറുത്തുനിൽക്കുകയാണ് വേണ്ടതെന്നുമുള്ള ശരാശരി മലയാളി ബുദ്ധിജീവിധാരണയ്‌ക്കെതിരെ എഴുതാൻ മിനക്കെട്ടാൽ താൻ സ്വയം ഒരു ബുദ്ധിജീവിയല്ലാതാവുമെന്ന ഭയംകൊണ്ട് ഒരു മാതിരി എഴുത്തുകാർ ഭീകരവാദം കഥകളിലോ നോവലുകളിലോ വിഷയമാക്കുന്നില്ല. ആ ഭയം ഇല്ലാത്തതുകൊണ്ട് ഭീകരവാദത്തിനെതിരായി ഞാൻ ഒരു കഥ എഴുതിയിട്ടുണ്ട്. 'ഷ്രോഡിങ്ങറുടെ പൂച്ച'. കണികാസിദ്ധാന്തത്തിലെ അനിശ്ചിതത്വം (അൺസേർട്ടന്റി) എന്ന ഘടകവും മുംബൈയിൽ ഭീകരർ നടത്തിയ ഒരു സ്‌ഫോടനത്തിൽ ഒരു പ്രൊഫസറുടെ മകൻ മരിച്ചിട്ടുണ്ടോ ഇല്ലയോ എന്ന അനിശ്ചിതത്വവും കൂട്ടിക്കുഴച്ചാണ് ആ കഥയെഴുതിയത്. മുംബൈ സ്‌ഫോടനം കഴിഞ്ഞയുടനെയാണ് ആ കഥയെഴുതിയത്.

ആഗോളവത്കരണം ഒരു കൊടുങ്കാറ്റുപോലെ ചുറ്റും അടിക്കുമ്പോൾ അതിൽനിന്ന് എത്രകാലം നമുക്ക് ഒഴിഞ്ഞുനിൽക്കാനാവും? ഒഴിഞ്ഞുനിൽക്കേണ്ട ആവശ്യമുണ്ടോ? ഈ വിഷയങ്ങൾ സാഹിത്യകാരന്റെ വിഷയമാവുന്നത് അപൂർവമാണ്. എന്റെ അഭിപ്രായത്തിൽ നമ്മുടെ സ്വത്വം നഷ്ടപ്പെടാതെ, നല്ലതും, നമുക്ക് സാങ്കേതികമായി ആവശ്യമുള്ളതും മാത്രമെടുത്തുകൊണ്ട് ആഗോളവത്കരണത്തിൽ പങ്കാളിയാവുന്നതിൽ തെറ്റില്ല. മറിച്ച് ആഗോളവത്കരണം കണ്ടില്ലെന്നു നടിച്ചാൽ ഉണ്ടാവാൻ പോകുന്നത് നാം പിന്നിലേയ്ക്ക് തള്ളപ്പെടുകയാണ്. ഒരുകാലത്ത് പാശ്ചാത്യർക്ക് നമ്മെ അടിമകളാക്കാൻ കഴിഞ്ഞത് സാങ്കേതികതലത്തിൽ, പ്രത്യേകിച്ചും ആയുധങ്ങളുടെ കാര്യത്തിൽ നമുക്കുണ്ടായിരുന്ന പിന്നോക്കാവസ്ഥയായിരുന്നു. അവരുടെ തോക്കുകൾക്കുമുൻപിൽ നമ്മുടെ തുരുമ്പുപിടിച്ച വാളുകൾ നിഷ്പ്രഭമായി. ഇനിയും അതു സംഭവിക്കാം. അതുകൊണ്ട് മറ്റു രാജ്യങ്ങളിലെ സാങ്കേതിക പുരോഗതിക്കൊപ്പം നാം എത്തണം എന്ന കാര്യത്തിൽ സംശയമില്ല. അതിനുള്ള ഒരു വഴി ആഗോളവത്കരണത്തിൽ നമ്മുടെ നില എത്രയും പെട്ടെന്ന് ഉറപ്പിക്കുകയാണ്. ചൈനയാണ് അതിന്റെ നല്ലൊരു ഉദാഹരണം. അവരുടെ സംസ്‌കാരവും പാരമ്പര്യവും തുടച്ചുനീക്കാൻ അവർ ആരേയും സമ്മതിക്കില്ല. എന്നാൽ, ഉദാരവത്കരണത്തിന്റെ, ആഗോളവത്കരണത്തിന്റെ ഏറ്റവും മികച്ച ഉപഭോക്താവാണുതാനും ചൈന. ആഗോളവത്കരണത്തിൽ ആകെ മുങ്ങിയ ചൈനയുടെ കഴിഞ്ഞ പത്തുവർഷത്തെ ശരാശരി വളർച്ചാനിരക്ക് 8.8 ശതമാനമാണ്. മറിച്ച് ആഗോളവത്കരണമെന്ന മഹാസമുദ്രത്തിൽ കപ്പലിറക്കാൻ മടിച്ചുനിൽക്കുന്ന ഇന്ത്യയുടെ വളർച്ചാനിരക്കോ 3.7 ശതമാനം മാത്രം. നിങ്ങൾ തീർച്ചയാക്കൂ ഒരു പഴയ ഇംഗ്ലീഷ് പാട്ട് ഓർമ വരുന്നു. 'ഐ വുഡ് റാദർ ബി എ ഹാമർ ദാൻ എ നെയ്ൽ' എന്ന്. ഒരു ആണിയേക്കാൾ ഞാൻ ആകാൻ ഇഷ്ടപ്പെടുക ഒരു ചുറ്റികയാണ്.

ഇന്ന് കേരളത്തിലെ എഴുത്തുകാർ അവശ്യം ചെയ്യേണ്ട ഒരു കാര്യമുണ്ട്. കഴിഞ്ഞ നാല്പതോളം വർഷങ്ങളായി ഒരുപറ്റം എഴുത്തുകാരും ചില രാഷ്ട്രീയകക്ഷികളും ചേർന്ന് പാടുപെട്ടുണ്ടാക്കിയ ബുദ്ധിജീവി പരിവേഷത്തിൽനിന്ന് കുതറി പുറത്തുകടക്കുക. നിങ്ങൾക്കു നഷ്ടപ്പെടാനുള്ളത് ഉത്തരാധുനികതയുടെ മാറാലകളും ആധുനികതയുടെ അസ്ഥിപഞ്ജരങ്ങളും മാത്രമാണ്. നേടാനോ ധാരാളം പുതിയ വായനക്കാരും ഒരു പുതിയ സാഹിത്യ സംസ്‌കാരവും.

സമകാലിക മലയാളം വാരിക - 2002 ഏപ്രില്‍ 19

ഇ ഹരികുമാര്‍

E Harikumar