ഈ കഥാകാരിയെ അവഗണിക്കാനാവില്ല

ഷീബ ഇ.കെ.യുടെ വൈ ടു കെ എന്ന കഥാസമാഹാരത്തിന്റെ റിവ്യു

ശബ്ദമുണ്ടാക്കുന്നവരെ മാത്രമെ ജനം ശ്രദ്ധിക്കുന്നുള്ളു. അല്ലാത്തവരെ തണുത്ത കണ്ണുകൾകൊണ്ട് ഒന്ന് നോക്കി കടന്നു പോകുന്നു. നല്ല വഴക്കമല്ലെന്നറിഞ്ഞുകൊണ്ടുതന്നെ നാമെല്ലാം ബഹളമുണ്ടാക്കുന്നവരെ ശ്രദ്ധിക്കുന്നു. ഇതിന്റെ ഫലമെന്താണ്? ഇന്ന് ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്നത് അനാശാസ്യ പ്രവണതകളുടെ സന്തതികളെയാണ്. ഒരുദാഹരണം, ദിവസേനയെന്നോണം പത്രങ്ങളിലും, വാരികകളിലും മറ്റ് ദൃശ്യമാധ്യമങ്ങളിലും പ്രത്യക്ഷപ്പെടുന്ന ക്രിമിനലുകളാണ്. നല്ല കാര്യം ചെയ്യുന്നവരെ, അവർ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നില്ല എന്നതുകൊണ്ടു തന്നെ, ആരും ഓർക്കുന്നില്ല. സാഹിത്യത്തിലും ഇതുതന്നെയാണ് അവസ്ഥ. പഴയ ഗ്രെഷംസ് തീയറിതന്നെ. 'ബാഡ് മണി ഡ്രൈവ്‌സ് ഗുഡ് മണി ഔട്ടോഫ് സർക്യുലേഷൻ.'

അങ്ങിനെ ശ്രദ്ധിച്ചില്ലെങ്കിൽ 'ഔട്ടോഫ് സർക്യുലേഷനി'ൽ പെട്ടുപോകാൻ സാധ്യതയുള്ള ഒരു സാഹിത്യകാരിയാണ് ഷീബ ഇ.കെ. മികച്ച കഥകളെഴുതുന്നു, നല്ല നോവലുകളെഴുതുന്നു, പക്ഷെ പേരെടുക്കുന്ന കാര്യത്തിൽ വളരെ പിന്നിലുമാണ്. ഷീബയുടെ ആദ്യത്തെ പുസ്തകമാണ് പത്തു കഥകളുടെ സമാഹാരമായ 'വൈ ടു കെ.' തൊള്ളായിരത്തി തൊണ്ണൂറ്റൊമ്പതിൽ മൾട്ടിനേഷനുകൾതൊട്ട് ചെറിയ കമ്പ്യൂട്ടർ ഉപഭോക്താക്കൾക്കുവരെ തലവേദനയുണ്ടാക്കിയ വൈ ടു കെ. എന്ന മില്ലീനിയം പ്രശ്‌നമല്ല കഥയുടെ ഉള്ളടക്കം. അത് കമ്പ്യൂട്ടറിൽ മാത്രമൊതുങ്ങി നിൽക്കുമ്പോൾ ഷീബയുടെ കഥ ഇരുപത്തൊന്നാം നൂറ്റാണ്ട് മനുഷ്യജീവിതത്തിൽ വരുത്തുന്ന അല്ലെങ്കിൽ വരുത്തിയിരിയ്ക്കുന്ന ക്രൂരമായ മാറ്റങ്ങളെയാണ് കാണിക്കുന്നത്. ആ മാറ്റങ്ങൾക്ക് കമ്പ്യൂട്ടറിനെ കുറ്റം പറയുന്നില്ല കഥാകാരി. കമ്പ്യൂട്ടർ ഒരു പ്രതീകം മാത്രമാണ്. നിങ്ങൾ ആഗ്രഹിക്കുന്ന, നിങ്ങൾ ആവാൻ മോഹിക്കുന്ന ഒന്നിന്റെ ശക്തമായ ചിത്രീകരണം മാത്രം. ഒരു തിളങ്ങുന്ന, ഏറ്റവും പുതിയ ജനറേഷനിലുള്ള ഒരു കമ്പ്യൂട്ടറിലും കൂടുതൽ ശക്തമായി ഒരു ജനതയുടെ സമകാലികമനസ്സിനെ കാണിക്കാൻ മറ്റൊന്നില്ല. മില്ലീനിയം ഓഫറിൽ അവൾ ആഗ്രഹിക്കുന്നതെല്ലാം ഉണ്ട്. ഭർത്താവിന്റെ ഒപ്പം ആദ്യം കൽക്കത്തയിലും പിന്നെ വിദേശത്തും ഇഷ്ടപ്രകാരമുള്ള ജീവിതം, ആഡംബര വസ്തുക്കൾ, പുതുമകൾ. പക്ഷെ അതിനു കൊടുക്കേണ്ടിവന്ന വില നമ്മെ ഞെട്ടിയ്ക്കുന്നു. ഈ കഥ വയസ്സായവർ വായിക്കാതിരിയ്ക്കട്ടെ!

സ്വയം മനസ്സിലാവാത്ത ഒരു സ്വത്വത്തിനുടമയായ ചെറുപ്പക്കാരിയെ, അല്ലെങ്കിൽ ചെറുപ്പക്കാരനെ പല കഥകളിലും കാണാൻ പറ്റും. സ്‌നേഹം നഷ്ടപ്പെട്ട ഹൃദയത്തിന്റെ ഉടമകൾ. കവിതയോടടുക്കുന്ന ആഖ്യാനശൈലിയിൽ പറയുന്ന ആ കഥകൾ നമ്മോടു സംവദിക്കുന്നു, നമ്മെ നിരന്തരം വേട്ടയാടുന്നു. ഷീബയുടെ ഭാഷ മനോഹരമാണ്. ഉണങ്ങിക്കരിഞ്ഞ ഒരു കാട്ടിലൂടെ നടക്കുമ്പോൾ പെട്ടെന്ന് ഒരു തടാകത്തിനു ചുറ്റും പരന്നുകിടക്കുന്ന ഹരിതവീചികളുടെ അപൂർവ്വസൗഭാഗ്യം നമ്മുടെ മനസ്സിനെ ഉയർത്തുന്നതുപോലെ ഈ കഥകൾ നമുക്കു ചുറ്റും നിലകൊള്ളുന്നു. അവിടെനിന്ന് വിട്ടുമാറാൻ കെൽപ്പില്ലാതെ നാം വീണ്ടും വീണ്ടും അവ വായിക്കുന്നു. ഇന്ന് കവിതകളിൽപ്പോലും കവിത വേണ്ടെന്ന നില വരുമ്പോൾ നമ്മൾ ഈ കഥകളിലേയ്ക്കു സ്വാഭാവികമായും തിരിയുന്നു.

ചേരിയുടെ കിതപ്പുകൾക്കു നടുവിൽ ഒരു വിരസമായ മുറിയിൽ പരുക്കൻ ജീവിതം നയിക്കുന്ന അന്നയുടെ കഥയാണ് 'അന്നയുടെ ആകാശക്കാഴ്ചകൾ'. 'ചേരിയുടെ ഗന്ധങ്ങളിൽ നിന്നകലുമ്പോൾ ഒരിരുണ്ട തുരങ്കം കടന്നപോലെ അന്ന നിശ്വസിച്ചു.' എന്ന ഒറ്റ വാക്യം മതി അവൾ താമസിച്ചിരുന്ന സ്ഥലത്തെപ്പറ്റി നമുക്കൊരു ചിത്രം ലഭിക്കാൻ. ജോലിസ്ഥലമായ പ്ലേസ്‌കൂൾ അവൾ ഇഷ്ടപ്പെടുന്നില്ല. അതിനു കാരണം മേലധികാരിയായ ബീയാട്രീസായിരുന്നു. 'അന്നാ, കുട്ടികൾ കരയുന്നതു കേൾക്കുന്നില്ലെ നീ.' അതിനു തുടർച്ചയായി ബീയാട്രീസ് പറയുന്നത് അവളുടെ നിസ്സഹായത വെളിപ്പെടുത്തുന്നു. 'നിന്നോടെന്തിനു പറയണം? വീടും കുടുംബവുമില്ലാത്ത നിനക്കെന്ത് കുഞ്ഞുങ്ങൾ....' തിരിച്ച് വാടകവീട്ടിലേയ്ക്ക്, സ്വന്തം മുറിയിലേയ്ക്ക്. അതെത്രതന്നെ വിരസമായാലും അതവളുടെ അഭയകേന്ദ്രമാണ്. പുറത്തേയ്ക്ക് തുറന്നിട്ട ജാലകക്കാഴ്ചകൾ എത്രതന്നെ ബീഭത്സമായിരുന്നാലും അവൾക്ക് ആ നിലയിൽ ഒരു സാന്ത്വനമാകുന്നു. പക്ഷെ ഒരു ദിവസം ആ കാഴ്ചകളും അപൂർവ്വമായി എത്തിനോക്കുന്ന വേനൽക്കാറ്റും അവളിൽ നിന്ന് മറയ്ക്കപ്പെടുന്നു. സമകാലിക ജീവിതം ഷീബ തന്റേതായ ശൈലിയിൽ ചിത്രീകരിയ്ക്കുന്നു. അതിൽ അല്പം കവിതയുണ്ടെന്നത് അതിന്റെ തീക്ഷ്ണതയ്ക്ക് കുറവു വരുത്തുന്നില്ല.

തീവ്രവാദത്തിനും തൽഫലമായുണ്ടാകുന്ന ഭീകരവാദത്തിനും ഏതു നാട്ടിലായാലും ഒരു മുഖമേയുള്ളൂ. അറുംകൊലയുടേത്. അതിൽ നഷ്ടപ്പെടുന്ന നിരപരാധികളായ മനുഷ്യർ എല്ലാ മതത്തിലും പെട്ടവരാണ്, ഏല്ലാ വയസ്സിലും പെടുന്നവരാണ്, അതിൽ സ്ത്രീ പുരുഷഭേദമില്ല, അതിന് സ്ഥലകാലനോട്ടമില്ല. ഭീകരമായൊരു കഥയാണ് 'കർഫ്യൂ'. ഒരു നടുക്കത്തോടെ മാത്രമേ നമുക്കതു വായിക്കാൻ പറ്റു. ലോകത്തെമ്പാടും ഭീകരവാദത്തിന്റെ പേരിൽ നടക്കുന്ന അട്ടിമറികളും അതിനെ അടിച്ചമർത്തുവാനുള്ള യുദ്ധങ്ങളും അറുംകൊല തന്നെയാണ്. അതിന് മതമില്ല, ജാതിഭേദമില്ല, വംശഭേദമില്ല. അതിൽ പൊലിയുന്നത് മനുഷ്യജീവിതമാണ്. അങ്ങിനെയൊരു ഭീകരാക്രമണത്തിൽ ഒരു പിഞ്ചുപൈതലടക്കം നിരവധി ബസ്സ് യാത്രക്കാരെ വകവരുത്തുന്നതിന്റെ കഥയാണ് കർഫ്യൂ. ഇതൊരു തുടർക്കഥയാണ്. ഏത് ആദ്യം തുടങ്ങി എന്ന നിരർത്ഥകമായ ചോദ്യത്തിനുമുമ്പിൽ ലോകം പകച്ചുനിൽക്കുക മാത്രമാണ്. ഏകദേശം ഇതിനു സമാനമായ ഒരു തീമാണ് 'ദൈവനാമത്തിൽ' എന്ന പിന്നീടു വന്ന ചിത്രത്തിൽ അനുഗ്രഹീതനായ തിരക്കഥാകൃത്തും നിർമ്മാതാവുമായ ആര്യാടൻ ഷൗക്കത്തും സംവിധായകനായ ജയരാജും ഉപയോഗിച്ചിട്ടുള്ളത്.

സ്ഥലപരിമിതി കാരണം ഏതാനും കഥകൾ മാത്രമെ ഞാനിവിടെ പരാമർശിച്ചിട്ടുള്ളു. ഏല്ലാ കഥകളും ഒരേപോലെ മികച്ചവയാണ്. എല്ലാം വായിച്ചു കഴിഞ്ഞാൽ നമുക്ക് തോന്നും, കഥാകാരി കുറച്ചുകൂടി വലിയ കാൻവാസ് ഉപയോഗിച്ചിരുന്നെങ്കിൽ എന്ന്. നോവലുകളും എഴുതുന്ന ഷീബ വലിയ കാൻവാസുകൾ ആ മാധ്യമത്തിനായി നീക്കിവച്ചിരിയ്ക്കാം. ഒരു കാര്യം തീർച്ചയാണ്. നാമെത്രതന്നെ മുഖം തിരിച്ചാലും, കണ്ടില്ലെന്നു നടിച്ചാലും ഈ കഥാകാരിയുടെ സാന്നിദ്ധ്യം മലയാള സാഹിത്യത്തിൽ ശക്തമായിത്തന്നെ നിലനിൽക്കും. നാളെ നമുക്കത് അംഗീകരിയ്‌ക്കേണ്ടതായും വരും.

ഇ ഹരികുമാര്‍

E Harikumar