അവിചാരിതം

റീനി മമ്പലം രചിച്ച അവിചാരിതം എന്ന നോവലിനായി എഴുതിയ അവതാരിക

പല വഴികളിലൂടെ അമേരിക്കയെന്ന സ്വപ്നം തേടിയെത്തിയ ഏതാനും കൃസ്തീയ കുടുംബങ്ങളുടെ ജീവിതങ്ങളിൽനിന്ന് ഒരു തിരനോട്ടംപോലെ ലഭിച്ച ഏതാനും സംഭവങ്ങളും കഥാപാത്രങ്ങളും ചേർത്ത് നല്ലൊരു നോവലാക്കിയിരിക്കുന്നു റീനി. അവിചാരിതങ്ങളായ സംഭവ പരമ്പരകളുടെ ചങ്ങലയിൽനിന്ന് അടർത്തിയെടുക്കാനാവാത്ത വിധം അവരുടെ ജീവിതങ്ങൾ കൂടിച്ചേർന്നിരിക്കുന്നു.

ശാലിനിയെന്ന ഡോക്ടറെ കല്യാണം കഴിച്ച സുരേഷിൽനിന്നു തുടങ്ങുന്ന ഈ നോവൽ അയാളുടെ സംശയരോഗം വിവാഹബന്ധത്തെ എവിടംവരെ എത്തിച്ചുവെന്ന് പറയുന്നതോടൊപ്പം തന്നെ ശാലിനി മറ്റൊരു ജീവിതത്തിന്റെ ജാലകത്തിലൂടെ കാല്പനിക ലോകത്തേക്ക് എത്തിനോക്കുന്ന കാഴ്ച രസകരമാണ്. അതു പ്രതീക്ഷകൾ നിറഞ്ഞ നിത്യവസന്തത്തിന്റെ നറുമണം പൊഴിക്കുന്ന സംഗീതാത്മകമായ ലോകമാണ്. അതിലേയ്ക്കാകർഷിക്കപ്പെടുമ്പോഴെല്ലാം അവൾക്കു നഷ്ടമായിരുന്നത് അവൾക്കൊരു പക്ഷെ നല്ലൊരു ജീവിതം നൽകിയേക്കാവുന്ന ഒരു സ്‌നേഹബന്ധമായിരുന്നു. അതു മനസ്സിലാക്കുമ്പോഴേയ്ക്ക് അവൾ വളരെ വൈകിയിരുന്നു.

ശാലിനിയുടെ ചേച്ചി ആഷയ്ക്കാകട്ടെ നല്ലൊരു കുടുംബമുണ്ട്. ഒരു മകനും സുന്ദരിയായ മകളും. മകൾ പക്ഷെ ഒരു കറുത്ത വർഗ്ഗക്കാരനെ സ്‌നേഹിക്കുന്നുവെന്ന അറിവ് അവരെ തളർത്തുന്നു. അവരാകട്ടെ അവളെ നല്ലൊരു മലയാളിപ്പയ്യനുമായുള്ള വിവാഹത്തെപ്പറ്റി സ്വപ്നം കാണുകയുമായിരുന്നു.

പിന്നീട്, വളരെ പിന്നീട് കറുത്ത വർഗ്ഗക്കാരുടെ മനസ്സ് നല്ല ശുഭ്രമാണെന്നവൾ മനസ്സിലാക്കുന്നു. അതിനിടയിൽ അവൾക്ക് നഷ്ടമായത് മകളുടെ കുടുംബത്തോടൊപ്പമുള്ള സന്തോഷജീവിതമായിരുന്നു.

വിമല എന്ന ഒരു കുട്ടി ഈ നോവലിലെ നല്ലൊരു കഥാപാത്രമാണ്. ശാലീനയായ അവളുടെ ജീവിതത്തിൽ ക്ലാസ്സ് ടീച്ചറായ മേരിയാന്റെ സ്‌നേഹവും വാത്സല്യവും ഒരു തണലായി അവളെ തഴുകുന്നത് വായനക്കാർക്ക് ആശ്വാസം നൽകുന്നു. അവൾക്ക് നല്ലൊരു ജീവിതമുണ്ടാകട്ടെയെന്ന് ആ ടീച്ചറെപ്പോലെ നാമും ആശംസിക്കുന്നു.

ഈ നോവലിൽ അമേരിക്കയിൽ കഴിയുന്ന നിരവധി കുടുംബങ്ങൾക്കുണ്ടായേക്കാവുന്ന ഒട്ടു മിക്ക പ്രശ്‌നങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്. മയക്കു മരുന്നുകൊണ്ട് നശിച്ച ഒരു പയ്യനെ ചികിത്സകൊണ്ട് ഭേദമാക്കി നാട്ടിൽനിന്ന് ഒരു കുട്ടിയുമായി വിവാഹം നടത്തിയ ശേഷം അവൻ വീണ്ടും പഴയ സ്വഭാവത്തിലേയ്ക്ക് വഴുതി വീഴുന്നതും അതിന്റെ ദാരുണമായ അന്ത്യവുമാണ് ഒന്ന്. സ്വന്തം മകനു വേണ്ടി നല്ല പെൺകുട്ടികളുടെ ആലോചനകൾ അന്വേഷിച്ച് ആ സുന്ദരികളുടെ ഫോട്ടോകൾ നോക്കി സ്വപ്നം കാണുന്ന അമ്മയ്ക്ക് ഞെട്ടൽ കൊടുത്തുകൊണ്ട് അവൻ അവനേപ്പോലെ സ്വവർഗ്ഗഭോഗിയായ ഒരു പയ്യനെ കല്യാണം കഴിക്കുന്നത്, നാട്ടിൽ ഒറ്റയ്ക്കു താമസിക്കാൻ വിഷമമായ വൃദ്ധനായ അപ്പനെ അമേരിക്കയിലേയ്ക്ക് കൊണ്ടുവരുന്ന മക്കൾക്ക്, അവസാനം ആ മനുഷ്യൻ അൽഷൈമേഴ്‌സ് ബാധിച്ചപ്പോൾ ഒരു വൃദ്ധസദനത്തിലാക്കേണ്ടി വരുന്നത്. അങ്ങിനെ നിരവധി ജീവിതപ്രശ്‌നങ്ങൾ നോവലിസ്റ്റ് ചിത്രീകരിച്ചിട്ടുണ്ട്. പല കഥാപാത്രങ്ങളും പലപ്പോഴായി റീനിയുടെതന്നെ ചെറുകഥകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളവരാണ്. ഒരുപക്ഷെ ആ കഥകളെഴുതുമ്പോഴെല്ലാം ഈ വലിയ കാൻവാസ് റീനിയുടെ മനസ്സിൽ ഉറഞ്ഞുകൂടിയിട്ടുണ്ടാകണം.

ഈ നോവലിന്റെ രൂപകല്പന ഒരു കൊളാഷ് നിർമ്മിക്കുന്നതുപോലെയാണ്. പരസ്പരബന്ധമില്ലെന്ന് തോന്നുന്ന നിരവധി ചിത്രങ്ങൾ ഒരു വലിയ കാൻവാസിൽ ഒട്ടിച്ച് ഒഴിഞ്ഞ സ്ഥലങ്ങളിൽ അർത്ഥവത്തായ നിറങ്ങൾ ചേർക്കുന്ന വിദ്യ. ഈ നോവലിലും അതാണ് കാണുക. പല കുടുംബങ്ങളുടെ ജീവിത മുഹൂർത്തങ്ങൾ ഒട്ടിച്ചുവെച്ച് അവയെ നേരിയതും കടുത്തതുമായ നിറങ്ങളാൽ, സംഭവങ്ങളാൽ കൂട്ടിച്ചേർക്കുകയാണ് നോവലിസ്റ്റ് ചെയ്തിട്ടുള്ളത്. അതിൽ ചാരുതയുണ്ട്. രസകരമായി വായിച്ചു പോകാവുന്ന ഒന്നാണ് ഈ നോവലെന്നത് വായനക്കാരെ പ്രത്യേകം ആകർഷിക്കും.

ഇ ഹരികുമാര്‍

E Harikumar