കാക്കശ്ശേരി രാധാകൃഷ്ണന്‍
മലയാള ചെറുകഥാസാഹിത്യത്തിൽ ആധുനികതയും അത്യന്താധുനികതയും സംവേദനത്തിന്റെ പുതിയ മാനങ്ങൾ തേടി വന്നപ്പോൾ, നമ്മുടെ അനുഭൂതിതലങ്ങളിൽ നമുക്കന്യമായ എന്തോ ഒന്നിന്റെ അസ്വാസ്ഥ്യം അനുഭവപ്പെടുകയുണ്ടായി. പടിഞ്ഞാറൻ കാറ്റടിച്ചപ്പോൾ ചിതറിവീണ ആ വർണ്ണങ്ങളൊന്നും ഹരിതമായ സമകാലജീവിതച്ഛവി ഉൾക്കൊള്ളുന്നവയായിരുന്നില്ല. ജീർണമായ ഹൃദയരേഖകളോടുകൂടിയ ആ ആവിഷ്‌ക്കാരങ്ങൾ ഒന്നുകിൽ ബോധത്തിനു പുറത്തേക്കോ അല്ലെങ്കിൽ അതി വൈകാരികതയുടെ നിശൂന്യമായ മേഖലയിലേയ്‌ക്കോ ആസ്വാദകമനസ്സിനെ നയിക്കുകയുണ്ടായി. സാങ്കേതികതയുടെ ചട്ടക്കൂടിൽ ഒതുങ്ങി നിന്നുകൊണ്ടു പറഞ്ഞ ആ കഥകൾ പലപ്പോഴും ദുർഗ്രഹതയുടെ മൂടുപടം അണിയുകയുണ്ടായി.
ഈ പശ്ചാത്തലത്തിലും കഥയുടെ ഭാവുകത്വശക്തിയും പാരമ്പര്യാധിഷ്ഠിതമായ സമകാല നീതിയും യഥായോഗ്യം ഉൾക്കൊണ്ട ചില കഥാകൃത്തുക്കൾ സ്വത്വം അന്വേഷിച്ചുകൊണ്ട് ഇവിടെ രചനകൾ നടത്തുകയുണ്ടായി. ഇന്നലെയിൽ നിന്ന് തെന്നിമാറുമ്പോഴും ആരോഗ്യകരമായ ഭൂതകാലസ്‌ത്രോതസ്സുകളിൽ നിന്ന് ഉയിർക്കൊള്ളാനും ഇന്നിന്റെ പ്രശ്‌നങ്ങളെ അനന്യമായ ശൈലിയിൽ സുതാര്യമായി ആവിഷ്‌ക്ക രിക്കുവാനും അവർ ശ്രമിക്കുകയുണ്ടായി. സ്വന്തം ശബ്ദം വേറിട്ടുകേൾപ്പിക്കുവാനുള്ള ബദ്ധപ്പാടിൽ അതിഭാവുകത്വത്തിന്റെ ദ്രുതതാളങ്ങൾ ഇണക്കിച്ചേർക്കാനോ കേവല സാങ്കേതികതയുടെ വിരസദീർഘ സ്ഥലികൾ കണ്ടെത്തുവാനോ അവർ മുതിർന്നില്ല. സ്വന്തമായ വലയും വഞ്ചിയും കൊണ്ട് പുതിയ ആവിഷ്‌ക്കാരരീതികൾ കണ്ടെത്തുവാനും, സംവേദനശീലത്തിന് പുതിയ വിരുന്നൊരുക്കാനും ഇവർ ശ്രമിച്ചു. ഒരു പക്ഷേ വഴിവിടാതെ നടന്നവർ എന്ന് പലരും കരുതിയ ഈ യുവപ്രതികളാണ് യഥാർത്ഥത്തിൽ മലയാള കഥാസാഹിത്യത്തെ പ്രഹതമായ അതിന്റെ പാരമ്പര്യനീതിയിലേയ്ക്ക് നയിച്ചത്.
ജനിമൃതികൾക്കിടയിൽ യുക്തികൾക്കോ വ്യാഖ്യാനങ്ങൾക്കോ വഴങ്ങാത്ത സങ്കീർണ്ണതയാണ് ജീവിതം. ആ ജീവിതത്തിനുമുന്നിൽ പകച്ചു തളർന്നുവീഴുന്ന മനുഷ്യർ. നന്മയുടെ പക്ഷത്തായിരിക്കണം കലാകാരൻ നിലയുറപ്പിക്കേണ്ടത്. അതിന്ന് സ്വന്തമായ ജീവിതതത്വചിന്തയും, ദർശന ചക്രവാളത്തെ വിപുലമാക്കുന്ന ജീവിതരീതിയും കൂടിയേകഴിയൂ. നിമ്‌നോന്നതമായ വഴിത്താരകളിലൂടെ തേരുരുൾ പായിക്കാനുള്ള ആത്മബലവും അയാൾ നേടിയേകഴിയൂ. എങ്കിൽ മാത്രമേ ജീവിതത്തിന്റെ കൊടിപ്പടം ഉയർത്തിപ്പിടിക്കാനുള്ള കൈക്കരുത്ത് അയാൾക്ക് നേടാനാവൂ. ഇ. ഹരികുമാർ നടേ പ്രസ്താവിച്ചവിധം ജീവിതത്തിന്റെ സങ്കീർണതകളിൽ മനുഷ്യമഹത്വം കാണുവാൻ ശ്രമിക്കുന്ന കഥാകൃത്താണ്. മർത്ത്യൻ സുന്ദരനാണ് എന്ന് ആത്മഗൗരവത്തോടെ ശക്തമായ ഭാഷയിൽ ഉദ്‌ഘോഷിച്ച പൈതൃകം ഹരികുമാറിൽ ആദ്യന്തം ഊർജ്ജ സ്രോതസ്സായി നിൽക്കുന്നുണ്ടെന്നതാണ് വാസ്തവം. തണുത്തുറയുന്ന മരവിപ്പിലും, പ്രസാദാത്മകതയുടെ ഇളവെയിൽ സൃഷ്ടിക്കാനും, ഭീഷണമായ കൂരിരുളിലും ദീപ്തമായ ജീവിതപഥം കണ്ടെടുക്കുവാനും അങ്ങകലെ ജ്വലിക്കുന്ന ആദർശത്തിന്റെ കിരണങ്ങളിൽ ഉന്മേഷം കൊള്ളാനും ഹരികുമാർ സ്വകഥകളിലൂടെ ശ്രമിച്ചു
പുതുഭാവുകത്വത്തിന്റെ സ്രഷ്ടാക്കളായ ഹരികുമാറിനെപ്പോലുള്ള കഥാകൃത്തുക്കൾ ആവിഷ്‌ക്കരണ രീതിയിലും പ്രമേയസ്വീകാരത്തിലും വളരെയേറെ ശ്രദ്ധചെലുത്തിയവരാണ്. കഥയിലെ ഭാഷയും ആവിഷ്‌ക്കരണരീതിയും ഒരിക്കലും ദുരൂഹമാകരുതെന്ന നിർബന്ധം പുലർത്തിയ അദ്ദേഹം സമൂർത്തമായ ബിംബങ്ങൾ ആശയാവിഷ്‌ക്കാരത്തിന്ന് ഉപയോഗിച്ചു. ജീവിതത്തിന്റെ ചുട്ടുപൊള്ളുന്ന നട്ടുച്ചയേക്കാൾ അദ്ദേഹത്തിന്ന് ഇഷ്ടം ഇളവെയിലിന്റെ മൃദൂഷ്മളതയാണ്. പല കഥകൾ ഉദാഹരിച്ചുകൊണ്ട് വിശദമാക്കാവുന്നതാണ് ഈ വസ്തുത.
ഹരികുമാറിന്റെ ലളിതസുന്ദരമായ ജീവിതനിരീക്ഷണത്തിന്നും, ആവിഷ്‌ക്കരണരീതിക്കും ഉദാഹരിക്കാവുന്ന കഥയത്രേ 'ഏറ്റവും മഹത്തായ കാഴ്ച'. ബസ്റ്റാന്റിന്ന് തൊട്ട് തെരുവോരത്ത് സർക്കസ്സുമായിക്കഴിയുന്ന രണ്ടുകുട്ടികളുടെ കഥയാണത്. സ്വന്തം വയറിന്റെ വിളി ശമിപ്പിക്കുവാൻ ശരീരത്തെ ക്രൂരമായ വ്യായാമത്തിന്ന് വിധേയമാക്കുന്ന ആ കുട്ടികൾ ആരുടേയും സഹതാപം യാചിക്കുന്നില്ല. ഓരോ കായികപ്രകടനം കഴിയുമ്പോഴും പാട്ടയും കിലുക്കി കാണികളെ തേടിയെത്തുന്ന ആ കൗമാരങ്ങൾ എല്ലാം നിർവ്വികാരമായി ത്തന്നെ നോക്കിക്കാണുന്നു. പത്തു പൈസ യാചിക്കുമ്പോഴും തങ്ങളുടെ പ്രയന്തത്തിന്റെ പ്രതിഫലം എന്ന ചിന്തയേ അവർക്കുള്ളൂ, ആദ്യമാദ്യം അവരുടെ ചര്യകളിൽ ഒട്ടൊക്കെ അതൃപ്തമായ വീക്ഷണം പുലർത്തുന്ന കഥാകൃത്ത് അവരുടെ നേരെ അനുകമ്പാകുലനാണ്. അന്നു രാത്രി സുഹൃത്തുക്കൾ ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്തപ്പോഴും, നൃത്തമെന്ന പേരിൽ കാട്ടിക്കൂട്ടിയ അശ്ലീലമായ ശരീരചേഷ്ടകൾ കണ്ടപ്പോഴും, ബിരിയാണി മതിയാവോളം തിന്ന് വലിച്ചെറിഞ്ഞപ്പോഴും, വയറിന്നുവേണ്ടി പൊരുതുന്ന ഈ ബാല്യ വൈകൃതങ്ങളായിരുന്നു മനസുനിറയെ-പിറ്റേന്ന് അവരെ കണ്ടെത്തി പത്തുരൂപ കയ്യിൽ വെച്ചു കൊടുത്തപ്പോഴേ കഥാകൃത്തിന് മനസമാധാനമായുള്ളൂ. പത്തുരൂപ കിട്ടിയാൽ എന്തുചെയ്യുമെന്ന ചോദ്യത്തിന് അതീവ ലാഘവത്തോടെ 'സിനിമകാണും' എന്ന് പറയുന്ന നിഷ്‌കളങ്കത, ജീവിത ക്ലേശങ്ങൾ ക്കപ്പുറത്ത് വിജയിച്ചരുളുന്ന ദൃഢനിശ്ചയത്തെ വിശദമാക്കുന്നു - എന്നിട്ടും അവസാനം സഞ്ചിയിൽനിന്ന് രണ്ട് വളയമെടുത്ത് സർക്കസ്സിലെ ചില അഭ്യാസങ്ങൾ തങ്ങളുടെ ഉപകർത്താവിന് കാണിച്ചു കൊടുക്കണ മെന്ന ആ കുട്ടികളുടെ ചിന്തയും, പ്രവൃത്തിയും പ്രയത്‌നത്വത്തിന്റെ മഹത്വം കാണിച്ചുതരുന്നു. ഒപ്പം ഔദാര്യത്തിന്റെ പൊള്ളത്തരവും. രണ്ടു ജീവിതരംഗങ്ങളെ സമാന്തരമായി ചിത്രീകരിച്ച് നമ്മെ ആർദ്രതയുടെ വഴിയിലേക്ക് തിരിച്ചുവിടുന്ന ശില്പതന്ത്രമാണ് കഥാകൃത്ത് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. ഈ താരതമ്യവും അനുവാചകഹൃദയത്തിൽ നവമായ ഒരനുഭൂതിയുടെ ദീപ്തിപ്രസരം ഉളവാക്കും എന്നതിൽ സംശയമില്ല.