പ്രണയം യാത്രയില്‍

യാത്രയിലെ പ്രണയം എനിക്കിഷ്ടമായിരുന്നു. അതു ഇരുവഴി പ്രേമമാണെങ്കിൽ മാത്രം. അല്ലാതെ സിനിമയിൽ കാണുന്നപോലെ ആണിന് പെണ്ണിനോടു മാത്രം സ്‌നേഹം തോന്നുകയും അതിന്റെ സാക്ഷാൽക്കാരത്തിന്നായി പിന്നാലെ നടന്നും പാട്ടു പാടിയും അഭ്യാസങ്ങൾ കാണിക്കുന്ന പൈങ്കിളി പ്രേമം എനിക്കിഷ്ടമല്ല. പാട്ടു പാടാൻ അറിയാത്തതുകൊണ്ടു മാത്രമല്ല, അതിൽ റിയലിസം ഒട്ടുമില്ലെന്നതു കൊണ്ടുകൂടിയാണത്. അതുകൊണ്ട് ആദ്യത്തെ നോട്ടത്തിൽത്തന്നെ അനുകൂലമായ പ്രതികരണമുണ്ടെങ്കിലേ ഞാൻ മുന്നോട്ടു പോകാറുള്ളൂ. നമ്മുടെ സമയവും വില പിടിച്ചതാണല്ലോ, യാത്രക്കിടയിലെ ഏതാനും മണിക്കൂറുകൾ മാത്രമാണെങ്കിലും.

കൽക്കത്തയിൽ നിന്ന് മദ്രാസ് വരെയുള്ള യാത്ര സംഭവരഹിതമായിരുന്നു. മദ്രാസിൽ നിന്ന് മംഗലാപുരം മെയിലിൽ കയറിയപ്പോഴാണ് ആ അത്യാഹിതം സംഭവിച്ചത്. ഞാൻ എന്റെ പെട്ടി കയറ്റി ഇരിപ്പിടത്തിന്നടിയിൽ ഭദ്രമായി വച്ച് വാതിൽക്കൽ പോയി നിന്ന് പ്ലാറ്റുഫോമിലേയ്ക്കു നോക്കി നിൽപ്പായി; ധൃതിയിൽ സാമാനങ്ങളുമായി കയറാൻ ശ്രമിക്കുന്നവർക്ക് ശല്യമായിക്കൊണ്ട്. അങ്ങിനെ നിൽക്കുമ്പോഴാണ് ഒരു പെൺകുട്ടി, ഇരുപത് ഇരുപത്തൊന്ന് വയസ്സുണ്ടാകും, ഒരു വലിയ സ്യൂട്ട്‌കേസും താങ്ങി വരുന്നത്. ധീരോദാത്തതയ്ക്ക് കിട്ടുന്ന ഒരു സന്ദർഭവും പാഴാക്കാതിരുന്ന ഞാൻ കൈ നീട്ടിക്കൊണ്ട് ചോദിച്ചു. 'ഞാൻ സഹായിക്കണോ?'

'ങാ, താങ്കൾ ആ വാതിൽക്കൽനിന്ന് മാറിനിന്നുകൊണ്ട്.'

അവളുടെ മറുപടി പെട്ടെന്നായിരുന്നു. അമ്പടി കേമി! എന്റെ ചമ്മൽ മറച്ചുവെച്ചുകൊണ്ട് ഞാൻ പ്ലാറ്റുഫോമിലേയ്ക്കിറങ്ങിനിന്നു. അവൾ പെട്ടി കയറ്റാനുള്ള ശ്രമത്തിലായി. പെട്ടെന്നാണ് ഒരു വലിയ സ്യൂട്ട്‌കേസുമായി ഓടിവന്ന ഒരാൾ വണ്ടി പോകാൻ തുടങ്ങിയെന്ന മട്ടിൽ അവളെ തട്ടി മാറ്റിക്കൊണ്ട് കയറിയത്. അവൾ അടിതെറ്റി വീഴാൻ പോയി. ഞാൻ പിടിച്ചില്ലെങ്കിൽ അവൾ പ്ലാറ്റുഫോമിൽ കമിഴ്ന്നടിച്ചു വീണേനേ. എന്നെ നോക്കി ഒരു ചമ്മലോടെ 'താങ്ക് യു' പറഞ്ഞുകൊണ്ട് അവൾ വീണ്ടും സ്യൂട്ട്‌കേസ് എടുത്തു പൊന്തിക്കാൻ നോക്കി.

ഇതാണെന്റെ അവസാനത്തെ അവസരം എന്ന് ഞാൻ കരുതി. ഇപ്പോൾ ഇടപെട്ടില്ലെങ്കിൽ ഇനിയൊരിക്കലും പറ്റില്ലെന്ന് എനിക്കു മനസ്സിലായി. ഞാൻ സ്യൂട്ട്‌കേസ് അവളുടെ കയ്യിൽനിന്ന് കുറച്ചു ബലമായിത്തന്നെ പിടിച്ചു വാങ്ങി.

'ഈ വക കാര്യങ്ങൾ കഴിവുള്ളവരെ ഏല്പിക്കുക' എന്നും പറഞ്ഞു.

എന്റെ ധീരോദാത്തതയ്ക്ക് ഒരവസരം തന്നുകൊണ്ട് അവൾ മാറിനിന്നു.

'എത്രയാണ് സീറ്റ് നമ്പർ?'

'അമ്പത്താറ്.'

ഞാൻ കണക്കാക്കി. എന്റെ സീറ്റ് 49 ആണ്. അപ്പോൾ അവളുടെ സീറ്റ് എന്റെ എതിർവശത്തുള്ള സൈഡ് സീറ്റാണ്. ഞാൻ പെട്ടി പൊക്കി വണ്ടിക്കുള്ളിൽ വച്ചു. അപ്പോഴാണ് അവൾക്ക് അതു കഴിയാഞ്ഞതിന്റെ കാരണം മനസ്സിലായത്. നല്ല കനമുണ്ടതിന്. ധീരോദാത്തതയ്ക്ക് അതിന്റേതായ വില കൊടുക്കണം. അമ്പത്താറാം നമ്പർ സീറ്റ് കമ്പാർട്ടുമെന്റിന്റെ നടുവിലാണ്. അതുവരെ ഏറ്റി പെട്ടി ഇരിപ്പിടത്തിന്റെ അടിയിലേയ്ക്ക് നീക്കിവച്ചപ്പോഴേയ്ക്ക് ഞാൻ തളർന്നിരുന്നു.

അവൾ എനിക്കെതിരായി ഇരുന്നു ഹാന്റ്ബാഗ് മടിയിൽ വച്ച് ഭംഗിയായി ഒരു നന്ദി പറഞ്ഞു. വലിയ കാര്യമായി! പിശുക്കി; പോർട്ടർക്ക് കാശു കൊടുക്കാതെ കഴിച്ചു.

'എന്താണിതിന്നുള്ളിൽ, ഇരുമ്പുകട്ടകളോ?'

'നല്ല വെയറ്റുണ്ടല്ലേ?'

'ഏയ്.'

'പുസ്തകങ്ങളാണ്.'

ചിലപ്പോൾ തോന്നും വണ്ടിയിൽ അവനവന്റെ കാര്യം നോക്കി പോയാൽ മതിയെന്ന്. പക്ഷേ ഇരുപത്തഞ്ചാം വയസ്സിൽ ഒരവസരത്തിനു വേണ്ടി നടക്കുമ്പോൾ ഭവിഷ്യത്തുകളൊന്നും നോക്കില്ല.

'എന്താണ് പേര്?' വാട്ടർ ബോട്ടിലിൽ നിന്ന് ഒരു കവിൾ എടുത്തു കൊണ്ട് ഞാൻ ചോദിച്ചു.

'നിശ' ഒരു നിമിഷത്തെ സംശയത്തിനു ശേഷം അവൾ പറഞ്ഞു. അതു നുണയാണെന്നു തോന്നി.

'നിങ്ങളുടെ പേര്?'

ഞാൻ എന്റെ ശരിക്കുള്ള പേർ പറഞ്ഞു.

'നാട്?'

'പൊന്നാനി.'

'അപ്പോൾ കുറ്റിപ്പുറത്താണ് ഇറങ്ങുക അല്ലേ?'

'അതെ.'

പിന്നീട് ചോദ്യങ്ങളുടെ ശരവർഷമായിരുന്നു. വീട്ടുപേര്, അച്ഛന്റെയും അമ്മയുടെയും പേര്. ഞാൻ അങ്ങോട്ടു ചോദ്യങ്ങൾ ചോദിക്കുന്നത് ഒഴിവാക്കാനുള്ള വിദഗ്ദമായൊരടവായി അത് എനിക്കു തോന്നി. സമയമുണ്ടല്ലോ എന്നു ഞാനും കരുതി. പക്ഷേ രാത്രി കിടക്കാനായി അവൾ മുകളിലെ ബർത്തിലേയ്ക്കു പോകുന്നതുവരെ എനിക്കു കിട്ടിയ വിവരം അവളുടെ പേരും, അവൾ മദിരാശിയിൽ ജോലിയെടുക്കുകയാണെന്നും മാത്രമായിരുന്നു. ഏതു കമ്പനിയാണെന്നു കൂടി പറഞ്ഞില്ല. പേരുതന്നെ ശരിക്കുള്ളതാണോ എന്ന് സംശയമാണ്. കാരണം അറുപതുകളിൽ നമ്മുടെ നാട്ടിൻപുറത്തൊന്നും നിശ എന്ന പേര് അത്ര സാധാരണമല്ല. ചോദ്യങ്ങൾക്ക് ശരിക്കുള്ള ഉത്തരം പറയാതെ ഒഴിഞ്ഞു മാറാനുള്ള അവളുടെ വൈദഗ്ദ്യം മികച്ചതുതന്നെ.

അതിനിടയ്ക്ക് രാത്രിഭക്ഷണം കൊണ്ടുവന്നു. നിറയെ കള്ളികളുള്ള സ്റ്റീൽ പാത്രത്തിൽ ചോറും കറികളും, ഒരു സ്റ്റീൽ തട്ടുകൊണ്ട് അടച്ചുവച്ചിരുന്നു. ഭക്ഷണം ബുക്കുചെയ്യാൻ വന്നപ്പോൾ അവൾ വേണ്ടെന്നാണ് പറഞ്ഞിരുന്നത്. ഒരുപക്ഷേ കൊണ്ടുവന്നിട്ടുണ്ടാകും. ആള് പിശുക്കിയാണെന്നു തോന്നിയി രുന്നു. ഞാൻ എന്റെ പാത്രം തുറന്നു. സാമ്പാറിന്റെ നല്ല വാസന. സാധാരണ റെയിൽവെ ഭക്ഷണം കഴിക്കാൻ തോന്നാറില്ല. പക്ഷേ അന്ന് വിശപ്പുണ്ടായതുകൊണ്ടാണെന്നു തോന്നുന്നു നല്ല വാസന അനുഭവപ്പെട്ടത്. നിശ എന്റെ പാത്രത്തിലേയ്ക്കു നോക്കുകയാണ്. വിഭവങ്ങൾ നോക്കി പഠിക്കുകയാ ണെന്നു തോന്നുന്നു. ഞാൻ ചോദിച്ചു.

'നിശ ഭക്ഷണം കൊണ്ടുവന്നിട്ടുണ്ടാകും അല്ലേ?'

'ഇല്ല, ഞാൻ യാത്രയിൽ ഒന്നും കഴിക്കാറില്ല.'

അതെങ്ങിനെ പറ്റുന്നു എന്ന് എനിക്കു മനസ്സിലായില്ല. ഞാനാകട്ടെ അതുപോലെ രണ്ടു പാത്രം ഭക്ഷണം കിട്ടിയാൽ ഒറ്റയടിക്കു കഴിക്കും. മറ്റുള്ളവർ എന്തു വിചാരിക്കും എന്നു കരുതി ഒരു പ്ലെയ്റ്റ് മാത്രം ഓർഡർ ചെയ്തതാണ്.

'കുറച്ചു ചോറു തരട്ടെ?' ഞാൻ ചോദിച്ചു.

'വേണ്ട, താങ്ക്‌സ്.'

'എന്നാൽ കുറച്ചു പഴം കഴിക്കു.' സഞ്ചിയിൽനിന്ന് നാലഞ്ചു പൂവൻപഴം പുറത്തെടുത്തുകൊണ്ട് ഞാൻ പറഞ്ഞു. അവൾ ആദ്യം ഒന്നു മടിച്ചെങ്കിലും പിന്നീട് എന്റെ നീട്ടിയ കൈയ്യിൽനിന്ന് രണ്ടു പഴം വാങ്ങി തിന്നാൻ തുടങ്ങി. പാവം വിശക്കുന്നുണ്ടെന്നു തോന്നുന്നു. വിശപ്പു മാറിയതോടെ അവൾക്ക് അല്പം പ്രേമം ഉദിച്ചെന്ന് എനിക്കു തോന്നി. ഒരു പുരുഷന്റെ ഹൃദയത്തിലേയ്ക്കുള്ള എളുപ്പവഴി അയാളുടെ വയറ്റിലൂടെയാണെന്ന് കേട്ടിട്ടുണ്ട്. സ്ത്രീയുടെ കാര്യത്തിലും അതുതന്നെയാണ് ശരിയെന്നു തോന്നുന്നു. പക്ഷേ രണ്ടു പഴം കൊണ്ട് കാര്യം നടന്നുകിട്ടി. ഊണു കഴിഞ്ഞ് കൈകഴുകി തിരിച്ച് വന്നിരുന്നപ്പോൾ കാണുന്നത് അതുവരെ സംശയിച്ച്, സൂക്ഷിച്ച് അത്യാവശ്യം മാത്രം സംസാരിച്ചിരുന്ന പെൺകുട്ടിയേ ആയിരുന്നില്ല.

ഇരു നിറം, ഭംഗിയുള്ള മുഖം. പാകത്തിന് തടി. സുന്ദരിയെന്നു വിളിക്കാൻ വിഷമമില്ലാത്ത പെൺകുട്ടി. അവൾ എന്റെ ഓഫീസ് വിശേഷങ്ങൾ അന്വേഷിച്ചു. താമസത്തെപ്പറ്റി. ഒഴിവുദിവസങ്ങളിൽ എന്തൊക്കെ ചെയ്യുന്നു എന്നു ചോദിച്ചു. സിനിമ കാണാറുണ്ടോ? ഇംഗ്ലീഷ് സിനിമകളാണോ കാണാറ്? എത്ര ദിവസം ലീവുണ്ട്? എന്നു തിരിച്ചുപോകുന്നു?........ ഒരു കാര്യം ഈ മരമണ്ടൻ മനസ്സിലാക്കാതിരുന്നതെന്തെന്നാൽ അപ്പോഴും അവൾ എന്റെ കാര്യങ്ങൾ ചോർത്തിയെടുക്കുകയായിരുന്നുവെന്നതാണ്. അവളുടെ കാര്യങ്ങളെല്ലാം അവൾ ഭംഗിയായി മൂടിവച്ചു. പ്രേമത്തിലകപ്പെട്ടാൽ അങ്ങിനെയൊന്നും ചിന്തിക്കാൻ കഴിയില്ല. അവളും അടിമുടി പ്രേമത്തിലായെന്ന വിശ്വാസം വന്നപ്പോൾ ഞാൻ ചോദിച്ചു.

'എന്നെ ഇഷ്ടമായോ?'

അവൾ പെട്ടെന്ന് ഞെട്ടിയപോലെ എന്നെ നോക്കി. പിന്നെ ശബ്ദം താഴ്ത്തിക്കൊണ്ട് ചോദിച്ചു.

'എന്താ വല്ല പ്രൊപ്പോസലും കൊണ്ടു വര്വാണോ?'

അവൾ പെട്ടെന്ന് പൊട്ടിച്ചിരിച്ചു. ഞാൻ വല്ലാതായി.

'ഞാൻ ഉറങ്ങാൻ പോകുന്നു.' അവൾ എഴുന്നേറ്റു, മുകളിലെ ബർത്തിൽ ഒരു ബെഡ്ഷീറ്റെടുത്തു വിരിച്ചു. എയർപില്ലോ എടുത്ത് ഊതി വീർപ്പിക്കാൻ തുടങ്ങി. മുകളിൽ കയറി കിടന്നശേഷം അവൾ താഴേയ്ക്കു നോക്കി അപ്പോഴും അന്തം വിട്ട് ഇരിക്കുന്ന എന്നോട് ചിരിച്ചുകൊണ്ട് പറഞ്ഞു.

'ഗുഡ് നൈറ്റ്, ഏന്റ് സ്വീറ്റ് ഡ്രീംസ്.'

'ഗുഡ് നൈറ്റ്.' ഞാൻ അവൾക്ക് സ്വീറ്റ് ഡ്രീംസ് ആശംസിച്ചില്ല. എന്നെ ചമ്മിപ്പിച്ചുകൊണ്ട് അവൾ മധുരസ്വപ്നങ്ങൾ കാണണ്ട.

രാത്രി ഉറക്കം കഴിഞ്ഞ് എഴുന്നേറ്റപ്പോഴും എന്റെ പ്രേമത്തിന് ഒട്ടും ഇളക്കം വന്നിട്ടില്ലെന്ന് കണ്ടു. അതുകൊണ്ട് കുറ്റിപ്പുറത്ത് അവൾ ഇറങ്ങാൻ തയ്യാറെടുക്കുമ്പോൾ അവളുടെ പെട്ടി സീറ്റിന്നടിയിൽ നിന്ന് വലിച്ചെടുത്ത് വാതിലിന്നടുത്തുകൊണ്ടുവന്നു വച്ചു. വണ്ടി നിന്നപ്പോൾ എന്റെ പെട്ടിയോടൊപ്പം അവളുടെ പെട്ടിയും പ്ലാറ്റ്‌ഫോമിലേയ്ക്കിറക്കി വച്ചു. വീട്ടിൽനിന്ന് ആരെങ്കിലും വന്നിട്ടുണ്ടോ എന്നു നോക്കാനായി ഞാൻ തിരിഞ്ഞു. അച്ഛൻ ഇടയ്ക്ക് അനുജന്മാരെ ആരെയെങ്കിലും പറഞ്ഞയക്കാറുണ്ട്. ഇല്ല ആരും വന്നിട്ടില്ല. ഞാൻ നിശയോട് യാത്ര പറയാനായി തിരിഞ്ഞു. അവൾ പോയിക്കഴിഞ്ഞിരുന്നു, യാത്ര പറയുക കൂടി ചെയ്യാതെ.

മൂന്നാഴ്ചത്തെ ലീവാണ് എനിക്കുള്ളത് അതിൽ യാത്രയ്ക്കുതന്നെ നാലു ദിവസം പോകും. ബാക്കിയുള്ള ദിവസങ്ങൾ വീട്ടിൽത്തന്നെ കഴിച്ചു കൂട്ടുവാനാണ് എനിക്കിഷ്ടം. തൊടിയിൽ നിറയെയുണ്ടായിരുന്ന മരങ്ങളും ചെടികളും എന്റെ കൂട്ടുകാരായിരുന്നു. അവരുമായി വീണ്ടും ലോഗ്യം കൂടി ഞാൻ അങ്ങിനെ അലസനായി നടക്കും. വല്ല്യമ്മമാരുടെ വീട്ടിൽ പോകണം. ഒന്നോ രണ്ടോ ദിവസംകൊണ്ട് ആ സന്ദർശനങ്ങൾ നടത്തും. പിന്നെ കോഴിക്കോട് പിസിമ്മാവന്റെ അടുത്തും പൂനൂരിലെ അമ്മാവന്റെ അടുത്തും പോവും. തിരിച്ചു പോകുന്നതിനുമുമ്പ് ഒരാഴ്ചയെങ്കിലും വീട്ടിൽത്തന്നെ ഇരിക്കണം. അപ്പോഴാണ് അമ്മ പറയുന്നത്. '.....ത്തെ അമ്മുമ്മ സുഖംല്ല്യാതെ കെടക്ക്വാണ്. ഒന്ന് പോയി കണ്ടോ. കെടപ്പ്തന്ന്യാണ്. നീ അടുത്ത പ്രാവശ്യം വരുമ്പോ കാണാൻ പറ്റ്വോന്നറിയില്ല.'

എനിക്ക് ഒട്ടും താല്പര്യമുണ്ടായിരുന്നില്ല. എങ്കിലും അമ്മയുടെ നിർബ്ബന്ധത്തിനു വഴങ്ങി ഒരു രാവിലെ പുറപ്പെട്ടു. രണ്ടു ബസ്സുകൾ മാറിക്കയറി ഞാൻ അവരുടെ വീട്ടിലെത്തി. ഒരമ്മൂമ്മയും അവരുടെ മകൾ ഞാൻ അമ്മായി എന്നു വിളിക്കുന്ന ഒരു സ്ത്രീയും മാത്രമേ അവിടെയുള്ളൂ. അവരുടെ മക്കൾ രണ്ടുപേർ എന്തു ചെയ്യുന്നു എന്ന് അറിയില്ല. അമ്മയോട് ചോദിച്ചു വെയ്ക്കാനും മറന്നു. ഒരു വെറും നാട്ടിൻപുറമായിരുന്നു അത്. ബസ്സിറങ്ങി വയലുകളുടെ ഇടയിലുള്ള നേരിയ വരമ്പിലൂടെ നടന്ന് ഒരു ചെറിയ കുന്ന് കയറി മറിഞ്ഞുവേണം അവിടെ എത്താൻ. കൊല്ലത്തിലൊരിക്കൽ ആശിച്ചു മോഹിച്ചു കിട്ടുന്ന ലീവ് ഇങ്ങിനെ പാഴാക്കേണ്ടി വന്നതിൽ എനിക്ക് അമ്മയോട് ദ്വേഷ്യം തോന്നി.

അമ്മൂമ്മ തീരെ കിടപ്പിൽത്തന്നെയായിരുന്നു. അമ്മായി പറഞ്ഞു കൊടുത്തതുകൊണ്ടാണ് എന്നെ മനസ്സിലായതു തന്നെ. വലിയ സന്തോഷമായി. കുറേ നേരം എന്റെ കൈ പിടിച്ചുകൊണ്ട് കിടന്നു. തിരിച്ച് തളത്തിൽ വന്നിരുന്ന് ചായ കുടിക്കുമ്പോൾ ഞാൻ അമ്മായിയോട് ചോദിച്ചു.

'മക്കളൊക്കെ എവിടെയാണ്?'

'രവി സ്‌കൂളിൽ പോയിരിക്ക്യാണ്. അവൻ എസ്.എസ്.എൽ.സി യല്ലെ ഇക്കൊല്ലം. ലക്ഷ്മി മോളില്ണ്ട്. കുളിക്കാൻ കേറീതാ. നീ വന്നതറിഞ്ഞിട്ട്ണ്ടാവില്ല.'

കോണിയിറങ്ങുന്ന ശബ്ദം കേട്ടു ഞാൻ തിരിഞ്ഞുനോക്കി. പാവാടയും ബ്ലൗസുമിട്ട ഒരു പെൺകുട്ടി കോണിയിറങ്ങി വരുന്നു. ലക്ഷ്മി ഇത്ര വലുതായോ എന്ന് ഞാൻ അദ്ഭുതപ്പെടുമ്പോഴാണ് അവൾ തിരിഞ്ഞതും ഞാൻ അവളുടെ മുഖം കണ്ടതും. അതു നിശയായിരുന്നു.

'നിശ?'

അവൾ ഒരു നിമിഷം പകച്ചു നിന്നുപോയി, പിന്നെ നിലയ്ക്കാത്ത ഒരു പൊട്ടിച്ചിരിയും. അമ്മായി അന്തം വിട്ടു നിൽക്കുകയായിരുന്നു. എന്റെ ചമ്മിയ മുഖം എങ്ങിനെയിരുന്നിരിക്കണം എന്ന് ഇപ്പോൾ ഓർക്കാനാവുന്നില്ല. എന്നെ പറ്റിച്ചതിന് ഞാനവൾക്കു ശിക്ഷ കൊടുത്തു. ഊണു കഴിഞ്ഞശേഷം വിശ്രമിക്കാനായി മുകളിലേയ്ക്കു പോകുമ്പോൾ അവൾ ഇറങ്ങിവരികയായിരുന്നു. ഞാൻ കോണിയുടെ ഇടയിലൂടെ നോക്കി. അമ്മായി അടുക്കളയിലാണ്. അവളെ കരവലയത്തിലാക്കി കവിളിൽ ഉമ്മ വയ്ക്കുമ്പോൾ അവൾ കുതറിയില്ല. തിരിച്ച് ഒരുമ്മ തരാനായി എന്റെ കവിൾ കാണിച്ചു കൊടുത്തപ്പോൾ അവൾ ഉമ്മ വയ്ക്കാനായി ആഞ്ഞ് ഉമ്മ വയ്ക്കാതെ കൊഞ്ഞനം കുത്തി ഓടിപ്പോയി.

കണ്ടോ, എങ്ങിനെയാണ് പെൺകുട്ടികളെ വിശ്വസിക്കുന്നത്?

ഇ ഹരികുമാര്‍

E Harikumar