പൊന്നാനിയില്‍ ഒരു സാംസ്കാരിക നവോത്ഥാനം

പൊന്നാനി എ.വി. ഹയർ സെക്കന്ററി സ്‌കൂളിലെ ലോങ് ഹാളിൽ നിൽക്കുമ്പോൾ ഓർമ്മകൾ ഒരു സാന്ത്വനമായി മനസ്സിൽ നിറയുന്നു. ജീവിതത്തിൽ ഏറെ നേടാനുണ്ട് എന്ന് എന്നെ പഠിപ്പിച്ച സ്‌കൂളാണിത്. ആ ഹാളാകട്ടെ എന്റെ സാംസ്‌കാരിക ജീവിതത്തിന്റെ അടിത്തറയിട്ട ശ്രീകോവിലും. അവിടെ ബെഞ്ചുകളിലിരുന്നുകൊണ്ട് സാഹിത്യ സാംസ്‌കാരിക ലോകത്തെ മഹാരഥന്മാരുടെ പ്രസംഗങ്ങൾ കേട്ടിട്ടുണ്ട്. മഹാകവി ജി., വി.ടി. ഭട്ടതിരിപ്പാട്, പി. കുഞ്ഞിരാമൻ നായർ, വൈലോപ്പിള്ളി, ചെറുകാട്, ഉറൂബ്, എൻ. വി. കൃഷ്ണവാരിയർ, മുണ്ടശ്ശേരി, മഹാകവി അക്കിത്തം, തിക്കോടിയൻ, എം.ടി., സുകുമാർ അഴീക്കോട് തുടങ്ങിയവർ. ഇതേ സ്റ്റേജിൽ ധാരാളം മഹത്തായ നാടകങ്ങൾ കണ്ടിട്ടുണ്ട്, ഇടശ്ശേരി, ഉറൂബ്, എം. ഗോവിന്ദൻ എന്നിവരുടെ നാടകങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്.

പൊന്നാനിയിൽ ഒരു കാലത്തുണ്ടായിരുന്ന സാംസ്‌കാരികാന്തരീക്ഷം ഇടശ്ശേരി, ഉറൂബ്, കടവനാട് കുട്ടിക്കൃഷ്ണൻ, ടി. ഗോപാലക്കുറുപ്പ് എന്നിവരുടെ വേർപാടോടെ വെറും ഓർമ്മയായി മാറി. ആ സുവർണ്ണകാലം ഇനി തിരിച്ചു വരില്ലെന്ന ഖേദത്തോടെ ജീവിക്കുകയായിരുന്നു പൊന്നാനിക്കാർ. ആ അന്തരീക്ഷം പുനഃസൃഷ്ടിക്കാൻ പറ്റുമെന്ന വാശിയോടെ പൊന്നാനിയിലെ യുവ ചിത്രകാരന്മാർ ഇറങ്ങിയതിന്റെ ഫലമാണ് 'ചാർക്കോൾ'. ഇത് വെറുമൊരു ചിത്രകലാ സംഘടനയല്ല, മറിച്ച് ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള പൊന്നാനിക്കാരെ അണി നിരത്തി മറഞ്ഞുപോയ ഒരു സംസ്‌കാരത്തെ ആനയിക്കാനുള്ള നിയോഗമാണെന്ന് അവർ പറയുന്നു.

'ചാർക്കോളിന്റെ' ഉദ്ഘാടനം ഉറൂബിന്റെ അനശ്വര കഥാപാത്രമായ ഉമ്മാച്ചുവിനെ വരച്ചുകൊണ്ട് ആർട്ടിസ്റ്റ് നമ്പൂതിരി നിർവ്വഹിച്ചു. അതേ സമയത്തുതന്നെ മുപ്പതോളം യുവചിത്രകാരന്മാരും ചിത്രകാരികളും വലിയ കാൻവാസുകളിൽ ഉറൂബിന്റെ വിവിധ കഥാപാത്രങ്ങളെ വരച്ചത് കൗതുകമുണർത്തുന്നതായിരുന്നു. ധാരാളം കാഴ്ചക്കാർ ഉറൂബിന്റെ കഥാപാത്രങ്ങൾ രേഖാചിത്രങ്ങളായി മാറുന്നത് താല്പര്യത്തോടെ നോക്കിനിന്നു.

ഇതിന്റെ ഭാഗമായി കളമെഴുത്ത് പഠനഗവേഷണകേന്ദ്രം ചെയർമാൻ ശ്രീ മണികണ്ഠൻ കാട്ടകാമ്പാൽ സ്വാമി അയ്യപ്പന്റെ വേട്ടക്കാരൻ രൂപം കളമെഴുത്തിൽ മനോഹരമായി അവതരിപ്പിച്ചു.

ഉദ്ഘാടനത്തിനെത്തിയ ആർട്ടിസ്റ്റ് നമ്പൂതിരിയെ ആദരിക്കലായിരുന്നു പിന്നീടുള്ള പരിപാടി. പൊന്നാട അണിയിച്ച് അദ്ദേഹത്തെ ആദരിക്കാൻ അവസരം ലഭിച്ചത് ഒരു വലിയ ബഹുമതിയായി ഞാൻ കണക്കാക്കുന്നു. 'ചാർക്കോളി'ന്റെ ഉപഹാരസമർപ്പണത്തിനു ശേഷം എന്റെ 'ശ്രീപാർവ്വതിയുടെ പാദം' എന്ന കഥയ്ക്കു വേണ്ടി ആർട്ടിസ്റ്റ് നമ്പൂതിരി വരച്ച ചിത്രം ഫ്രെയിം ചെയ്തത് അദ്ദേഹത്തിനു സമർപ്പിച്ചു. 'പൂതപ്പാട്ടി'ന്റെ 'ഇത്തിരിക്കുമ്പമേൽ പുള്ളിയിലക്കര മുണ്ടുമുടുപ്പിച്ചു' എന്ന രംഗം വരച്ചത് ഇടശ്ശേരിയുടെ മക്കൾക്കു വേണ്ടി അനുജത്തി ഗിരിജയും സമർപ്പിച്ചു. ആർട്ടിസ്റ്റ് നമ്പൂതിരിയും കേരള ലളിതകലാ അക്കാദമി എക്‌സിക്യൂട്ടീവ് അംഗം ആർട്ടിസ്റ്റ് കെ.യു. കൃഷ്ണകുമാറും ചേർന്ന് ചാർക്കോളിന്റെ ലോഗോ പ്രകാശനം ചെയ്തു. ചാർക്കോളിന്റെ പ്രസിഡന്റായ എൻ. താജുദ്ദീൻ അദ്ധ്യക്ഷപ്രസംഗം നടത്തി. ചാർക്കോളിന്റെ സെക്രട്ടരി ഇ. രാജീവ് ആണ്.

ഇന്ന് ഉറൂബ് ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി പൊന്നാനിയിലെ 'ചാർക്കോൾ' എന്ന കൂട്ടായ്മ ഒരുക്കിയ സമ്മേളനത്തിൽ ആർട്ടിസ്റ്റ് നമ്പൂതിരിയെ ആദരിച്ചുകൊണ്ട് പ്രസംഗിക്കാൻ നിൽക്കുമ്പോൾ സംസാരിക്കാനുദ്ദേശിച്ചതല്ല ഞാൻ പറഞ്ഞത്. മറിച്ച് പൊന്നാനിയിൽ ഒരു കാലത്ത് സജീവമായിരുന്ന അന്തരീക്ഷത്തെപ്പറ്റിയായിരുന്നു. ഒരു കുട്ടിയായി, ലോങ് ഹാളിൽ ഇരുന്ന് ഉറൂബും, അക്കിത്തവും, ടി. ഗോപാലക്കുറുപ്പും, ഡേവിഡ്ഡും, എന്റെ വല്ല്യമ്മയുടെ മകൻ ഇ. ഹരിദാസും കൂട്ടുകൃഷിയരങ്ങിൽ ഇരമ്പിയത് കണ്ടിരുന്നതും മറ്റുമാണ്. ഡേവിഡ്ഡിന്റെ അകാലമരണം കാരണം പിന്നീട് അദ്ദേഹത്തിന്റെ അനുജൻ ജോർജ്ജാണ് സുകുമാരന്റെ വേഷത്തിൽ ജ്യേഷ്ഠനേക്കാൾ ഒട്ടും മോശമല്ലാത്ത അഭിനയം കാഴ്ചവെച്ചത്. സദസ്സിലുണ്ടായിരുന്ന അദ്ദേഹത്തെ പരിചയപ്പെടുത്തിയപ്പോൾ ഹാൾ കൈയ്യടികൊണ്ട് മുഖരിതമായി.

എ.വി. ഹയർ സെക്കന്ററി സ്‌കൂളിന്റെ ഗെയ്റ്റ് കടന്നാൽ നിങ്ങൾ കാണുന്നത് കെ.സി.എസ്. പണിക്കർ, ആർട്ടിസ്റ്റ് നമ്പൂതിരി, ടി.കെ. പദ്മിനി, ഇടശ്ശേരി, ഉറൂബ്, ബഷീർ എന്നിവരുടെ പോർട്രെയ്റ്റുകളാണ്. അതെല്ലാം വരച്ചത് ഈ ചെറുപ്പക്കാർ തന്നെയാണെന്നതിൽ അഭിമാനം തോന്നി. കെ.സി.എസ്. പണിക്കരുടെയും ആർട്ടിസ്റ്റ് നമ്പൂതിരിയുടെയും, ടി.കെ. പദ്മിനിയുടെയും ജന്മനാട്ടിൽ ചിത്രകലയ്ക്ക് ഇങ്ങിനെ ഒരു ഉയിർത്തെഴുന്നേൽപ്പുണ്ടാവാൻ ഇത്രയും കാലമെടുത്തുവെന്നത് ഒരദ്ഭുതമാണ്.

എടുത്തു പറയേണ്ട ഒരു കാര്യം, ചാർക്കോൾ ഒരുക്കിയ ഇൻസ്റ്റലേഷനാണ്. സ്‌കൂളിന്റെ അങ്കണത്തിൽ 1960 എന്നെഴുതിത്തൂക്കിയതിനു ചുറ്റും ആ കാലഘട്ടത്തെ പുനഃസൃഷ്ടിക്കാൻ നടത്തിയ ശ്രമം വളരെ കൗതുകമുണർത്തുന്നതായിരുന്നു. ഒരു ചാരുകസേല, അതിന്റെ കയ്യിൽ ഒരു തോർത്ത്, കോളാമ്പിയുള്ള 78 rpm ഗ്രാമഫോൺ, പഴയൊരു ക്യാമറ, ഹാർമോണിയം, റോമൻ അക്കങ്ങളുള്ള ഒരു പെന്റുലം ക്ലോക്ക്, പിന്നിൽ ചുവരിൽ ഇടശ്ശേരിയുടെ ചിത്രം. ദാലിയുടെ സർറിയലിസ്റ്റ് ചിത്രംപോലെ ഹൃദ്യമായി തോന്നി എനിക്കത്. അതിനു മുമ്പിൽ അക്കാലത്ത് കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ട കളിക്കളവും - കക്ക കളിയും, കുട്ടിയും കോലും, ഏഴു കല്ലുകൾ അടുക്കിവച്ച് പന്തുകൊണ്ടെറിഞ്ഞ് പൊട്ടിച്ച് വീണ്ടും അടുക്കിവയ്ക്കുന്ന കളി (എനിക്കതിന്റെ പേരറിയില്ല). ഗൃഹാതുരത്വം ഉണർത്തിയ ഈ ഇൻസ്റ്റലേഷന് എന്റെ വെബ്ബിൽ ഞാൻ കൊടുത്ത പേര് '"those nostalgic black and white years' എന്നാണ്.

Artist Namboothiri Charcol Painting

ഉറൂബ് അനുസ്മരണം നടത്തിയ ആലങ്കോട് ലീലാകൃഷ്ണൻ ഉറൂബിന്റെ അനശ്വരകഥാപാത്രങ്ങളെപ്പറ്റി വളരെയേറെ സംസാരിച്ചു. ഉറൂബിനെപ്പറ്റി പറയുമ്പോൾ ഇടശ്ശേരിയെ സ്പർശിക്കാതിരിക്കാൻ കഴിയില്ലെന്നും, രണ്ടുപേരും ഒന്നാണെന്ന തോന്നലുണ്ടാകുംവിധം സമാന ചിന്താഗതിയും ഒരുമയുമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പൊന്നാനിയിൽ ഒരു കാലത്ത് അസൂയാർഹമാം വിധം മനോഹരമായ ഒരു സാംസ്‌കാരികാന്തരീക്ഷവും ഊഷ്മളമായ സ്‌നേഹവും നിലനിന്നിരുന്നുവെന്നദ്ദേഹം അനുസ്മരിച്ചു. മുൻ എം.പി. ശ്രീ. സി. ഹരിദാസ് ആശംസകൾ നേർന്ന് സംസാരിച്ചു. പൊന്നാനി നഗരസഭാധ്യക്ഷ ശ്രീമതി പടിഞ്ഞാറകത്ത് ബീവി, ഉറൂബിന്റെ മകൻ ആർട്ടിസ്റ്റ് ഇ. സുധാകരൻ, കേരള ചിത്രകലാ അക്കാദമിയുടെ എക്‌സിക്യൂട്ടീവ് അംഗം ആർട്ടിസ്റ്റ് കെ.യു. കൃഷ്ണകുമാർ, പ്രതിപക്ഷ നേതാവ് ശ്രീ. മുഹമ്മദ് കുഞ്ഞി, നഗരസഭ വൈസ് ചെയർമാൻ ശ്രീ ഉണ്ണിക്കൃഷ്ണൻ പൊന്നാനി, നഗരസഭ സെക്രട്ടരി ഓച്ചിറ മുരളി എന്നിവർ പ്രസംഗിച്ചു. ചാർക്കോളിന്റെ ഉപദേശക സമിതി അംഗമായ ബാബു പടിയത്ത് നന്ദി പറഞ്ഞു. ഇടശ്ശേരിയുടെയും ഉറൂബിന്റെയും മക്കളും മറ്റു ബന്ധുക്കളും സദസ്സിലുണ്ടായിരുന്നു.

വൈകീട്ട് രവീന്ദ്രനാഥ ടാഗോറിന്റെയും അമൃത സെർഗിലിന്റെയും ചിത്രങ്ങളെപ്പറ്റിയുള്ള ഡോക്യുമെന്ററികളും പി.സി. രാജശേഖരൻ സംവിധാനം ചെയ്ത് ഉറൂബിന്റെ മകൻ ഇ. സുധാകരൻ അഭിനയിച്ച 'ഉറൂബ്, കാലം തന്നെ സത്യം' എന്ന ചലചിത്രവും പ്രദർശിപ്പിച്ചു.

നവമ്പറിൽ കേരളത്തിലെ തലമുതിർന്ന ചിത്രകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് ഇതിലും വിപുലമായ ഒരു കലാസദ്യ ഒരുക്കാനുള്ള തിരക്കിലാണ് 'ചാർക്കോൾ' പ്രവർത്തകർ.

ഇ ഹരികുമാര്‍

E Harikumar