പങ്കെടുക്കാന്‍ പറ്റാതിരുന്ന ഒരു കല്യാണം

ഞങ്ങൾ ബോംബെയിൽ താമസിച്ചിരുന്ന കാലത്ത് നടന്ന സംഭവമാണ്, തൊള്ളായിരത്തി എഴുപതുകളുടെ മധ്യത്തിലെപ്പോഴോ ആണ്. അന്ന് മുംബൈ ആയിട്ടില്ല. അതുകൊണ്ടാണ് ബോംബെ എന്നുതന്നെ എഴുതുന്നത്. അന്നത്തെ ഞങ്ങളുടെ ജീവിതപരാജയങ്ങളെപ്പറ്റി ഞാൻ ധാരാളം എഴുതിയിട്ടുണ്ട്. പലതും എന്റെ വരാൻ പോകുന്ന 'നീ എവിടെയാണെങ്കിലും' എന്ന ഓർമ്മക്കുറിപ്പിൽ പറയുന്നുണ്ട്. അതിന്റെ തുടർച്ചയായ ഒരു സംഭവം തന്നെയാണ് ഇതും.

ഒരു വലിയ സാമ്പത്തികത്തകർച്ചയുടെ തുടക്കമായിരുന്നു അത്. ഓഫീസിൽ എന്റെ മീതെ ഒരു സർദാറിനെ കൊണ്ടുവന്നു പ്രതിഷ്ഠിച്ചു. ഒന്നുരണ്ട് വലിയ ഓർഡറുകൾ ലാക്കാക്കിയാണ് അവരതു ചെയ്തത്. സർദാറിന് ഡിഫൻസിന്റെ ഒരു പ്രത്യേക വിഭാഗത്തിൽ നല്ല പിടിപാടുണ്ടെന്ന കാരണം കൊണ്ട് അയാൾക്ക് ഒരുമാതിരി നിയന്ത്രണമില്ലാത്ത പ്രവർത്തനമേഖല കമ്പനി അനുവദിച്ചു. അയാൾ അത് ദുരുപയോഗം ചെയ്തു കമ്പനിയ്ക്ക് ഉദ്ദേശിച്ച ഓർഡർ നഷ്ടമായി. അതെല്ലാം വേറെ കഥ. അയാളുടെ പ്രവർത്തനത്തിൽ ഏതെങ്കിലും വിധത്തിൽ ഇടപെട്ടേയ്ക്കാവുന്ന എന്നെ ഒഴിവാക്കുക സർദാറിന്റെ ആവശ്യമായിരുന്നു. അതിനയാൾ മാനേജ്‌മെന്റുമായി കരുക്കൾ നീക്കി. ഞാൻ പുറത്താവുകയും ചെയ്തു.

ജോലി നഷ്ടമാവുമെന്ന് ഏകദേശം ഉറപ്പായപ്പോൾ ഞാൻ കുറച്ചു പാർട്ട്ണർമാരുമായി സഹകരിച്ച് ഒരു ബിസിനസ്സ് തുടങ്ങിയിരുന്നു. അതിൽ ധാരാളം പണമിറക്കേണ്ടി വന്നു. അതുകൊണ്ട് ഞങ്ങൾ വളരെ അരിഷ്ടിച്ചാണ് കഴിഞ്ഞിരുന്നത്. മകന് അന്ന് നാലോ അഞ്ചോ വയസ്സായിട്ടുണ്ടാകും. അവന്റെ കാര്യങ്ങൾക്കുള്ള പണംതന്നെ കയ്യിലില്ല. എന്നിട്ടല്ലെ ഞങ്ങൾക്ക് അത്യാവശ്യസാധനങ്ങൾ വാങ്ങുന്നത്. ആ സമയത്താണ് ഞങ്ങൾക്ക് ഒരു കല്യാണത്തിനുള്ള ക്ഷണം കിട്ടുന്നത്. ജുഹുവിൽ ഞങ്ങളുടെ അടുത്തുതന്നെ താമസിച്ചിരുന്ന ഒരു കുടുംബത്തിലെ കുട്ടിയാണ്. ഏകമകൾ സുനന്ദ. ഞങ്ങളാണെങ്കിലോ ഇടയ്ക്കിടയ്ക്ക് അവരുടെ വീട്ടിൽ പോകാറുമുള്ളതാണ്. വളരെ നല്ലൊരു കുടുംബബന്ധം അവരുമായി ഉണ്ടായിരുന്നു. ഞങ്ങൾ ആകെ ധർമ്മസങ്കടത്തിലായി. എന്താണ് ചെയ്യേണ്ടത്? ഒരു കല്യാണത്തിനു പോകാനുള്ള വസ്ത്രങ്ങളൊന്നും ഞങ്ങൾക്കുണ്ടായിരുന്നില്ല. തല്ക്കാലം വാങ്ങാനുള്ള കഴിവുമില്ല. പോകാതിരിക്കാൻ മനസ്സ് സമ്മതിക്കുന്നുമില്ല. ഒരു നിവൃത്തിയുമില്ലാത്തതുകൊണ്ട് പോകാതിരിക്കാൻ തീർച്ചയാക്കി. മോശം വസ്ത്രധാരണങ്ങളോടെ ഒരു വിവാഹാഘോഷത്തിൽ പങ്കെടുത്താൽ മനസ്സിടിയുകയേ ഉള്ളൂ. വിവാഹത്തിനു രണ്ടു ദിവസം മുമ്പ് പോയി ഒരു ചെറിയ പാരിതോഷികം അവർക്കു സമ്മാനിച്ചു. കല്യാണദിവസം എനിക്ക് പൂനയ്ക്ക് പോകേണ്ടിവരുമെന്നതുകൊണ്ട് വരാൻ പറ്റില്ലെന്നും അറിയിച്ചു. ആരെയും ഉപദ്രവിയ്ക്കാത്ത നുണ. അവർക്ക് വളരെയധികം കുണ്ഠിതമുണ്ടായി. ഞാൻ ഇടയ്ക്കിടയ്ക്ക് ഓഫീസ് കാര്യത്തിനായി പൂനയ്ക്ക് പോകാറുള്ളത് അവർക്കറിയാവുന്നതുകൊണ്ട് രക്ഷപ്പെട്ടു. പൂനയിൽപ്പോയാൽ വളരെ വൈകിയെ തിരിച്ചെത്താറുള്ളു എന്നും ചിലപ്പോൾ രണ്ടോ മൂന്നോ ദിവസം അവിടെ തങ്ങാറുമുണ്ട് എന്നും അവർക്കറിയാം.

ഞാൻ ഓഫീസിൽനിന്ന് തിരിച്ചെത്തിയപ്പോൾ കണ്ടത് വളരെ നിരാശപ്പെട്ടു മ്ലാനമുഖത്തോടെ ഇരിക്കുന്ന എന്റെ ഭാര്യയെയാണ്. ബോംബെയിൽ വളരെ അപൂർവ്വമായെ ഒരു കല്യാണം കൂടാൻ അവസരം കിട്ടാറുള്ളു. അതാണ് നഷ്ടമായിരിക്കുന്നത്. ഞാനവളെ ആശ്വസിപ്പിച്ചു. ഞാനൊരു നല്ല സെയ്‌ല്‌സ്മാനായിരുന്നു, പ്രത്യേകിച്ചും ഭാര്യയ്ക്ക് സ്വപ്നങ്ങൾ വില്ക്കുന്നതിൽ. ആ സ്വപ്നങ്ങൾകൊണ്ടാണ് പാവം ലളിത ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ വർഷങ്ങൾ പിന്നിട്ടത്. (ഈ കാര്യം എന്റെ 'ഒരു വിശ്വാസി' എന്ന കഥയിൽ കൊടുത്തിട്ടുണ്ട്. ഞങ്ങളുടെ കഷ്ടപ്പാടുകളുടെ കാലം കഴിയാറായപ്പോൾ അതിൽനിന്ന് കരകയറാൻ ശ്രമിക്കുന്നതിന്റെ കഥയാണ് 'ഒരു വിശ്വാസി'.) ശരിക്കു പറഞ്ഞാൽ എന്റെ വളരെയധികം കഥകൾ അനുഭവങ്ങളുടെ വെളിച്ചത്തിൽ എഴുതപ്പെട്ടവയാണ്.

എന്തായാലും ആ ദിവസം രക്ഷപ്പെട്ടല്ലൊ എന്നു കരുതി ഇരിക്കുമ്പോഴാണ് ബെല്ലടി കേട്ടത്. പീപ്‌ഹോളിൽക്കൂടി നോക്കിയപ്പോൾ കാണുന്നത് സുനന്ദയുടെ രണ്ട് അമ്മാവൻമാരായിരുന്നു. ഒരാൾ ബോംബെയിൽത്തന്നെ ഉള്ള ആളാണ്. താഴെയുള്ള ആൾ ഗൾഫിലും. എന്താണ് ചെയ്യുക? ഞങ്ങൾ ആകെ പരിഭ്രമിച്ചു. എന്നെ ഇപ്പോൾ കണ്ടാൽ മോശമാണ്. ഞങ്ങൾ കരുതിക്കൂട്ടി കല്യാണത്തിനു വരാഞ്ഞതാണെന്ന് അവർക്കു മനസ്സിലാവും. അത് ഇരു കുടുംബങ്ങളുടെയും സ്‌നേഹബന്ധത്തെ അലട്ടാനിടയുണ്ട്. ആലോചിക്കാൻ സമയമൊന്നുമില്ല. ഞാൻ പെട്ടെന്ന് ഒരു തീരുമാനമെടുത്തുകൊണ്ട് പറഞ്ഞു. 'ഞാൻ കിടപ്പറയിൽ പോയി ഇരിക്കാം. നീ വാതിൽ തുറന്ന് ഞാനില്ല എന്ന മട്ടിൽ പെരുമാറിയാൽ മതി.'

അർദ്ധമനസ്സോടെ ലളിത സമ്മതിച്ചു. അവർ അകത്തു കയറിയിരുന്ന് കല്യാണത്തിന്റെ വിശേഷങ്ങൾ പറയുന്നത് എനിക്കു കേൾക്കാം. അവർ എങ്ങിനെയെങ്കിലും വേഗം പോകട്ടെ എന്നു പ്രാർത്ഥിക്കുകയായിരുന്നു ഞാൻ. അതിനിടയ്ക്ക് അനിയൻ ഒരു സഞ്ചിയെടുത്ത് ലളിതയുടെ കയ്യിൽ കൊടുത്തു.

'ഇത് നിങ്ങൾക്കു തരാൻ ചേച്ചി പറഞ്ഞിരിക്കുന്നു.'

അവർ പിന്നെ അധികനേരം ഇരുന്നില്ല. ലളിത ചായയുണ്ടാക്കട്ടെ എന്നു ചോദിച്ചെങ്കിലും 'ഇപ്പോൾ കുടിച്ച് വീട്ടിൽ നിന്നിറങ്ങിയതാണ്' എന്നു പറഞ്ഞ് അവർ നിരസിച്ചു. അവർ പോയപ്പോൾ ഞാൻ ദീർഘമായി ശ്വാസം വിട്ടു. വല്ലാത്തൊരു അഗ്നിപരീക്ഷയായിരുന്നു അത്. ഏട്ടൻ ഇടയ്ക്ക് വരാറുണ്ടെങ്കിലും അനിയൻ ഗൾഫിലായതുകാരണം അങ്ങിനെ വരാറില്ല. അയാളെങ്ങാൻ ഞങ്ങളുടെ വീട് ഒന്ന് കാണട്ടെ എന്നു പറഞ്ഞിരുന്നെങ്കിൽ ഈ ഒളിച്ചുകളി മനസ്സിലാവുമായിരുന്നു. ആ ചെറുപ്രായത്തിലും പ്രശ്‌നങ്ങൾ മനസ്സിലാക്കിയിരുന്ന ഞങ്ങളുടെ മകൻ അതിനെപ്പറ്റി ഒന്നും പറയുകയുണ്ടായില്ല.

സുനന്ദയുടെ അമ്മ ഒരു മാന്യസ്ത്രീയായിരുന്നു. ഒരു കടവും ബാക്കിവെയ്ക്കരുതെന്ന ഉദ്ദേശത്തോടെയായിരിക്കണം അന്നുതന്നെ അനുജന്മാരെ ഞങ്ങളുടെ വീട്ടിലേയ്ക്കു പറഞ്ഞയച്ചത്. അതൊരു ഫ്രെഞ്ച് പെർഫ്യൂമായിരുന്നു. എനിക്കു വല്ലാത്ത വിഷമമായി.

പ്രവാസി ശബ്ദം - ഓണപ്പതിപ്പ് - 2005

ഇ ഹരികുമാര്‍

E Harikumar