ഒരു കഥ എങ്ങിനെ ജനിക്കുന്നു

ഒരു കഥ എങ്ങിനെ രൂപമെടുക്കുന്നു എന്നത് അതിവിചിത്രമായ ഒരു രാസപ്രക്രിയയുടെ പരിണാമഫലമാണ്. ഓരോ കഥാകൃത്തിനും, അവരവരുടെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഈ പ്രക്രിയയെപ്പറ്റി പല വിധത്തിൽ പല കോണുകളിലായി പറയാനുണ്ടാകും. ഞാൻ പറയുന്നത് എന്റെ വളരെ വ്യക്തിപരമായ അനുഭവമാണ്. ഓരോ കഥയെഴുതുമ്പോഴും നോവലെഴുതുമ്പോഴും സംഭവിക്കുന്നത് പൊതുവിൽ ഈ അനുഭവത്തോട് സമാനമായിട്ടുള്ള ഒന്നാണ്.

ഞാനൊരു ചിത്രം വരച്ചു കാണിക്കാം. നമ്മുടെ വീട്ടിൽ ഒരു കുടുംബം വരികയാണെന്നു കരുതു. നമുക്ക് പരിചയമുള്ളവരായിരിക്കാം, അല്ലെങ്കിൽ പരിചയമില്ലാത്തവരായിരിക്കാം. എവിടെനിന്നെങ്കിലും ഏതെങ്കിലും കാലത്ത് കണ്ടിട്ടുള്ളവരായിരിക്കാം. അവർ ക്ഷണിച്ചു വിരുന്നിനു വന്നവരല്ല. നാം അവരെ ക്ഷണിച്ചിട്ടില്ല. അവർക്ക് ക്ഷണം ആവശ്യവുമില്ല. നാം വാതിൽ തുറക്കുമ്പോൾ അവർ അകത്തേയ്ക്കു കടക്കുന്നു. നാം വാതിൽ തുറന്നില്ലെങ്കിലും കുഴപ്പമില്ല. അവർ വാതിൽ തുറന്ന് അകത്തേയ്ക്കു കടക്കുന്നു. അവർ പക്ഷെ നമ്മെ കണ്ടതായി ഭാവിക്കുന്നില്ല. അവർ തമ്മിലല്ലാതെ, നമ്മോട് സംസാരിക്കുന്നില്ല. അങ്ങിനെ ഒരു കുടുംബം, അല്ലെങ്കിൽ ഏതാനും പേർ നമ്മുടെ വീട്ടിൽ വന്നാൽ നാം അസ്വസ്ഥരാവുന്നു. നമുക്ക് അവരോട് കടന്നു പോകാൻ പറയാൻ വയ്യ. കാരണം നമ്മളും അവരും ഒരു തലത്തിലല്ല ജീവിക്കുന്നത്. ഒരു നിഴലിലൂടെയെന്നപോലെ നമുക്ക് അവർക്കിടയിലൂടെ നടന്നുപോകാൻ പറ്റും. അതുപോലെത്തന്നെ അവർ നമ്മുടെ സ്വൈരജീവിതവും അലങ്കോലപ്പെടുത്തുന്നില്ല. വന്ന നിമിഷം തൊട്ട് അവർ വളരെ സ്വാഭാവികമായി ജീവിക്കാൻ തുടങ്ങുന്നു. ഇതൊരു സർറിയലിസ്റ്റിക് ഭാവനയാണെന്നു തോന്നാം. പക്ഷെ ഏതാനും ദിവസത്തിനുള്ളിൽ, അല്ലെങ്കിൽ മണിക്കൂറുകൾക്കുള്ളിൽത്തന്നെ നമുക്കവരെ ഇഷ്ടമാകാൻ തുടങ്ങുന്നു. മറ്റുള്ളവരുടെ ജീവിതം നോക്കിക്കാണാനുള്ള ത്വര നമ്മുടെയെല്ലാം ഒരു ബലഹീനതയാണ്. നമ്മുടെ ജീവിതം താറുമാറാകുമ്പോഴും നാം ആഗ്രഹിക്കുന്നത് മറ്റുള്ളവർ എങ്ങിനെ ജീവിക്കുന്നുവെന്നറിയാനാണ്. കഥാസാഹിത്യത്തിന്റെ തുടക്കവും അതിനെ വളർത്തിക്കൊണ്ടുവന്ന പ്രേരകശക്തിയും മനുഷ്യന്റെ ഈ സ്വഭാവമാണ്. പൗരാണിക കാലത്ത്, മനുഷ്യൻ ഗുഹകളിൽ താമസമാക്കുകയും അന്വോന്യം സംവദിക്കാനുള്ള ശേഷി കൈവരിക്കുകയും ചെയ്ത കാലത്തേ കഥകളുണ്ടായിരുന്നു. ദേശാടനം കഴിഞ്ഞെത്തിയ ഒരാൾ തിരിച്ചെത്തി, രാത്രി ഗുഹാമുഖത്ത് തീയിട്ട് അതിനു ചുറ്റും കൂടിയിരുന്നവർ അയാൾ കണ്ട ദേശങ്ങളെപ്പറ്റി, മനുഷ്യരെപ്പറ്റി, അവരുടെ ജീവിത രീതികളെപ്പറ്റി, താൻ നേരിട്ട ആക്രമണങ്ങളിൽനിന്ന് രക്ഷ പ്രാപിച്ചു വന്നതിനെപ്പറ്റിയെല്ലാമുള്ള കഥകൾ കേട്ടിരുന്നിട്ടുണ്ടാകണം. ചിത്രകലയുടെ തുടക്കവും ഇങ്ങനെത്തന്നെയാകണം. കണ്ട കാഴ്ചകളെപ്പറ്റി, മൃഗങ്ങളെപ്പറ്റി, അവയോട് പൊരുതുന്ന പ്രാകൃത മനുഷ്യരെപ്പറ്റിയെല്ലാം പറയുമ്പോൾ വാക്കുകൾ മതിയാവാഞ്ഞ് അയാൾ യാത്രയിൽ കണ്ടെത്തിയ ചുണ്ണാമ്പു കഷ്ണങ്ങളുപയോഗിച്ച് ഗുഹയുടെ ചുമരുകളിൽ വരച്ചിട്ട ചിത്രങ്ങളായിരിക്കണം ചിത്രകലയുടെ തുടക്കം.

നേരത്തെ പറഞ്ഞ അതിഥികൾ നമ്മുടെ വീട്ടിലല്ല വരുന്നത് മറിച്ച് നമ്മുടെ ഉള്ളിലാണ്. ഞാൻ ഏതെങ്കിലും കാലത്ത് കണ്ട ഒരു സംഭവമോ, ഒരു നിറമോ, ഗന്ധമോ അല്ലെങ്കിൽ നാദമോ വീണ്ടും കാണാനിടയാകുമ്പോൾ, അല്ലെങ്കിൽ അനുഭവിക്കാനിടയാകുമ്പോൾ ഞാനറിയാതെത്തന്നെ എന്റെ മനസ്സിൽ കടന്നുകൂടുന്ന കഥാപാത്രങ്ങളായിരിക്കണം അവർ. എന്റെ മനസ്സിൽ അവർ ജീവിക്കാൻ തുടങ്ങുകയാണ്. നമ്മുടെ അബോധമനസ്സ് അതിനിടയിൽ ഭാവനയുടെ ചായങ്ങൾ ചാലിച്ച് അവയ്ക്ക് രൂപവും ഭാവവും നൽകിയിട്ടുണ്ടാകും. ഇനി ഞാൻ പറയാൻ പോകുന്നത് എഴുത്തുകാരൻ അറിയാതെ അബോധമനസ്സിൽ സംഭവിക്കുന്ന ചില പ്രക്രിയകളാണ്. അതെന്താണെന്ന് മുഴുവനും നമുക്കറിയില്ല. നമ്മുടെ മുമ്പിൽ കാണുന്ന ആ കഥാപാത്രങ്ങളുടെ ജീവിതം നമുക്ക് നിയന്ത്രിക്കാനാവുന്നില്ല. അവർ അവരുടെ ഇച്ഛക്കനുസരിച്ച് ജീവിക്കുകയാണ്. ഇത് ഒരു കഥയുടെ തുടക്കമാണ്. എനിക്ക് കഥാപാത്രങ്ങളെ കിട്ടി, അവരുടെ ജീവിതശൈലി കിട്ടി. ഇനി കഥ എങ്ങിനെയുണ്ടാകുന്നു? ഞാൻ വിചാരിക്കും ഈ കഥാപാത്രങ്ങളുടെ ജീവിതം കഥയാക്കാൻ പാകത്തിൽ മാറ്റം വരുത്താമെന്ന്. ഞാൻ എഴുതാൻ തുടങ്ങുന്നു. തൂലിക എടുക്കുന്നുവെന്ന് ഇനിയുള്ള കാലത്ത് പറയാൻ കഴിയില്ല. മിക്കവരും എഴുതുന്നത് കീബോർഡുപയോഗിച്ച് കമ്പ്യൂട്ടറിലാണ്.

അവർ വളരെ സ്വാഭാവികമായ ഒരു ജീവിതമാണ് നയിക്കുന്നത്. അതിൽ അസാധാരണകളുണ്ടാവാം, സ്‌നേഹം, വെറുപ്പ്, വിശ്വാസം, വിശ്വാസലംഘനം എല്ലാമുണ്ടാകും. അതവരുടെ ജീവിതമാണ്. എന്താണ് എനിക്കു മനസ്സിലാവുന്നത്? നമ്മുടെയൊക്കെ ജീവിതം പോലെ ആ കഥാപാത്രങ്ങളുടെ ജീവിതവും വിധിയെന്ന നിയന്താവ് വരച്ചുവെച്ച പോലെയാണ് വരുന്നത്. ഞാൻ ഏതെങ്കിലും ഒരു കഥാപാത്രത്തിന്റെ പ്രവർത്തന രീതിയോ, സ്വഭാവമോ മാറ്റാൻ ശ്രമിച്ചാൽ അതു മുഴച്ചു നിൽക്കും, കഥയെഴുത്തുതന്നെ നിന്നുവെന്നു വരും. ഓരോ ജീവിതത്തിനും ഒരു നിശ്ചിത പാതയുണ്ട് എന്നാണ് എന്റെ അനുഭവം. അതാകട്ടെ വളരെയധികം ശാസ്ത്രീയവുമാകണം എന്നാണ് എനിക്കു തോന്നുന്നത്. പ്രപഞ്ചത്തിലെ എല്ലാ ചലനങ്ങളും ഭൗതികമായി വിവരിക്കാമെങ്കിൽ ഒരു നിസ്സാര ജീവിയായ മനുഷ്യന്റെ ചലനങ്ങളും ചിന്താസരണികളും എന്തുകൊണ്ട് ഭൗതികമായിക്കൂടാ? ശാസ്ത്രം അവിടേയ്‌ക്കെത്തുന്നേയുള്ളു.

എന്താണ് വിധി? പൊതുവേ വിധിയെ ദൈവത്തിന്റെ നടത്തിപ്പാണെന്ന് കരുതുന്നുണ്ട്. അങ്ങിനെയല്ല എന്നാണ് എന്റെ അഭിപ്രായം. (ഞാൻ ദൈവത്തിൽ വിശ്വാസിക്കാതിരിക്കാൻ മാത്രം ശാസ്ത്രതല്പരനാണ്.) വിധി, ഭാഗ്യം എന്നിവയെല്ലാം ഒന്നുകിൽ നമ്മുടെ ഡി.എൻ.എയുടെ ഒരു ഘടകമാണ് അല്ലെങ്കിൽ കണികാസിദ്ധാന്തത്തിലെ രണ്ടു കണങ്ങളാണ്. നമ്മുടെ ഒരു സെൽ എന്നു പറയുന്നത് ക്വാണ്ടം തിയറിയിൽ പറയുന്ന നിരവധി കണങ്ങൾ (പാർട്ടിക്കിൾ) കൂടിയതാവണം എന്നാണ് ഏറ്റവും പുതിയ നിഗമനം. അപ്പോൾ അതിനോടനുബന്ധിച്ച വിധി, ഭാഗ്യം എന്നിവയും കണികാസിദ്ധാന്തവുമായി ബന്ധപ്പെട്ടതാകാം. മുൻകൂറായി വളരെ ചിട്ടപ്പെടുത്തിയ ജീവിതമുള്ള ഒരു കഥാപാത്രത്തിന്റെ ഗതിയോ, സ്വഭാവമോ മാറ്റാൻ ശ്രമിച്ചാൽ അതു മുഴച്ചു നിൽക്കും, കഥയെഴുത്തുതന്നെ നിന്നുവെന്നു വരും. ഓരോ ജീവിതത്തിനും ഒരു നിശ്ചിത പാതയുണ്ട് എന്നാണ് എന്റെ അനുഭവം. അതാകട്ടെ വളരെയധികം ശാസ്ത്രീയവുമാകണം എന്നാണ് എനിക്കു തോന്നുന്നത്. ഈ വഴിയ്ക്ക് ശാസ്ത്രം എന്നെങ്കിലും സഞ്ചരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

ചുരുക്കിപ്പറഞ്ഞാൽ, എന്റെ മനസ്സിൽ കടന്നുകൂടി സ്വതന്ത്രമായി ഒരു ജീവിതം നയിക്കുന്ന കഥാപാത്രങ്ങളെ മാറ്റങ്ങളൊന്നുമില്ലാതെ അവതരിപ്പിക്കുകയാണ് ഞാൻ ചെയ്യുന്നത്. ഓരോ കഥാപാത്രത്തിനും അവന്റെ അല്ലെങ്കിൽ അവളുടെ അഭിപ്രായങ്ങളുണ്ട്, വികാരങ്ങളുണ്ട്, പരിഗണനകളുണ്ട്, ഇഷ്ടാനിഷ്ടങ്ങളുണ്ട്. ഒരു കഥാകൃത്തിന് അതിൽ കയറി ഒന്നും തന്നെ മാറ്റാൻ കഴിയില്ല. ഇത് എന്റെ അനുഭവമാണ്. ഇങ്ങിനെയല്ലാത്ത കഥാകൃത്തുക്കളുമുണ്ടാകും. അതായത് കഥാപാത്രങ്ങളെ അവരുടെ വഴിയ്ക്കു പോകാനനുവദിക്കാതെ അയാൾ നിർണ്ണിയിക്കുന്ന പോലെ കൊണ്ടു വരിക.

ഒരു കഥയെഴുതി പൂർത്തിയായാൽ പിന്നെ രണ്ടോ മൂന്നോ ദിവസത്തേയ്ക്ക് അല്ലെങ്കിൽ ഒരാഴ്ചത്തേയ്ക്ക് അതിനെപ്പറ്റി മറക്കുകയാണ് വേണ്ടത്. പിന്നെ അതെടുത്ത് തിരുത്തലുകൾ, ഭാഷ നന്നാക്കാനുള്ള പ്രയോഗങ്ങൾ ഇതെല്ലാം ചെയ്യുന്നു. അതോടെ ആ കഥാപാത്രങ്ങൾ എന്റെ മനസ്സിലുള്ള വാസം നിർത്തി വായനക്കാരന്റെ മനസ്സിലേയ്ക്ക് കുടിയേറുന്നു.

ഇ ഹരികുമാര്‍

E Harikumar