ഓര്‍മ്മയൂടെ വാതിലില്‍ മുട്ടുവതാരോ

സജി മുളന്തുരുത്തി

ഒരു നാദം.... ഒരു ഗന്ധം.... ഒരു ശബ്ദം... മനസിലുറങ്ങിക്കിടക്കുന്ന ഓർമകളെ ഉണർത്താൻ ഇതു ധാരാളം. ഓർമകളുണരുമ്പോൾ മനസ്സിന്റെ വാതിലിൽ തൊട്ട് അവർ പതിയെ ആരായുന്നു. 'ഏയ് മറന്നോ ഞങ്ങളെ? മനസ്സിലൊരൽപ്പം ഇടം തര്വോ ഞങ്ങൾക്കും?' കഥാകൃത്തായ ഹരികുമാർ വാതിൽ തുറന്നുനോക്കുമ്പോൾ കാണുന്നത് പ്രധാന കഥാപാത്രത്തെ.

അതൊരു കാമുകനാവാം. കാമുകിയാവാം. ഒരു ഭർത്താവോ ഭാര്യയോ ആവാം. അച്ഛനോ കുട്ടിയോ ആവാം. ദൈവത്തിന്റെ അപൂർണ്ണമായ ഇത്തരം സൃഷ്ടികൾക്കൊക്കെ എന്തൊക്കയോ പ്രശ്‌നമുണ്ട്. അതുകൊണ്ട് അവർ എഴുത്തുകാരനെന്ന സൃഷ്ടാവിനെ തേടിയെത്തുന്നു. പൂർണത തേടി.

തുറന്നിട്ട മനസിന്റെ വാതിലിലൂടെ കഥാപാത്രങ്ങൾ നേരെ ഉള്ളിലേക്കാണ് വരിക. അവരെത്തിയാൽ വാതിൽ അടയുന്നു.

കഥാപാത്രങ്ങൾക്കാകട്ടെ അകത്തെത്തിയിട്ടും കഥാകാരനെ കണ്ട ഭാവമില്ല. അദ്ദേഹത്തിനും ഏതാണ്ടതേ നില. പക്ഷേ എഴുത്തുകാരന്റെ അബോധമനസിൽ അതോടെ കഥാപാത്രങ്ങൾ മായാതെ നിൽപ്പുറപ്പിക്കുന്നു. ക്ഷണിക്കാതെ കടന്നുവന്ന അതിഥികളെ എന്തുചെയ്യണമെന്നറിയാതെ ചിന്തയ്ക്ക് കനം വെയ്ക്കുന്നു.

ചിലപ്പോൾ ചില്ലറ ദിവസങ്ങൾ അല്ലെങ്കിൽ ഏതാനും ആഴ്ചകൾ.... അപൂർവം ചിലപ്പോൾ വർഷങ്ങൾ തന്നെ. പിന്നെ ഒരു നാൾ കഥാപാത്രങ്ങൾ അബോധമനസിൽനിന്നും കുടിയിറങ്ങുന്നു. വ്യക്തമായ രൂപവും ഭാവവുമായി പാത്രസൃഷ്ടിക്ക് പാകമെന്ന മട്ടിൽ. എഴുത്തുകാരൻ കടലാസിലേക്കതു പകരുക മാത്രം ചെയ്യുന്നു. ഒരു തപസ്യപോലെ. മലയാളത്തിന്റെ മൗലീകസ്വരങ്ങളിലൊന്നായിരുന്നു ഇടശ്ശേരിയുടെ മകൻ ഇ. ഹരികുമാറിന് അത് എഴുത്തിന്റെ വഴിയാണ്. മൂന്നരപതിറ്റാണ്ടിലേറെയായി തുടരുന്ന തപസ്യ.

ഹരികുമാർ ബോംബെയിൽ താമസിക്കുന്ന കാലം. ജൂഹുബസ് സ്റ്റേഷനിൽ ഒരാഴ്ച തുടർച്ചയായി സർക്കസു കാണിക്കുന്ന ഒരു എട്ടുവയസുകാരനെയും ആറുവയസുപ്രായമുള്ള അവന്റെ അനുജത്തിയെയും കാണാനിടയായി. പലവിധ അഭ്യാസങ്ങളും അവർ കാട്ടും. എല്ലാം കഴിഞ്ഞാൽ അനുജത്തി ഒരു പഴയ അലുമിനിയം പാത്രവുമായി എല്ലാവരുടെയും മുമ്പിലെത്തും.

ഒരു ദിവസം കാണുമ്പോൾ സർക്കസുകാരനായ ആൺകുട്ടി കുനിഞ്ഞിരുന്ന് കാൽവിരലിൽ ഉണ്ടായ മുറിവ് പരിശോധിക്കുകയായിരുന്നു. ചോര വന്നിരുന്നു. എന്തോ അഭ്യാസം കാണിച്ചപ്പോൾ പറ്റിയതായിരിക്കണം. അതു ചോദിച്ചപ്പോൾ അവൻ ചോദ്യകർത്താവിനെ തീരെ അവഗണിച്ചു. ഒന്നും പറയാതെ കുട്ടി മുറിവു ശുശ്രൂഷിച്ചു കൊണ്ടിരുന്നു. അവന് ഇരുപത്തഞ്ചു പൈസയോ മറ്റോ അദ്ദേഹം കൊടുത്തു.

എന്തുകൊണ്ടോ ആ സംഭവം കഥാകാരന്റെ മനസിൽ ഒരു മുറിപ്പാടുണ്ടാക്കി. കുട്ടിയുടെ കൂസലില്ലായ്മ ശരിക്കു പറഞ്ഞാൽ അദ്ദേഹത്തെ നാണിപ്പിച്ചു. കൂടുതൽ പൈസ അവനു കൊടുക്കാമായിരുന്നുവെന്നു തോന്നിപ്പോയി. പിറ്റേന്ന് കുറേക്കൂടി മെച്ചപ്പെട്ട ഔദാര്യമനസ്ഥിതിയോടെ ബസ്‌സ്റ്റോപ്പിൽ ചെന്നപ്പോഴേയ്ക്കും അവർ സർക്കസ് മറ്റെവിടേക്കോ മാറ്റിയിരുന്നു. ഹരികുമാറിനു വിഷമം തോന്നി. ഈ സംഭവം പതിനഞ്ചുവർഷത്തോളം മനസിൽ ഒരു പാടായി പതിഞ്ഞുകിടന്നു. ഒരു കഥയെഴുതാമെന്നു തോന്നിയെങ്കിലും സാധിച്ചില്ല. പിന്നീടാ തോന്നൽ ഫലം കണ്ടത് അടുത്തയിടെയാണ്.

അദ്ദേഹം താമസിക്കുന്ന കെട്ടിടത്തിൽ ഒരു പുതുവർഷാഘോഷം നടന്നു. ധാരാളം പണം ചെലവാക്കി ഒരു സദ്യ. എല്ലാം കഴിഞ്ഞപ്പോൾ അർധരാത്രി കഴിഞ്ഞു. ബാക്കിവന്ന വിലപിടിച്ച ഭക്ഷണസാധനങ്ങളത്രയും റോഡരികിലെ കുപ്പത്തൊട്ടിയിൽ കൊണ്ടിടുകയായിരുന്നു. ഇതു കണ്ടുനിൽക്കേ ഹരികുമാറിന്റെ മനസിൽ ജുഹുവിലെ സർക്കസുകാരായ കുട്ടികളുടെ ചിത്രം തെളിഞ്ഞു. ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി സ്വന്തം ജീവൻകൊണ്ട് പന്താടുന്ന കുട്ടികൾ അവിടെ, ആർഭാട മേളങ്ങൾക്കൊടുവിൽ ഭക്ഷണം കുപ്പത്തൊട്ടിയിൽ കൊണ്ടിടുന്ന മറ്റൊരു കൂട്ടർ ഇവിടെ.

ഏറെ വർഷങ്ങളായി അബോധ മനസിൽ കുടിപാർത്തിരുന്ന ഈ കുട്ടികളും തൊട്ടടുത്ത ദിവസത്തെ സംഭവവും കൂട്ടിവായിച്ചപ്പോൾ പിറവിയെടുത്തതൊരു പുതിയ കഥാബീജമാണ്. 'ഏറ്റവും മഹത്തായ ഒരു കാഴ്ച' എന്ന പേരിൽ ആ കഥ രണ്ടുവർഷം മുമ്പൊരു ഈസ്റ്റർ ദിനത്തിൽ പുറത്തുവന്നു.

ഹരികുമാറിന്റെ കഥകളിലെല്ലാം പൊതുവേ കാണുന്ന മനോഭാവമാണ് ശുഭാപ്തിവിശ്വാസം. 'ദിനോസറിന്റെ കുട്ടി'യിലെ മോഹനനും 'സന്ധ്യയുടെ നിഴലു'കളിലെ രാജുവുമെല്ലാം ഇത്തരം പ്രതീക്ഷയുടെ കൊച്ചുകൊച്ചുദ്വീപുകളിൽ ജീവിക്കാനാഗ്രഹിക്കുന്നവരാണ്. അലിവും പ്രതീക്ഷയുമായി ജീവിതത്തെ നോക്കുന്ന ഈയവസ്ഥയെക്കുറിച്ച് ഹരികുമാർ തന്നെ പറയുന്നു. 'വളരെയധികം ശുഭാപ്തി വിശ്വാസിയാണ് ഞാൻ. ഒരു പക്ഷേ ചികിത്സിച്ചുമാറ്റാൻ കഴിയാത്തവിധം. കുറേക്കൂടി നല്ലൊരു ലോകമുണ്ടാകും, നാളെ അവിടെ കുറേക്കൂടി നന്നായി ജീവിക്കാനാവും എന്നൊക്കെ ഞാൻ കരുതുന്നു. സ്വാഭാവികമായും എന്റെ കഥകളിലെല്ലാം അതു പ്രകടമായിട്ടുണ്ടെന്ന് കരുതുന്നു.'

കഥാപാത്രങ്ങളുടെ വിധിയിൽ കഴിയുന്നിടത്തോളം താൻ കൈകടത്താറില്ലെന്ന് ഇദ്ദേഹം വിശദീകരിക്കുന്നു. അതിനുകൃത്യമായ ഒരു യുക്തിയും ഈ കഥാകാരനുണ്ട്; കഥാപാത്രങ്ങൾ ജീവനുള്ളവയാണ്. അവർക്ക് അവരുടേതായ ഒരു ജീവിതവുമുണ്ട്. ഉറൂബിന്റെ ഉമ്മാച്ചുവിന് വേറൊരു ജീവിതമുണ്ടാവുമോ? ആ കഥാപാത്രത്തെ സൃഷ്ടിച്ചശേഷം ഉറൂബിനുതന്നെ അതു മാറ്റാൻ കഴിയുമായിരുന്നോ? ബഷീറിന്റെ പാത്തുമ്മയ്ക്ക് വേറൊരു സ്വഭാവം കൊടുക്കാൻ, വേറൊരു ജീവിതം കൊടുക്കാൻ ബഷീറിനുതന്നെ കഴിയുമായിരുന്നോ? ഒരു പക്ഷേ കഥാപാത്രത്തിന്റെ ദുഃഖങ്ങൾ തന്നെ വിഷമിപ്പിച്ചാൽ പോലും ഒരു ഇടപെടലിന് മുതിരാറില്ലെന്നും ഹരികുമാർ വ്യക്തമാക്കുന്നു.

'അരുന്ധതിയുടെ പൈങ്കിളിക്കവിതകൾ' എന്ന കഥ ഹരികുമാറിന്റെ ശ്രദ്ധേയമായ രചനകളിൽപ്പെടുന്നു. പതിനഞ്ചുകാരിയായ അരുന്ധതിയും അവളുടെ പന്ത്രണ്ടുകാരനായ കൂട്ടുകാരനും അമ്മാവന്റെ മകനുമായ സിദ്ധാർത്ഥനും തമ്മിലുള്ള വിചിത്രമായ അടുപ്പമാണ് ഇതിന്റെ കഥാതന്തു. കഥാന്ത്യത്തിലേക്ക് നീങ്ങുമ്പോൾ സിദ്ധാർത്ഥനും അരുന്ധതിയുമായുള്ള നീണ്ട ഒരു ചുംബനരംഗമുണ്ട്. ഇരുവരെയും സംബന്ധിച്ച ആദ്യത്തെ സപ്ർശനം. അതിനൊടുവിൽ അരുന്ധതിയുടെ വാക്കുകൾ; 'ഞാൻ കൃതാർഥയായി, എന്റെ ആഗ്രഹങ്ങളെല്ലാം ഈ നിമിഷത്തിൽ സഫലമായി. എനിക്കിഷ്ടപ്പെട്ട പുരുഷനെ തന്നെ എനിക്കു ലഭിച്ചു. സിദ്ധാർഥാ ഈ ചുംബനത്തിലൂടെ നിന്റ ബീജം എന്നിൽ നിക്ഷിപ്തമായിരിക്കുകയാണ്. നീ ഒരാഴ്ചക്കുള്ളിൽ മദ്രാസിൽ പോകും. പിന്നെ നിന്നെ ഞാൻ കാണുമോ എന്നു തന്നെ അറിയില്ല. എന്റെ ഉദരത്തിൽ കിടന്ന് നിന്റെ ബീജം വളരും. ഒമ്പതുമാസം ഞാനതിനെ ചുമക്കും. കുട്ടിയുടെ അച്ഛൻ ആരാണെന്ന് ഞാനാരോടും പറയില്ല. അതെന്റെ മാത്രം രഹസ്യമാണ്. പത്താം മാസത്തിൽ ഞാൻ നിന്റെ കുട്ടിയെ പ്രസവിക്കും....'

ഇത്രയും കേട്ടതോടെ ഒരു ചുംബനമെന്ന 'പാപം' മാത്രം ചെയ്ത സിദ്ധാർത്ഥനെന്ന കുട്ടി, സ്വയം മറന്നു സംസാരിക്കുന്ന അരുന്ധതിയെ മറികടന്ന് പുറത്തേക്കോടുന്നു. അവൻ കോവണിയിറങ്ങി ഇടനാഴി പിന്നിട്ട് പടി കടന്ന് പാടം കടന്ന് തിരിഞ്ഞു നോക്കാതെ ഓടുമ്പോൾ കഥ തീരുന്നു.

അമ്പരിപ്പിക്കുന്ന ഒരു ബിന്ദുവിൽ വായനക്കാരനെ ഒറ്റയ്ക്കു നിർത്തി കഥാകൃത്ത് നിഷ്‌ക്രമിക്കുകയാണിവിടെ. ഇത്തരമൊരു കഥാന്ത്യത്തെക്കുറിച്ച് ഹരികുമാറിനോട് ചോദിച്ചാലോ? ഉത്തരം ഇങ്ങനെയാണ്;

മനസിലേക്കു കടന്നുവന്ന സൃഷ്ടികൾ അവിടെയിരുന്നു കൊണ്ട് ഒരു ജീവിതം നയിക്കുകയാണ്. എഴുത്തുകാരൻ ഒരു വെറും കാണി മാത്രമായിത്തീരുന്നു അവിടെ. തുടക്കത്തിൽ നമ്മുടെ ഉള്ളിൽ അഹന്തയുണ്ടാവാം. ഞാൻ ഈ കഥാപാത്രങ്ങളെ അങ്ങിനെ കൊണ്ടുവരും ഇങ്ങിനെ കൊണ്ടുവരുമെന്നല്ലാം ക്രമേണ മനസിലാവും കഥാപാത്രങ്ങൾ അവരുടെ വിധിയനുസരിച്ചേ നീങ്ങുന്നുള്ളുവെന്ന്. ചുരുക്കത്തിൽ എന്തെഴുതാനാണ് ആദ്യം ശ്രമിച്ചത്, എന്താണ് അവസാനം എഴുതപ്പെട്ടത് ഇവ തമ്മിൽ വളരെ വ്യത്യാസമുണ്ടാവും.

എഴുതാൻ പുലർനേരമാണ് ഹരികുമാറിനിഷ്ടം. പുലർച്ചേ രണ്ടു മുതൽ ഏഴുവരെ എഴുതിയെന്നിരിക്കും. അത്രയും നേരമെടുത്തിട്ടും ഒരു പാരഗ്രാഫുമാത്രം എഴുതാനായ സന്ദർഭമുണ്ട്. 'എഴുത്തിന്റെ കാര്യത്തിൽ അത്രയും സ്ലോ ആണു ഞാൻ' കഥാകാരന്റെ വിശദീകരണം കേരള സാഹിത്യ അക്കാദമി അവാർഡുനേടിയ 'ദിനോസറിന്റെ കുട്ടി' അടക്കം ഏഴു കഥാസമാഹാരങ്ങളും ഒരു നോവലും ഇതിനകം പുറത്തുവന്നിട്ടുണ്ട്. സമാഹരിക്കാത്തവ വേറെയും.

ഗുരുവേഷം കെട്ടുന്ന നിരൂപകരുടെ താങ്ങോടെ ഒരു കൃതിക്കും കാലത്തെ അതിജീവിക്കാനവില്ലെന്നു വിശ്വസിക്കുന്ന ഹരികുമാർ വായനക്കാരൻ തന്നെയാണ് യഥാർഥ വിധികർത്താവെന്ന് കരുതുന്നു. സംവേദനക്ഷമതയുള്ള മലയാളത്തിലെ വായനക്കാർ ഇടശ്ശേരിയുടെ മകനിൽ നിന്നും ഇനിയും ധാരാളം നല്ല കൃതികൾ പ്രതീക്ഷിക്കുന്നുണ്ട്.

സൺഡേ ദീപിക - 1988 ഏപ്രിൽ 26