അഷ്ടമൂര്‍ത്തി

ഓര്‍മ്മയിലെ പൊട്ടാപ്പടക്കങ്ങള്‍

അഷ്ടമൂര്‍ത്തി

ഇ. ഹരികുമാറിന്റെ വിഷു എന്ന കഥ ഓർമ്മ വരുമ്പോൾ

കൃഷ്ണൻകുട്ടി അയൽവക്കത്തെ വേലിക്കരികിൽ ചെന്നു നിൽപ്പാണ്. അവിടെ ശേഖരൻ ദുബായിൽനിന്നെത്തിയിട്ടുണ്ട്. മേശപ്പൂവും മാലപ്പടക്കവും ആറ്റംബോംബും കൊണ്ട് തിമിർക്കുകയാണ് അവിടത്തെ വിഷു. കൃഷ്ണൻകുട്ടിയുടെ വീട്ടിൽ അയാളുടെ നിർബന്ധത്തിനു വഴങ്ങി അയാൾ അഞ്ചര ഉറുപ്പികയ്ക്ക് ഒരു പാക്കറ്റ് കമ്പിത്തിരിയും ഓലപ്പടക്കവും കുറച്ച് മാലപ്പടക്കവും രണ്ടു പൂക്കുറ്റികളും നാലു മത്താപ്പും വാങ്ങി. എല്ലാം വെയിലു കൊള്ളിച്ചുവെങ്കിലും വിഷുപ്പുലരിയിൽ അവയൊന്നും ശരിക്കു പൊട്ടിയില്ല. പരാതിയുമായി ചെന്നപ്പോൾ കടക്കാരൻ അയാളെ പുച്ഛിക്കുകയാണുണ്ടായത്. ദരിദ്രന്റെ പടക്കങ്ങൾ പൊട്ടണമെന്ന് നിർബന്ധമില്ലെന്നു മനസ്സിലാക്കിയ അയാൾ അപമാനിതനായി മടങ്ങി. സമ്പന്നർക്കു മാത്രമേ വിഷുവിന് അവകാശമുള്ളു എന്നും അയാൾക്കു മനസ്സിലാവുന്നു.

ഓരോ വിഷു വരുമ്പോഴും ഇ. ഹരികുമാറിന്റെ 'വിഷു' എന്ന ഈ കഥ ഞാൻ ഓർമിക്കാറുണ്ട്. അൻപതു വയസ്സിനു മുകളിലുള്ളവർ ഇന്ന് ഈ കഥ വായിക്കുമ്പോൾ അവർക്കൊക്കെ ഇത് സ്വന്തം കഥയാണെന്നു തോന്നാൻ വഴിയുണ്ട്. കാരണം അറുപതുകളിലും എഴുപതുകളിലും ഉള്ള കേരളത്തിലെ മിക്കവാറും എല്ലാ ഇടത്തരം കുടുംബക്കാരുടേയും കഥ ഇതുതന്നെയായിരുന്നു.

ഓണത്തേക്കാൾ എനിക്ക് ഇഷ്ടം വിഷുവായിരുന്നു. വേനലവധിയുടെ തുടക്കം. പ്ലാവും മാവും കശുമാവും നിറഞ്ഞുനിൽക്കുന്ന കാലം. പകൽനേരമൊക്കെ അവയുടെ ചുവട്ടിലാവും. അതിനിടയ്ക്ക് മേടത്തിന്റെ വരവറിയിച്ചുകൊണ്ട് വിഷുപ്പക്ഷിയുടെ 'കുക്കുക്കുക്കു' എന്ന പാട്ട്.

വിഷുവിന് നാലു ദിവസം മുൻപുതന്നെ അടുത്തുനിന്നും അകലെനിന്നുമായി കുറേശ്ശെ പടക്കങ്ങൾ പൊട്ടിത്തുടങ്ങും. ഹൃദയമിടിപ്പുകളോടെയാണ് ഞാനതു കേൾക്കാറുള്ളത്. ഉൽക്കണ്ഠയുടെ ദിവസങ്ങളാണ് അത്. ഇക്കൊല്ലം പടക്കം വാങ്ങുമോ അച്ഛൻ? മാതൃഭൂമിയുടെ ഏജന്റിന് പടക്കത്തിന്റെ കച്ചവടമുണ്ടായിരുന്നു. പത്രത്തിന്റെ പേരെഴുതിക്കഴിഞ്ഞ ബാക്കി ഒഴിഞ്ഞ സ്ഥലത്ത് ഏപ്രിൽ ആദ്യം മുതലേ 'പടക്കം' ചന്ദ്രികാസ്റ്റോഴ്‌സ്, കരുവന്നൂർ എന്ന റബ്ബർ സീൽ കണ്ടു തുടങ്ങും. പത്രക്കാരനോടു പറഞ്ഞാൽ മതി, അയാൾ പൊതിക്കെട്ട് വീട്ടിലെത്തിക്കും. പക്ഷേ, അത് അച്ഛനോടു പറയാൻ മടി. അങ്ങനെയിരിക്കുമ്പോൾ പത്രക്കാരൻ തന്നെ അച്ഛനോടു ചോദിക്കുന്നു: ''പടക്കം വേണ്ടേ മാഷേ?'' വേണമെന്ന് അച്ഛന്റെ മറുപടി. എത്ര രൂപയ്ക്കുവേണം എന്ന അന്വേഷണത്തിന് ഒരുറുപ്പികയ്ക്ക് എന്ന് അച്ഛന്റെ മറുപടി. അത്ര കുറച്ചു മതിയോ എന്ന് പത്രക്കാരന് അദ്ഭുതം. ഓലപ്പടക്കം മാത്രം മതിയെന്ന് അച്ഛന്റെ തീർപ്പ്. ഒരുറുപ്പികയ്ക്ക് നൂറ് ഓലപ്പടക്കങ്ങൾ കിട്ടുന്ന കാലമാണ്. മത്താപ്പും കമ്പിത്തിരിയും മേശപ്പൂവും നിലച്ചക്രവും തലച്ചക്രവും ഒക്കെ വെറും സ്വപ്നമായല്ലോ എന്ന് സങ്കടപ്പെട്ടു. ഏതായാലും ഓലപ്പടക്കവും സ്വപ്നം മാത്രമായി. പത്രക്കാരൻ പടക്കം കൊണ്ടുവന്നില്ല. അങ്ങനെ അക്കൊല്ലം പടക്കം കൂടാതെയുള്ള വിഷുവായി ഞങ്ങൾക്ക്.

അക്കൊല്ലം എന്നു പറഞ്ഞെന്നേയുള്ളു. എല്ലാക്കൊല്ലവും അങ്ങനെത്തന്നെയായിരുന്നു. ഒരു കൊല്ലം എന്തെല്ലാമോ സാധനങ്ങൾ വാങ്ങാൻ അച്ഛനെന്നെ പീടികയിലേയ്ക്കയച്ചു. ആവശ്യത്തിലും കുറച്ചധികം പണമുണ്ടായിരുന്നു. കുറച്ചു പടക്കം വാങ്ങട്ടെ എന്ന് പേടിച്ചു പേടിച്ച് അച്ഛനോടു ചോദിച്ചു. അച്ഛൻ ഒന്നു മൂളിയെന്നു തോന്നി. സാധനങ്ങൾ വാങ്ങിയപ്പോൾ നാലര ഉറുപ്പിക ബാക്കി. പടക്കക്കടയിൽ ചെന്നു. അവിടത്തെ വിഭവങ്ങൾ കണ്ട് അന്തംവിട്ടു നിന്നു. തലച്ചക്രം, നിലച്ചക്രം, കമ്പിത്തിരി, മത്താപ്പ്, ഒരു മാലപ്പടക്കം, കുറച്ച് ഓലപ്പടക്കം- നാലുറുപ്പികയായി. എട്ടണയെങ്കിലും അച്ഛനു മടക്കിക്കൊടുക്കണ്ടേ?

പണം മടക്കിയേൽപ്പിക്കുമ്പോൾ അച്ഛൻ ഒന്നും പറഞ്ഞില്ല. പക്ഷേ, അമ്മയോടു പറഞ്ഞു. അയാൾക്ക് പണത്തിന്റെ ബുദ്ധിമുട്ടൊന്നും അറിയില്ല. പിന്നെ നാടുവിടുന്നതു വരെ ഞാൻ പടക്കം വാങ്ങിയില്ല.

പണത്തിന്റെ പുളപ്പ് എന്തെന്നറിയുന്നത് ബോംബെയിലെത്തിയപ്പോഴാണ്. പടക്കത്തിന്റെ കാര്യത്തിലുമതെ. ബോംബെയിൽ വിഷുവില്ലെങ്കിലും ദീപാവലിയുണ്ട്. ഒരാഴ്ചത്തേയ്ക്ക് കണ്ണും കാതും കേൾക്കില്ല. കെട്ടിടങ്ങൾക്കിടയിലിട്ടു പൊട്ടിക്കുന്നതുകൊണ്ട് മുഴക്കം കൂടും. രാത്രിയും പകലും പടക്കം തന്നെ.

എങ്ങനെയെങ്കിലും ദീപാവലി കഴിഞ്ഞുകിട്ടിയാൽ മതിയെന്നാവും. രാത്രി സ്വസ്ഥമായി ഉറങ്ങാൻ പറ്റില്ല. അതുകൊണ്ട് അത്താഴം കഴിഞ്ഞ് നടക്കാനിറങ്ങും. മുന്നിലും പിന്നിലും ഇടത്തും വലത്തും പടക്കം പൊട്ടുകയാണ്. അന്തരീക്ഷത്തിൽ വെടിമരുന്നിന്റെ മണം മാത്രം. അങ്ങനെ നടക്കുമ്പോളൊരിക്കൽ ഒരാൾ വളരെ വലിയ ഒരു കടലാസ്സുപെട്ടി താങ്ങിപ്പിടിച്ച് നിസ്സഹായനായി നിൽക്കുന്നു. ഞങ്ങളെ കണ്ടപ്പോൾ അയാൾ ദയനീയമായി നോക്കി. എന്താണ് വിഷമമെന്ന് ഞങ്ങൾ ചോദിച്ചു. അപ്പോഴാണ് അയാൾ കൈയിലെ പെട്ടി തുറന്നത്. മാലപ്പടക്കത്തിന്റെ വലിയ ഒരു കെട്ട്. അതൊറ്റയ്ക്കു പൊട്ടിക്കാൻ ധൈര്യമില്ലാത്തതുകൊണ്ട് പരുങ്ങി നിൽക്കുകയാണ് അയാൾ. ഞങ്ങൾ അയാളെ സഹായിക്കാൻ തീരുമാനിച്ചു. പെട്ടി നിലത്തുവെച്ച് ചുരുൾ നിവർത്താൻ തുടങ്ങി. ഏകദേശം അരക്കിലോമീറ്ററോളം നീളം! കഴിയുന്നത്ര ആളുകളെ വിളിച്ചുകൂട്ടി ഞങ്ങൾ ആഘോഷമായി അതിനു തിരികൊളുത്തി. എനിക്കു മറക്കാനാവാത്ത രാത്രിയായിരുന്നു അത്. ഒരു ജീവിതത്തിൽ ആകാവുന്നത്ര പടക്കം മുഴുവൻ പൊട്ടിച്ചുതീർന്നുവെന്ന് എനിക്കു തോന്നി.

ഒരു വ്യാഴവട്ടത്തിനുശേഷം നാട്ടിൽ തിരിച്ചു താമസമാക്കിയപ്പോഴാവട്ടെ പടക്കത്തോടുള്ള ആർത്തി നഷ്ടപ്പെട്ടിരുന്നു. അല്ലെങ്കിലും കുട്ടിക്കാലത്തെ വർണങ്ങളൊന്നും പിന്നീട് ഒന്നിലും അനുഭവപ്പെട്ടിട്ടില്ല. വിഷുവാകട്ടെ ഇന്ന് പണ്ടത്തെക്കാളൊക്കെ ഉച്ചത്തിലാണ് ആഘോഷിക്കപ്പെടുന്നത്. നഗരത്തിലെ പടക്കസ്റ്റാളുകളിലൊക്കെ വലിയ തിരക്കാണ്. നേരത്തെ ഹാജരായില്ലെങ്കിൽ പടക്കം കിട്ടിയെന്നു വരില്ല. വീട്ടുമുറ്റങ്ങൾ ഉത്സവപ്പറമ്പുകൾ പോലെയാണ്. പണ്ടത്തേക്കാളും ഇനങ്ങളുമുണ്ട്. കുട്ടികൾ ഉത്സാഹത്തോടെത്തന്നെ സ്വന്തം വീട്ടുമുറ്റങ്ങളിൽതന്നെയുണ്ട്. ഹരികുമാറിന്റെ കഥയിലെ കൃഷ്ണൻകുട്ടിയെപ്പോലെ അവർക്കിന്ന് അയൽവക്കത്തെ വേലിക്കരികിൽ പോയി നിൽക്കേണ്ട ഗതികേടില്ല.

കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ ചില കാര്യങ്ങളിലെങ്കിലും കേരളം മാറിയിട്ടുണ്ട്. കാട്ടിക്കൂട്ടലാവാം. എന്നാലും സമ്പന്നത അതിലൊന്നാണ്. അതിന്റെ കപടപ്പടക്കങ്ങൾ നിരന്തരം പൊട്ടിക്കൊണ്ടിരിക്കുകയാണ്.

മാധ്യമം ഓൺലൈൻ - 2012 ഏപ്രിൽ 18

അഷ്ടമൂര്‍ത്തി

കഥാകൃത്ത്, ലേഖകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ മലയാള സാഹിത്യകാരന്‍. നിത്യജീവിതത്തിൽ നിന്ന്‌ അടർത്തിയെടുത്ത മുഹൂർത്തങ്ങളെ കഥകളാക്കി ആവിഷ്‌കരിക്കുന്നത്‌ അഷ്‌ടമൂർത്തിയുടെ ഒരു പ്രത്യേകതയാണ്‌. റിഹേഴ്‌സൽ ക്യാമ്പ്‌ എന്ന നോവൽ 1982-ലെ കുങ്കുമം അവാർഡു നേടി. വീടുവിട്ടുപോകുന്നു എന്ന കൃതിക്ക് 1992ലെ കേരള സാഹിത്യ അക്കാദമി അവാർഡു ലഭിച്ചു.

അനുബന്ധ വായനയ്ക്ക്