എം. പ്രഭാകരന്‍ (എം.പി. പണിക്കര്‍)

മാതൃഭൂമിയുടെ ചിത്രശാല എന്ന പേജിലൂടെ തൊള്ളായിരത്തി അമ്പതു മുതല്‍ എഴുപതുകളുടെ അവസാനം വരെ മൂന്നു ദശാബ്ദങ്ങളില്‍ ബംഗാളി സിനിമയുടെ വളര്‍ച്ച നേരിട്ടു കണ്ട്‌ നിരൂപണങ്ങളും റിപ്പോര്‍ട്ടുകളും എഴുതിയിരുന്ന എം. പ്രഭാകരന്‍ നല്ല സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക്‌ പരിചിതനാണ്‌.

പൊന്നാനി താലൂക്കില്‍ എം. കുഞ്ഞിക്കുട്ടി അമ്മയുടേയും ഗോവിന്ദപ്പണിക്കരുടേയും മുത്ത മകനായി 1932 ആഗസ്റ്റ്‌ മാസം 12 ന് എം. പ്രഭാകരന്‍ (എം.പി. പണിക്കര്‍) ജനിച്ചു. 1948 ല്‍ എ.വി ഹൈസ്കൂളില്‍ നിന്ന്‌ എസ്‌.എസ്‌. എല്‍.സി പാസ്സായി. 1952 ല്‍ കല്‍ക്കത്തയിലെ ഡയറക്ടറേറ്റ്‌ ഓഫ്‌ മറൈന്‍ എഞ്ചിനീയറിങ്ങ്‌ ആന്റ്‌ ട്രേയ്നിങ്ങില്‍ ഓദ്യോഗിക ജീവിതം ആരംഭിക്കുകയും 1990 ആഗസ്റ്റില്‍ നാഷണല്‍ ഷിപ്പിങ്ങ്‌ ബോര്‍ഡ്‌ ചെയര്‍മാന്റെ സ്രെക്രറ്ററിയായി അദ്ദേഹം വിരമിക്കുകയും ചെയ്തു. സഹധര്‍മ്മിണി ശ്രീമതി സുന്ദരി പണിക്കര്‍. മക്കള്‍ ചിത്ര, ദീപ. മരുമക്കള്‍ ഗോപകുമാര്‍ മേനോന്‍, കെ. ശ്രീകുമാര്‍.

1950 കളിലും 60 കളിലും എം.പി. പണിക്കര്‍ മലയാളത്തില്‍ പരിഭാഷപ്പെടുത്തിയ ബംഗാളി നോവലുകള്‍ മാതൃഭൂമി പ്രസിദ്ധീകരിക്കാറുണ്ടായിരുന്നു. അക്കാലത്ത്‌ കല്‍ക്കത്ത മലയാളികളുടെ സാമൂഹ്യവും സാംസ്‌കാരികവുമായ പ്രവര്‍ത്തനങ്ങളെപ്പറ്റി അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകളും മാതൃഭൂമിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ബംഗാളി ചലച്ചിത്രങ്ങളെക്കുറിച്ച്‌ അവലോകനങ്ങള്‍ എഴുതിയിരുന്ന മൂന്ന്‌ ദശാബ്ദക്കാലം (1950-1970) ആയിരിക്കണം അദ്ദേഹത്തിന്റെ സാഹിത്യജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടം. സിനിമയെക്കുറിച്ചുള്ള മലയാളിയുടെ അവബോധം വികസിപ്പിക്കുന്നതില്‍ എം.പി. പണിക്കര്‍ “ചിത്രശാല” എന്ന പേരില്‍ മാതൃഭൂമിയില്‍ എഴുതിയിരുന്ന അവലോകനങ്ങള്‍ക്ക്‌ വലിയ പങ്കുണ്ട്‌. മൃണാള്‍ സെന്‍, തപന്‍ സിന്ഹ, സത്യജിത്‌ റേ, ജത്വിക്‌ ഘട്ടക്‌ എന്നിവരുടെ സിനിമകളെക്കുറിച്ച്‌ എം.പി. പണിക്കര്‍ തയ്യാറാക്കിയ ലേഖനങ്ങള്‍ അദ്ദേഹത്തില്‍ നിന്ന്‌ ലഭിച്ച അനര്‍ഘമായ സംഭാവനയായി കണക്കാക്കപ്പെടുന്നു.

കല്‍ക്കത്തയിലെ മലയാളി സമൂഹവുമായി അദ്ദേഹം വളരെ ക്രിയാത്മകമായി ഇടപെട്ടിരുന്നു. അമ്പതുകളില്‍ എം. പി. പണിക്കര്‍ കല്‍ക്കത്ത മലയാളി സമാജത്തിന്റെ ജോയിന്റ്‌ സ്ക്രറ്ററിയായിരുന്നു. തുടര്‍ന്ന്‌ കല്‍ക്കത്ത സാഹിത്യവേദിയുടെ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ അദ്ദേഹം സാഹിത്യ പ്രവര്‍ത്തനത്തില്‍ മുഴുകുകയും ചെയ്തിരുന്നു. ഇടശ്ശേരിയുമായി സൌഹൃദം പുലര്‍ത്തിയിരുന്ന എം.പി. പണിക്കര്‍ ഉറൂബ്‌ തുടങ്ങിയ പൊന്നാനിക്കളരിയിലെ സാഹിത്യകാരന്‍മാരുമായി അടുത്ത ബന്ധം നിലനിര്‍ത്തിയിരുന്നു.

സാംസ്‌കാരിക കേരളം എം.പി. പണിക്കരോട്‌ കടപ്പെട്ടിരിക്കുന്നത്‌ മലയാളി ഭാവുകത്വത്തെ ബംഗാളി സിനിമയോടും സാഹിത്യത്തോടും കണ്ണിചേര്‍ക്കാന്‍ സഹായിച്ച സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്ന നിലയിലായിരിക്കും

മൂന്ന്‌ ദശകങ്ങളിലെ ബംഗാളി സിനിമയെ മലയാളികള്‍ക്ക്‌ പരിചയപ്പെടുത്തിയ നിരൂപണങ്ങള്‍, റിപ്പോര്‍ട്ടുകള്‍ (നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്റെ എല്ലാ ലേഖനങ്ങളും ഇപ്പോള്‍ ലഭ്യമല്ല) ലഭ്യമായത്‌ ഈ പേജുകളില്‍ ചേര്‍ക്കുന്നു.

 

കുറിപ്പ്: എം.പി. പണിക്കരുടെ നിരൂപണങ്ങള്‍, റിപ്പോര്‍ട്ടുകള്‍ എന്നിവ സമാഹരിച്ച് ഒരു വെബ്ബ് സൈറ്റ് രൂപത്തില്‍ ശ്രീ. ഇ ഹരികുമാര്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇത് ഈ വെബ്ബ്സറ്റിന്റെ ആര്‍ക്കൈവ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇ ഹരികുമാര്‍

E Harikumar

അനുബന്ധ വായനയ്ക്ക്