കൊച്ചുകാര്യങ്ങളുടെ വലിയ വരകള്‍

കവി, കാർട്ടൂണിസ്റ്റ്, ചിത്രകാരൻ, ഫിലോസഫർ, ലോകരാഷ്ട്രീയ രംഗത്ത് ഫലപ്രദമായി ഇടപെടുന്നയാൾ - ഇതു വല്ലാത്തൊരു കൂട്ടുകെട്ടാണെന്നു തോന്നാം. ഇവയെല്ലാം യോജിപ്പിച്ചാൽ കിട്ടുന്നത് ലോകത്തു തന്നെ അറിയപ്പെടുന്ന കാർട്ടൂണിസ്റ്റ് മൈക്കൽ ല്യൂനിഗ് ആയിരിക്കും.

ഒ.വി. വിജയന്റെ കാർട്ടൂണുകളിലെ ആത്മീയതയുമായി പരിചയപ്പെട്ട മലയാളികൾക്ക് ല്യൂനിഗിന്റെ കാർട്ടൂൺ തരുന്ന സാന്ത്വനം അളവറ്റതാണ്. ആത്മീയത എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് മതപരമോ ദൈവീകമോ ആയ ഒന്നല്ല, മറിച്ച് മനുഷ്യനടക്കമുള്ള സഹജീവികളോടുള്ള സ്‌നേഹത്തിൽ നിന്നുളവാകുന്ന അനുതാപമാണ്.

താഴെ ഒരുദാഹരണം കൊടുക്കുന്നു:

Summer Diary by Michael Leunig

ആറ് ചിത്രങ്ങളിലായി വരച്ചിട്ടുള്ള 'സമ്മർ ഡയറി' എന്നു പേരിട്ട ഈ കാർട്ടൂൺ, വർത്തമാനപത്രം വായിച്ച ഒരാളെപ്പറ്റിയാണ്. 1) ഞാനിന്നലെ വർത്തമാനപത്രം വായിച്ചു. 2) അതെന്റെ ജീവൻ ഊറ്റിക്കളഞ്ഞു. 3) നിരാശതയുടെ തിക്തതകൊണ്ടും നിരർത്ഥതാബോധം കൊണ്ടും ഞാൻ തല കറങ്ങി കസേലയിൽനിന്ന് നിലത്തേയ്ക്കു വീണു. 4) വളർത്തുനായ വന്ന് എന്റെ മുഖത്തു നക്കാൻ തുടങ്ങി. 5) ഏകദേശം അഞ്ചു മിനുറ്റോളം നക്കിയപ്പോൾ പ്രത്യാശ എന്നിലേയ്ക്കു തിരിച്ചുവരാൻ തുടങ്ങി. 6) അധികമൊന്നുമില്ല, പക്ഷെ കഷ്ടിച്ച് പതുക്കെ എഴുന്നേറ്റിരിക്കാനും ഇതു പറയാനും മാത്രം. 'മിടുക്കൻ നായ.'

ഇന്നത്തെ വർത്തമാനപത്രം വായിക്കുന്ന സാഡിസ്റ്റല്ലാത്ത ഏതൊരുവനും അനുഭവിച്ചേക്കാവുന്ന ഒന്നാണിത്. നമ്മൾ ഉടനെ കാർട്ടൂണിസ്റ്റുമായി താദാത്മ്യം പ്രാപിക്കുന്നു.

മൈക്കൽ ല്യൂനിഗിന്റെ കാർട്ടൂൺ ചിത്രപ്രദർശനം ലളിതകലാ അക്കാദമി, തൃശ്ശൂരിൽ ഏപ്രിൽ 3 മുതൽ 6 വരെ ഉണ്ടായിരുന്നു.

കാർട്ടൂണിലായാലും രാഷ്ട്രീയത്തിലായാലും ഒരു വിവാദപുരുഷനായിരിന്നു ല്യൂനിഗ്. ഇറാഖിലെ യുദ്ധത്തിനെതിരായും 2006 ലെ ഇസ്രേലിന്റെ ഗാസാ മിലിറ്ററി ഇടപെടലിനെതിരായും അദ്ദേഹം പ്രസംഗിക്കുകയും എഴുതുകയും ചെയ്തിട്ടുണ്ട്. ഇസ്രേലിനെതിരായ വിമർശനം ഒരു ഭാഗം മാത്രം മനസ്സിലാക്കിയാണെന്ന വിമർശനവും ഉണ്ടായിട്ടുണ്ട്. ഹമാസ് ഇസ്രേലികളെ തട്ടിക്കൊണ്ടു പോകുന്നതിനും ദിനം പ്രതി റോക്കറ്റ് അയക്കുന്നതിനും മറുപടിയായിട്ടാണ് ഇസ്രേൽ ഗാസയിലേയ്ക്കു കടന്നതെന്ന് ല്യൂനിഗ് വിസ്മരിക്കുന്നുവെന്ന് അവർ ആരോപിക്കുന്നു. അതുപോലെ 2006-ൽ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ കിടക്കുന്ന ഏര്യൽ ഷാരോണെതിരായി 'ദ ഏജി'ൽ വന്ന കാർട്ടൂണും വളരെയധികം വിമർശനം വിളിച്ചുവരുത്തി .

ഐ-ഗൂഗിളിന്റെ ഹോംപേജിലെ തീം ഉണ്ടാക്കിയത് ല്യൂനിഗാണ്. അതിലും അദ്ദേഹത്തിന്റെ സൃഷ്ടിയായ വഴികാട്ടി താറാവുണ്ട്.

Google home page theme by Michael Leunig

രാഷ്ട്രീയ ഹാസ്യം

ഈ താറാവും ഒരു ചായകെറ്റിലും, ചന്ദ്രക്കലയും അദ്ദേഹത്തിന്റെ പല കാർട്ടൂണുകളിലും കാണാൻ കഴിയും. അദ്ദേഹത്തിന്റെ പേരെടുത്ത ഒരു കാർട്ടൂണിൽ ഒരാൾ ഒരു ദീർഘയാത്ര ചെയ്യുകയാണ്, തലയിൽ ഒരു കെറ്റിലും വച്ചിട്ടുണ്ട്, മുമ്പിൽ വഴികാട്ടിയായി താറാവും. ല്യൂനിഗ് ജോലിയെടുക്കുന്ന 'ന്യൂസ് ഡേ' എന്ന പത്രത്തിലെ എഡിറ്റർക്ക് ആ കാർട്ടൂൺ ഇഷ്ടമായി, എന്താണെന്നു മനസ്സിലായിട്ടാണോ എന്നറിയില്ല. പക്ഷെ ല്യൂനിഗിനു തന്നെ അതിന്റെ അർത്ഥം മനസ്സിലായത് കുറേ വർഷം കഴിഞ്ഞതിനു ശേഷമാണത്രെ. ആയിരിക്കാം, അങ്ങിനെയും സംഭവിക്കാം. രാഷ്ട്രീയ കാർട്ടൂൺ വരയിൽനിന്ന് മോചനം തേടിയുള്ള ല്യൂനിഗിന്റെ തന്നെ യാത്രയായിരിക്കാമതെന്നദ്ദേഹം പറയുന്നു. അതെന്തായാലും നന്നായി. രാഷ്ട്രീയത്തേക്കാൾ ലോകത്തിനിന്നാവശ്യം മാനവികതയാണ്.

ഈ കാർട്ടൂണിലൂടെയാണ് ല്യൂനിഗ് സ്വയം കണ്ടെത്തുന്നത്. അതിലെ മൂക്കൻ കഥാപാത്രം താൻ തന്നെയാണെന്ന് മനസ്സിലാവുന്നു. തലയിലേന്തിയ ചായപ്പാത്രവും വഴികാട്ടിയായ താറാവും രാഷ്ട്രീയ ഹാസ്യചിത്രമെഴുത്തിൽ നിന്ന് രക്ഷപ്പെട്ട് എത്താൻ പോകുന്ന

ലോകത്തിന്റെ മമതയും, സ്വീകാര്യതയും ഊഷ്മളതയും കാണിക്കുന്നു. മുകളിലുള്ള ചന്ദ്രക്കല ഒരു സഹചാരിയെങ്കിലും ദുർഗ്രാഹ്യവും അതേ സമയം സ്‌ത്രൈണവുമാണ്. അദ്ഭുതമില്ല, സ്‌ത്രൈണമായിട്ടുള്ളതെല്ലാം ദുർഗ്രാഹ്യവുമാണല്ലൊ.

ജനാധിപത്യം അഴിമതിയാൽ എത്രത്തോളം ദൂഷിതമായിരിക്കുന്നു എന്ന തിരിച്ചറിവിലായിരിക്കണം താഴെ കൊടുത്ത കാർട്ടൂൺ അദ്ദേഹം വരച്ചിട്ടുണ്ടാകുക. അതിൽ ഒരാൾ ഒരു വീട്ടമ്മയെ ഇന്റർവ്യു ചെയ്യുകയാണ്.

ഇന്റർവ്യൂ ചെയ്യുന്ന ആൾ: കുറ്റവാളികളെന്നു സംശയിക്കുന്നവരെ വെടിവെച്ചു കൊല്ലുന്നതിനെപ്പറ്റി എന്താണഭിപ്രായം?

വീട്ടമ്മ: നല്ല കാര്യമാണത്. പക്ഷെ അതിനേക്കാൾ എളുപ്പമാർഗ്ഗം അവരെ വോട്ടു ചെയ്തു പുറത്താക്കലല്ലെ?

കവിത, ഫിലോസഫി, കാർട്ടൂൺ എന്നീ വകുപ്പുകളിലായി ഇരുപത്തഞ്ചോളം പുസ്തകങ്ങൾ ല്യൂനിഗിന്റേതായിട്ടുണ്ട്.

ഓസ്‌ട്രേലിയൻ പാട്ടുകാരി ഗീയാൻ ഇവാൻസ്, ല്യൂനിഗിന്റെ കവിതകൾ ചൊല്ലി 'ബില്ലി ദ റാബിറ്റ്' എന്ന പേരിൽ ഒരാൽബമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1945 ലാണ് ജനനം. അച്ഛൻ ഒരറവുകാരനായിരുന്നു. വിദ്യാഭ്യാസത്തിൽ നിന്നെല്ലാം ഒളിച്ചോടി ചില്ലറ ജോലികൾ ചെയ്തു, കാർട്ടൂൺ വരയ്ക്കാൻ തുടങ്ങി. തൊള്ളായിരത്തി അറുപത്തൊമ്പതിൽ മെൽബോണിൽ ഒരു ദിനപത്രത്തിനു വേണ്ടി കാർട്ടൂൺ വരച്ചുതുടങ്ങി. 1999-ൽ ല്യൂനിഗിനെ ഓസ്‌ട്രേലിയൻ നേഷനൽ ട്രസ്റ്റ് 'ജീവിച്ചിരിക്കുന്ന ദേശീയ നിധിയായി' പ്രഖ്യാപിച്ചു.

ലളിതകലാ അക്കാദമിയിലെ പ്രദർശനം മൈക്കൽ ല്യൂനിഗ് കാർട്ടൂണുകളുടെ ഒരു പരിഛേദമെന്ന നിലയിൽ താല്പര്യമുണർത്തുന്നതാണ്. അദ്ദേഹത്തിന്റെ നിരവധി രചനകളിൽ നിന്ന് 'കൊച്ചു കൊച്ചു കാര്യങ്ങൾ' ആഘോഷമാക്കുന്നതിനെക്കുറിച്ചുള്ള ഏതാനും കാർട്ടൂണുകളാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്. ചെറിയ കാര്യങ്ങളാണ് മാനുഷികത സംരക്ഷിച്ചു പോരുന്നതെന്ന് ല്യൂനിഗ് വിശ്വസിച്ചു പോന്നു. ലോകം വലിയ വലിയ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ ഈ മനുഷ്യൻ ചെറിയ കാര്യങ്ങളെപ്പറ്റി സംസാരിക്കുന്നു. അപ്പോഴാണ് നാം മനസ്സിലാക്കുന്നത്, നമ്മുടെയെല്ലാം ഉള്ളിൽ ഒരു സാന്ത്വനമായി എപ്പോഴും ഉള്ളത് ഈ ചെറിയ കാര്യങ്ങൾതന്നെയാണെന്ന്. അതോടെ നമുക്ക് കാർട്ടൂണിസ്റ്റിനോട് വല്ലാത്തൊരു സ്‌നേഹം തോന്നുകയാണ്.

ഇ ഹരികുമാര്‍

E Harikumar