കാലം മായ്ചിട്ടില്ലാത്ത കാല്‍പാടുകള്‍

മാരിയത്ത് സി.എച്ച് എഴുതിയ കാലം മായ്ച്ച കാല്‍പ്പാടുകള്‍ എന്ന പുസ്തകത്തെപ്പറ്റി ഇ.ഹരികുമാർ

പ്രകൃതിയോടടുത്ത, വർണ്ണശബളമായ ഒരു ബാല്യത്തിൽ അഭിരമിയ്ക്കുന്ന ഒരു പെൺകുട്ടി, ഒരു ദിവസത്തെ പനി നിഷ്ഠൂരമായി നൽകിയ അവശതയെ പഴിചാരാതെ മുന്നേറുന്ന കാഴ്ചയാണ് മാരിയത്ത് സി.എച്ചിന്റെ 'കാലം മായ്ച്ച കാൽപ്പാടുകൾ' എന്ന ആത്മകഥ കാണിച്ചുതരുന്നത്. മുപ്പതാം വയസ്സിൽ ആത്മകഥയൊന്നും എഴുതാറായിട്ടില്ല എന്നു നമുക്കു തോന്നാം, കാരണം മുമ്പിൽ ജീവിതം നീണ്ടുനിവർന്നു കിടക്കുകയാണ്. പക്ഷെ ഈ വയസ്സിൽ എഴുതിയാലെ ബാല്യത്തിന്റെ, കൗമാരത്തിന്റെ, യൗവ്വനത്തിന്റെയെല്ലാം ശരിയ്ക്കുള്ള ചിത്രം നഷ്ടപ്പെടാതെ കിട്ടുകയുള്ളു. വയസ്സായ ശേഷം എഴുതുന്ന ഒരാത്മകഥയിൽ മാരിയത്തിന്റെ പുസ്തകത്തിന്റെ പ്രസരിപ്പോ ഊഷ്മളതയോ കിട്ടുകയില്ല. ഓർമ്മിച്ചെഴുതുന്ന കഥയ്ക്ക് അതിന്റേതായ നിറംമങ്ങൽ വായനക്കാർക്ക് അനുഭവപ്പെടും.

ആദ്യത്തെ അദ്ധ്യായത്തിൽത്തന്നെ നമുക്കൊരു ഞെട്ടൽ തന്നുകൊണ്ട് മാരിയത്ത് അവൾക്കുണ്ടായ ദുർവിധിയെപ്പറ്റി പറഞ്ഞുതരുന്നു. രണ്ടാം ക്ലാസ്സിൽ പഠിയ്ക്കുമ്പോൾ പനിയെത്തുടർന്ന് അവളുടെ കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടത്. അതേ അദ്ധ്യായത്തിന്റെ ഒടുവിലാണ് ആറാം വയസ്സിൽ പുഴയിൽ ഉമ്മയുടെ കൂടെ കുളിക്കാൻ പോയപ്പോൾ മുങ്ങിമരിയ്ക്കാറായതിനെപ്പറ്റി പറയുന്നത്. അന്ന് പുഴയിൽ അലക്കിയ തുണി നിവർത്തിയിടുവാനായി കരയിൽ പോയ ഉമ്മ തിരിച്ചുവരാൻ ഒരു മിനിറ്റു വൈകിയിരുന്നെങ്കിൽ ഈ കഥ പറയുവാൻ മാരിയത്ത് ശേഷിയ്ക്കില്ലായിരുന്നു. നമുക്ക് ഇങ്ങിനെ മനോഹരമായ ഒരു പുസ്തകവും, മാരിയത്ത് ഇനി എഴുതാൻ പോകുന്ന കഥകളും, വരയ്ക്കാൻ പോകുന്ന ചിത്രങ്ങളും നഷ്ടമാകുമായിരുന്നു.

വീണ്ടുമൊരിയ്ക്കൽ മരണവുമായുണ്ടായ ഏറ്റുമുട്ടൽ മാരിയത്ത് വിവരിയ്ക്കുന്നുണ്ട്. അത് എല്ലാവരുംകൂടി കടൽ കാണാൻ പോയപ്പോഴായിരുന്നു. ഒരു വലിയ തിര മാരിയത്തിനെ അപഹരിയ്ക്കാൻ ശ്രമിച്ചു. സമയത്തിന് മറ്റുള്ളവർ കണ്ട് അവളെ കടലിൽ നിന്ന് തിരിച്ചെടുത്തു. പക്ഷെ അവൾക്ക് ഒരു ചെരിപ്പു നഷ്ടമായി. മറ്റെ ചെരിപ്പുകൂടി കടലിലേയ്ക്കിട്ടാൽ കടൽ രണ്ടുംകൂടി തിരിച്ചുതരുമെന്ന് ആരോ പറഞ്ഞതനുസരിച്ച് അതും വലിച്ചെറിഞ്ഞു. പക്ഷെ ചെരിപ്പുകൾ കിട്ടുകയുണ്ടായില്ല. ക്രൂരയായ വിധി അവൾക്കു ഭാവിയെപ്പറ്റി അസുഖകരമായൊരു സന്ദേശം കൈമാറുകയായിരുന്നോ?

പിന്നീടുള്ള ഏതാനും അദ്ധ്യായങ്ങളിൽ അവളുടെ കുട്ടിക്കാലത്തെപ്പറ്റി മാരിയത്ത് പറയുന്നുണ്ട്. പൂമ്പാറ്റകളും അണ്ണാറക്കണ്ണന്മാരും ചെറിയൊരു കാറ്റടിച്ചാൽ ഉതിർന്നു വീഴുന്ന മാമ്പഴവുമുള്ള പറമ്പുകളും, പാറകൾക്കിടയിലൂടെ ഒഴുകുന്ന അരുവികളും ഒക്കെ ഉള്ള ഒരു കുട്ടിക്കാലം. അതെല്ലാം എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടുവെന്നറിഞ്ഞപ്പോഴും ആത്മധൈര്യം കൈവിടാതെ വിധിയുമായി പൊരുതി ജീവിതത്തിൽ തോൽക്കുകയില്ല എന്ന ദൃഢനിശ്ചയത്തോടെ മുന്നേറുന്ന കാഴ്ച ഒരുൾപ്പുളകത്തോടെയല്ലാതെ നോക്കിനിൽക്കാൻ കഴിയില്ല.

ഈ പുസ്തകത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഭാഗം മാരിയത്ത് കോളേജിൽ ചേർന്നതാണ്. വിസ്മയത്തോടെ മാത്രം വായിക്കാൻ കഴിയുന്ന അദ്ധ്യായങ്ങൾ. കോളജിൽ ചേരാൻ പറ്റില്ലെന്നു തീരുമാനിച്ച മാരിയത്തിന്റെ മനം മാറ്റിയെടുത്തത് സഖറിയ സാറിന്റെ പ്രോത്സാഹനങ്ങളായിരുന്നു. ആരേയും ആശ്രയിക്കാതെ ജീവിക്കാൻ ആർക്കും കഴിയില്ലെന്നും മറ്റുള്ളവരുടെ സഹായം സ്വീകരിയ്ക്കുന്നതിൽ അപാകതയൊന്നുമില്ലെന്നും പറഞ്ഞ് അദ്ദേഹം മാരിയത്തിന്റെ തീരുമാനം മാറ്റിച്ചു. അവൾ വരച്ച മെഴുകുതിരി ചിത്രത്തിനു താഴെ അദ്ദേഹം എഴുതിച്ചേർത്തു. 'സ്വയം പ്രകാശിക്കുക, മറ്റുള്ളവരിലേയ്ക്കും പ്രകാശം പരത്തുക.' ഈ പുസ്തകം മുഴുവൻ വായിച്ചു കഴിഞ്ഞപ്പോൾ എനിയ്ക്കും പറയാനുള്ളത് അതു തന്നെയാണ്.

അടുത്തുള്ള അദ്ധ്യായങ്ങളിൽ ഗുരു നിത്യചൈതന്യയതിയുമായുള്ള കത്തിടപാടുകൾ, കുഞ്ഞമ്മ ടീച്ചറും മിനി ടീച്ചറും പ്രോത്സാഹിപ്പിച്ച് സാരിയിൽ പെയ്‌ന്റ് ചെയ്യാൻ പഠിച്ചു, തയ്യൽ പഠിച്ചു, മോട്ടോറിട്ട യന്ത്രത്തിൽ തുന്നാൻ തുടങ്ങി. അങ്ങിനെ ജീവിതം അർത്ഥവത്താക്കുകയാണ് മാരിയത്ത്. സ്വന്തം കാൽപ്പാടുകൾ കാലത്തിന് മായ്ക്കാൻ കഴിയാത്ത വിധത്തിൽ കൊത്തിവയ്ക്കുകയാണ് സ്വയം പ്രകാശിക്കുകയും മറ്റുള്ളവരിലേയ്ക്ക് പ്രകാശം പരത്തുകയും ചെയ്യുന്ന ഈ പെൺകുട്ടി.

'കാലം മായ്‌ച്ച കാൽപ്പാടുകൾ'
ജീവിതകഥ - മാരിയത്ത് സി.എച്ച്.
ആൽഫബറ്റ് പബ്ലിഷേഴ്‌സ്,
വില 55 രൂപ

ഇ ഹരികുമാര്‍

E Harikumar