ഇ മാധവന്‍

സുവര്‍ണ്ണകഥകള്‍ - ആമുഖം

ഇ മാധവന്‍

ഹരിയേട്ടന്‍ ഒച്ച താഴ്ത്തി പറയുകയാണ്: “ഞാനൊരു കഥേടെ പ്ളോട്ടാണ്‌ ഇപ്പൊ ആലോചിക്കുന്നത്-പ്രേതത്തെപ്പറ്റി”. ഇടവപ്പാതി രാത്രിയില്‍, ഓല മേഞ്ഞ വീടിന്റെ തട്ടിന്‍പുറത്ത്‌ നിലത്ത്‌ ക്വില്‍ററുകളിലും വിരികളിലും ഞങ്ങള്‍ സഹോദരന്മാര്‍ ഉറങ്ങാന്‍ കിടക്കുകയാണ്‌. കൂരിരൂട്ട്. പുറത്ത്‌ പേമാരി. പ്രേതമെന്ന വാക്കു തന്നെ എന്നില്‍ അങ്കലാപ്പുണ്ടാക്കി. ഇടിമിന്നല്പ്പിണരുകള്‍ വിട്ടത്തിനും മേല്പ്പുരക്കുമിടയിലെ വിടവിലൂടെ അകത്തേക്ക്‌ തെറിച്ചെത്തുമ്പോള്‍ ഏഴുവയസ്സുകാരനായ ഞാന്‍ പേടിച്ച്‌ ഹരിയേട്ടന്റെ അടുത്തേക്ക്‌ നീങ്ങിക്കിടന്നു. ഭീതിയില്‍ നിന്ന്‌ ആശ്വാസം തേടി മൂപ്പരുടെ മുഖത്തേക്ക്‌ നോക്കി. മിന്നലിന്റെ വെളിച്ചത്തില്‍, തല വഴി മൂടിപ്പുതച്ച് മുഖം മാത്രം പുറത്ത്‌ കാണിച്ചുള്ള ആ കിടപ്പ് ആശ്വാസദായകമായിരുന്നില്ല. കഥാകൃത്ത്‌ ഞങ്ങളെ പേടിപ്പെടുത്തുകയോ, അതോ പ്രേതലോകത്ത്‌ സുഹൃത്തുക്കളുളള ഏട്ടനിരിക്കേ യാതൊന്നും ഭയക്കേണ്ടതില്ല എന്ന സമാശ്വാസം പകരുകയോ ചെയ്തതെന്ന്‌ ഉറപ്പില്ല. തട്ടിന്‍പുറത്തിന്റെ എതിര്‍ കോണില്‍ ഇളക്കമില്ലാതെ പൊടിപിടിച്ച പഴയ ഒരു വീപ്പ എനിക്കപ്പോള്‍ ഓര്‍മ്മ വന്നു. അവിടെ ചുറ്റിത്തിരിയുന്ന കടുങ്ങുണ്ണി എന്ന പ്രേതത്തേയും. എന്തായാലും കഥയുടെ പ്ളോട്ട്‌ കേള്‍ക്കാന്‍ ഞങ്ങളെല്ലാവരും കാത്‌ കൂര്പ്പിച്ചു കിടന്നു. ഒന്നു രണ്ട്‌ ദിവസങ്ങള്‍ക്കകം എഴുതിത്തീര്‍ത്ത കഥ ചങ്ങാതിമാരെല്ലാം ചേര്‍ന്ന്‌ ഒരുക്കിയിരുന്ന കയ്യെഴുത്ത്‌ മാസികയുടെ താളുകളില്‍ വടിവാര്‍ന്ന അക്ഷരങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. പത്മിനിയേടത്തി (വിഖ്യാത ചിത്രകാരി ടി.കെ. പത്മിനി) ഇന്ത്യന്‍ ഇങ്കില്‍ വരച്ച ഒരു ഇല്ലസ്‌ട്രേഷനും ഉണ്ടായിരുന്നു എന്നാണ്‌ ഓര്‍മ്മ. ഹരിയേട്ടന്‌ അന്ന്‌ പ്രായം പതിമൂന്നോ പതിനാലോ ആയിരിക്കണം. തുടര്‍ന്ന്‌ ഹൈസ്‌കൂളില്‍ നടത്തിയ കഥാമത്സരത്തില്‍ “ഒരു സായാഹ്നത്തില്‍"എന്ന കഥക്ക്‌ (1959) ഒന്നാം സമ്മാനം കിട്ടുകയും ചെയ്തു. മൂന്ന്‌ വര്‍ഷം പിന്നിട്ടപ്പോഴേക്കും, തന്റെ പത്തൊമ്പതാം വയസ്സില്‍, “മഴയുളള രാത്രിയില്‍" എന്ന ചെറുകഥ മനോരമ ആഴ്ചപ്പതിപ്പില്‍ വെളിച്ചം കണ്ടു. സാഹിത്യജീവിതത്തില്‍ നേരത്തേ ആരംഭിച്ച ആ യാത്ര അദ്ദേഹത്തിന്‌ തനതായ ആസ്വാദകവൃന്ദത്തെ നേടിക്കൊടുത്തു.

തനത്‌ എന്ന വാക്കുതന്നെ പ്രയോഗിക്കട്ടെ, കാരണം ആ ആസ്വാദകവൃന്ദം കഥാകാരനൊഷം സഞ്ചരിക്കുന്നവരും അയാള്‍ക്കൊപ്പം ചിരിക്കുന്നവരും കരയുന്നവരുമായിരുന്നു. അവര്‍ ഒരിക്കലും തങ്ങളുടെ കഥാകൃത്തിനെ ഉപേക്ഷിച്ചില്ല, എഴുത്തുകാരനായ തന്റെ അച്ഛന്‍ തന്നെയായിരുന്നു എഴുത്തിന്റെ മൂല്യദര്‍ശനത്തില്‍ ഹരികുമാറിനെ ധ്രുവതാര പോലെ നയിച്ചത്‌. അദ്ദേഹം അതിനാല്‍ സ്വയം വിശ്വസിക്കാത്തതായ യാതൊന്നും എഴുതിയില്ല; ജീവിതവും എഴുത്തും രണ്ട്‌ കളങ്ങളിലേക്കായി തിരിച്ചില്ല, സര്‍വ്വോപരി വായനക്കാരനെ കൂടുതല്‍ നന്മയുള്ളവനാക്കാന്‍ തന്റെ എഴുത്ത്‌ സഹായിക്കണം എന്ന്‌ ഗാഢമായി ആഗ്രഹിക്കുകയും ചെയ്തു. ഹരികുമാറിന്റെ കൃതികള്‍ കാലാനുക്രമമായി പഠിച്ചാല്‍ നമുക്ക്‌ ബോധ്യമാകും. ജീവിതത്തിന്റെ വിവിധ ദശകളില്‍ എഴുത്തുകാരന്‍ കടന്നു പോയ അനുഭവങ്ങളുടെ ചൂളയില്‍ പാകപ്പെടാത്ത ഒന്നും അവിടെ ഇല്ലെന്ന്. മനുഷ്യനിലുള്ള വിശ്വാസത്തെ തീര്‍ത്തും റദ്ദാക്കുന്ന ഒന്നും ആ കഥാലോകത്തിലില്ല. എഴുത്തുകാരനാകുന്നതില്‍ കവിയായിരുന്ന അച്ഛന്റെ (ഇടശ്ശേരി) സ്വാധീനവും. അമ്മയുടെ (ഇ. ജാനകി അമ്മ) പ്രേരണയും ഹരികുമാറിന്റെ വാക്കുകളില്‍ത്തന്നെ ഇവിടെ രേഖപ്പെടുത്തുന്നത്‌ ഉചിതമായിരിക്കുമെന്ന്‌ തോന്നുന്നു.

“ഞാനറിയാതെത്തന്നെ അച്ഛന്റെ കവിതയിലെ കഥാപാത്രങ്ങള്‍ക്കു സമാനമായ കഥാപാത്രങ്ങള്‍ എന്റെ കഥകളിലും വന്നിട്ടുണ്ട്.'ഇസ്ളാമിലെ വന്‍മല' എന്ന കവിതയില്‍ ബാപ്പയുടെ അടി സഹിക്കാന്‍ വയ്യാതായപ്പോഴും പേരു പറയാതെ തന്റെ സ്‌നേഹിതന്റെ മാനം കാത്ത അലവി എന്ന ബാലന്‍ തന്നെയല്ലേ എന്റെ 'കങ്ഫൂ ഫൈറ്ററും'! 'നെല്ലുകുത്തുകാരി പാറു'വിലെ തീം, അതായത്‌ യന്ത്രവല്‍ക്കരണം സ്ത്രീകളെ തളര്‍ത്തുന്നത്‌, എന്റെ ഒന്നിലധികം കഥകളില്‍ വന്നിട്ടുണ്ട്‌; 'ഒരു ദിവസത്തിന്റെ മരണം' , 'അമ്മേ അവര്‍ നമ്മടെ ആകാശം കട്ടെടുത്തു' എന്നീ കഥകളില്‍. 'മുള്ളന്‍ ചീര'യാണോ 'പ്രാകൃതനായ ഒരു തോട്ടക്കാരന്‍' എന്ന കഥക്ക്‌ പ്രചോദനം?

ഞാന്‍ കഥകളെഴുതാന്‍ കാരണം വായിച്ച കവിതകളുടെ സ്വാധീനമാണെന്ന്‌ പറയാം, അച്ഛനില്‍ നിന്നല്ല അമ്മയില്‍ നിന്നാണ്‌ കഥയെഴുതാനുളട കഴിവും പ്രേരണയും ലഭിച്ചത്‌. അമ്മയുടെ കവിത-കഥയെഴുത്ത്‌ വിവാഹത്തിനു ശേഷം പൊടുന്നനെ നില്‍ക്കുകയാണുണ്ടായത്‌. അമ്മ നിര്‍ത്തിയേടത്തു നിന്ന്‌ ഞാന്‍ തുടങ്ങണമെന്നുണ്ടായിരുന്നു അമ്മക്ക്‌. കഥകളെഴുതിയിരുന്നെങ്കിലും അമ്മയുടെ ആദ്യപ്രേമം കവിതയോടായിരുന്നു, പിന്നെ കവിയോടും!”

ജീവിതാനുഭവങ്ങള്‍ക്കൊപ്പമാണ്‌ ആ കഥാലോകം വളര്‍ന്നതും രൂപപ്പെട്ടതും. ബാല്യകൌമാരങ്ങളിലെ നിഷ്ക്കളങ്കസ്വച്ഛമായ അനുഭവങ്ങള്‍ ആദ്യകാല രചനകളെ സ്വാധീനിച്ചിട്ടുണ്ട്. (കമേണ പ്രമേയങ്ങള്‍ യുവത്വത്തിന്റെ തീക്ഷണകാമനകളിലേക്കും ഒപ്പം തന്നെ നാഗരിക സംസ്‌കാരം ഉയര്‍ത്തുന്ന സമസ്യകളോടുളള മാനവിക നിലപാടിലേക്കും വളരുകയായിരുന്നു. അക്കാലത്ത്‌ മഹാനഗരങ്ങളുടെ മാത്രം പ്രത്യേകതയായിരുന്ന 'ഫ്ളാറ്റ്' കളിലെ ജീവിതം ആദ്യമായി മലയാളിക്ക്‌ കഥകളിലൂടെ പരിചയപ്പെടുത്തിയത്‌ ഹരികുമാറായിരിക്കും. വിവാഹ ശേഷം എഴുതിയ കഥകളില്‍ ഭാര്യയും മകനും, അവരുടെ ചിന്തകളും ആര്‍ദ്രമായ സാന്നിദ്ധ്യമാണ്‌. വളരെ പെട്ടെന്നു തന്നെ ആ കഥാ ലോകം കുടുംബത്തിനു പുറത്ത്‌ സമൂഹത്തിലേക്കും അതിലെ ഉച്ചനീചത്വമാര്‍ന്ന സാമ്പത്തിക ബന്ധങ്ങളിലേക്കും സം(കമിച്ചു. ജീവിതം മുന്നില്‍ നീണ്ടുകിടന്ന പ്രായത്തില്‍ ബോംബേയിലെ വിദേശ കമ്പനിയില്‍ നിന്ന്‌ രാജിവെച്ച്‌ സ്വന്തമായി ആരംഭിച്ച, വലിയ സ്കോപ്പുണ്ടായിരുന്ന, ബിസിനസ്സില്‍ അപ്രതീക്ഷിതമായി സംഭവിച്ച തിരിച്ചടിയും തുടര്‍ന്ന്‌ വളരെ ചെറിയ തോതില്‍ പല ബിസിനസ്സുകളും നടത്തി ജീവിക്കേണ്ടി വന്ന ചുറ്റുപാടുകളും ഈ കഥാകാരനെ ജീവിതത്തിന്റെ പരുപരുത്ത പ്രതലങ്ങളിലൂടെ സഞ്ചരിക്കാന്‍ നിര്‍ബന്ധിതനാക്കി. ജീവിതത്തില്‍ ഒട്ടാകെ കയ്പ്‌ നിറഞ്ഞ ആ കാലഘട്ടത്തില്‍ രാഷ്ട്രീയവും സാമൂഹ്യവുമായി പ്രസക്തിയുള്ള ചിന്തകളാണ്‌ കഥകളുടെ പ്രമേയത്തെ നിര്‍ണ്ണയിച്ചിരുന്നത്‌. തൊഴിലെടുത്ത്‌ കുടുംബം പോററുന്ന സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങള്‍, അവരനുഭവിക്കുന്ന നിസ്സഹായതയും ഏകാന്തതയും, അവരുടെ കുട്ടികള്‍ അനുഭവിക്കുന്ന ഇല്ലായ്മകള്‍ എല്ലാം പകര്‍ത്തുമ്പോള്‍ അവയിലൂടെ ആഹ്വാനങ്ങളോ പ്രഖ്യാപനങ്ങളോ നടത്താന്‍ ഹരികുമാര്‍ ശ്രമിച്ചില്ല. സ്വന്തം കുടുംബാംഗങ്ങള്‍ പോലും ജീവിക്കാനുളള നെട്ടോട്ടത്തില്‍ തനിക്കൊപ്പം കഷ്ടപ്പാടനുഭവിക്കുന്നതില്‍ വ്യസനിക്കുന്ന മനുഷ്യനെ പല കഥകളിലും കാണാം. സാമ്പത്തികമായി രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന ആ വര്‍ഷങ്ങളിലാണ്‌ പക്ഷെ, നര്‍മ്മബോധത്തോടെ ഗാര്‍ഹസ്ഥ്യത്തിന്റെ സൌന്ദര്യവും പ്രശ്നങ്ങളും കഥകളിലവതരിപ്പിക്കാന്‍ ഹരികുമാറിന്‌ കഴിഞ്ഞത്‌. സമൂഹത്തോടൊപ്പം ചിരിച്ചില്ലെങ്കില്‍ താന്‍ വിങ്ങിപ്പൊട്ടിപ്പോകും എന്നൊരു ഘട്ടത്തിലാണെന്ന്‌ തോന്നുന്നു 'കുടുംബപുരാണം' എന്ന നര്‍മ്മം തുളുമ്പുന്ന നോവല്‍ അദ്ദേഹം രചിച്ചത്‌. സാമൂഹ്യമാനങ്ങളും ചരിത്രപശ്ചാത്തലവും കഥകളില്‍ സ്ഥാനം പിടിച്ചപ്പോള് പറയാനുള്ള കാര്യങ്ങള്‍ക്ക്‌ നോവലിന്റെ ഘടന ആവശ്യമാണെന്ന്‌ തിരിച്ചറിഞ്ഞ്‌ ഹരികുമാര്‍ നോവലിലൂടെ ജീവിതാഖ്യാനങ്ങള്‍ നടത്തിത്തുടങ്ങി. ഇതോടെയാണ്‌ 177 ചെറുകഥകള്‍ക്കൊഷം ഒമ്പത്‌ നോവലുകളും, ഏതാനും തിരക്കഥകളും, ഒരു നാടകവും, അനവധി ലേഖനങ്ങളും ചേര്‍ന്ന്‌ ഹരികുമാറിന്റെ സാഹിത്യ സംഭാവനക്ക്‌ ഈട്ടം കൂടിയത്‌.

എന്തായിരിക്കാം ഹരികുമാറിന്റെ ചെറുകഥകളേയും നോവലുകളേയും അര നൂറ്റാണ്ടിലേറെയായി ആസ്വാദകഹൃദയങ്ങളില്‍ ഉറപ്പിച്ചു നിര്‍ത്തുന്ന ആണിവേര്‌? അത്‌ ജീവിതത്തോട്‌ പുലര്‍ത്തുന്ന സത്യസന്ധത തന്നെയാണ്. മനുഷ്യബന്ധങ്ങള്‍ക്ക്‌ വലിയ പ്രാധാന്യം ആ കഥകളില്‍ കാണാം, മനുഷ്യസ്നേഹവും കാരുണ്യവും ആ സാമ്രാജ്യത്തിലെ നിയമമാണ്‌. “....... ഇവിടെക്കുഴിച്ചാല്‍ വെള്ളം കിട്ടും എന്നു പറയുന്നവരെ കാണുക തന്നെ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവിടെ കുഴിച്ചാല്‍ കണ്ണുനീര്‍ത്തുള്ളി കിട്ടും എന്നു പറഞ്ഞു തന്ന കവികുലാചാര്യനാണ്‌ ഇടശ്ശേരി.” (ഇടശ്ശേരിയുടെ ജ്യോതിഷവും മന്ത്രവാദവും- അക്കിത്തം). ആ കവിയുടെ മകന്‍ എഴുതിയതിലും സ്ഥിതി വൃത്യസ്തമായില്ല. കഥയില്‍ പെട്ടെന്നൊരു ഘട്ടത്തില്‍ വായനക്കാരനെ നിരുദ്ധകണ്ഠനാക്കുന്ന ഹരികുമാറിന്റെ ആഖ്യാനപാടവം ഒരു ട്രേയ്ഡ്മാര്‍ക്ക്‌ പോലേയാണ്. വൈവിദ്ധ്യമാര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട്‌ മനുഷ്യമനസ്സിന്റെ അതിലോലതയാര്‍ന്ന പ്രതലങ്ങളിലൂടെ ഹരികുമാര്‍ വായനക്കാരനെ കൊണ്ടുപോകുന്നു. ആര്‍(ദവികാരങ്ങളുടെ ഒരു കാലിഡോസ്കോപ്പ് ആണ്‌ അദ്ദേഹം കൊണ്ടുനടക്കുന്നത്‌; അതിലൂടെ സ്നേഹത്തിന്റെ. വാത്സല്യത്തിന്റെ, ദയാവായ്പിന്റെ ചേതാഹരങ്ങളായ പാറ്റേണുകള്‍ വായനക്കാരന്‍ കാണുന്നു.

എഴുത്തില്‍ സത്യസന്ധത പുലര്‍ത്തുമ്പോള്‍ ജീവിതത്തില്‍ യാതൊന്നിനേയും കഥാകൃത്ത്‌ വേലിക്ക്‌ പുറത്ത്‌ നിര്‍ത്തുന്നില്ല. ലൈംഗികതയെ വിശേഷിച്ചും. സര്ഗ്ഗാത്മകമായി മലയാളത്തില്‍ ലൈംഗികതയെ കൈകാര്യം ചെയ്ത ഒരു എഴുത്തുകാരനായി നിരൂപകര്‍ ഈ എഴുത്തുകാരനെ വിലയിരുത്താന്‍ സാദ്ധ്യതയുണ്ട്‌. മനുഷ്യന്റെ അടിസ്ഥാനചോദനയെ ആദരവോടും അനുതാപത്തോടും കൂടിയാണ്‌ ഹരികുമാര്‍ കൈകാര്യം ചെയ്യുന്നത്‌. സ്നേഹരഹിതമായ ഇണചേരല്‍ ദമ്പതികള്‍ക്കിടയില്പ്പോലും ന്യായീകരിക്കാന്‍ ഈ എഴുത്തുകാരന്‍ തയ്യാറല്ല. അതേസമയം, മനുഷ്യസ്നേഹത്തിന്റെ അദമ്യമായ ആവിഷ്ക്കാരമാകുമ്പോള്‍ സര്‍ഗ്ഗാത്മകമാകുന്ന ലൈംഗികത ഹരികുമാറിന്റെ സൌന്ദര്യദര്‍ശനത്തിന്റെ അടിസ്ഥാനപ്രമാണവുമാണ്‌.

ഭാഷയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ലാളിത്യം ഹരികുമാറിന്റെ സാഹിത്യദര്‍ശനവുമായി ചേര്‍ന്നതായിരുന്നു; ആഖ്യാനരീതി വായനക്ക്‌ തടസ്സമാകരുത്‌. വളച്ച്കെട്ടില്ലാത്ത ആ ആഖ്യാനം അനുവാചകഹ്യദയങ്ങളിലേക്ക്‌ യാതൊരു തടസ്സവുമില്ലാതെ ഒഴുകി. ആധുനികതയുടെ ജീന്‍ എഴുത്തില്‍ സ്വീകരിച്ചപ്പോഴും പലരും ചെയ്തപോലെ അതിന്റെ പേരില്‍ ദുര്‍ഗ്രഹതയെ വരിക്കാന്‍ അദ്ദേഹം തുനിഞ്ഞില്ല. ജീവിതത്തെ ഗൌരവമായി കാണുമ്പോള്‍ത്തന്നെ വളരെ സൂക്ഷ്മമായ നര്‍മ്മത്തിന്റെ ചരട്‌ ഹരികുമാര്‍ സൂക്ഷിച്ചിരുന്നു. അത്‌ ആഖ്യാനത്തിന്‌ മാനുഷികമായ ഒരു തലം നല്‍കിയിട്ടുണ്ടെന്ന്‌ കാണാം. തന്റെ കൃതികള്‍ എല്ലായ്‌പ്പോഴും വായനക്കാര്‍ക്ക്‌ ലഭ്യമാകണമെന്ന ആഗ്രഹം മൂലം, വെബ്സൈറ്റ്‌ എന്ന സാങ്കേതിക മാദ്ധ്യമം ആരംഭിച്ച കാലത്തുതന്നെ, തന്റെ മാത്രമല്ല സ്വപിതാവിന്റേയും വെബ്സൈറ്റ് ജിയോസിറ്റിയില്‍ രൂപകല്‍പന ചെയ്ത്‌ ഹരികുമാര്‍ ചരിത്രം സൃഷ്ടിച്ചു. തുടര്‍ന്ന്‌ ഡിജിറ്റല്‍ രംഗത്തു വന്ന മാറ്റങ്ങള്‍ക്കനുസ്യതമായി രണ്ട്‌ വെബ്സൈറ്റുകളും മെച്ചപ്പെടുത്തുന്നതില്‍ അദ്ദേഹം ദത്തശ്രദ്ധനായിരുന്നു (https://www.edasseri.org യും https://www.e-harikumar.com ഉം).

തന്റെ എഴുത്ത്‌ പലപ്പോഴും ഉപരിതലസ്പര്‍ശിയായ ആസ്വാദനത്തിന്‌ വിധേയമാകുന്നതില്‍ ഹരികുമാര്‍ വ്യസനിച്ചിരുന്നു. നിരൂപകദൃഷ്ടികള്‍ പലപ്പോഴും തന്റെ കൃതികളെ വകഞ്ഞുമാറിപ്പോകുന്നത്‌ അദ്ദേഹം ദു:ഖത്തോടെ കണ്ടു. തന്റെ കാലശേഷമായിരിക്കും ആ കൃതികള്‍ കൂടുതല്‍ പഠനവിധേയമാകുക എന്ന്‌ അദ്ദേഹം വിശ്വസിച്ചു. 2020 മാര്‍ച്ച്‌ 24ന്‌ വേണ്ടപോലെ അംഗീകരിക്കപ്പെട്ടില്ല എന്ന വേവലോടെ യാത്രയായ ഈ എഴുത്തുകാരനെ ഗ്രീന്‍ബുക്‌സ്‌ ഇങ്ങനെയൊരു സമാഹാരമിറക്കി ആസ്വാദകഹൃദയത്തിലേക്ക്‌ ആനയിക്കുന്നത്‌ ആ ആത്മാവിന്‌ ലഭിക്കുന്ന നീതിയാണ്. ഈ സന്ദര്‍ഭത്തില്‍ ഹരികുമാറിന്റെ സാഹിത്യജീവിതത്തില്‍ എന്നും തുണയായി നിന്ന പത്നി ലളിത ഹരികുമാറിന്‌ പ്രത്യേകം നന്ദി പറയേണ്ടതുണ്ട്‌.

ഗ്രീന്‍ ബുക്‌സിന്റെ സന്മനസ്സിന്‌ നന്ദി, ഈ സമാഹാരം സഹൃദയരുടെ സവിശേഷ ശദ്ധയ്ക്ക് പാത്രമാകട്ടെ എന്ന്‌ ആശംസിക്കുന്നു.

    ഇ മാധവന്‍
    തൃശ്ശൂര്‍
    4-06-2023

മലയാളത്തിന്റെ സുവര്‍ണ്ണകഥകള്‍ - ഗ്രീന്‍ ബുക്സ്. 2023

ഇ മാധവന്‍