ഒരു നദിയും കുറേ കഥകളും

കെ.എസ്. അനിയന്റെ പാവക്കണ്ണുകൾ എന്ന സമാഹാരത്തിന്റെ റിവ്യു

നമ്മുടെയെല്ലാം ഉള്ളിൽ ഒരു നദി ഉറങ്ങിക്കിടക്കുന്നുണ്ട്. അതിന്റെ കരയിൽ ഉപജീവിക്കുന്ന കുറേ മനുഷ്യരുമുണ്ട്. ഒരു കഥ വായിക്കുമ്പോൾ നാം സ്വയമറിയാതെത്തന്നെ അതിലേയ്ക്കു തിരിച്ചു പോകുകയാണ്. നദിയുടെ തീരത്ത് അതിന്റെ സാന്ത്വനങ്ങളുൾക്കൊണ്ട് ജീവിക്കുന്ന അല്ലെങ്കിൽ ജീവിച്ചിരുന്ന കുറേ മനുഷ്യരിലേയ്ക്ക്. അതോടെ ആ നദിയുടെ പേർ എടുത്തു പറഞ്ഞില്ലെങ്കിലും നാം അതിനെ മനസ്സിലാക്കുന്നു. അതെന്റെ നദിയാണെന്ന് ആഹ്ലാദത്തോടെ മനസ്സിലാക്കുന്നു. പാവക്കണ്ണുകൾ എന്ന ആദ്യസമാഹാരത്തിലെ കഥകളിലൊരിടത്തും കെ.എസ്. അനിയൻ നദിയുടെ പേർ പറയുന്നില്ല. പല കഥകളിലും അതിനെ പരാമർശിക്കുന്നതുപോലുമില്ല. പക്ഷേ പശ്ചാത്തലത്തിൽ മനുഷ്യരുടെ വ്യഥയേറ്റി, ആശാ കേന്ദ്രമായി അതൊഴുകുന്നത് നമുക്ക് അനുഭവെപ്പടും.

ഈ അനുഭവമാണ് കെ.എസ്. അനിയന്റെ കഥകൾ വായിക്കുമ്പോഴുണ്ടാവുന്നത്. പാവക്കണ്ണുകൾ എന്നുതന്നെ പേരുള്ള കഥയിൽ എവിടെയോ സ്നേഹത്തിന്റെ നീർച്ചാലുകൾ ശക്തിയായി ഒഴുക്കികൊണ്ട് അമ്മയുണ്ട്. സ്നേഹിച്ചു കല്ല്യാണം കഴിച്ചശേഷം തിക്തമായ ദാമ്പത്യ ജീവിതം ഒരു കടുത്ത വേനലെന്ന പോലെ അയാളെ തളർത്തുമ്പോഴും അയാൾക്ക് അമ്മയെന്ന നീരൊഴുക്ക് തണുപ്പേകുന്നു. അയാൾ അവസാനം തിരിച്ചുപോകുന്നതും ആ നീരൊഴുക്കിലേക്കുതന്നെ. ഭാര്യയുമായി വേർപിരിഞ്ഞു താമസിക്കുമ്പോഴും സ്വന്തം മകളെ കാണാനും ഒപ്പം കൊണ്ടുനടക്കാനുമുള്ള സ്വാതന്ത്ര്യം അയാൾ ഉപേയാഗിക്കുമ്പോൾ ഈ നീരൊഴുക്ക് അവിൽ വില്പനക്കാരി അമ്മഗാരുവിന്റെ രൂപത്തിൽ വരുന്നത് യാദൃശ്ചികമാകാം. അമ്മയെന്ന നീരൊഴുക്കിന്റെ അത്രതന്നെ, ഒരുപക്ഷേ അതിലും ശക്തമായി അച്ഛന്റെ സാന്നിദ്ധ്യം പല കഥകളിലും നമുക്കനുഭപ്പെടുന്നു. അഹന്യഹനിഭൂതാനി എന്ന കഥയിലെ മനസ്സുനിറയെ ഗ്രാമീണതയുള്ള അച്ഛൻ, പാവക്കണ്ണുകളിൽ എല്ലാം മനസ്സിലൊതുക്കുന്ന അച്ഛൻ, എടവത്തിലെ അശ്വതി എന്ന കഥയിലെ വിപ്ലവകാരിയായ മകനുവേണ്ടി പീഢനമനുഭവിക്കുന്ന അച്ഛൻ, അതേ കഥയിൽത്തന്നെ മകളുടെ പിറന്നാളിന് ഉടുപ്പു വാങ്ങാനായി പോകുന്ന ഒരച്ഛൻ, അങ്ങിനെ അച്ഛൻ എന്ന കഥാപാത്രം മിക്കവാറും കഥകളിൽ മറക്കാനാവാത്ത അനുഭൂതിവിശേഷം നമുക്ക് നൽകുന്നു. മഴനാരുകൾ എന്ന കഥയിൽ കുട്ടി പറയുന്നു. 'അച്ഛന്റെ ഒപ്പം നടക്കുമ്പോൾ നല്ല ധൈര്യം എനിക്ക്. അച്ഛൻ എന്നെ പിടിച്ചിട്ടുണ്ടല്ലോ, ഞാൻ വീഴില്ല.' ആ സമയത്ത് അയാൾ ഓർക്കുന്നത് സ്വന്തം അച്ഛൻ തന്നെ ചേർത്തുപിടിക്കുന്ന കുട്ടിക്കാലത്തെയാണ്. കഥയിലുടനീളം കാണുന്ന ഈ ബന്ധങ്ങളുടെ ഭൂതകാലത്തെ ദൃഢതയും വർത്തമാനകാലത്തെ ശൈഥില്യവും അദൃശ്യമായൊഴുകുന്ന നദിയുടെ വറ്റിക്കൊണ്ടിരിക്കുന്ന നീരൊഴുക്കുപോലെ നമ്മെ വേദനിപ്പിക്കും.

പുഴ നേരിട്ട് വരുന്ന സന്ദർഭങ്ങളെല്ലാം തന്നെ നിർഭാഗ്യകരങ്ങളായ സംഭവങ്ങൾക്ക് സാക്ഷിയാവാനാണ്. 'ഇട മുറിയുമ്പോൾ' എന്ന കഥയിൽ ഗന്ധർവ്വബാധയുണ്ടെന്നു പറയുന്ന സുഭദ്രയെ പെണ്ണു കാണാൻ വരുന്ന ചെറുപ്പക്കാരൻ പാമ്പു കടിയേറ്റു മരിക്കുന്നത് പുഴ കടന്ന ഉടനെയാണ്. 'പടിഞ്ഞാറെ ചെരുവിലെ നക്ഷത്രം' എന്ന കഥയിൽ കടത്തുവഞ്ചിക്കാരനായ അച്ഛൻ മരിക്കുന്നത് പുഴയുടെ ആഴങ്ങളിലെവിടെയോ ആണ്. ദാരിദ്ര്യത്തിന്റെ പിടിയിലമർന്ന അമ്മ മക്കൾക്കു ഭക്ഷണം കൊടുക്കാനായി ഒരന്യനെ സ്വീകരിക്കുന്നതു കണ്ട മകൻ അഭയം തേടി പോകുന്നതും പുഴയുടെ ആഴങ്ങളെ ലക്ഷ്യമാക്കിത്തന്നെയാണ്.

ഹൃദ്യമായ ഒട്ടനവധി ബിംബങ്ങൾ അനിയൻ കഥകളിൽ സന്നിവേശിപ്പിച്ചിട്ടുണ്ട്. എല്ലാം ഒരു നാട്ടിന്റെ, ഒരു ദേശത്തിന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞവ. തലമുറകളായി പകർന്നു കൊടുത്തവ. അനിയന്റെ കഥകളിലൂടെ അവ വീണ്ടും മനസ്സിലേയ്ക്ക് ഇരച്ചു കയറുമ്പോൾ നമ്മുടെ ബാല്യം നമുക്ക് തിരിച്ചു കിട്ടുന്നു. സ്ലേറ്റു മായ്ക്കുന്ന മഷിത്തണ്ടുകൾ, മഴ പെയ്തുകഴിഞ്ഞാൽ നിലത്തു വീണു കിടക്കുന്ന പഴുത്ത പ്ലാവിലകൾ, പുഴവക്കത്തെ പടർപ്പൊന്തകളിൽ പോക്കുവെയിലിന്റെ തുടിപ്പ്, വേനലിൽ ശോഷിച്ച പുഴയുടെ തീരത്തിൽ കത്തിയാളുന്ന മൃഗതൃഷ്ണ, മാഞ്ചില്ലകളും പനന്തലപ്പും തെങ്ങോലകളും വിട്ട് മഴനാരുകൾ പെയ്യുന്നത്, അങ്ങിനെ ഒട്ടേറെ ഹൃദ്യമായ ബിംബങ്ങൾ. അവ നമ്മുടെ ആത്മാവിനെ കുളിരണിയിക്കുന്നു. ഇന്നിനെ മറന്ന് നമ്മുടെ മനസ്സിനെ ഇന്നലെകളുടെ ഗൃഹാതുരത്വത്തിലേയ്ക്കു നയിക്കുന്നു. അനിയന്റെ കഥകൾ ഗ്രാമീണ വിശ്വാസങ്ങളുടെ സമ്പന്നതകൾകൊണ്ട് നിറഞ്ഞവയാണ്. മനുഷ്യജീവിതത്തിലെ ദശാസന്ധികൾ, അന്യം നിന്നുപോയ പുണ്യങ്ങൾ, 'നീണ്ട മുടീം, വല്ല്യ കണ്ണുകളും ഉള്ള സുന്ദരി'കളെ കാമിക്കുന്ന ഗന്ധർവന്മാർ, തെറ്റിപ്പിരിഞ്ഞുപോകുമ്പോൾ അമ്മായിയമ്മ ഇട്ടുകൊടുത്ത ഒരുപിടി കനൽ മടിക്കുത്തിൽ കെട്ടി പടിയിറങ്ങുന്ന മരുമകൾ, മരിച്ചുപോയ കാരണവന്മാരുടെ ശാപങ്ങൾ, അങ്ങിനെ വിശ്വാസങ്ങളുടെയും ഐതിഹ്യങ്ങളുടെയും നൂലിഴകൾ അനിയന്റെ കഥകളെ ദീപ്തമാക്കുന്നു.

യാത്രയുടെ നേരം എന്ന കഥയിൽ ഒരു രാത്രിയിൽ റെയിൽവേ പ്ലാറ്റുഫോമിൽ കൂടിച്ചേരുന്ന നാലുപേരുടെ കഥകൾ സമാന്തരമായി പുറത്തുവരുന്നു. കിഴവനെ പാമ്പുകടിക്കുന്നതോടെ കഥയുടെ പിരിമുറുക്കത്തിന് ക്ലൈമാക്‌സുണ്ടാവുന്നു. കിഴവന്റെ മരണം അപ്രതീക്ഷിതമെല്ലന്ന തോന്നൽ നമുക്കുണ്ടാവുന്നു. എല്ലാ കഥകളും മരണത്തിൽ കലാശിക്കുന്നു എന്നർത്ഥത്തിൽ ഹെമിങ്‌വേ പറഞ്ഞതോർമ്മ വരുന്നു.

മുത്തച്ഛന്റെ ചാരുകസേര എന്നത് തികച്ചും വ്യത്യസ്തമായ ഒരു കഥയാണ്. ഫ്യൂഡലിസത്തിന്റെ കാലഘട്ടത്തിൽനിന്ന് ആധുനികതയിലെത്തുമ്പോഴും ഒരു ഗൃഹാതുരത്വത്തോടെ കടന്നു വരുന്ന ചിട്ടകളും ആചാരങ്ങളും, കാലഘട്ടത്തിന്റെതന്നെ പ്രതീകങ്ങളായ ഗൃഹോപകരണങ്ങളും ചാക്രികമായൊരു അനിവാര്യതയോടെ തിരിച്ചു വരുന്നത് ഒട്ടൊരു ഭീതിയോടെ മാത്രമേ വായിക്കാൻ പറ്റൂ. പാളിപ്പോയ വിപ്ലവത്തിന്റെ രക്തസാക്ഷികളുടെയും അവസരവാദികളുടെയും കഥകൾ ഈ സമാഹാരത്തിലുണ്ട്. ഈ കഥകളെല്ലാംതന്നെ നിർവികാരനായ മൂന്നാമതൊരാളുടെ കണ്ണിൽക്കൂടി കാണുന്നതായി ചിത്രീകരിച്ചിരിക്കുന്നതുകൊണ്ട് അതിന്റെ തീഷ്ണത കുറയുന്നില്ല. ഈ കഥകൾ നമ്മുടെ മനസ്സാക്ഷിയെ പീഡിപ്പിക്കുന്നു.

വി.ബി. വേണുവിന്റെ 'പാവകൾ' എന്ന പെയ്‌ന്റിങ് സീരിസിലെ മനോഹരമായ ഒരു ചിത്രമാണ് കവറിൽ കൊടുത്തിരിക്കുന്നത്.

മുപ്പത്തിഒന്നാം വയസ്സിലാണ് അനിയന്റെ ആദ്യസമാഹാരം പുറത്തിറങ്ങുന്നത്. വളെരെക്കുറച്ചു മാത്രം എഴുതുകയും എഴുതുന്നത് നല്ല സാഹിത്യമായിരിക്കണമെന്ന് നിർബ്ബന്ധം പിടിക്കുകയും ചെയ്യുന്നവർക്ക് അങ്ങിനെയെ പറ്റൂ. കഥകെളല്ലാം വായിച്ചുകഴിഞ്ഞാൻ 'ഇതാ ഒരു നല്ല എഴുത്തുകാരൻ' എന്ന് നാം സ്വയം പറയാൻ കാരണവും അതുതന്നെയാണ്.

സമകാലിക മലയാളം - 2001 സെപ്റ്റംബർ 14

ഇ ഹരികുമാര്‍

E Harikumar