കേരള സാഹിത്യ അക്കാദമി എന്തു ചെയ്യുന്നു

നമ്മുടെ സാഹിത്യം നമ്മുടെ സമൂഹം എന്ന ബൃഹദ്ഗ്രന്ഥത്തിനുശേഷം കേരള സാഹിത്യ അക്കാദമി വിവര സാങ്കേതികവിദ്യയുടെ ഹൈടെക് മേഖലയിലേയ്ക്കു കടന്നിരിക്കുന്നു. മൂന്നു വലിയ പദ്ധതികൾ രൂപംകൊണ്ടുവരികയാണ്. 1. ഇന്റർനെറ്റും വെബ്‌സൈറ്റും. 2. ലൈബ്രറിയുടെ ഗ്രന്ഥസൂചികയുടെ ഇന്ററാക്ടീവ് സി.ഡി. 3. മലയാള സാഹിത്യപാരമ്പര്യം എന്ന ഇന്ററാക്ടീവ് സി.ഡി. ഈ മൂന്നു പദ്ധതികളും കേരള സാഹിത്യ അക്കാദമിയുടെ മുഖഛായതന്നെ മാറ്റാൻ പര്യാപ്തമാണ്. വിരൽത്തുമ്പിൽ വിവരം എന്ന സംജ്ഞ സാർത്ഥകമാക്കുകയാണ് അക്കാദമി. ഇതിന്റെ ഗുണഭോക്താക്കളാകട്ടെ സാഹിത്യവിദ്യാർത്ഥികളും ഗവേഷകരും, സാഹിത്യ കുതുകികളും, കേരളത്തിലെ ആയിരക്കണക്കിന് പുസ്തകാലയങ്ങളുമായിരിക്കും. ദിവസങ്ങളോളം അല്ലെങ്കിൽ മാസങ്ങളോ വർഷങ്ങളോളം ക്ലേശിച്ചാൽമാത്രം ലഭ്യമാകുന്ന വിവരങ്ങൾ ഒരു കംപ്യൂട്ടറിന്റെ കീബോർഡിൽ ഏതാനും ചലനങ്ങൾകൊണ്ട് നേടുക എന്നത് അഭൂതപൂർവമായ നേട്ടമാണ്. അതിനു സാദ്ധ്യമാകുന്ന മൂന്ന് പദ്ധതികളാണ് താഴെ കൊടുക്കുന്നത്.

അക്കാദമിയുടെ ഇന്റർനെറ്റ് കണക്ഷൻ സാഹിത്യ വിദ്യാർത്ഥികൾക്കും ഗവേഷകർക്കുമായി തുറന്നു കൊടുത്തിരിക്കുന്നു. വളരെ കുറഞ്ഞ ചെലവിൽ ലോകത്തെമ്പാടുമുള്ള വെബ് സൈറ്റുകളിലേക്ക് സൈബർ യാത്ര ചെയ്യാൻ അക്കാദമി സൗകര്യം ഒരുക്കിയിരിക്കുന്നു. ആവശ്യമുള്ള വിവരങ്ങൾ (പേജുകൾ) ഡൗൺലോഡ് ചെയ്യാനോ പ്രിന്റൗട്ട് എടുക്കാനോ സൗകര്യമുണ്ട്. കൂടാതെ അവരവരുടെ മെയിൽ ബോക്‌സ് തുറക്കാനും കത്തുകൾ അയയ്ക്കാനും കഴിയും. ഇന്റർനെറ്റിൽ പരിചയമില്ലാത്തവർക്ക് ലൈബ്രേറിയന്റെ സഹായം തേടാം.

കേരളസാഹിത്യ അക്കാദമിയുടെ വെബ്‌സൈറ്റ് ഇന്റർനെറ്റിൽ അതിന്റെതായ മാന്യസ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. (keralasahityaakademi.org) അക്കാദമിയുടെ ചരിത്രം, ഭരണഘടന, പുസ്തകാലയം, ആർക്കൈവ്‌സ്, പുസ്തകപ്രസിദ്ധീകരണം, അക്കാദമി നൽകിവരുന്ന സേവനങ്ങൾ തുടങ്ങി അനേകം വിവരങ്ങൾ അടങ്ങുന്നതാണ് അക്കാദമിയുടെ വെബ്‌സൈറ്റ്. മൺമറഞ്ഞ സാഹിത്യകാരന്മാരെപ്പറ്റിയുള്ള വിവരങ്ങൾ Portrait Gallery എന്ന പേജിൽ ചേർക്കുക കൂടി ചെയ്താൽ രണ്ടു മാസത്തിനകം ഈ സൈറ്റ് വളരെ വിപുലമായ ഒരു വെബ്‌സൈറ്റായി മാറും. ക്രമേണ മലയാള സാഹിത്യത്തെപ്പറ്റിയുള്ള ഗവേഷകരുടേയും സഹൃദയരുടേയും അന്വേഷണങ്ങൾക്ക് ഉത്തരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സൈറ്റ് വിപുലീകരിക്കാനാണ് ഉദ്ദേശ്യം.

മലയാളം ഗ്രന്ഥസൂചി

1976-ലാണ് പ്രശസ്ത ലൈബ്രറി ശാസ്ത്രജ്ഞനായ കെ.എം. ഗോവിയുടെ നേതൃത്വത്തിൽ അക്കാദമി, മലയാള ഭാഷയിലെ ഗ്രന്ഥസൂചിയുടെ പ്രവർത്തനമാരംഭിച്ചത്. വളരെ ക്ലേശകരമായ ഒരു ദൗത്യമായിരുന്നു അത്. ഓരോ പുസ്തകത്തിനും ഗ്രന്ഥകാരന്റെ നാമം, വിഭാഗം, വില, പ്രസിദ്ധീകരണ വർഷം, പ്രസാധകന്റെ പേര്, വലുപ്പം (പേജുകളുടെ എണ്ണവും, വലുപ്പവും) അങ്ങനെ ഒട്ടേറെ വിവരങ്ങളടങ്ങിയ കാർഡുകളുണ്ടാക്കുക. പിന്നെ അവ ക്രോഡീകരിച്ച് പുസ്തകമാക്കുക എന്നതായിരുന്നു കെ.എം. ഗോവി അവലംബിച്ച മാർഗം. മലയാള ഗ്രന്ഥസൂചിയെന്ന പേരിൽ പുസ്തകമാക്കുമ്പോൾ അദ്ദേഹത്തിന് നേരിടേണ്ടിവന്ന നിരവധി പ്രശ്‌നങ്ങളിൽ പ്രധാനപ്പെട്ടത് ഗ്രന്ഥകാരനാമം അക്ഷരമാലക്രമത്തിൽ അടുക്കേണ്ടതിലായിരുന്നു. അതായത് ഇന്റെക്‌സിൽ മലയാള അക്ഷരമാല കംപ്യൂട്ടറിൽ പ്രായോഗികമായിക്കഴിഞ്ഞിട്ട് മൂന്ന് ദശാബ്ദങ്ങളായെങ്കിലും പദങ്ങളെ അക്ഷരമാലക്രമത്തിൽ വിന്യസിക്കാനുള്ള സൗകര്യം ഇതേവരെ ഉണ്ടായിരുന്നില്ല. ഈ ഒരു സൗകര്യത്തിനു വേണ്ടി കെ.എം. ഗോവി മുട്ടാത്ത വാതിലുകളില്ല എന്നുതന്നെ പറയാം. അതിനിടെ 1995 വരെയുള്ള പുസ്തകങ്ങളുടെ ഗ്രന്ഥസൂചി ഏഴു വാള്യങ്ങളിലായി അക്കാദമി പ്രസിദ്ധീകരിച്ചു. തന്റെ ക്‌ളേശകരമായ ജോലിയുടെ മുഴുവൻ ഫലവും മറ്റുള്ളവർക്ക് പകർന്നുകൊടുക്കാൻ കഴിഞ്ഞില്ലല്ലോ എന്ന വിഷമത്തിലായിരുന്നു ഗോവി. കാരണം ഏതെങ്കിലും ഒരു പുസ്തകത്തെപ്പറ്റി അല്ലെങ്കിൽ ഗ്രന്ഥകാരനെപ്പറ്റി പ്രസാധകനെപ്പറ്റി അന്വേഷിക്കണമെങ്കിൽ ഒരാൾക്ക് ആയിരക്കണക്കിന് പേജുകൾ വരുന്ന ഈ ഏഴു വാള്യങ്ങളും സൂക്ഷ്മമായി പരിശോധിക്കണം. ഈ ഏഴു വാള്യങ്ങളും കംപ്യൂട്ടറിലേയ്ക്കു മാറ്റിയാൽ പ്രശ്‌നം തീരുമായിരുന്നെങ്കിൽ അദ്ദേഹം അതുപണ്ടേ ചെയ്തേനേ. കാര്യക്ഷമവും, കണിശവുമായ ഒരു ഇന്റക്‌സ് എഞ്ചിന്റെ അഭാവത്തിൽ അതു പാഴ്‌വേലയാണെന്ന് അദ്ദേഹം കണ്ടു. അക്ഷരമാല ക്രമത്തിൽ മലയാള പദങ്ങളെ വിന്യസിപ്പിക്കാൻ കഴിഞ്ഞാൽ മാത്രമേ അങ്ങിനെയുള്ള ഒരു പദസൂചി (index) പ്രായോഗികമാകൂ.

അക്കാദമി കംപ്യൂട്ടറൈസ് ചെയ്യാനുള്ള പ്രചോദനങ്ങളിൽ പ്രധാനപ്പെട്ടത് ഈ ഗ്രന്ഥസൂചിയുടെ നിർമാണമാണ്. അതിനായുള്ള ശ്രമങ്ങൾ തുടങ്ങി. അക്കാദമിയുടെയും കെ.എം. ഗോവിയുടെയും പ്രശ്‌നങ്ങൾ പരിഹരിക്കാനായി കാഞ്ഞാണിയിൽ നെറ്റ്‌ലിങ്ക് ടെക്‌നോളജിസ് എന്ന സ്ഥാപനം നടത്തുന്ന മൂന്നു ചെറുപ്പക്കാർ രംഗത്തെത്തി. പി.കെ. രാജേഷ്, കെ.എസ്. വിദ്യാനന്ദൻ, ഇ. ദിനകരൻ (മഹാകവി ഇടശ്ശേരി ഗോവിന്ദൻനായരുടെ പേരക്കുട്ടി) എഎന്നീ മൂന്നു സോഫ്റ്റ്‌വെയർ പ്രൊഫഷനലുകൾ അക്കാദമിയുടെ ആവശ്യങ്ങൾ ശ്രദ്ധിച്ചുകേട്ടശേഷം ജോലി ആരംഭിച്ചു. രണ്ടു മാസത്തിനകം ഒരു ലൈബ്രറി സോഫ്റ്റ്‌വെയർ വികസിപ്പിച്ചെടുത്ത് അക്കാദമിയിൽ സെക്രട്ടറി ദാമോദരൻ കാളിയത്ത്, കെ.എം. ഗോവി, ലൈബ്രേറിയൻ കെ. രാജേന്ദ്രൻ എന്നിവരുടെ മുൻപിൽ പ്രദർശിപ്പിച്ചു. ഈ മൂന്ന് ഉത്സാഹികളെ സംബന്ധിച്ചിടത്തോളം ജോലി അത്ര എളുപ്പമുള്ളതായിരുന്നില്ല. സോഫ്റ്റ്‌വെയർ, അക്കാദമിയുടെ അന്വേഷണ സൂചികളെ ഒരുപരിധിവരെ തൃപ്തിപ്പെടുത്തുകയും ചെയ്തു. അപ്പോഴാണ് കെ.എം.ഗോവി അക്ഷരമാല ക്രമത്തിൽ പുസ്തകങ്ങളും ഗ്രന്ഥകാരന്മാരുടെ പേരുകളും മറ്റും അടുക്കുവാൻ ആവശ്യപ്പെട്ടത്. ഇനി അവരുടെ ഭാഷയിൽ പറയാം.

''ഞങ്ങൾ ശ്രമിച്ചുനോക്കി. പ്രശ്‌നത്തിന്റെ ആഴം അപ്പോഴാണ് ഞങ്ങൾക്ക് മനസ്സിലായത്. ഒരു ഉദാഹരണം പറയാം. 'മ' കൊണ്ട് തുടങ്ങുന്ന വാക്കുകൾ എടുക്കാം. മ, മാ, മി, മു, മൂ എന്നുവരെ അക്ഷരമാലക്രമത്തിൽ വിന്യസിപ്പിക്കാൻ പറ്റും. തുടർന്ന് 'മേ' അല്ലേ വരേണ്ടത്. അതിനുപകരം വരിക 'മൗ' എന്ന അക്ഷരമാണ്. 'മെ'യും 'മൈ'യും 'മ്യ' കഴിഞ്ഞാണ് വരിക. 'മേ' ആകട്ടെ അവസാനവും.

മധു എന്നു തുടങ്ങുന്ന പദം a യിലും മെതിയടി എന്ന പദം s ലും മേനോൻ എന്ന പദം t യിലും ആണ് ചേർക്കപ്പെടുക. എല്ലാം 'മ' എന്ന അക്ഷരംകൊണ്ട് തുടങ്ങുന്ന പദങ്ങൾ. പക്ഷേ അവ ഇന്റക്‌സ് ചെയ്യപ്പെടുന്നതോ വിവിധ സ്ഥലങ്ങളിലും. ശ്രമിക്കാമെന്നു പറഞ്ഞ് ഞങ്ങൾ പോയി. പിന്നെ ഉറക്കമില്ലാത്ത ദിവസങ്ങളായിരുന്നു. പല വിധത്തിൽ പ്രോഗ്രാമുകൾ എഴുതി നോക്കി. നമ്മുടെ ഭാഷാനിയമങ്ങളും അക്ഷരങ്ങളുടെ ബാഹുല്യവും കാരണം ഞങ്ങളുടെ ശ്രമങ്ങൾ എവിടെയുമെത്തിയില്ല. അവസാനം ഈ ജോലിയിൽനിന്ന് ഞങ്ങളെ ഒഴിവാക്കണമെന്നു പറയാനായി അക്കാദമിയിൽ ചെന്നപ്പോൾ ഞങ്ങളെ എതിരേറ്റത്, ഞങ്ങൾക്ക് ജോലി ചെയ്യാനാവുമെന്ന് പറഞ്ഞു പ്രോത്സാഹിപ്പിച്ച സെക്രട്ടറി പ്രൊഫ. ദാമോദരൻ കാളിയത്തും, ലൈബ്രേറിയൻ കെ. രാജേന്ദ്രനും ആർക്കൈവ്‌സിന്റെ കൺവീനർ ഇ. ഹരികുമാറുമായിരുന്നു. കെ.എം. ഗോവി സാർ ഈയൊരു കാര്യത്തിനായി വർഷങ്ങളായി അന്വേഷിക്കുകയാണെന്ന വിവരവും ഞങ്ങൾ അന്നാണറിഞ്ഞത്. അതൊരു വെല്ലുവിളിയായെടുത്ത് ഞങ്ങൾ തിരിച്ചുപോയി. പോയറ്റിക്‌സ് എന്ന സോഫ്റ്റ്‌വെയർ അങ്ങനെയാണ് ഞങ്ങൾ വികസിപ്പിച്ചെടുത്തത്. മലയാളത്തിലെ ഏതു പദവും ആ പദത്തിന്റെ അവസാനത്തെ അക്ഷരംവരെ അക്ഷരമാലക്രമത്തിൽ വിന്യസിപ്പിക്കാൻ കഴിവുള്ള ഈ സോഫ്റ്റ്‌വെയർ വൈജ്ഞാനിക ഗ്രന്ഥകർത്താക്കന്മാർക്കും പ്രസാധകർക്കും അത്യാവശ്യം വേണ്ട ഒന്നാണ്. ഇന്ന് മലയാളത്തിലിറങ്ങുന്ന വൈജ്ഞാനിക ഗ്രന്ഥങ്ങളിൽ പലതിനും പദസൂചിയില്ലാത്തത് അതു മാനുഷികമായി തയ്യാറാക്കാനുള്ള വിഷമം കൊണ്ടുമാത്രമാണ്. ഞങ്ങളുടെ പദസൂചി എന്ന സോഫ്റ്റ് വെയർ അവർക്കൊരനുഗ്രഹമാകും തീർച്ച.''

പോയറ്റിക്‌സ് എന്ന പദസൂചി സോഫ്റ്റ്‌വെയർ വികസിപ്പിച്ചെടുത്തതോടെ അക്കാദമി ഗ്രന്ഥസൂചിയുടെ ജോലി സുഗമമായി.

നെറ്റ്‌ലിങ്ക് എന്ന സ്ഥാപനം അക്കാദമിക്കുവേണ്ടി വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയറിനെപ്പറ്റി അക്കാദമി ലൈബ്രേറിയൻ കെ. രാജേന്ദ്രൻ.

''ഈ ഗ്രന്ഥസൂചി ഉപയോഗിച്ച് ഉണ്ടാക്കുന്ന ഡാറ്റാബേസിൽനിന്ന് മലയാളത്തിൽ ഇന്നേവരെ പ്രസിദ്ധീകരിച്ച ഏതൊരു പുസ്തകത്തിന്റെയും വിവരം ഞൊടിയിടയിൽ ലഭിക്കും. അറുപതോളം അന്വേഷണങ്ങളെ ഇത് തൃപ്തിപ്പെടുത്തുന്നു. ഗവേഷകരും ഗവേഷണവിദ്യാർത്ഥികളും വായനക്കാരും പുസ്തകങ്ങൾ വ്യത്യസ്തരീതിയിൽ അന്വേഷിച്ച് ലൈബ്രറിയിൽ എത്തുന്നു. വിഷയം, ഗ്രന്ഥനാമം, ഗ്രന്ഥകാരൻ, സീരിസ്, പ്രസാധകൻ, വർഷം, വലുപ്പം, വില, സഹഗ്രന്ഥകാരൻ, തൂലികാനാമം, ഉപശീർഷകം, എഡിറ്റർ, അവതാരികാകാരൻ, കംപൈലർ, വ്യാഖ്യാതാവ് തുടങ്ങി ഏത് രീതിയിൽ പുസ്തകത്തെ സമീപിച്ചാലും പുസ്തകം കണ്ടെത്താൻ കഴിയും എന്നതിനുപുറമെ ഒരു ഗ്രന്ഥകാരന്റെ മൊത്തം മലയാളഭാഷയിലുള്ള സംഭാവന. അദ്ദേഹത്തെക്കുറിച്ച് ഇന്നുവരെ വന്നിട്ടുള്ള പഠനങ്ങൾ, ഗവേഷണങ്ങൾ, അദ്ദേഹം എഴുതിയ അവതാരികകൾ തുടങ്ങിയ എല്ലാ വിവരങ്ങളും വായനക്കാർക്ക് നിമിഷനേരംകൊണ്ട് കണ്ടുപിടിക്കാൻ കഴിയുന്നു. ഇത്രയും ബൃഹത്തായ ഒരു ഗ്രന്ഥസൂചി അക്കാദമി പുറത്തിറക്കുന്നു എന്നത് അഭിമാനിക്കാവുന്ന കാര്യമാണ്. അക്കാദമിയിലുള്ള എല്ലാ പുസ്തകങ്ങളുടെയും വിവരങ്ങൾ (1995 വരെയുള്ളത് ഗോവി സാർ ചെയ്തു വച്ചതാണല്ലോ) കംപ്യൂട്ടറിൽ ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ചേർക്കുന്ന ജോലി, അതായത് ഡാറ്റാബേസ് തയാറാക്കുന്ന ജോലിയിലേർപ്പെട്ടിരിക്കയാണ് അക്കാദമി. 60,000-ത്തിലധികം പുസ്തകങ്ങളുടെ മുഴുവൻ വിവരങ്ങളും ചേർക്കുന്നത് അദ്ധ്വാനമുള്ള ജോലിയാണ്. അടുത്ത മാർച്ച് മാസത്തോടെ ആ ജോലി തീർത്ത് ഒരു ഇന്ററാക്ടീവ് സി.ഡി. ഇറക്കാനാണ് ഉദ്ദേശ്യം.

ഈ സി.ഡി. കോളേജ്, യൂണിവേഴ്‌സിറ്റി എന്നുമാത്രമല്ല ഗ്രാമതലങ്ങളിലെ വായനശാലകൾ വരെ എത്തേണ്ടതാണ്. കോളേജിലും യൂണിവേഴ്‌സിറ്റിയിലും മലയാള ഭാഷാ വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ സി.ഡി. പൊതുലൈബ്രറിക്കാർക്ക് ഉപയോഗപ്രദമാകുന്നത് മറ്റൊരു വഴിക്കായിരിക്കും കംപ്യൂട്ടർവൽക്കരണത്തിന്റെ ഈ നാളുകളിൽ വരുന്ന അഞ്ചു വർഷത്തിനുള്ളിൽ ഒരു മാതിരി എല്ലാ ലൈബ്രറികളും കംപ്യൂട്ടർവൽക്കരിക്കാനിടയുണ്ട്. അവർക്കെല്ലാംതന്നെ സ്വന്തമായ ഒരു ഡാറ്റാബേസുണ്ടാക്കാൻ ഈ സി.ഡി. ഉപയോഗിക്കാം. അതായത് സി.ഡിയിൽനിന്ന് അവരുടെ കൈവശമുള്ള പുസ്തകങ്ങളുടെ പട്ടിക തെരഞ്ഞെടുത്ത് കാറ്റലോഗുണ്ടാക്കാം. സ്വന്തമായി ടൈപ്‌സെറ്റ് ചെയ്ത് കാറ്റലോഗുണ്ടാക്കേണ്ട ആവശ്യമില്ല. ടൈപ്‌സെറ്റ് ചെയ്യാനുള്ള ചെലവിന്റെ ഒരു ചെറിയ ഭാഗമേ ഈ സി.ഡി. വാങ്ങാൻ വേണ്ടിവരൂ.''

ഒരു സാഹിത്യ വിദ്യാർത്ഥിക്ക് ചേലനാട്ട് അച്യുതമേനോന്റെയോ, നിധിരിക്കൽ മാണിക്കത്തനാരുടെയോ, ടി. ഉബൈദിന്റെയോ, ലളിതാംബിക അന്തർജ്ജനത്തിന്റെയോ സാഹിത്യസംഭാവനകൾ ലഭിക്കണമെങ്കിൽ എന്തുചെയ്യും? ലൈബ്രറികളിൽ പോയി മണിക്കൂറുകളോ ദിവസങ്ങളോ ചെലവാക്കി നിരവധി പുസ്തകങ്ങൾ വായിച്ച് കുറിപ്പെടുക്കേണ്ടിവരും. അദ്ധ്വാനഭാരംകൊണ്ട് പലരും പകുതിക്കുവച്ച് ആ ശ്രമം ഉപേക്ഷിച്ചുവെന്നു വരും. അല്ലെങ്കിൽ കിട്ടിയ വിവരം മാത്രമുപയോഗിച്ച് അവരുടെ തീസിസ് പൂർത്തിയാക്കും. മലയാളത്തിലെ മൺമറഞ്ഞ സാഹിത്യകാരന്മാരെപ്പറ്റിയുള്ള വിവരങ്ങൾ അനായാസം ലഭ്യമാക്കാൻ കേരള സാഹിത്യ അക്കാദമി പ്രൊഫ. എസ്.കെ. വസന്തൻ എഡിറ്റു ചെയ്ത് ചിത്രശാല എന്ന ഗ്രന്ഥം പുറത്തിറക്കുന്നുണ്ട്. സാഹിത്യകാരന്മാരുടെ ഛായാചിത്രത്തോടൊപ്പം ജീവചരിത്രക്കുറിപ്പും കൊടുത്ത് ഇറക്കുന്ന ഈ ഗ്രന്ഥം പ്രൊഫ. വസന്തൻ ഏറെക്കാലം ഗവേഷണം നടത്തി തയാറാക്കുന്നതാണ്. ഇത് അക്കാദമി പ്രസിദ്ധീകരണങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ്.

ഇന്ററാക്ടീവ് സി.ഡി.

നമ്മുടെ ഭാഷാസാഹിത്യപാരമ്പര്യത്തെക്കുറിച്ച് ഇന്നത്തെ തലമുറക്ക് അധികമൊന്നും അറിയില്ല. മൺമറഞ്ഞ സാഹിത്യകാരന്മാരുടെ ഛായാചിത്രങ്ങൾ സാഹിത്യ അക്കാദമിയുടെ ചിത്രശാലയിൽ പ്രദർശിപ്പിച്ച് ആദരിച്ചതിനപ്പുറം നമുക്കവരോട് നീതി പുലർത്താനായിട്ടില്ലെന്നത് ഖേദകരമായ ഒരു വസ്തുതയാണ്. അവരുടെ ജീവചരിത്രം, സാഹിത്യസംഭാവനകൾ, അവരുടെ പൊതുപ്രവർത്തനങ്ങൾ എന്നിവയെപ്പറ്റിയൊന്നും ഇന്നത്തെ ഭാഷാവിദ്യാർത്ഥികൾക്കറിയില്ല. നമ്മുടെ ഭാഷാപാരമ്പര്യത്തെപ്പറ്റി ഇന്നത്തെ തലമുറയ്ക്ക് അവബോധമുണ്ടാക്കാനും സാഹിത്യഗവേഷകർക്ക് വേണ്ട വിവരങ്ങൾ എളുപ്പം ലഭ്യമാക്കാനുമായി കേരള സാഹിത്യ അക്കാദമി ഒരുക്കുന്നതാണ് 'മലയാള സാഹിത്യ പാരമ്പര്യ'മെന്ന ഇന്ററാക്ടീവ് സി.ഡി. ഈ പദ്ധതിയെപ്പറ്റി അക്കാദമി ആർക്കൈവ്‌സിന്റെ കൺവീനറും പദ്ധതി പ്രോജക്ട് ഡയറക്ടറുമായ ഇ. ഹരികുമാർ.

''ചിത്രശാല എന്ന ഗ്രന്ഥത്തിൽ ജീവചരിത്രവും ഛായാചിത്രവും മാത്രമേ ചേർക്കുന്നുള്ളു. ഇത് അച്ചടിമാധ്യമത്തിന്റെ പരിമിതിയാണല്ലോ മേൽപ്പറഞ്ഞ വിവരങ്ങൾക്കൊപ്പം ആധുനിക വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച് സാഹിത്യപ്രതിഭകളുടെ കൈയെഴുത്തും അവരുടെ ശബ്ദവും (ലഭ്യമാണെങ്കിൽ) ചേർത്തുകൊണ്ട് ഒരു ഇന്ററാക്ടീവ് സി.ഡി. നിർമിക്കാനാണ് അക്കാദമി ഉദ്ദേശിക്കുന്നത്. ഒപ്പംതന്നെ അവരുടെ പുസ്തകങ്ങളുടെ ചിത്രവും വിവരങ്ങളും കൊടുക്കാൻ ഉദ്ദേശിക്കുന്ന അക്കാദമിയുടെ ചിത്രത്തിന്റെ പശ്ചാത്തലത്തിൽ സി.ഡിയുടെ പൂമുഖം. അതിൽ അക്കാദമി ചിത്രശാലയുടെയും അപ്പൻതമ്പുരാൻ സ്മാരകത്തിന്റെയും ചിത്രം പൂമുഖത്തിൽനിന്നും നാം പ്രവേശിക്കുന്നത് നാമസൂചിയുടെ മുറിയിലേക്കാണ്. രണ്ടു വിധത്തിലാണ് നാമസൂചി തയ്യാറാക്കുന്നത്. ഒന്ന്, അക്ഷരമാലക്രമത്തിൽ. രണ്ട് കാലാനുസാരിയായി നാം ഉദ്ദേശിക്കുന്ന സാഹിത്യകാരന്റെ പേര് അറിയാമെങ്കിൽ അക്ഷരമാലക്രമത്തിലുള്ള നാമസൂചി ഉപയോഗിക്കാം. മറിച്ച് ഒരു കാലഘട്ടത്തിൽ ജീവിച്ചിരുന്ന സാഹിത്യകാരന്മാരെയാണ് അന്വേഷിക്കുന്നതെങ്കിൽ കാലാനുസാരിയായ നാമസൂചി അവലംബിക്കാം. നാം ഉദ്ദേശിച്ച സാഹിത്യകാരന്റെ പേരിൽ മൗസുകൊണ്ട് അമർത്തിയാൽ നാം അവരുടെ മുറിയിലെത്തുന്നു. അവിടെ പ്രദർശിപ്പിച്ച ഛായാചിത്രം അക്കാദമി ചിത്രശാലയിലേതുതന്നെ. ആ ചിത്രം കൂടുതൽ വലുതായി കാണാനും പ്രിന്റൗട്ട് എടുക്കാനും സൗകര്യമുണ്ട്. ആ മുറിയിൽത്തന്നെ ആ സാഹിത്യകാരന്റെ ശബ്ദം കേൾക്കാനുള്ള സൗകര്യമുണ്ട്. ആദ്യകാല സാഹിത്യകാരന്മാരുടെയൊന്നും ശബ്ദം ലഭ്യമല്ല. ഈ മുറിയിൽനിന്ന് അവരുടെ കൈയെഴുത്തുള്ള മുറിയിലേക്കുപോകാം. അതുപോലെതന്നെ ജീവചരിത്രക്കുറിപ്പിലേക്കും പുസ്തകങ്ങളുടെ ചിത്രങ്ങളുള്ള മുറിയിലേക്കും സാഹിത്യകാരന്മാർക്ക് ലഭിച്ചിട്ടുള്ള പുരസ്‌കാരങ്ങളും സ്ഥാനമാനങ്ങളും അവരുടെ പേരിൽ ഏർപ്പാടാക്കിയിട്ടുള്ള പുരസ്‌കാരങ്ങളും മറ്റൊരു പേജിൽ കാണാം. ഒരു സാഹിത്യകാരന്റെ പേജെടുത്താൽ അദ്ദേഹത്തെപ്പറ്റി പരമാവധി വിവരങ്ങൾ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. ഇങ്ങനെയൊരു സിഡിക്കുപിന്നിലെ പ്രചോദനം അക്കാദമി പ്രസിഡന്റായ എം.ടി. വാസുദേവൻനായരാണ് മൺമറഞ്ഞ സാഹിത്യപ്രതിഭകളുടെ ശബ്ദവും കൈപ്പടയും ചിത്രങ്ങളും സംരക്ഷിക്കാനും അവ സി.ഡിയിലാക്കാനും സത്വരനടപടികളെടുക്കാൻ ഈ കമ്മിറ്റിയുടെ ആദ്യത്തെ മീറ്റിങ്ങിൽത്തന്നെ അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.

ഇങ്ങനെ 230 ഓളം സാഹിത്യപ്രതിഭകളുടെ വിവരങ്ങൾ അടങ്ങിയ മലയാള സാഹിത്യ പാരമ്പര്യമെന്ന ഇന്ററാക്ടീവ് സി.ഡി. നവംബറിൽ പുറത്തിറക്കാനാവുമെന്നാണ് പ്രതീക്ഷ. ഈ സി.ഡി. കോളേജുകളും യൂണിവേഴ്‌സിറ്റികളും മാത്രമല്ല സ്‌കൂളുകളും വാങ്ങി വെക്കേണ്ടതാണ്. കാരണം നമ്മുടെ സാഹിത്യപാരമ്പര്യത്തെപ്പറ്റി കൊച്ചുകുട്ടികളെ ബോധവന്മാരാക്കേണ്ട ആവശ്യമുണ്ട്. അതുപോലെ എല്ലാ ലൈബ്രറികളും ഇത് അവരുടെ കളക്ഷനിൽ വെക്കേണ്ടതാണ്.

ഈ സി.ഡി. ഇന്റർനെറ്റിന്റെ ഭാഷയായ എച്ച്.റ്റിഎം.എൽ-ലിൽ അക്കാദമിയുടെ കംപ്യൂട്ടർ സൗകര്യമുപയോഗിച്ചാണ് ഉണ്ടാക്കുന്നത്. അക്കാദമി വെബ് സൈറ്റ് വിപുലീകരിക്കുമ്പോൾ മൺമറഞ്ഞ സാഹിത്യകാരന്മാരുടെ വിവരങ്ങളും കൂട്ടിച്ചേർക്കാൻ പാകമാവുംവിധമാണ് ഈ സി.ഡി. രൂപകല്പന ചെയ്തിരിക്കുന്നത്. പേജുകൾ ചെറിയ ഭേദഗതിയോടെ വെബ്‌സൈറ്റിൽ ചേർക്കാനാകും. 230-ഓളം സാഹിത്യപ്രതിഭകളുടെ പേജുകൾ അക്കാദമി സൈറ്റിൽ ചേർക്കാൻ (ഒരാൾക്ക് ചുരുങ്ങിയത് 3 പേജു കണക്കാക്കിയാൽ 690 പേജുകളുണ്ടാവും) ചുരുങ്ങിയ ചെലവല്ലേ ഉള്ളൂ ആ ചെലവു മുഴുവൻ ലാഭിക്കാമെന്ന ഗുണവുമുണ്ട്.''

അക്കാദമിയുടെ പുതിയ പദ്ധതികളെപ്പറ്റി സെക്രട്ടറി പ്രൊഫ. ദാമോദരൻ കാളിയത്ത്.

''ഒരു വലിയ കൂട്ടായ്മയുടെ ഫലമാണ് ഇന്ന് അക്കാദമിയിൽ കാണുന്നത്. പല പുതിയ പദ്ധതികളും ആവിഷ്‌കരിച്ചു പ്രായോഗികമാക്കുന്നു. പുതിയ കമ്മിറ്റി വന്നശേഷം ഏറ്റെടുത്ത ഏറ്റവും വലിയ പദ്ധതി നമ്മുടെ സാഹിത്യം നമ്മുടെ സമൂഹം എന്ന ബൃഹദ്ഗ്രന്ഥമാണ്. നാലുവാള്യങ്ങളിലായി രൂപകല്പന ചെയ്ത ഈ ഗ്രന്ഥത്തിന്റെ രണ്ടു വാള്യങ്ങൾ പുറത്തിറങ്ങിക്കഴിഞ്ഞു. 14-ഓളം സാഹിത്യഗവേഷകർ നാലുമാസക്കാലം പല മാധ്യമങ്ങളുടെ ഓഫീസുകളിലും ആർക്കൈവ്‌സുകളിലും കയറിയിറങ്ങി 1900 തൊട്ടുള്ള പ്രധാന സംഭവങ്ങളും വിവരങ്ങൾ ശേഖരിച്ചു കേരളത്തിന്റെ രാഷ്ട്രീയവും സാമൂഹികവും സാംസ്‌കാരികവുമായ ഒരു പരിഛേദം വായനക്കാർക്കു മുൻപാകെ സമർപ്പിക്കാൻ ഈ ഗ്രന്ഥം വഴി അക്കാദമിക്കു കഴിയും.

നമ്മുടെ സാഹിത്യം നമ്മുടെ സമൂഹം എന്ന ഗ്രന്ഥത്തിന്റെ ഒപ്പം തന്നെ തുടങ്ങിയതാണ് ഗ്രന്ഥസൂചിയെന്ന സോഫ്റ്റ്‌വെയറിന്റെ ജോലിയും കെ.എം. ഗോവിസാറിന്റെ നിഷ്‌കർഷയും നിർബന്ധ ബുദ്ധിയുമാണ് ഈ പദ്ധതിക്കു പിന്നിലെന്ന് പറയണം. പരിപൂർണതയിൽ കുറഞ്ഞ ഒന്നും തന്നെ അദ്ദേഹത്തിനു സ്വീകാര്യമല്ല. അതുകൊണ്ടാണ് നെറ്റ്‌ലിങ്ക്‌സ് എന്ന സ്ഥാപനത്തിലെ കുട്ടികൾ ഗ്രന്ഥസൂചിയുടെ മലയാളത്തിലുള്ള സോഫ്റ്റ് വെയർ വികസിപ്പിച്ചെടുത്തപ്പോൾ അതിൽ അക്ഷരമാലക്രമത്തിൽ പദവിന്യാസമില്ലാ എന്ന കാരണംകൊണ്ട് തള്ളിയത്. പക്ഷേ, അതുകൊണ്ടെന്തുണ്ടായി? മലയാളത്തിൽ ആദ്യമായി അക്ഷരമാലക്രമത്തിൽ പദവിന്യാസം സാദ്ധ്യമായി. സാഹിത്യ അക്കാദമിയാണ് ഇതിന് വേദിയൊരുക്കിയത് എന്നത് ചാരിതാർത്ഥ്യജനകമാണ്. സോഫറ്റ്‌വെയറിന്റെ ജോലി കഴിഞ്ഞു. ഇപ്പോൾ അക്കാദമിയിലുള്ള 60,000 ഗ്രന്ഥങ്ങളുടെ ഡാറ്റാബേസുണ്ടാക്കുന്ന ജോലിയിലാണ് ഞങ്ങൾ. അടുത്ത ഏപ്രിൽ മാസത്തോടെ ആ ജോലി തീരും. ഗ്രന്ഥസൂചി പരമാവധി അന്വേഷണ സാദ്ധ്യതകളോടെ ഒരു ഇന്ററാക്ടീവ് സിഡിയായി ഇറക്കാനാണുദ്ദേശം. അറുപതോളം അന്വേഷണങ്ങളെ തൃപ്തിപ്പെടുത്താൻ കഴിവുള്ള ഈ സോഫ്റ്റ്‌വെയർ ലൈബ്രറി രംഗത്ത് അനന്തസാധ്യതകൾ തുറന്നിടുകയാണ് ചെയ്യുന്നത്.

പ്രധാനപ്പെട്ട മറ്റൊരു പദ്ധതിയാണ് മൺമറഞ്ഞ സാഹിത്യകാരന്മാരെപ്പറ്റിയുള്ള ഇന്ററാക്ടീവ് സി.ഡി. ചലിക്കുന്ന ഒരു പോർട്രേറ്റ് ഗ്യാലറി എന്ന് അതിനു വേണമെങ്കിൽ പേരിടാം. അക്കാദമി പോർട്രേറ്റ് ഗാലറിയിൽനിന്ന് ഇത് ഭിന്നമായിരിക്കുന്നത്, ഇതിൽ സാഹിത്യകാരന്മാരുടെ ശബ്ദവും കൈപ്പടയും (ഇവ രണ്ടും ലഭ്യമാണെങ്കിൽ) ജീവചരിത്രക്കുറിപ്പും പുസ്തകങ്ങളും ചിത്രങ്ങളും ചേർത്തിട്ടുണ്ട് എന്നതുകൊണ്ടാണ്.

അക്കാദമി എന്തു ചെയ്യുന്നു എന്ന ചോദ്യത്തിന് ഈ പദ്ധതികൾ സ്വയം മറുപടി പറഞ്ഞുകൊള്ളും. അക്കാദമിയുടെ പ്രവർത്തനങ്ങളെപ്പറ്റി പൊതുജനങ്ങളെ ബോധവാന്മാരാക്കുന്നില്ല എന്ന പരാതിയുണ്ട്. ശരിയാണ് പബ്‌ളിസിറ്റി കൊടുക്കുന്നതിലുള്ള അക്കാദമിയുടെ വൈമുഖ്യമാണിതിനു കാരണം. പ്രസിഡന്റ് എം.ടി. പറയും. നമ്മൾ ജോലിയെടുക്കുക. അതിന്റെ ഫലം പൊതുജനങ്ങൾ സ്വയം അറിഞ്ഞുകൊള്ളും. കാലമെടുക്കും. പക്ഷേ, അവർ അതറിയാതിരിക്കില്ല. മറിച്ച് വെറും പ്രചാരണത്തിനായി നാം പൊതുമുതൽ നശിപ്പിക്കുകയാണെങ്കിൽ ഇതേ ജനം തന്നെ നമുക്ക് മാപ്പുതന്നില്ലെന്നു വരാം. അക്കാദമിയെപ്പറ്റി അറിയണമെന്നുള്ളവർക്ക് എന്നു വേണമെങ്കിലും വരാം. അന്വേഷിക്കാം. പക്ഷേ, അന്വേഷിക്കാനുള്ള സൗമനസ്യം കൂടിയില്ലാതെ വെറുതെ ആരോപണങ്ങൾ തൊടുത്തുവിടുന്നത് ശരിയല്ല. അക്കാദമിക്ക് രാഷ്ട്രീയമില്ല. ഭരണകക്ഷികൾക്ക് രാഷ്ട്രീയമുണ്ട്. പക്ഷേ, അവർ അക്കാദമിയുടെ ദൈനംദിന പ്രവർത്തനത്തിൽ ഒരിക്കലും ഇടപെടാറില്ല. ജനറൽ കൗൺസിലുണ്ട്, കമ്മിറ്റികളും ഉപകമ്മിറ്റികളുമുണ്ട്. അവർ നിർദ്ദേശിക്കുന്ന കാര്യങ്ങൾ എക്‌സിക്യൂട്ടീവിന്റെ യോഗങ്ങളിൽ പരിശോധിച്ച് തീരുമാനമെടുക്കുന്നു. രാഷ്ട്രീയത്തിന്റെ പേരിൽ ഒരു പദ്ധതിയും തള്ളിക്കളഞ്ഞിട്ടില്ല.

മറ്റൊരു വലിയ കാര്യം പ്രസിഡന്റ് അക്കാദമിയുടെ കാര്യത്തിലെടുക്കുന്ന സജീവതാല്പര്യമാണ്. ഏതു തിരക്കിനിടയിലും എക്‌സിക്യൂട്ടീവിന്റെ യോഗത്തിൽ പങ്കെടുക്കാൻ എം.ടി. എത്താതിരിക്കയില്ല. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നല്ലൊരു കൂട്ടായ്മയാണ് അക്കാദമിയിൽ നടന്നുകൊണ്ടിരിക്കുന്നത്. അക്കാദമി ജീവനക്കാരുടെ കലർപ്പില്ലാത്ത സഹകരണം പദ്ധതികളെ അതിന്റെ കാലയളവിൽത്തന്നെ തീർക്കാൻ വളരെയേറെ സഹായിക്കുന്നുമുണ്ട്.

ഇ ഹരികുമാര്‍

E Harikumar