കലാവീക്ഷണം - അക്കാദമികളെപ്പറ്റി

സംവാദം അക്കാദമികൾ അടച്ചുപൂട്ടണോ?

അക്കാദമികൾ ഭാഷയ്ക്കും കലയ്ക്കും വേണ്ടി പല നല്ല കാര്യങ്ങളും ചെയ്യുന്നുണ്ട്. അതിന്റെയെല്ലാം പ്രാധാന്യം കുറച്ചുകാണിക്കുന്നത് ശരിയല്ല. എന്തു നല്ല കാര്യം ചെയ്യുമ്പോഴും അതിനോട് എതിർപ്പുണ്ടാവും. അത് സ്വാഭാവികമാണ്. എതിർക്കുക എന്നത് നമ്മുടെ രക്തത്തിൽ കലർന്നിരിക്കയാണ്. ബഷീറിന്റെ ഭാഷയിൽ പറഞ്ഞാൽ 'സ്ഥലത്തെ പ്രധാന എതിരനാ'വാൻ ഓരോ മലയാളിയും മത്സരിക്കയാണ്.

കേരള സാഹിത്യ അക്കാദമി കഴിഞ്ഞ ഏതാനും വർഷങ്ങളായി ചെയ്തുപോരുന്ന നല്ല കാര്യങ്ങൾ മാത്രം മതി അതിന്റെ നിലനിൽപ്പിനെ സാധുവാക്കാൻ. ഇപ്പോൾ അവർ ഏറ്റെടുത്തിട്ടുള്ള ചില പ്രോജക്ടുകളും ഭാഷയുടെ ഉന്നതിയ്ക്ക് സഹായിക്കുന്നവയാണ്. ഇതെല്ലാം ഒരു അക്കാദമിയ്ക്കു മാത്രം ചെയ്യാൻ പറ്റുന്നവയാണ്. കാരണം പല പ്രോജക്ടുകളും പണം കൊയ്യുന്നവയല്ല എന്നതുകൊണ്ട് ഒരു വ്യക്തിയോ സ്വകാര്യ കമ്പനികളോ എറ്റെടുക്കാൻ മടിക്കുന്നവയാണ്.

പാഴ്‌ചെലവുകൾ വരാതെ ശ്രമിക്കുക മാത്രമാണ് ചെയ്യാനുള്ളത്. സർക്കാരിന്റെ സാമ്പത്തികസഹായം ആശ്രയിച്ചു നടത്തേണ്ട ഒരു കാര്യത്തിൽ ഇതു വിഷമം പിടിച്ചതാണ്. അതുപോലെ മൂന്നു വർഷം കൂടുമ്പോൾ മാറുന്ന കിറ്റികൾ മുൻ കിറ്റിയുടെ തീരുമാനം നടപ്പിലാക്കാൻ മടി കാണിക്കുകയോ, അല്ലെങ്കിൽ അതിൽ കാലതാമസമുണ്ടാവുകയോ ചെയ്യാറുണ്ട്. മുൻ കിറ്റിയുടെ തീരുമാനം കൂലങ്കഷമായി പഠിച്ച് അത് അക്കാദമിയ്ക്ക് ഗുണകരമാണ് എന്നുതീർച്ചയാക്കാൻ സമയമെടുക്കുന്നതുകൊണ്ടാണത്. പിന്നെ ഒരാൾ ഒറ്റയ്‌ക്കെടുക്കുന്ന തീരുമാനം പോലെ കാര്യങ്ങൾ പെട്ടെന്ന് നടന്നെന്നു വരില്ല ഒരു തീരുമാനമെടുക്കാൻ ഒരു കിറ്റിയും കുറേയധികം പേരും ഉണ്ടായാൽ. കാലതാമസം ഏതു പ്രോജക്ടുകളുടെയും ചിലവു കൂട്ടുമെന്ന് നമുക്ക് അനുഭവം കൊണ്ടറിയാമല്ലൊ. ഇതെല്ലാം ജനാധിപത്യത്തിന്റെ, പ്രത്യേകിച്ച് ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥിതിയുടെ ചീത്ത വശങ്ങളാണ്. അനുഭവിക്കുക. രാഷ്ട്രീയ ഇടപെടലിന്റെ കാര്യത്തിൽ ഒരു പരിധിവരെ പരാതികൾ ശരിയാണ് എന്നു പറയാം. പക്ഷെ ഇപ്പോൾ കേരളം രാഷ്ട്രീയവൽക്കരിക്കപ്പെട്ട ഒരു സംസ്ഥാനമായി മാറുന്ന സാഹചര്യത്തിൽ അതിനെപ്പറ്റി ഒന്നും പറയാനില്ല. രാഷ്ട്രീയം മാത്രമല്ല മതവും ജാതിയും നമ്മുടെ ജീവിതത്തെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്. അത് ജീവിതത്തിന്റെ എല്ലാ തുറകളിലും പ്രതിഫലിക്കുന്നുവെന്നു മാത്രം.

സാഹിത്യ അക്കാദമി അടച്ചു പൂട്ടണമെന്ന് പുനത്തിൽ കുഞ്ഞബ്ദുള്ള പറഞ്ഞിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന് ഇപ്പോൾ അങ്ങിനെ തോന്നുന്നുവെന്നു മാത്രമേയുള്ളു. നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും, മൂന്നു വകുപ്പുകളിലായി (നോവൽ, ചെറുകഥ, യാത്രാവിവരണം) മുന്നു കേരള സാഹിത്യ അക്കാദമി അവാർഡുകൾ കൈപ്പറ്റിയതിനുശേഷം പറയാവുന്ന ഒരേയൊരു കാര്യം ഇനി അക്കാദമികൾ അടച്ചുപൂട്ടണമെന്നുതന്നെയാണ്. അക്കാദമിയുടെ ചെറുകഥയ്ക്കുള്ള അവാർഡ് അദ്ദേഹത്തിന് ലഭിച്ചത് 1975ലാണ്. മലയാള ചെറുകഥയെ പുതിയ ഭാവതലങ്ങളിലേയ്ക്കുയർത്തി ആസ്വാദകരുടെ ഹരമാക്കി മാറ്റിയ എം.ടി.യ്ക്ക് അക്കാദമി അവാർഡ് ലഭിച്ചത് 1986ൽ മാത്രമാണ്. ഇതുതന്നെയാണ് നോവലിന്റെയും സ്ഥിതി. പുനത്തിലിനേക്കാൾ മുതിർന്നവരും പ്രഗൽഭരുമായവർ ക്യൂവിൽ നിൽക്കുമ്പോഴാണ് അക്കാദമി അദ്ദേഹത്തിന് അവാർഡ് സമ്മാനിയ്ക്കുന്നത്. സമസ്തകേരള സാഹിത്യ പരിഷത്തിന്റെയും മറ്റു പല അവാർഡുകളുടെയും സ്ഥിതി ഇതുതന്നെ. അദ്ദേഹത്തിന്റെ അഭിപ്രായം അത്ര ഗൗരവമായി എടുക്കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം.

അക്കാദമി അവാർഡുകൾ നിരസിക്കുന്നതും സ്വീകരിച്ചവ തിരിച്ചു കൊടുക്കുന്നതും ഒരു വലിയ കാര്യമാണെന്ന് തോന്നുന്നില്ല. ശ്രീ കെ.പി. അപ്പനും ഡോ. അയ്യപ്പപ്പണിക്കരുമൊഴികെ മറ്റുള്ളവരെല്ലാം തന്നെ അതൊരു പബ്ലിസിറ്റി സ്റ്റണ്ടായിത്തീരാൻ വേണ്ടി ചെയ്തിട്ടുള്ളതാണ്. ശ്രീ കെ.പി. അപ്പൻ മാത്രമാണ് ഒരു അവാർഡും സ്വീകരിക്കില്ലെന്ന തത്വത്തിൽ അവാർഡുകൾ നിരസിച്ചത്. ഡോ. അയ്യപ്പപ്പണിക്കരും അതൊരു വെറും സ്റ്റണ്ടാക്കാൻ ശ്രമിച്ചിട്ടില്ല. താമസിച്ചു ലഭിക്കുന്ന പുരസ്‌കാരങ്ങൾ ഒട്ടും പ്രശംസനീയമല്ല. ഇവരോടുള്ള ബഹുമാനം നമുക്ക് അവാർഡുകൾ നിരസിക്കുന്ന മറ്റെഴുത്തുകാരോട് തോന്നാതിരിക്കാൻ കാരണവും ഇതാണ്.

ഇ ഹരികുമാര്‍

E Harikumar