എന്തൊക്കെയോ നഷ്ടപ്പെട്ട ഒരാളെ'പ്പറ്റി

ഈ കഥ രണ്ടു തലത്തിലാണ് വായിക്കേണ്ടത്. ഒന്ന് എന്തൊക്കെയോ നഷ്ടപ്പെട്ട ഒരാളുടെ മാനസികാവസ്ഥയില്‍, മറ്റേത് ആകെയുണ്ടായിരുന്ന ആലംബമായ അമ്മയും നഷ്ടപ്പെട്ട് തെരുവിലേയ്ക്ക് ഒറ്റയ്ക്കിറങ്ങേണ്ടി വന്ന ഒരു ആറു വയസ്സുകാരിയുടെ ദയനീയാവസ്ഥയില്‍. നമുക്കെല്ലാം നന്മ ചെയ്യാന്‍ അവസരം കിട്ടാറുണ്ട്. പലപ്പോഴും അതു സ്വീകരിക്കാതെ ഒഴിഞ്ഞു മാറുകയാണ് ചെയ്യുന്നത്. കാരണങ്ങള്‍ എന്തൊക്കെയായാലും അതിന്റെയെല്ലാം ഫലം ആരെങ്കിലും കഷ്ടപ്പെടുക എന്നതാണ്. അത് ഒരു കൊച്ചുകുട്ടിയുടേതാകുമ്പോള്‍ പൊറുക്കാൻ പറ്റാത്ത അപരാധമാകുന്നു. നമ്മുടെയെല്ലാം മനസ്സുകളില്‍ അങ്ങിനെയേതെങ്കിലും സംഭവത്തിന്റെ മായ്ക്കാൻ പറ്റാത്ത കറ പുരണ്ടിട്ടുണ്ടാകണം. അങ്ങിനെയൊരു സംഭവത്തിന്റെ കഥയാണ് 'എന്തൊക്കെയോ നഷ്ടപ്പെട്ട ഒരാള്‍'.

എന്റെ ഒന്നിലധികം കഥകളില്‍ ഇങ്ങിനെയുള്ള കഥാപാത്രങ്ങൾ ഉണ്ട്. 'ഓടിക്കപ്പെടുന്ന ബാല്യം' എന്ന മറ്റൊരു കഥയിലെ കഥാനായകന്‍ അത്ര ചീത്ത ആളൊന്നുമല്ല. മറിച്ച് നല്ലവനെന്നു പറയാവുന്ന ഒരാള്‍. പക്ഷെ അന്നു രാവിലെ നടന്ന കാര്യങ്ങള്‍ അയാള്‍ക്കനുകൂലമായിരുന്നില്ല. അതിന്റെ ഫലമായി അയാള്‍ക്ക് രണ്ടു പാവപ്പെട്ട കുട്ടികളോട് വളരെ മോശമായി പെരുമാറേണ്ടി വന്നു. അച്ഛന്റെ ശ്രാദ്ധത്തിന്നായി ബലിയര്‍പ്പിച്ച ചോറ് കട്ടെടുക്കാൻ വന്ന ആ കുട്ടികളെ അയാൾ ഓടിച്ചു. ഓടുന്ന തിരക്കില്‍ ഇളയവൾ വീണ് മുട്ടു പൊട്ടി ചോര കിനിയാൻ തുടങ്ങി. ആ നിമിഷംതൊട്ട് അയാളില്‍ കുറ്റബോധം വളരാൻ തുടങ്ങി. മരിച്ചവര്‍ക്കുള്ളത് മരിച്ചവര്‍ക്ക്, ജീവിച്ചിരിക്കുന്നവര്‍ക്ക് വേറെ എന്ന ചിന്തകളൊന്നും അയാളുടെ രക്ഷയ്ക്കു വന്നില്ല. അയല്‍ക്കാരൻ ആ കുട്ടികളെ വിളിച്ചിരുത്തി മുറിവില്‍ മരുന്നിട്ട് കെട്ടി അവര്‍ക്ക് ഭക്ഷണം കൊടുക്കുന്നതുകൂടി കണ്ടതോടെ അതു പൂര്‍ത്തിയായി. എങ്ങിനെയെങ്കിലും ആ കറ മനസ്സില്‍നിന്നു കളയാൻ അയാൾ കുറച്ചു പണവുമായി ആ കുട്ടികൾ വരുന്ന വഴിയിൽ കാത്തുനിന്നു. പക്ഷെ ആ കുട്ടികള്‍ ഭയം കാരണം അയാളില്‍നിന്ന് ഓടിപ്പോവുകയാണുണ്ടായത്; അയാളില്‍ വീണ്ടും അളവറ്റ കുറ്റബോധം നിറച്ചുകൊണ്ട്. നന്മചെയ്യാനുള്ള അവസരം അയാളില്‍നിന്ന് തട്ടിപ്പറിക്കപ്പെടുകയാണുണ്ടായതെന്ന് കഥ വായിച്ചാലറിയാം.

നമുക്ക് 'എന്തൊക്കെയോ നഷ്ടപ്പെട്ട ഒരാള്‍' എന്ന കഥയിലേയ്ക്കു മടങ്ങാം. ഈ കഥയിലുമതെ, നന്മ ചെയ്യാനുള്ള അവസരം അയാളില്‍നിന്ന് തട്ടിപ്പറിക്കപ്പെടുകയാണുണ്ടായത്. രണ്ടു പേരാണ് അതിനു കാരണം. ഒന്ന് അയാളുടെ ഭാര്യ. 'ഇനി അതും കൂടിയേ വേണ്ടു' എന്നു പറഞ്ഞ് ആ കുട്ടിയെ വീട്ടിലേയ്ക്കു കൊണ്ടു പോകാമെന്ന നിര്‍ദ്ദേശം പാടെ തള്ളിക്കളഞ്ഞുകൊണ്ടുള്ള ഭാര്യയുടെ ഒട്ടും ദയയില്ലാത്ത മറുപടി എല്ലാ വാതിലുകളും അടക്കുന്നതായിരുന്നു. എന്നിട്ടും ആ കുട്ടിയെ രക്ഷിക്കാന്‍ അവസാനമൊരു ശ്രമം നടത്താനായി കാറെടുത്ത് പോയപ്പോഴാണ് കണ്ടത്. പാവപ്പെട്ട ഒരു കുടുംബം ആ കുട്ടിയെ വീട്ടിലേയ്ക്കു കൊണ്ടുപോകുന്നു; അതും ഏറെ വാത്സല്യത്തോടെ തോളിലെടുത്തുകൊണ്ട്. ആ കാഴ്ച അയാളില്‍ സന്തോഷം നിറയ്‌ക്കേണ്ടതാണ്, കാരണം ആ കുട്ടി തെരുവിന്റെ നിര്‍ദ്ദയതയിൽ നിന്ന് എങ്ങിനെയെങ്കിലും രക്ഷപ്പെടുകയാണല്ലൊ. അങ്ങിനെയല്ല ഉണ്ടായത്. പല കാരണങ്ങള്‍കൊണ്ട് അയാളുടെ മനസ്സിടിയുകയായിരുന്നു. എന്തൊക്കെയായിരിക്കും അയാളുടെ മനസ്സില്‍ക്കൂടി പോയിട്ടുണ്ടാവുക? ഒന്നാമതായി സമ്പന്നനായ താന്‍ വളര്‍ത്തുന്നതു പോലെ ആ പാവപ്പെട്ട മനുഷ്യൻ ആ കുട്ടിയെ വളര്‍ത്താൻ കഴിഞ്ഞെന്നു വരില്ല. തോളിലെടുത്തു കൊണ്ടുപോകുന്നതിലെ സ്നേഹം അയാള്‍ക്കു മനസ്സിലായി. 'ഇനി അതും കൂടിയേ വേണ്ടു' എന്നു പറയുന്ന ഭാര്യയുള്ള വീട്ടില്‍, അല്ലെങ്കിൽ ഏതെങ്കിലും അനാഥാലയത്തിൽ അവള്‍ക്ക് ആ സ്നേഹം കിട്ടില്ലെന്നയാള്‍ക്കറിയാം. എല്ലാറ്റിനുമുപരിയായി രക്ഷിക്കാനപേക്ഷിച്ച് പിന്നാലെ നടന്ന ആ ആലംബഹീനയായ കുട്ടിയെ സംരക്ഷിച്ചുവെന്ന ചാരിതാര്‍ത്ഥ്യം അയാളില്‍നിന്ന് അപഹരിക്കപ്പെടുകയാണ്. ഇതു തന്നെയാണ് 'ഓടിക്കപ്പെടുന്ന ബാല്യം' എന്ന കഥയിലെ ഗൃഹനാഥനും സംഭവിച്ചത്.

റാണി എന്നു പേരുള്ള ആറു വയസ്സുകാരിയുടെ മനസ്സിലെന്താണ് നടക്കുന്നുണ്ടാവുക എന്നതാണ് മറ്റൊരു തലം. അതു കഥയില്‍ പറയുന്നില്ല. കഥ വായിക്കുന്നവരുടെ മനസ്സിലൂറി വരേണ്ടതാണ്. കഥ വായിച്ചു കഴിഞ്ഞാല്‍ ആ നിരാലംബയായ പെണ്‍കുട്ടി നിങ്ങളുടെ മനസ്സിൽ നിറഞ്ഞു നിന്നാല്‍ എന്റെ കഥ വിജയിച്ചുവെന്നു പറയാം. ഈ കഥാപാത്രത്തെ എവിടെനിന്നാണ് കിട്ടിയതെന്നു ചോദിച്ചാല്‍ എനിക്ക് ഒന്നേ പറയാനുള്ളു. ഈ കുട്ടി ഒരൊറ്റ കഥാപാത്രമല്ല, മറിച്ച് തെരുവുകളിൽ നിരാലംബരായി എല്ലാവിധ കഷ്ടപ്പാടുകളും സഹിച്ച് ജീവിച്ച് മരിച്ചുപോകുന്ന ആയിരക്കണക്കിന് കുട്ടികളുടെ കഥയാണ്.

ഈ കഥ ആരെക്കുറിച്ചാണ് എഴുതിയത്? സ്വാഭാവികമായും 'എന്തൊക്കെയോ നഷ്ടപ്പെട്ട ഒരാളെ'പ്പറ്റിത്തന്നെ. ആ മനുഷ്യന് എന്തൊക്കെയാണ് നഷ്ടപ്പെട്ടത് എന്ന് ചിന്തിക്കുമ്പോഴാണ് ആറു വയസ്സായ ആ പെണ്‍കുട്ടി നമ്മുടെ മനസ്സിലേയ്ക്ക് ഒരു കൊടുങ്കാറ്റു പോലെ കടന്നു വരുന്നത്. അവളോടു സംസാരിച്ചു കൊണ്ടിരിക്കെ ആ മനുഷ്യന്റെ മനസ്സ് അസ്വസ്ഥമാകുന്നു. ക്രമേണ ആയാളില്‍ കുറ്റബോധം വളരുകയാണ്, ആ പെണ്‍കുട്ടിയുടെ സ്ഥിതിയ്ക്ക് അയാൾ കുറ്റക്കാരനല്ലെങ്കില്‍ക്കൂടി. ആ കുട്ടിയുടെയും, ആറു വയസ്സായ മകളെ തെരുവിന്റെ ക്രൂരതയില്‍ ഒറ്റയ്ക്കാക്കി മരിക്കുന്ന അമ്മയുടെയും നിസ്സഹായതയും കഷ്ടപ്പാടും ഇല്ലാതാക്കാന്‍ തന്നെപ്പോലെയുള്ള സമ്പന്നര്‍ക്ക് കഴിയുമായിരുന്നു എന്ന ബോധം അയാളില്‍ വൈകിയിട്ടെങ്കിലും തല പൊക്കിയിട്ടുണ്ടാകണം.

കുട്ടികള്‍ കഥാപാത്രങ്ങളായുള്ള എന്റെ മറ്റൊരു കഥയാണ് 'തുള്ളിക്കൊരു കുടം'. അതിലെ സമ്പന്നനായ കുട്ടി തന്റെ ഒരു കുട ദരിദ്രനായ സ്നേഹിതന് ദാനം ചെയ്യുമ്പോൾ ആ പാവം കുട്ടി ആലോചിക്കുന്നു. രണ്ടു കുടകളുള്ളവര്‍ ഓരോ കുട ഇല്ലാത്തവര്‍ക്ക് ദാനം ചെയ്താൽ എത്ര നല്ലതാണ്. അതുപോലെ മറ്റു സാധനങ്ങളും. ദാരിദ്ര്യം ഈ ലോകത്തുനിന്നുതന്നെ അപ്രത്യക്ഷമാകും.

ദേശാഭിമാനി ഇ-പേപ്പര്‍ - 2015 നവംബര്‍11