എന്റെ വേരുകള്‍

രണ്ടു കത്തുകള്‍, രണ്ടും അച്ഛന്റെ കയ്യില്‍നിന്ന് ലഭിച്ചത്, എന്നെ വളെരയധികം സ്വാധീനിച്ചിട്ടുണ്ട്. എന്റെ സാഹിത്യ ജീവിതത്തെ അപ്പാടെ മാറ്റിമറിച്ചവയാണീ കത്തുകൾ. അറുപതുകളുടെ തുടക്കത്തിലാണ് ഞാന്‍ എഴുതാൻ തുടങ്ങിയത്. ആദ്യത്തെ കഥ പ്രസിദ്ധപ്പെടുത്തിയത് 62-ല്‍. കത്തുകളുടെ കാര്യം പറയുംമുമ്പ് അമ്പതുകളുടെ അവസാനംതൊട്ട് എന്റെ വായനയെ സ്വാധീനിച്ച രണ്ടുപേരെപ്പറ്റി പറയാം. എന്റെ എഴുത്തിനെ സ്വാധീനിച്ച മലയാളത്തിലെ രണ്ട് അതികായന്മാര്‍തന്നെയാണവർ. ഒന്ന് ഉറൂബ്, രണ്ട് എം.ടി. വാസുദേവന്‍ നായര്‍. ഈ രണ്ടു പേരാണ് വിശ്വസാഹിത്യത്തെ എനിക്കു പരിചയെപ്പെടുത്തിത്തന്നത്. എം.ടി.യുടെ ഏകലവ്യ ശിഷ്യത്വം സീകരിച്ചേപ്പോള്‍ ഉറൂബിന്റെ നേരിട്ടുള്ള ശിഷ്യനാവുകയായിരുന്നു ഞാൻ. ട്രൂമാൻ കപോട്ടി, ഹെമിങ്‌വേ, വില്ല്യം സേരായന്‍, ജോൺ അപ്‌ഡൈക്, വില്ല്യം ഫോക്‌നർ, ആര്‍തർ കെസ്റ്റ്‌ലർ, ജോൺ സ്റ്റീന്‍ബക്ക്, ഹാര്‍പ്പർ ലീ, ഹൊവാഡ് ഫാസ്റ്റ്, ചാപ്പക് ബ്രദേഴ്‌സ്, കമ്യൂ, സാര്‍ത്ര്, ബോറീസ് പാസ്റ്റര്‍നാക്, തുടങ്ങി വൈവിധ്യമാര്‍ന്ന എഴുത്തുകാരുടെ നീണ്ട നിരയാണ് എന്റെ വായനയുടെ അടിത്തറ. അതിനു മുമ്പ് അച്ഛന്റെ നിര്‍ദ്ദേശമനുസരിച്ച് വായിച്ച എഴുത്തുകാരായിരുന്നു ടോൾസ്റ്റോയിയും, ഡോസ്റ്റോവ്‌സ്‌കിയും, ബര്‍നാഡ് ഷാവും മറ്റും. ഈ പേരുകള്‍ കണ്ടാൽ ഇന്നത്തെ നിരൂപകര്‍, ഞാൻ വായന തുടങ്ങിയ കാലഘട്ടത്തെപ്പറ്റി ഓര്‍ക്കാതെ മുഖം ചുളിച്ചെന്നിരിക്കും. പക്ഷേ, ഇന്നത്തെ എഴുത്തുകാര്‍ ഈ സാഹിത്യകാരന്മാരുടെ കൃതികള്‍കൂടി വായിച്ചിരുന്നെങ്കിലെന്ന് ചിലപ്പോഴെങ്കിലും തോന്നാറുണ്ട്.

ആഴവും പരപ്പുമുള്ള ഈ വായനയുടെ പരിണാമമാണോ എന്നറിയില്ല എന്റെ അഞ്ചാമത്തെ കഥയായ കൂറകള്‍ ഞാന്‍ ഇംഗ്ലീഷിലാണ് എഴുതിയത്. ഇംഗ്ലീഷ് എനിക്കു കൂടുതല്‍ വഴങ്ങുന്നതായി തോന്നി. കൂറകള്‍ എഴുതിയശേഷം അത് അച്ഛന്നയച്ചു കൊടുത്തു. കഥകള്‍ അച്ഛനെക്കൊണ്ട് വായിപ്പിക്കുക, തിരുത്തലോടെ അച്ഛന്റെ അഭിപ്രായം അറിയുക എന്നതായിരന്നു അന്ന് ഞാന്‍ ചെയ്തിരുന്നത്. (രണ്ടാമതായി എന്റെ കഥകൾ തിരുത്തിയിരുന്നത് അന്ന് മാതൃഭൂമി പത്രാധിപരായിരുന്ന എം.ടി.യായിരുന്നു. കഥ കിട്ടിയാല്‍ ഉടനെ മറുപടി കിട്ടും. 'കഥ കിട്ടി, വാരികയില്‍ ചേര്‍ക്കുന്നു. ഞാന്‍ വരുത്തിയ തിരുത്തലുകൾ ശ്രദ്ധിക്കുമെല്ലാ.' ഇത്ര മാത്രം. ആ തിരുത്തലുകളും എന്നെ വളരെ സഹായിച്ചിട്ടുണ്ട്). ഇംഗ്ലീഷിലെഴുതിയ കഥ 'The Cockroaches' വായിച്ചു ഇഷ്ടപ്പെട്ട അച്ഛന്റെ മറുപടി കിട്ടി. ഒപ്പംതന്നെ കുറേ ഉപേദശങ്ങളും. അതില്‍ മാതൃഭാഷയില്‍ത്തന്നെ എഴുതുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി കുറേ എഴുതിയിരുന്നു. മാതൃഭാഷ അമ്മയാണെന്നും ആ ഭാഷയില്‍ക്കൂടി മാത്രമെ ശരിക്കും ആത്മാവിഷ്‌കാരം നടക്കുകയുള്ളൂ എന്നും മറ്റും എഴുതിക്കൊണ്ട് ഒരു നീണ്ട കത്ത്. മനോഹരമായ ആ കത്ത് എന്റെ ചിന്താഗതിയെ മാറ്റി മറിച്ചു. ഇംഗ്ലീഷില്‍ എഴുതിയാൽ വായനക്കാരുടെ കൂടുതൽ വിശാലമായ ഒരു നിരയുണ്ടാവും എന്നത് എന്നെ പ്രലോഭിപ്പിച്ചപ്പോള്‍ അച്ഛന്റെ കത്ത് എന്നെ മാതൃഭാഷയിലേയ്ക്ക് തിരിച്ച് വിളിച്ചു. ഞാന്‍ പിന്നീട് ഇംഗ്ലീഷിലെഴുതാൻ ശ്രമിച്ചില്ല. കൂറകള്‍ ഞാൻ മലയാളത്തിൽ മാറ്റി എഴുതി. ഇന്ന്, മുപ്പത്തഞ്ചു വര്‍ഷങ്ങള്‍ക്കു േശഷം ആലോചിക്കുമ്പോൾ, ലോകസാഹിത്യത്തിന് വലിയ മുതല്‍ക്കൂട്ടൊന്നും നല്‍കാൻ കഴിഞ്ഞിട്ടില്ലാത്ത താരതേമ്യന പുതിയ ഭാഷയിൽ, അത് എന്റെ മാതൃഭാഷയാണെന്ന പരിഗണന മാത്രം കൊടുത്ത് എഴുത്തു തുടര്‍ന്നതിൽ ഞാൻ ഖേദിക്കുന്നുണ്ടോ? ഒന്നും പറയാന്‍ കഴിയുന്നില്ല. മാതൃഭാഷയില്‍ എഴുതി എന്ന ഒരേയൊരു കാരണംകൊണ്ടാണ് നമ്മുടെ എഴുത്തുകാർ പുറമെ അറിയെപ്പെടാത്തത്. ഉറൂബിന്റെ 'സുന്ദരികളും സുന്ദരന്മാരും', 'ഉമ്മാച്ചു', എം.ടി.യുടെ 'കാലം', 'രണ്ടാമൂഴം', ബഷീറിന്റെ 'ന്റുപ്പുപ്പാക്കൊരാനണ്ടാര്‍ന്ന്', 'പാത്തുമ്മയുടെ ആട്', കാരൂരിന്റെ 'പൂവമ്പഴം', ജിയുടെയോ, ഇടശ്ശേരിയുടെയോ, വൈലോപ്പിള്ളിയുടെയോ കവിതകൾ, ഇവെയല്ലാം വിശ്വസാഹിത്യത്തില്‍ പുക‌ഴ്‌ത്ത‌പ്പെടുന്ന പല കൃതികേളാടും കിടപിടിക്കുന്നതാണ്. മലയാളത്തില്‍ എഴുതപ്പെട്ടു എന്ന ഒരേ ഒരു കാരണത്താൽ അവയ്ക്ക് അര്‍ഹിക്കുന്ന പരിഗണന കിട്ടുന്നില്ലെന്നു മാത്രം. അങ്ങിനെയാകുമ്പോൾ ഇന്ത്യയുടെ തെക്കേ അറ്റത്ത് കേരളെമന്ന ദേശത്ത് പ്രബുദ്ധരായ ഒരു ജനതയും, അവരുടേതായി നവീനവും സമ്പന്നവുമായ ഒരു ഭാഷയുമുണ്ടെന്നു കാണിക്കാനെങ്കിലും ഇംഗ്ലീഷിൽ എഴുതണമെന്നു തോന്നും. അപ്പോഴെല്ലാം അച്ഛന്റെ കത്ത് ഓര്‍മ്മ വരികയും ഞാൻ എന്റെ മാതൃഭാഷയിലേയ്ക്ക് തിരിച്ചു വരികയും ചെയ്യും.

രണ്ടാമത്തെ കത്ത് എന്റെ ചില ഭയങ്ങളെ ദൂരികരിക്കാനായി അച്ഛന്‍ എഴുതിയതായിരുന്നു. 62-നും 72-നുമിടയ്ക്ക് ഞാൻ ആകെ എഴുതിയത് പതിനൊന്നു കഥകളാണ്. കേരളത്തിലെ മണ്ണുമായി തൊള്ളായിരത്തി അറുപതിൽ ബന്ധം വിട്ടതാണ്. 72-ല്‍ 'പ്രാകൃതനായ ഒരു തോട്ടക്കാരൻ' എന്ന കഥയെഴുതി. എഴുതി വന്നേപ്പാഴാണ് ആ കഥയിലെ പ്രാകൃതനായ തോട്ടക്കാരൻ അച്ഛൻ തന്നെയാണെന്ന് മനസ്സിലാക്കിയത്. മണ്ണുമായുള്ള ബന്ധം ഇല്ലാതായി, ഇനി എനിക്ക് എഴുതാന്‍ കഴിയില്ല എന്ന ഒരവസ്ഥ വന്നേപ്പാള്‍, എന്റെ കഥകൾ ഒരു നഗരവാസിയുടെ കഥകൾ മാത്രായി മാറുന്നുണ്ടോ എന്ന സംശയം വച്ച് ഞാൻ അച്ഛന്ന് എഴുതി. അച്ഛന്റെ മറുപടി ഉടനെ വന്നു. 'വാടിയ അപ്പച്ചെടികളുടെ മണത്തെപ്പറ്റി നിനക്ക് എഴുതാമെങ്കിൽ നീ തികച്ചും ഒരു മലയാളിതന്നെയാണ്. നിന്റെ കഥകള്‍ക്ക് മണ്ണിന്റെ മണമുണ്ട്.' വാടിയ അപ്പച്ചെടികളുടെ ഗന്ധം 'പ്രാകൃതനായ ഒരു തോട്ടക്കാരൻ' എന്ന കഥയിലുള്ളതാണ്. എനിക്ക് ആശ്വാസമായി. 'ശ്രീപാര്‍വ്വതിയുടെ പാദം' എന്ന കഥ വളരെ പിന്നീട് ഞാന്‍ കേരളത്തിൽ തിരിച്ചുവന്നു താമസമാക്കിയതിനു ശേഷമാണ് എഴുതിയത്. മറിച്ച് ഞാന്‍ കേരളത്തിലേയ്ക്ക് തിരിച്ചു വന്നില്ലെങ്കിലും മണ്ണിന്റെ മണമുള്ള ആ കഥ ഇതേപോലെ എഴുതുമായിരുന്നെന്ന് ഇന്ന് എനിക്കുറപ്പുണ്ട്. ഞാന്‍ എവിടെയാണെങ്കിലും എന്റെ വേരുകൾ കേരളത്തിലാണ്, മലയാളത്തിലാണ്.

ഇ ഹരികുമാര്‍

E Harikumar