എന്റെ രാമായണം വായന

Ramayanam readingഞാൻ അദ്ധ്യാത്മരാമായണം വായിക്കുന്നത് ഉത്കൃഷ്ടമായൊരു സാഹിത്യസൃഷ്ടയായിട്ടാണ്. ശ്രീരാമൻ അവതാരപുരുഷനാണോ, രാമായണം കഥ ശരിക്കും നടന്ന കഥയാണോ എന്നൊന്നും അന്വേഷിക്കാതെത്തന്നെ അതാസ്വദിക്കാൻ കഴിയും. വാല്മീകീരാമായണത്തിന് രൂപത്തിലും ഭാവത്തിലും അല്പ സ്വല്പം മാറ്റം വരുത്തി മലയാളത്തിൽ മനോഹരമായ ഒരു ശില്പം പണിത തുഞ്ചത്താചാര്യനെ നമിക്കാതെ രാമായണം തുറക്കരുതെന്നാണ് എന്റെ അഭിപ്രായം.

ഒരു കൃതി വീണ്ടും വീണ്ടും വായിക്കപ്പെടണമെങ്കിൽ അതിന് അസാമാന്യമായ കലാമൂല്യം വേണമെന്ന കാര്യം തീർച്ചയാണ്. പരിണാമഗുപ്തി തീരെയില്ലാത്ത ഒരു കഥ (കാരണം രാമായണം വായിക്കാത്തവർക്കുകൂടി അതിന്റെ കഥ അറിയാം) പേർത്തും പേർത്തും വായിക്കപ്പെടുന്നത് അനിതരമായ പാരായണക്ഷമതയുള്ളതുകൊണ്ടാണ്. ഭക്തിയുടെ പേരിൽ വായിക്കുന്നത് മോക്ഷലബ്ധിക്കാണെന്നു വേണമെങ്കിൽ വാദിക്കാം. പക്ഷെ എന്നെപ്പോലെ ഒരാൾ രാമായണം രണ്ടാമതും മൂന്നാമതും വായിക്കാനെടുക്കുന്നുണ്ടെങ്കിൽ അതു തീർച്ചയായും ഭക്തിയുടെ പേരിലാവാൻ വയ്യ.

രാമായണം മഹാഭാരതം മുതലായ ക്ലാസ്സിക്കുകൾ ദശാബ്ദങ്ങളായോ സഹസ്രാബ്ദങ്ങളായോ മായാതെ നിലനിൽക്കുന്നത്, മതപരമായ യാതൊരു പ്രേരണകളോ നിർബ്ബന്ധമോ ഇല്ലാതെ വായിക്കപ്പെടുന്നത് അവയുടെ കലാമേന്മ ഒന്നുകൊണ്ടു മാത്രമാണ്. ഈ മേന്മയാകട്ടെ ദശാബ്ദങ്ങളായി, അല്ലെങ്കിൽ സഹസ്രാബ്ദങ്ങളായി പ്രാചീനമായ ഒരു കഥ മതപരമായ ഒരു കടുംപിടുത്തവുമില്ലാത്ത ഒരു ജനത വാമൊഴിയായി ആവർത്തിച്ചു ശുദ്ധീകരിച്ചതുകൊണ്ടാണുതാനും. ഓരോ തലമുറയിലും, ഒരു ചിത്രകാരൻ തന്റെ ചിത്രത്തിലേയ്ക്ക് വീണ്ടും വീണ്ടും ബ്രഷുമായി മിനുക്കുപണികൾക്കുവേണ്ടി പോകുന്നപോലെ, രാമായണമെന്ന ശില്പം ശുദ്ധീകരിക്കപ്പെട്ടു. ഈ പ്രക്രിയ അച്ചടിമാദ്ധ്യമങ്ങൾ വരുന്നതുവരെ തുടർന്നിരിക്കാനാണ് സാധ്യത. ഇതിന്റെ മറ്റൊരു ഫലം രാമായണത്തിന് അനേകം പാഠഭേദങ്ങളുണ്ടായി എന്നതാണ്.

മധ്യമകാലങ്ങളിൽ ഭാരതം സന്ദർശിച്ച വിദേശികൾ രാമായണത്തിൽ ആകൃഷ്ടരായി അവരുടെ നാട്ടിൽ പ്രാദേശികമായ പേരുകളോടെ, സാമുദായികാചാരങ്ങളോടെ ഈ കാവ്യം പ്രചരിപ്പിച്ചു. ഇങ്ങിനെ പാഠഭേദങ്ങളുണ്ടാവുന്നതും മൂലകൃതിയുടെ പെരുമതന്നെയാണ് കാണിക്കുന്നത്.

രാമായണം മുഴുവൻ വായിച്ചുകഴിയുമ്പോൾ എന്റെ മനസ്സിൽ ഏതു കഥാപാത്രമാണ് മുന്നിട്ടു നിൽക്കുന്നത്? എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല. സീതതന്നെയാണ്. എന്റെ പെൺപക്ഷപാതമാണോ അതിനു കാരണമെന്നറിയില്ല. എനിക്ക് രാമായണരചനയിൽ എന്തെങ്കിലും കയ്യുണ്ടായിരുന്നെങ്കിൽ ഞാൻ സീതാദേവിയുടെ വിധി മാറ്റിമറിച്ചേനെ.

ലക്ഷ്മണനും സഹതാപമർഹിക്കുന്ന കഥാപാത്രമാണ്. വിവാഹം കഴിഞ്ഞ് ഊർമ്മിളയുമായി അധികകാലം ജീവിക്കാൻ പറ്റിയില്ല. അതിനുമുമ്പ് ജ്യേഷ്ഠനെ കാട്ടിലേയ്ക്ക് അനുഗമിക്കേണ്ടിവന്നു. അവിടെവച്ച് താൻ സ്വപ്നത്തിൽക്കൂടി ഓർത്തിട്ടില്ലാത്ത ഒരു കാര്യത്തിന്റെ പേരിൽ സീതാദേവിയുടെ ആക്ഷേപം കേൾക്കേണ്ടിവരിക. പതിനാലു കൊല്ലം കഴിഞ്ഞ് തിരിച്ചു വന്നപ്പോൾ ഒരു സഹോദരനും ചെയ്യേണ്ടിവന്നിട്ടില്ലാത്ത ഒരു കർമ്മം ചെയ്യാൻ നിർബ്ബന്ധിതനാവുക, അതായത് ജ്യേഷ്ഠപത്‌നിയെ കാട്ടിൽ ഉപേക്ഷിക്കാനുള്ള ശ്രീരാമാജ്ഞ നിറവേറ്റേണ്ടി വരിക. അതും കഴിഞ്ഞപ്പോഴാണ് യമന്റെ ചതി കാരണം ശ്രീരാമനാൽ പരിത്യജിക്കപ്പെടുന്നത്. എന്തൊരു ജീവിതം!

വാല്മീകി മഹർഷിയോടും തുഞ്ചത്താചാര്യനോടും ഞാൻ ചെയ്യുന്ന ഗുരുത്വക്കേട് തീർക്കാൻ ഞാൻ ഒരിക്കൽക്കൂടി അദ്ധ്യാത്മരാമായണം വായിക്കട്ടെ!

ഇ ഹരികുമാര്‍

E Harikumar