എന്റെ കോളജ് ദിനങ്ങൾ

പ്രണയത്തിന്റെ സൗരഭ്യമോ സുഹൃദ് വലയത്തിന്റെ ഊഷ്മളതയോ ഇല്ലാതെ, ഇഛാഭംഗത്തിന്റെയും ലഭിക്കാതിരുന്ന അവസരങ്ങളുടെ കൊടുംശൈത്യത്തിന്റെയും ഒരു പഠനകാലമായിരുന്നു എന്റേത്. ഒരു കാമ്പസ്സ് ഓർമ്മകൾ എന്ന സംജ്ഞയിൽ പൊതുവേ പ്രതീക്ഷിക്കാവുന്ന ഘടകങ്ങളൊന്നും ഈ കുറിപ്പിൽ കണ്ടില്ലെന്നു വരാം. ചെറുപ്രായത്തിൽ ജോലിയന്വേഷിച്ച് കൽക്കത്തയ്ക്കു വണ്ടി കയറിയപ്പോൾ ഒരു ശാസ്ത്രജ്ഞനോ ഒരെഞ്ചിനീയറോ ആവണമെന്ന മോഹം നാട്ടിൽത്തന്നെ ഉപേക്ഷിക്കേണ്ടി വന്നു. വലിയ മോഹങ്ങളൊന്നും ഇല്ലാതിരിയ്ക്കയാണ് നല്ലതെന്ന ഉൾവിളി നേരത്തെത്തന്നെ ഉണ്ടായിരുന്നതിനാൽ പ്രിയപ്പെട്ട ഗുരുനാഥൻ ശ്രീ. ജനാർദ്ദനവാരിയർ 'ഏതു കോളജിലാണ് ചേരുന്നതെന്ന് അന്വേഷിച്ചപ്പോൾ കരയാതിരിക്കാൻ പറ്റി. (അദ്ദേഹമായിരുന്നു കെമിസ്റ്റ്രി ടീച്ചർ. മാത്രമല്ല അദ്ദേഹം പരീക്ഷയ്ക്കുമുമ്പ് ഒന്നര മാസം എന്നും സൗജന്യമായി ട്യൂഷനെടുത്തതുകൊണ്ടാണ് ഞങ്ങളുടെ ആ ഗ്രൂപ്പ് എസ്.എസ്.എൽ.സിയ്ക്ക് ഇലക്ടീവ് മാത്ത്‌സിൽ പാസ്സായത്. മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ പരിഷ്‌കാരങ്ങൾ ഒരു തയ്യാറെടുപ്പുമില്ലാതിരുന്ന ഞങ്ങളുടെ ഗ്രൂപ്പിനെ വല്ലാതെ തളർത്തിയിരുന്നു.)

കൽക്കത്തയിലെത്തി ആദ്യത്തെ ഒരു വർഷം നല്ല കമ്പനിയിൽ കയറിപ്പറ്റാൻ വിനിയോഗിച്ചു. പിന്നീടാണ് സായാഹ്ന ക്ലാസ്സുകളിൽ ചേർന്ന് ഡിഗ്രിയെടുക്കാൻ ശ്രമിച്ചത്. ബംഗാബാസി കോളജിൽ മാത്രമേ സയൻസ് വിഷയങ്ങളിൽ സായാഹ്ന ക്ലാസ്സുകളുള്ളു. ഒരു ഫസ്റ്റ് ക്ലാസ്സില്ലാത്ത എന്റെ നേരെ അവർ കൈമലർത്തി. മറ്റു യൂനിവേഴ്‌സിറ്റികളിൽ നിന്നു വരുന്ന കുട്ടികൾക്ക് ഫസ്റ്റ് ക്ലാസ്സുണ്ടെങ്കിലേ അഡ്മിഷൻ കൊടുക്കു. ഒരു പഞ്ചാബി നടത്തിയിരുന്ന പോളിടെക്‌നിക്കിൽ ചേർന്നു. കടം വാങ്ങിയ കുറേ പണം ചെലവാക്കിയതു മാത്രം മെച്ചം. അതൊരു വെറും തട്ടിപ്പു മാത്രമായിരുന്നു. അങ്ങിനെയാണ് സിറ്റി കോളജിൽ അഡ്മിഷൻ വാങ്ങിയത്.

അവരുടെ സായാഹ്നകോളജിന്റെ പേര് പ്രഫുല്ലചന്ദ്ര കോളജ് എന്നായിരുന്നു. വൈകീട്ട് ആറുമുതൽ ഒമ്പതുവരെ ക്ലാസ്സ്. അഞ്ചു മണിയ്ക്ക് ഓഫീസിൽ നിന്നിറങ്ങി ചായപോലും കുടിയ്ക്കാതെ ഗൊറിയഹട്ടിലേയ്ക്കുള്ള ട്രാമോ ബസ്സോ പിടിയ്ക്കുന്നു. വയറിനോടൊപ്പം പകൽ മുഴുവൻ ജോലിയെടുത്ത തലയും കാലിയായിരിക്കും. രാത്രി ഒമ്പതുമണിയ്ക്ക് മൂന്നു ട്രാമും ഒരു ബസ്സും പിടിച്ച് തണുപ്പും വിശപ്പും സഹിച്ച് വീട്ടിലേയ്ക്കു യാത്ര. ഒപ്പം രണ്ടു ക്ലാസ്സ് സീനിയറായിരുന്ന ഉണ്ണിയുമുണ്ടാവും. എന്നെ കൽക്കത്തയ്ക്കു കൊണ്ടുപോയ ശ്രീ. പ്രഭാകരപ്പണിക്കരുടെ അനുജനാണ് ഉണ്ണി. വിൻററിൽ ഈ യാത്ര ശരിക്കും ഒരു യാതനയാണ്. ഒരു സ്വെറ്റർ മാത്രമേ ഉണ്ടാവു. അതാകട്ടെ ഡിസംബർ ജനുവരി മാസത്തെ തണുപ്പിനെ അകറ്റാൻ പര്യാപ്തവുമല്ല. പലപ്പോഴും തോന്നും പഠിത്തം നിർത്തിക്കൂടെ. പക്ഷെ ഒരു ഡിഗ്രിയെടുക്കാനുള്ള മോഹം കാരണം പഠിത്തം തുടർന്നു. മാത്രമല്ല, തുടങ്ങി ഒരു ആറു മാസം കഴിഞ്ഞപ്പോഴേയ്ക്ക് പഠിപ്പിച്ചിരുന്ന വിഷയങ്ങൾ എന്നെ വല്ലാതെ ആകർഷിക്കാനും തുടങ്ങിയിരുന്നു. ബുക് കീപ്പിങ് മാത്രമേ ഒരപവാദമുള്ളു. മറിച്ച് ഇംഗ്ലീഷ് സാഹിത്യം, ചരിത്രം, സാമ്പത്തികശാസ്ത്രം എന്നീ വിഷയങ്ങൾ വളരെ രസകരമായിരുന്നു. ഇംഗ്ലീഷ് എടുത്തിരുന്ന പ്രഫസറുടെ (പേര് ഓർയില്ല) ക്ലാസ്സ് ഒരനുഭവമായിരുന്നു, പ്രത്യേകിച്ചു ഷേക്‌സ്പിയർ നാടകങ്ങൾ. പക്ഷെ എന്തൊക്കെയായാലും ഒരെട്ടുമണി കഴിയുമ്പോഴേയ്ക്ക് കഠിനമായ വിശപ്പും ഉറക്കവും സഹിച്ചുകൊണ്ട് എങ്ങിനെയാണ് ക്ലാസ്സിൽ ഇരുന്നതെന്ന് എനിക്കിപ്പോഴും ആലോചിക്കാൻ വയ്യ.

പ്രീഡിഗ്രി കഴിഞ്ഞപ്പോൾ, ഒരു ജോലി അന്വേഷിച്ചു കൽക്കത്തയിലെത്തിയ എന്റെ ജേഷ്ഠൻ സതീശ നാരായണനും എന്റെ ക്ലാസ്സ് മേയ്റ്റായി വന്നു. അദ്ദേഹം പ്രീഡിഗ്രി നാട്ടിൽ നിന്നു പാസ്സായിരുന്നു. അതിനുശേഷം പട്ടാമ്പി സംസ്‌കൃതകോളജിൽ ചേർന്നതായിരുന്നു. ലീലാതിലകവും പാണിനിയും വല്ലാതെ കഷ്ടപ്പെടുത്തിയപ്പോൾ അദ്ദേഹം പഠിത്തം നിർത്തി കൽക്കത്തയ്ക്കു വണ്ടി കയറി. ഈ തിരക്കിനും കഷ്ടപ്പാടുകൾക്കുമിടയിലും ക്ലാസ്സിൽ കുറച്ചു സ്‌നേഹിതന്മാരുണ്ടായി. ശാസ്ത്രത്തിലും സാഹിത്യത്തിലും താല്പര്യമുള്ളവർ. അന്നു വിരളമായി മാതൃഭൂമിയിൽ വന്നിരുന്ന എന്റെ കഥകളെപ്പറ്റിയും ചർച്ചകളുണ്ടായി. അന്നെല്ലാം വർഷത്തിൽ ഒരു കഥ എന്ന തോതിലാണ് ഞാൻ കഥയെഴുതിയിരുന്നത്. കഥകളെഴുതുന്നു, അതെല്ലാം മലയാളത്തിലെ പ്രമുഖവാരികയിൽ പ്രസിദ്ധപ്പെട്ടുവരുന്നു എന്നത് കൂട്ടുകാരിൽ ബഹുമാനം ജനിപ്പിച്ചു.

ശനിയാഴ്ചകളിൽ എനിയ്ക്ക് ഒന്നരമണിവരെ മാത്രമേ ഓഫീസുള്ളു. കോളജ് തുടങ്ങുന്നതാകട്ടെ ശരിയ്ക്കുള്ള സമയത്തും. അതായത് 6 മണിയ്ക്ക്. അന്ന് ആറു മണിവരെ എങ്ങിനെ ചെലവാക്കും എന്നത് ഒരു പ്രശ്‌നമായി. ഗോൾപാർക്കിന്നടുത്ത് കോളജിന്റെ തൊട്ടു മുമ്പിലാണ് രാമകൃഷ്ണ മിഷന്റെ തലസ്ഥാനം. ഒരു ദിവസം വെറുതെയൊന്ന് കയറി നോക്കി. ഒരു കാഷായവസ്ത്രധാരി ഹാളിലിരുന്ന് പ്രസംഗിക്കുകയാണ്. മുമ്പിൽ വളരെ ശ്രദ്ധയോടെ അതു കേട്ടിരിയ്ക്കുന്ന ഒരു വലിയ സദസ്സും . ശ്രദ്ധിച്ചപ്പോഴാണ് മനസ്സിലായത് അതൊരു ഗീതാപ്രഭാഷണമാണെന്ന്. പിന്നീട് മനസ്സിലായി, പ്രഭാഷകൻ രംഗനാഥാനന്ദ സ്വാമികൾ ആണെന്നും അദ്ദേഹം ഒരു മലയാളിയാണെന്നും. അദ്ദേഹം അന്ന് മിഷന്റെ സെക്രട്ടറിയായിരുന്നു. പിന്നീട് മിഷന്റെ വൈസ് പ്രസിഡൻറും, 1998 ൽ പ്രസിഡൻറുമായി. ഒരു വർഷം മുമ്പാണ് അദ്ദേഹം സമാധിയായത്. രണ്ടര മണിയ്ക്ക് അദ്ദേഹത്തിന്റെ മുമ്പിലിരുന്നാൽ ആറു മണിയാകുന്നതറിയില്ല. പ്രഭാഷണത്തിൽ മതം വരുന്നില്ല, ദൈവം വരുന്നില്ല. നമ്മുടെയെല്ലാം ജീവിതം മാത്രം. അതെത്രത്തോളം നന്നാക്കാൻ പറ്റുമെന്ന പ്രബോധനം മാത്രം. ഭഗവദ്ഗീതയുടെ സത്ത ശരിയ്ക്കും ഉൾക്കൊണ്ടുള്ള പ്രഭാഷണങ്ങൾ. പിന്നീടുള്ള ദിനങ്ങൾ ഞാൻ ശനിയാഴ്ചകൾക്കു വേണ്ടി കാത്തിരിക്കാൻ തുടങ്ങി.

ഈ കാലത്തുതന്നെയായിരുന്നു ഞാൻ ന്യൂ ആലിപ്പൂരിലെ നാഷനൽ ലൈബ്രറിയിൽ സ്ഥിരം സന്ദർശകനായത്. കോളജിൽനിന്ന് ലഭിക്കാതിരുന്ന അറിവ് ആ മഹത്തായ ഗ്രന്ഥശേഖരത്തിലെ അപൂർ ഗ്രന്ഥങ്ങൾ ഒഴിവുദിവസങ്ങളിൽ എനിയ്ക്കു നൽകി. ആ വർഷങ്ങൾ എനിയ്ക്ക് പ്രദാനം ചെയ്ത അറിവും സംസ്‌കാരവും എന്റെ ജീവിതകാലം മുഴുവൻ നിലനിൽക്കുന്നതായിരുന്നു. അറുപത്തേഴിലാണെന്നു തോന്നുന്നു ഞാൻ ബി.എ. പാസായി. ആ ഡിഗ്രികൊണ്ട് എനിയ്ക്ക് ജോലിയിൽ വല്ല ഗുണവുമുണ്ടായോ? അതു വേറെ കാര്യം. അപ്പോഴേയ്ക്ക് ഞാൻ പരസഹായമില്ലാതെ എഞ്ചിനീയറിങ്ങിന്റെ ബാലപാഠങ്ങൾ പഠിക്കാൻ തുടങ്ങിയിരുന്നു. (എന്റെ ഈ കാലഘട്ടം അടുത്തു പ്രസിദ്ധം ചെയ്ത 'തടാകതീരത്ത്' എന്ന നോവലിൽ - മാതൃഭൂമി ബുക്‌സ് - കാണാം.) എഴുപതിൽ ഞാൻ സേയ്ൽസ് എഞ്ചിനീയറായി കയറ്റത്തോടെ ദില്ലിയിലേയ്ക്ക് മാറ്റപ്പെട്ടു. ഞാൻ എറ്റവും അധികം സ്‌നേഹിച്ച നഗരത്തോട് വിട.

ഇ ഹരികുമാര്‍

E Harikumar

അനുബന്ധ വായനയ്ക്ക്