എന്റെ ബോംബെകഥകള്‍

ഞാന്‍ ബോംബെ കഥകൾ എന്നാണ് പറഞ്ഞത്, കാരണം ആ കഥകളെഴുതിയിരുന്ന കാലത്ത് ആ നഗരം ബോംബെ തന്നെയായിരുന്നു. മുംബൈ എന്നു പേരു മാറ്റിയതില്‍ വിഷമമില്ല. അതായിരുന്നു പോര്‍ച്ചുഗീസുകാരും ഇംഗ്ലീഷുകാരും വന്ന് മാറ്റുന്നതിനു മുമ്പ് ആ നഗരത്തിന്റെ ശരിക്കുള്ള പേര്‍. മുംബൈയിലെ ഏറ്റവും ആദ്യതാമസക്കാരായ മീൻ പിടുത്തക്കാരായ കോളികൾ (kolies) ആണെന്നു തോന്നുന്നു ആ പേരിട്ടത്.

അതെന്തെങ്കിലുമാകട്ടെ. ഞാന്‍ പറയാൻ പോകുന്നത് എന്റെ ബോംബെ കഥകളെപ്പറ്റിയാണ്.

എഴുപത്തി രണ്ടില്‍ ബോംബെയിൽ വന്ന ശേഷം ആദ്യമെഴുതിയ കഥയാണ് 'കുങ്കുമം വിതറിയ വഴികള്‍'. കുറേക്കാലത്തിനു ശേഷം എഴുതിയ കഥ. അതിനു ശേഷം ധാരാളം കഥകളെഴുതാന്‍ പറ്റി. ബോംബെയിലെ അന്തരീക്ഷം വളക്കൂറുള്ളതായിരുന്നു. അതോടൊപ്പം എന്റെ അനുഭവങ്ങളും കൂടിച്ചേര്‍ന്നപ്പോൾ എഴുതാനുള്ള അന്തരീക്ഷമായി. ഒരു ദിവസം വര്‍ളിയിലെ ഓഫീസില്‍നിന്ന് 83-ാം നമ്പർ ബസ്സു പിടിച്ച് വീട്ടിലേയ്ക്ക് തിരിക്കുമ്പോഴാണ് ഞാൻ തൊട്ടടുത്തിരിക്കുന്ന ഏഴു വയസ്സുള്ള സംഗീതയുമായി പരിചയപ്പെടുന്നത്. കുറേ തമാശ പറഞ്ഞപ്പോള്‍ അവൾ പൊട്ടിച്ചിരിച്ചു. പിന്നീടവളെ കാണുകയുണ്ടായില്ല. പക്ഷെ ആ സംഭവം എന്റെ മനസ്സില്‍ കിടന്ന് ഒരു കഥയായി പരിണമിച്ചു. മുതിര്‍ന്നവരുടെ ലോകത്തിൽ, പ്രത്യേകിച്ച് ലൈംഗിക ജീവിതത്തിൽ, ഒരു ചെറിയ കുട്ടിയ്ക്കുണ്ടാകുന്ന അവ്യക്തതയും അനിശ്ചിതത്വവും, തുടര്‍ന്ന് അത് അവളുടെ മനസ്സില്‍ കെട്ടിപ്പൊക്കിയ സങ്കല്പങ്ങളുടെ തകര്‍ച്ചയും ആണ് ഈ കഥയില്‍. പക്ഷെ ഈ കഥയില്‍ ഞാനൊരു കാഴ്ചക്കാരൻ മാത്രമാണ്.

എന്റെ ജീവിതത്തിന്റെ തന്നെ നിര്‍ണ്ണായകമായ സംഭവങ്ങൾ എന്റെ സാഹിത്യത്തിൽ സ്ഥാനം പിടിച്ചത് മുംബൈയില്‍ നിന്നായിരുന്നു. 'കുങ്കുമം വിതറിയ വഴികള്‍'ക്കു ശേഷം എഴുതിയ കഥയാണ് 'ആശ്വാസം തേടി' എന്ന കഥ. പിന്നീട് എഴുതിയ ചില കഥകള്‍, അതായത് 'മണിയറയില്‍ നിന്ന് ഓടിപ്പോയവര്‍', 'ചുമരില്‍ ചിത്രമായി മാറിയ അച്ഛൻ' എന്നിവ എന്റെ കുടുംബജീവിതത്തിന്റെ ഏതാനും ഏടുകളാണ്. 'മണിയറയില്‍ നിന്ന് ഓടിപ്പോയവർ' എന്ന കഥ മധുവിധു കാലത്തെ ഫാന്റസികളാണ്, മറിച്ച് 'ചുമരില്‍ ചിത്രമായി മാറിയ അച്ഛൻ' എന്നത് ഒരു മകനുണ്ടായതിനു ശേഷമെഴുതിയ കഥയാണ്. ഇതിലും, ഫാന്റസിയാണ് മുന്നിട്ടു നില്‍ക്കുന്നത്. എന്റെ ഒരു കഥയിലും സംഭവങ്ങള്‍ അതേപടി ചേര്‍ത്തിട്ടില്ല. അതെല്ലാം എന്റെ ഭാവനയുടെ ചായത്തില്‍ ചാലിച്ച ബ്രഷുകൊണ്ട് വരച്ച ചിത്രങ്ങളാണ്. അങ്ങിനെയല്ലായിരുന്നുവെങ്കില്‍ എന്റെ കഥകളെല്ലാം തുലോം വിരസങ്ങളായേനെ.

'ആശ്വാസം തേടി' എന്ന കഥ എന്റെ ഒരു സ്നേഹബന്ധത്തിന്റെ കഥയാണ്. വഴിവിട്ട ഒരു സഞ്ചാരം. പക്ഷെ അത് മനോഹരമായിരുന്നു, അതിന്റെ അന്ത്യം ദാരുണമായിരുന്നെങ്കിലും. പിന്നീടെഴുതിയ 'മേഘങ്ങള്‍, പഞ്ഞിക്കെട്ടുകൾ പോലെ' എന്ന കഥയില്‍ അതിന്റെ തകര്‍ച്ചയുടെ തിരനോട്ടം കാണാം. ശരിക്കും അന്ത്യമുണ്ടായത് 'സ്ത്രീഗന്ധമുള്ള മുറി' എന്ന കഥയിലാണ്. 'ഒരു നഷ്ടക്കാരി' എന്ന കഥയിലെ നിശയും ഈ കഥാപാത്രം തന്നെ. അതാകട്ടെ ഈ ബന്ധം നിശയുടെ കാഴ്ചപ്പാടിലൂടെ എഴുതിയ കഥയാണ്. ഈ ബന്ധത്തിന്റെ ബാക്കിപത്രമാണ് മുംബൈ വിട്ട് നാട്ടില്‍ താമസമാക്കി പത്തു വര്‍ഷത്തിനു ശേഷം 1994-ല്‍ എഴുതിയ 'അവള്‍ പറഞ്ഞു, ഇരുളും വരെ കാക്കൂ' എന്ന കഥ. എന്തായാലും ആ തകര്‍ച്ചക്കു ശേഷം വഴിവിട്ട സ്നേഹബന്ധങ്ങളെ ഞാൻ വല്ലാതെ ഭയന്നിരുന്നു.

മുംബൈയില്‍ നിന്ന് എഴുതിയ മറ്റൊരു കഥയാണ് 'ഒരു ദിവസത്തിന്റെ മരണം'. ഒരു സുപാരി പാക്കിങ് കമ്പനിയില്‍ ജോലിയെടുക്കുന്ന കൗസല്യ എന്ന സ്ത്രീയുടെ കഥയാണത്. പാക്കിങ് അല്ലെങ്കില്‍ അതുപോലുള്ള മറ്റു കമ്പനികളിൽ തുഛമായ ദിവസക്കൂലി ചെയ്തു ജീവിക്കുന്ന സ്ത്രീകളെപ്പറ്റി നേരിട്ടറിയുന്നത് വര്‍ളിയിലെ ഒരു ബസ്സ് സ്റ്റോപ്പിൽ കൂട്ടുകാരികളെ കാത്തുനിന്നിരുന്ന ഏതാനും സ്ത്രീകളുടെ സംഭാഷണങ്ങളില്‍ നിന്നായിരുന്നു. പിന്നീട് ഫ്ലോറ ഫൗണ്ടനിലെ ഒരു ഓഫീസിൽ പോയപ്പോള്‍ അതിനടുത്തുള്ള ഒരു സുപാരി പാക്കിങ് കമ്പനിയിൽ ആ ജോലിയുള്ള ഒരു സ്ത്രീയെ നേരിട്ട് കാണാന്‍ പറ്റി. ഒരു പാക്കിങ് മെഷിന്‍ വന്നതോടുകൂടി കമ്പനിയിലെ മിക്കവരുടെയും ജോലി നഷ്ടപ്പെടുമെന്നു വന്ന അവസ്ഥയില്‍ കമ്പനിയുടമ കൗസല്യ എന്ന ചെറുപ്പക്കാരിയെ ജോലി സ്ഥിരതയും പ്രൊമോഷനും വാഗ്ദാനം ചെയ്ത് മാനഭംഗപ്പെടുത്തുന്നതാണ് കഥ. അവളുടെ മുമ്പില്‍ മറ്റു വഴികളൊന്നുമില്ല. ഇവിടെനിന്ന് കിട്ടുന്ന തുഛമായ കൂലി കൊണ്ടാണ് ജോലിയില്ലാത്ത രോഗിയായ ഭര്‍ത്താവിന്റെയും മകന്റെയും കാര്യം നോക്കാന്‍. ഇതും നിന്നാല്‍ പട്ടിണിയാണ്. ആ അവസ്ഥയിലാണ് ഇപ്പോഴുള്ളതിനേക്കാള്‍ മെച്ചപ്പെട്ട ജോലിയും ശമ്പളവും കാട്ടി അവളുടെ ദുര്‍ബ്ബലമായ പ്രതിരോധം കൂടി തകര്‍ത്തത്. അതില്‍ പിന്നീടവൾ മനസ്താപപ്പെടുന്നുണ്ടെങ്കിലും അവളുടെ മുമ്പിൽ മറ്റു വഴികളില്ലാത്തതുകൊണ്ട് പിറ്റേന്നും ജോലിക്കു പോകുമെന്ന കാര്യം തീര്‍ച്ചയാണ്. ആട്ടൊമേഷന്‍ വന്ന് പാവം സ്ത്രീകളുടെ ജോലി നഷ്ടപ്പെടുകയും അതിന്റെ ഫലമായി അവര്‍ക്ക് വഴിവിട്ട് നടക്കേണ്ടി വരുന്നതിനെപ്പറ്റിയും മറ്റാരും എഴുതിയിട്ടില്ലെന്നാണ് എന്റെ അറിവ്. അച്ഛനെഴുതിയ 'നെല്ലുകുത്തുകാരി പാറു' എന്ന കവിത ഞാന്‍ മറക്കുന്നില്ല. ആ കവിതയില്‍ പാറുവിന് ഒരഭയസ്ഥാനം കിട്ടി. അങ്ങിനെ അഭയം കിട്ടാത്ത സ്ത്രീകള്‍ ഒരുപാടുണ്ട്. അവരുടെ ഗതിയെന്താണ്? തൊള്ളായിരത്തി എഴുപത്തൊമ്പതിലെഴുതിയ ഈ കഥ എന്റെ ഏറ്റവും നല്ല പത്തു കഥകളിലൊന്നായി ഞാന്‍ കണക്കാക്കുന്നു.

എഴുപത്താറിലെഴുതിയ 'കോമാളി' എന്ന കഥ എന്റെ ഓഫീസ് ജീവിതത്തിലെ അതൃപ്തിയാണ് കാണിക്കുന്നത്. ഹെഡ്ഡാഫീസില്‍ നിന്ന് പ്രതീക്ഷിക്കുന്ന സഹകരണം ലഭിക്കാത്ത അവസരങ്ങളിലെല്ലാം എന്റെ മേലധികാരി മേശമേല്‍ അടിച്ചുകൊണ്ട് പറയാറുണ്ട്, 'ഹരി, വിയാര്‍ എ ബഞ്ച് ഓഫ് ജോക്കേഴ്‌സ് ഹിയര്‍.' കോമാളി എന്ന ആശയം കിട്ടിയത് അദ്ദേഹത്തിന്റെ അടുത്തുനിന്നാണ്. എന്റെ കഥയിൽ ആ വാചകം കുറച്ചു ഭേദഗതിയോടെ ചേര്‍ത്തു.

'അയാള്‍ ബോസിനെ ഓര്‍ത്തു. മോണികായെ ഓര്‍ത്തു. നീയൊരു കോമാളിയാണ് സുഗതന്‍ എന്നു പറയാറുള്ള (ഭാര്യ) മായയെ ഓര്‍ത്തു. പിന്നെ നരച്ച താടി തലോടിക്കൊണ്ട്, എല്ലാവരും, ഒരഭ്യാസിപോലും, അവസാനം കോമാളിയാകുമെന്നു പറഞ്ഞ ആദ്യത്തെ ബോസിനെ ഓര്‍ത്തു.....'

ഈ കഥയിലെ സംഭവങ്ങളും അതുപോലെ മറ്റുള്ള സംഭവങ്ങളുമാണ് എന്നെ ആ കമ്പനി വിടുവാനും, അതിന്റെ ഫലമായി മുംബൈ തന്നെ വിടുവാനും കാരണമായത്. 'കോമാളി'യ്ക്കു ശേഷമെഴുതിയ കഥയാണ് 'ഭീരു'. ഒരു സാധാരണ മനുഷ്യനായാലും, ഒരു വലിയ രാഷ്ട്രം തന്നെയായാലും കൊല ഭീരുത്വം തന്നെയാണെന്ന എന്റെ വിശ്വാസമാണ് ഈ കഥയിലുള്ളത്. മുംബൈയില്‍ ഒറ്റയ്ക്കു താമസിക്കുന്ന വിവാഹിതനായ ചെറുപ്പക്കാരൻ വെറും ഭയത്തിന്റെ പേരിൽ അയല്‍ക്കാരനെ കൊല്ലുന്നതാണ് പ്രമേയം. ആ പ്രവൃത്തിയിലേയ്ക്കു നയിക്കുന്ന സംഭവവികാസങ്ങള്‍ പലതാണ്. കഥയവസാനിക്കുന്നത്, 'അങ്ങിനെ ഏതു ഭീരുവിനും ചെയ്യാൻ കഴിയുമായിരുന്ന ആ ഹീനകൃത്യം ചെയ്തശേഷം വിനയന്‍ സ്വന്തം ഫ്ലാറ്റിന്റെ ഇരുട്ടിലേയ്ക്ക് ഓടിയൊളിച്ചു,' എന്ന വാക്യത്തിലാണ്.

എഴുപത്തേഴില്‍ മാതൃഭൂമി ഓണപ്പതിപ്പിൽ വന്ന 'വൃഷഭത്തിന്റെ കണ്ണ്' എന്ന കഥ ഹൃദയഭേദകമായ ഒരു സംഭവത്തെപ്പറ്റിയാണ്. ഞങ്ങളുടെ താഴെ നിലയിൽ താമസിക്കുന്ന ഒരു പഞ്ചാബി കുടുംബത്തിലെ നാലു വയസ്സുകാരന്‍ ഒരപകടത്തിൽ മരിച്ചു. അന്ന് രണ്ടു വയസ്സു മാത്രം പ്രായമായിരുന്ന ഞങ്ങളുടെ മകന്റെ ഉറ്റ തോഴനായിരുന്നു അവന്‍. ആ കുട്ടിയെ അവസാനമായി കാണാന്‍ സയൻ ഹോസ്പിറ്റലിൽ പോയപ്പോഴുണ്ടായിരുന്ന എന്റെ മാനസികാവസ്ഥയായിരുന്നു കഥ. വൃഷഭത്തിന്റെ കണ്ണ് എന്നത് ടാറസ്സ് കോന്‍സ്റ്റലേഷനിലെ ആല്‍ദെബരാന്‍ എന്ന പേരുള്ള നക്ഷത്രമാണ്. ടാറസ്സിന്റെ(വൃഷഭത്തിന്റെ) കണ്ണിന്റെ സ്ഥാനത്തുള്ള ആ നക്ഷത്രം നമ്മുടെ സൂര്യനേക്കാള്‍ 40 ഇരട്ടി വലുപ്പമുള്ളതാണ്. ചുവപ്പു നിറമുള്ള ഈ നക്ഷത്രത്തിന്റെ നമ്മുടെ പേരാണ് രോഹിണി.

എഴുപത്തൊമ്പതിലെഴുതിയ 'സര്‍ക്കസ്സിലെ കുതിര' എന്റെ ഓഫീസ് ജീവിതത്തിന്റെ ശരിക്കുള്ള പ്രതിഫലനമാണ്. കോമാളിയെന്ന കഥയുടെ തുടര്‍ച്ചയാണത്. അല്ലെങ്കില്‍ അതിനു മുമ്പ് എഴുതേണ്ട കഥ. സര്‍ക്കസ്സിലെ കുതിര എന്നത് ഒരു ബംഗാളി പ്രയോഗമാണ്. സര്‍ക്കസ്സിലെ കുതിരയോട് ട്രപ്പീസ് പെണ്‍കുട്ടിയെ കല്യാണം കഴിച്ചു തരാമെന്ന് വാഗ്ദാനം ചെയ്ത് അതിനെക്കൊണ്ട് കൂടുതല്‍ പണിയെടുപ്പിക്കുകയാണ് മാനേജര്‍. കുതിരയ്ക്ക് ട്രപ്പീസ് പെണ്‍കുട്ടിയെ ഒരിക്കലും കിട്ടില്ലെന്നു സാരം. അതുപോലെയാണ് ഒരു ജോലിക്കാരനെക്കൊണ്ട് ഓഫീസില്‍ പണിയെടുപ്പിക്കുന്നതും.

'ഒരു കങ്ഫൂ ഫൈറ്റര്‍' എന്റെ മകന്റെ കഥയാണ്. അവന്‍ ജുഹുവില്‍ സുമതി മൊറാര്‍ജി സ്കൂളിൽ പഠിക്കുന്ന കാലത്തുണ്ടായിരുന്ന സ്നേഹിതന്മാരെപ്പറ്റി, അവരുടെ കഴിവുകളെപ്പറ്റി, അവരെയെല്ലാം അനുകരിക്കാന്‍ ശ്രമിക്കുന്ന എന്റെ മകനെപ്പറ്റി. അനുകരണങ്ങളിലെല്ലാം പാളിപ്പോകുമ്പോൾ അവന്റെ ശക്തി കിടക്കുന്നത് പാവപ്പെട്ട സഹപാഠിയോടുള്ള ദീനാനുകമ്പയിലാണെന്ന് അച്ഛന്‍ മനസ്സിലാക്കുകയാണ്.

ഇങ്ങനെ മുംബൈയില്‍നിന്നെഴുതിയ കഥകളിൽ മാത്രമല്ല മുംബൈ വിട്ടശേഷം കുറേക്കാലം എഴുതിയ കഥകളിലും ആ മഹാനഗരത്തിന്റെ അനുഭൂതികള്‍ പടര്‍ന്നുനിന്നു.

ആ നഗരം എനിക്കെല്ലാം തന്നു, അതുപോലെ തിരിച്ചെടുക്കുകയും ചെയ്തു, ഒരു വാശിയോടെ. അതിന്റെ കഥയാണ് ദിനോസറിന്റെ കുട്ടി.

തൊള്ളായിരത്തി എഴുപത്തൊമ്പതിലെഴുതിയ 'ഉറങ്ങുന്ന സര്‍പ്പങ്ങൾ' എന്ന നോവലിലും പശ്ചാത്തലം ബോംബെയാണ്. നാട്ടിലേയ്ക്കു തിരിച്ചുവന്ന് 2002-ലെഴുതിയ അയനങ്ങള്‍ എന്ന നോവലിലും പശ്ചാത്തലം ജുഹുവും മറീന്‍ ഡ്രൈവുമൊക്കെയാണ്. ബോംബെ സിനിമാലോകത്തെപ്പറ്റിയുള്ള നോവലാണത്.

ഈ കഥകളെല്ലാം വളരെ എളുപ്പം എന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്, (www.e-harikumar.com). ആര്‍ക്കു വേണമെങ്കിലും എടുത്തു വായിക്കാം. അല്ലെങ്കില്‍ സായാഹ്ന www.sayahna.org എന്ന സൈറ്റിലും ഇവ ലഭ്യമാണ്. പോരാത്തതിന് ഡെയ് ലി ഹണ്ട് (Dailyhunt app) എന്ന അപ്ലികേഷനിലും ഇത് സൗജന്യമായി ലഭ്യമാണ്. newshunt app ഗൂഗിളിന്റെ പ്ലേസ്റ്റോറില്‍നിന്ന് നിങ്ങളുടെ മൊബൈല്‍ ഫോണിൽ ഡൗണ്‍ലോഡു ചെയ്യാം. അതില്‍ ബുക്‌സ് എന്ന ലിങ്കിലമര്‍ത്തിയാൽ പുസ്തകങ്ങളുടെ പേജിലെത്തും. പിന്നെ ആ പേജില്‍ത്തന്നെയുള്ള മലയാളം വിഭാഗത്തില്‍ ആള്‍ കേറ്റഗറീസ് എന്ന ലിങ്കിലമര്‍ത്തിയാൽ ഫിക്ഷൻ, ചെറുകഥ തുടങ്ങിയ വിഭാഗത്തിലെത്തും. ചെറുകഥകള്‍ എന്ന ലിങ്കിൽ എന്റെ മിക്കവാറും എല്ലാ പുസ്തകങ്ങളും കിട്ടും. കിട്ടാത്തവ ഫിക്ഷന്‍ എന്ന ലിങ്കിലും കിട്ടും. ശ്രമിച്ചുനോക്കു. വായിച്ച് അഭിപ്രായം ഇ-മെയില്‍ ചെയ്യു.

ഇ ഹരികുമാര്‍

E Harikumar