ഡോ. മിനി പ്രസാദ്

ചിരിക്കാനറിയാത്ത കുട്ടികള്‍

ഡോ. മിനി പ്രസാദ്

ഒരു ശിശുവും ശിശുമനസ്സും മലയാള സാഹിത്യത്തിന്റെ ആധാരശിലയായി എന്നും വർത്തിച്ചിരുന്നു. അമ്പാടിക്കണ്ണന്റെ കഥകളിലൂടെ ഈ ശിശുവിനെയാണ് മലയാളിയുടെ മനസ്സ് സാക്ഷാത്ക്കരിച്ച് നിർവൃതി നേടിയത്. നഷ്ടസ്വർഗ്ഗങ്ങളുടെ വിലാപവും പുനരാവിഷ്‌ക്കരണത്വരയുമായി കാൽപ്പനിക സാഹിത്യത്തിൽ ബാല്യകാലം വിഷയമായി. അതിനുശേഷമുള്ള കാലഘട്ടത്തിലാവട്ടെ സമൂഹത്തിൽനിന്ന് ഭ്രഷ്ടരായി അലയുന്നവരും പൊതുവായ നിയമസംഹിതകളോട് നിരപ്പൊത്തു പോവുന്നതിൽ വിമുഖരുമായ കുട്ടികളുടെ വിഹ്വലതകളായിരുന്നു സാഹിത്യത്തിലേക്ക് കടന്നുവന്നത്. വളർച്ചയുടെ പ്രത്യേക കാലഘട്ടത്തിൽ കുട്ടികളനുഭവിക്കുന്ന സവിശേഷ മാനസികപ്രശ്‌നങ്ങളും മുതിർന്നവരുടെ ലോകത്തിൽ സ്വന്തം അസ്തിത്വം നിലനിർത്താനായി അവർ സഹിക്കുന്ന ത്യാഗങ്ങളും പ്രമേയമായ കൃതികൾ സവിശേഷ ശ്രദ്ധയാകർഷിച്ചു. ദൈവത്തിന്റെ പ്രവാചകനായ ദേവദൂതന്മാരുടെ ഭാഷകളിൽ സംസാരിക്കുന്ന ശിശു എന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള സങ്കൽപ്പമാണ് ഇതോടെ തകർന്നുവീണത്.

ജെയിംസ് ജോയ്‌സിന്റെ 1916 ൽ പുറത്തുവന്ന ദ സെൽഫ് പോർട്രേയ്റ്റ് ഓഫ് ദ ആർട്ടിസ്റ്റ് ആസ് എ യംഗ് മാൻ എന്ന നോവലിലെ സ്റ്റീഫൻ ഡീഡാലസ്സ് ആയിരുന്നു ഈ സവിശേഷസ്വഭാവങ്ങളോടെ പ്രത്യക്ഷപ്പെട്ട ആദ്യകഥാപാത്രം. വിശ്വസാഹിത്യത്തിലെന്നപോലെ മലയാളസാഹിത്യത്തിലും ഇത്തരം പ്രമേയങ്ങൾ പ്രത്യക്ഷപ്പെട്ടു. നമ്മുടെ നവ്യസംവേദന കഥാകൃത്തുക്കളാണ് ഇത്തരം കഥാപാത്രങ്ങളെ സൃഷ്ടിച്ചത്. അതിനുശേഷം ആധുനിക സാഹിത്യത്തിൽ സങ്കീർണ്ണജീവിത സമസ്യകളോടേറ്റുമുട്ടുമ്പോൾ പകച്ചുപോകുന്നവരും ഉള്ളിലുണരുന്ന ആയിരം വെളിപാടുകൾക്ക് തൃപ്തികരമായ സമാധാനം കിട്ടാതെ അലയുന്നവരുമായ കുട്ടികളുടെ ക്ഷുബ്ധതകൾ നമ്മെ ഞെട്ടിക്കുകയോ ഭയപ്പെടുത്തുകയോ പോലും ഉണ്ടായി. സവിശേഷസ്വഭാവമാർന്ന കുട്ടികളും അവരുടെ പ്രശ്‌നങ്ങളും തികച്ചും വ്യത്യസ്തമായി അവതരിപ്പിക്കുന്ന കഥാകൃത്താണ് ഇ. ഹരികുമാർ.

നഗരത്തിൽ ഫ്‌ളാറ്റുകളുടെ ഇടുങ്ങിയ ചുവരുകൾക്കുള്ളിൽ കഴിയുന്ന അണുകുടുംബത്തിലെ അംഗമായ ഒറ്റക്കുട്ടിയാണ് പലപ്പോഴും ഹരികുമാറിന്റെ കഥാപാത്രം. പൂക്കളും ശലഭങ്ങളും ഹരിതാഭവും ആകാശനീലിമപോലും നിഷേധിക്കപ്പെട്ട ഈ കുട്ടികളോരോരുത്തരും ഭീഷണമായ രീതിയിൽ ഒറ്റയ്ക്കാണ്. ജീവിതപ്രാരാബ്ധങ്ങളും ജോലിത്തിരക്കുകളുമായി നെട്ടോട്ടം ഓടുന്ന മാതാപിതാക്കളും ഈ കുട്ടികളുമായുള്ള ബന്ധം അപകടകരമാംവിധം ആടിയുലയുന്നു. തിരക്കുകളുടെപേരിൽ അവഗണിക്കുകയും എപ്പോഴും നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്ന മാതാപിതാക്കളെ തീർത്തും അവഗണിക്കുന്ന കുട്ടികൾ കഴിയുന്നതും സ്വന്തം വല്മീകത്തിലേക്ക് ഒതുങ്ങുന്നു. ഈയൊരു സാഹചര്യത്തിൽ പെടുന്ന കുട്ടികൾ ഏകാകിതാ ബോദ്ധ്യങ്ങളിൽനിന്ന് രക്ഷനേടാനായി സ്വന്തം മാർഗ്ഗങ്ങളാവ്ഷ്‌ക്കരിക്കുന്നതായി മനഃശാസ്ത്രപഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. സ്വന്തം ഏകാകിതയിൽനിന്ന് പുറത്തുകടക്കാൻ വളരെ വിചിത്രങ്ങളായ മാർഗ്ഗങ്ങളാണ് 'ദിനോസറിന്റെ കുട്ടി'യിലെ രാജീവൻ കണ്ടെത്തുന്നത്. ഒരു കുട്ടിദിനോസർ രാത്രിമുഴുവനും ജനലിനുപുറത്ത് തനിക്ക് കാവൽ നിൽക്കുകയും, ജനലഴികളിലൂടെ തന്റെ മുഖത്ത് സ്‌നേഹത്തോടെ നക്കുകയും ചെയ്യുന്നു എന്നാണ് രാജീവന്റെ വാദം. പുതിയ ഫ്‌ളാറ്റിലേക്ക് താമസം മാറ്റുമ്പോൾ തന്റെ കിടപ്പുമുറി ദിനോസറിന് സുഖമായും സുരക്ഷിതമായും നിൽക്കാവുന്ന തരത്തിലായിരിക്കണം എന്നത് അവനു നിർബന്ധമാണ്. ദിനോസറിന്റെ കാവലുള്ളതിനാൽ ഒറ്റയ്ക്ക് കിടക്കാനവന് ഭയവുമില്ല. ഒരു രാത്രി അവന്റെ മുറിയിലെത്തുന്ന അച്ഛന്റെ കാഴ്ചകളിലേക്കും പ്രവർത്തികളിലേക്കും പെട്ടെന്നു വഴിമാറുന്ന കഥ ഒരു പ്രത്യേക ദിശാബോധം നൽകുന്നു.

ഡോ. ഗുറാമിയുടെ ആസ്പത്രി എന്ന കഥയിൽ വിജുവിന് ഒരു ഫിഷ്ടാങ്കാണ് അഭയം. അവനെ പ്രസവിച്ച ഉടനെ അമ്മ മരിച്ചതിനാൽ വീട്ടിൽ അച്ഛനും മകനും തനിച്ചാണ്. ഡോ. ഗുറാമിയുടെ ആസ്പത്രി എന്നു പേരുവിളിക്കുന്ന തന്റെ ഫിഷ്ടാങ്ക് വൃത്തിയാക്കി മീനുകളോട് കിന്നാരം പറഞ്ഞാണ് മകൻ സമയം നീക്കുന്നത്. പുതിയ വീട്ടിലേക്ക് താമസം മാറ്റേണ്ട സമയത്ത് ഒരു മത്സ്യം പ്രസവിക്കുന്നു. പിറ്റേദിവസം ടാങ്കിലെ വെള്ളം മാറ്റാനാകുന്ന വിജുവിനെ മത്സ്യക്കുഞ്ഞുങ്ങൾക്ക് അമ്മയുടെ മണംകലർന്ന വെള്ളം ആവശ്യമാണെന്നും അതുകൊണ്ട് വെള്ളം മാറ്റേണ്ട എന്നും അച്ഛൻ ഉപദേശിക്കുന്നു. പുതിയ വീട്ടിലേക്ക് താമസം മാറ്റേണ്ട എന്ന് വിജു അച്ഛനോട് അപേക്ഷിക്കുന്നയിടത്ത് കഥയവസാനിക്കുന്നു. താനൊരിക്കലും കണ്ടിട്ടില്ലാത്ത അമ്മയുടെ അദൃശ്യസാന്നിദ്ധ്യം ഒരു ഗന്ധസ്പർശമായി അന്ന് അവൻ തിരിച്ചറിയുന്നു. ആ വീടിന്റെ ഓർമ്മകളിൽനിന്നും രക്ഷപ്പെടാനാണ് അയാൾ പുതിയ വീട് തിരഞ്ഞെടുക്കുന്നത്. മകനാവട്ടെ അത് അഭയമായി മാറുന്നു. പുതിയ വീട്ടിൽ അതുണ്ടാവുമോ എന്നഭയം അതുപേക്ഷിക്കാൻ അവനെ പ്രേരിപ്പിക്കുന്നു. ചിരിച്ചുല്ലസിച്ചാർക്കുന്ന കുട്ടികൾ നിറഞ്ഞ ഒരു ബേബി ഡേകെയർ സെന്ററിൽ എപ്പോഴും ഒറ്റയ്ക്കിരിക്കുന്ന ചിരിക്കാനറിയാത്ത ഒരു കുട്ടിയുണ്ട് ഈ കഥാലോകത്ത്. ഇന്ദു. ബേബി ഡേകെയർ സെന്ററിലെ അദ്ധ്യാപികയുടെ വാക്കുകളിലൂടെ മുന്നോട്ടുനീങ്ങുന്ന കഥ മാതാപിതാക്കളുടെ ബന്ധസംഘർഷം ബാല്യത്തിന്റെ നൈസർഗ്ഗികാവസ്ഥകളെ എങ്ങനെ ഇല്ലായ്മ ചെയ്യുന്നു എന്നും വെളിപ്പെടുത്തുന്നു.

സമൂഹത്തിന്റെ സാമ്പത്തിക ഉച്ചനീചത്വങ്ങൾ പൂർണ്ണമായും ബാല്യത്തിൽ ബോദ്ധ്യപ്പെട്ടുകിട്ടുകയില്ല. മുതിർന്നവരോട് ചോദിക്കുമ്പോഴാവട്ടെ തൃപ്തികരമായ ഉത്തരം കുട്ടിക്ക് ലഭിക്കുന്നുമില്ല. പിന്നെ സ്വന്തം നിഗമനങ്ങളിലും സാധൂകരണങ്ങളിലും കുട്ടികളെത്തിച്ചേരുന്നു. പലപ്പോഴും ഈ ഉച്ചനീചത്വങ്ങൾ മനസ്സിലേൽപ്പിക്കുന്ന ആഘാതങ്ങളിൽനിന്ന് പുറത്തുകടക്കാൻ സ്വയം വഴികൾ തേടുകയും ചെയ്യുന്നു. വളർച്ചയുടെ ഘട്ടങ്ങളിൽ ഇത്തരമൊരു വിഷമാകുലമായ മാനസികാവസ്ഥകളിലൂടെ കടന്നുപോവുന്ന കുട്ടികളെ ഹരികുമാർ അവതരിപ്പിക്കുന്നു. തന്റെ സഹപാഠികളുടെ കഴിവിനെപ്പറ്റി വാചാലമായി സംസാരിക്കുകയും അവരെ ആരാധിക്കുകയും അനുകരിക്കുകയും ചെയ്യുന്ന രാജാവാണ് 'ഒരു കങ്ഫൂ ഫൈറ്ററി'ലെ നായകൻ. സ്വതവേ വാചാലനായിരുന്ന കുട്ടി പെട്ടെന്നൊരു ദിവസം മൗനിയാവുന്നു. ഈ മാറ്റത്തിന്റെ പൊരുൾ അച്ഛനും അമ്മയ്ക്കും പിടികിട്ടുന്നുമില്ല. 'ഡാഡീ എന്താണ് എല്ലാവർക്കും ധാരാളം പണമുണ്ടാവാത്തത്?' എന്ന ചോദ്യം പൊടുന്നനെ അവനിൽനിന്നുണ്ടാവുമ്പോൾ മകന്റെ വിജ്ഞാനത്തിന്റെ ആരംഭമായി അച്ഛൻ ഇത് സ്വീകരിക്കുന്നുമുണ്ട്.

ഇടത്തരക്കാരന്റെ സ്വാർത്ഥചിന്തകളും അപകർഷതാബോധവും സ്വാർത്ഥപരതയുമാണ് അച്ഛനെ ഭരിക്കുന്നത്. ലോകത്തിന്റെ കാപട്യങ്ങൾ അത്രയൊന്നും പരുക്കേൽപ്പിച്ചിട്ടില്ലാത്ത മകനാവട്ടെ ഈ മനോഭാവങ്ങളുടെ എതിർധ്രുവത്തിലാണ് നിൽക്കുന്നത്. വികലമായ ആരാധനയുടേയും അനുകരണത്തിന്റേയും പാതയിൽനിന്ന് അവന്റെ വ്യതിചലനമാണ് മൗനത്തിലേക്കുള്ള പ്രവേശനം. സ്വയം കണ്ടെത്തുന്ന പരിഹാരമാവട്ടെ ഈ മൗനത്തിൽനിന്ന് ഉരവം കൊള്ളുന്നതും. വലുതാവുമ്പോൾ തനിക്കൊരു കുങ്ഫുഫൈറ്ററാവണം എന്ന രാജുവിന്റെ ആഗ്രഹത്തോടെയാണ് കഥ അവസാനിക്കുന്നത്. നന്മതിന്മകൾക്കെതിരെ പോരാടാനുള്ള കരുത്താവണം ഈ ആഗ്രഹത്തിനു പിന്നിലെ പ്രേരകശക്തി. ധാരാളം പണം ഉണ്ടാവാനായി പച്ചപയ്യിനെ പിടിക്കാൻ പോവുന്ന ശാലിനിയും ഇതേപോലെ സ്വയം പരിഹാരം കണ്ടെത്തുകയാണ്.

അമ്മ ജോലിക്കുനിൽക്കുന്ന വീടിനെപ്പോലെ സ്വന്തം വീട് മോടിപിടിപ്പിക്കാൻ ശ്രമിക്കുന്ന ഒരു പെൺകുട്ടിയുണ്ട്. 'പുഴയ്ക്കക്കരെ കൊച്ചുസ്വപ്നങ്ങളിൽ'. യാഥാർത്ഥ്യങ്ങളെ മറച്ചുവെച്ച് പുതിയൊരു ലോകം സൃഷ്ടിക്കാനുള്ള ശ്രമമാണ് രാജി എന്ന ഈ കഥാപാത്രത്തിനുള്ളതെങ്കിൽ 'അലക്കുയന്ത്ര'ത്തിൽ തന്റെ പരിതോവസ്ഥകളെ തികഞ്ഞ നിർമമതയോടെ സ്വീകരിക്കുന്നൊരു കഥാപാത്രമുണ്ട്. വീട്ടിലെ പുതിയ വാഷിംഗ്‌മെഷിനെപ്പറ്റി ആവശ്യത്തിലേറെ അഭിമാനപൂർവ്വം പറയുന്ന യജമാനത്തിക്കുട്ടിയും തന്റെ വീട്ടിലും മുന്തിയൊരു വാഷിംഗ്‌മെഷിനുണ്ടായിരുന്നു ഇപ്പോൾ കേടുവന്നുപോയി എന്നു വമ്പുപറയുന്ന വേലക്കാരിയുമാണ് ഇവിടെ ഏറ്റുമുട്ടുന്നത്.

കുട്ടികളുടെ സ്വഭാവഘടനം രൂപപ്പെടുന്നത് അവർ വളരുന്ന ചുറ്റുപാടുകളിൽനിന്നാണ്. താൻ ജീവിക്കുന്ന ലോകത്തിന്റെ മൃദുലവും സുന്ദരവുമായ വശങ്ങൾ മാത്രമേ ബാല്യകാലത്ത് കുട്ടി അറിയുന്നുള്ളു. പരുക്കനും അസുന്ദരവുമായ വശങ്ങൾ പരിചയപ്പെടുന്നതോടെ വളർച്ചയും പൂർത്തിയാവുന്നു. വിവേചനബുദ്ധിയുറയ്ക്കാത്ത കാലഘട്ടത്തിൽ ഇവ ഒരു കുട്ടിയുടെ മുന്നിലേക്ക് എത്തിപ്പെടുമ്പോൾ ഉത്തരംകിട്ടാത്ത കുറേ ചോദ്യങ്ങളും താങ്ങാനാവാത്ത മാനസികാഘാതവും സമ്മാനിക്കുന്നു. പരിമിതമായ വിജ്ഞാനത്തിൽനിന്ന് ഈ സമസ്യകളത്രയും പൂരിപ്പിക്കാനുള്ള ശ്രമമാണ് പിന്നീട്. താൻ വേണ്ടാത്തതെന്തൊക്കെയോ അറിഞ്ഞുവെന്ന തോന്നലിനുമുന്നിൽ കുട്ടി പകച്ചുനിൽക്കുകയോ ഈ നിഗൂഢസത്യങ്ങളുടെ സുഖം ഉള്ളിൽ സൂക്ഷിക്കുകയോ ചെയ്യുന്നതായി ഇത്തരം അവസ്ഥകളെക്കുറിച്ച് പഠനം നടത്തിയ ഐസക് സെക്വീറ അഭിപ്രായപ്പെടുന്നു. ലൈംഗികതയുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും വാക്കുകളും ഒരു പെൺകുട്ടിയിൽ ഏൽപ്പിക്കുന്ന ആഘാതങ്ങളാണ് 'കുങ്കുമം വിതറിയ വഴികളി'ലെ പ്രമേയം.

ചെറിയകുട്ടിയല്ലേ എന്ന നിസ്സാരതയ്ക്കുമുന്നിൽ മുതിർന്നവർ ചെയ്യുന്ന പ്രവൃത്തികൾ കുട്ടികൾക്ക് എത്ര മാനസികാഘാതം സൃഷ്ടിക്കുന്നു എന്ന് ഈ കഥയിലെ കഥാപാത്രമായ സംഗീതയുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നു.

മാതാപിതാക്കൾ എല്ലാ മക്കളേയും ഒരു പോലെ സ്‌നേഹിക്കേണ്ടതാണ്. ചിലരെ മാത്രം സ്‌നേഹിച്ചാൽ അവഗണിക്കപ്പെടുന്ന കുട്ടിക്ക് അപകർഷതാബോധവും കടുത്ത മാനസികാഘാതവും ഉളവാകുന്നതോടൊപ്പം സഹോദരങ്ങളോട് ശത്രുതാമനോഭാവമായി അത് വളരുമെന്ന് ശൈശവ മനഃശാസ്ത്രം പറയുന്നു. ഈ വികാരമാണ് 'രൂപം നഷ്ടപ്പെട്ട മൃഗ'ങ്ങളിൽ ഹരികുമാർ അവതരിപ്പിക്കുന്നത്. സഹോദരസ്പർദ്ധ ഇത്ര ഭംഗിയായി അവതരിപ്പിക്കുന്ന മറ്റൊരു കഥ മലായളസാഹിത്യത്തിൽ ഇല്ല.

അന്യോന്യം മാനസികാവശ്യങ്ങൾ അറിഞ്ഞ് പരസ്പരം സ്‌നേഹിക്കുമ്പോഴാണ് യഥാർത്ഥ സ്‌നേഹം ഉളവാകുന്നതെന്ന് എറിക് ഫോം ചൂണ്ടിക്കാണിക്കുന്നുണ്ട്. സമൂഹത്തിലെ ഏറ്റവും ചെറിയ ഘടകമായ കുടുംബമാണ് ഏതൊരാളെയും സ്‌നേഹസങ്കൽപ്പങ്ങളുടെ ആദ്യപാഠങ്ങൾ പഠിപ്പിക്കുന്നത്. കുടുംബാന്തരീക്ഷത്തിൽ നിന്നാണ് ആർക്കും കൂടുതൽ സ്‌നേഹം പ്രതീക്ഷിക്കാവുന്നതും. താൻ സ്‌നേഹിക്കപ്പെടുന്നു എന്ന ബോദ്ധ്യം നൽകുന്ന തീവ്രമായ ഒരു സുരക്ഷിതത്വബോധം ജീവിക്കാൻ തന്നെ പലപ്പോഴും പ്രേരണയാവാറുണ്ട്. വീട് ഒരു കെട്ടിടം എന്ന നിലയിൽനിന്ന് സുരക്ഷിതത്വമായി മാറണമെങ്കിൽ ബന്ധങ്ങൾ ഏറ്റവും ദൃഢമാവേണ്ടതുണ്ട്. ഈ ബന്ധശൈഥില്യമാണ് പലപ്പോഴും കുട്ടികൾക്ക് വീട് നഷ്ടപ്പെടാൻ കാരണമാവുന്നതും അനേകമാനസികപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതും. ഇന്ന് നമ്മുടെ സമൂഹത്തിൽ വളരെ സാധാരണമായിക്കഴിഞ്ഞ ഇത്തരം ബന്ധശൈഥില്യങ്ങളും അതിനിടയിലും പ്രത്യേക അവസ്ഥകളിലും എത്തിപ്പെടുന്ന കുട്ടികളുടെ മാനസികാവസ്ഥകളുമാണ് ഹരികുമാർ തന്റെ കഥകളിൽ അവതരിപ്പിക്കുന്നത്. കുട്ടികളെ കുട്ടികളായിത്തന്നെ ഈ കഥകളിൽ അവതരിപ്പിക്കുന്നു. ഒരു തരത്തിലുള്ള ആദർശാത്മകതയും ഈ അവതരണങ്ങളെ ബാധിക്കുന്നില്ല. അതുകൊണ്ടാണ് ചിരിക്കാനുള്ള സഹജമായ സിദ്ധിപോലും കൈമോശം വന്ന ഈ ദിനോസറിന്റെ കുട്ടികൾ നമ്മെ പിൻതുടരുന്നതും സാസ്ഥ്യങ്ങൾ അപഹരിക്കുന്നതും.

കുങ്കുമം വാരിക - 2000 മെയ് 14