എം.വി. ബെന്നി

ചെറുകഥയുടെ ഓണച്ചന്ത

എം.വി. ബെന്നി

പ്രതിഭ, പാണ്ഡിത്യം, പ്രയത്‌നം എന്നിങ്ങനെ മൂന്ന് ഘടകങ്ങൾ ഒന്നിച്ചുചേർന്നാൽ കാവ്യഹേതുവായി എന്ന് കാവ്യാദർശത്തിൽ ദണ്ഡി പറഞ്ഞത് മലയാള പ്രസിദ്ധീകരണങ്ങൾ ഓണപ്പതിപ്പിറക്കാൻ തുടങ്ങിയതിനു മുൻപാണ്. ഇതു മൂന്നുമല്ല, ഓണപ്പതിപ്പുകളുടെ ബാഹുല്യമാണ് യഥാർഥത്തിൽ സാഹിത്യനിർമാണത്തിനു ഹേതുവെന്ന് ഇന്ന് ജീവിച്ചിരിക്കുന്നുവെങ്കിൽ ആചാര്യൻ ഭേദഗതി ചെയേ്തനേ. നിരവധി പ്രസിദ്ധീകരണങ്ങൾ എല്ലാറ്റിനും ഓണപ്പതിപ്പുകൾ, ഇതിലെല്ലാം നിറയ്ക്കാൻ, വേണ്ടത്ര സാഹിത്യം നിർമിക്കാൻ തയാറായി എഴുത്തുകാരും. എറണാകുളത്തെ ഓണച്ചന്തയെ അനുസ്മരിപ്പിക്കുന്ന രീതിയിൽ കഥകളും കവിതകളും നമ്മുടെ സാഹിത്യകാരന്മാർ വാഗൺ ബുക്ക് ചെയ്ത് അയയ്ക്കുന്ന കാലം അടുത്തുവെന്നുവേണം ധരിക്കാൻ. ശുദ്ധകലാവാദക്കാരും പ്രതിജ്ഞാബദ്ധതക്കാരും തമ്മിൽ ഈ കാര്യത്തിൽ വ്യത്യാസമൊന്നുമില്ല. ഇവയിൽ നിന്നൊക്കെ നല്ല കഥകൾ തെരഞ്ഞെടുക്കാൻ വായനക്കാരന് സമയമോ പണമോ ഉണ്ടായെന്നുവരില്ല. അതു ചെയ്യേണ്ട നിരൂപകരാവട്ടെ ആ ജോലി ചെയ്തുകാണുന്നുമില്ല.

ഇക്കഴിഞ്ഞ ഓണത്തിനിറക്കിയ കുറച്ച് ഓണപ്പതിപ്പുകളിലെ ചെറുകഥകൾ മുഴുവൻ വായിച്ചവസാനിപ്പിച്ചത് ഒരുതരം ജാള്യത്തോടെയായിരുന്നു. അതുകഴിഞ്ഞ് കുറച്ച് ആഴ്ചകൾ കഴിഞ്ഞപ്പോഴേയ്ക്കും പ്രസിദ്ധീകരണങ്ങളിൽ വായനക്കാരുടേതായിവന്ന അഭിനന്ദനക്കത്തുകൾ കൂടി കണ്ടപ്പോൾ ഒരു കാര്യം തിട്ടമായി. ഈ അഭിനന്ദക്കത്തുകളിൽ മിക്കതും ഈ കഥാകാരന്മാർ അർഹിക്കുന്നില്ല. സാഹിത്യത്തെക്കുറിച്ച് പൊതുവിലോ ചെറുകഥയെക്കുറിച്ച് വിശേഷിച്ചോ എന്തെങ്കിലും ധാരണയുള്ളവർ ഈ കഥാകാരന്മാരെ അഭിനന്ദിക്കുന്നില്ല. എന്തിന്? ഈ വികൃതസൃഷ്ടികളുടെ പേരിൽ കഥാകാരന്മാരുടെ കുടുംബബന്ധുക്കളോ സുഹൃദ്‌സംഘമോ പോലും അഭിനന്ദിക്കാൻ ഇടയില്ല. ഇതിന്റെയൊക്കെ പേരിൽ ഒരാളെ അഭിനന്ദിക്കാൻ ആർക്കാവും? ഈ പശ്ചാത്തലത്തിൽ ഓണപ്പതിപ്പുകളിലെ ചെറുകഥകളെക്കുറിച്ചുള്ള എന്റെ അഭിപ്രായം പങ്കുവെക്കാമെന്നു കരുതുന്നു. സമകാലിക നിരൂപണങ്ങളിൽ പതിവുള്ളപോലെ, ചവിട്ടുനാടകങ്ങളിലെ വേഷഭൂഷാദികളെ അനുസ്മരിപ്പിക്കുന്ന ആർഭാടഭരിതമായ ഉദ്ധരണികളൊന്നും ഈ കുറിപ്പിൽ ഉണ്ടാവില്ല.

മാതൃഭൂമി, കലാകൗമുദി, ഇന്ത്യാ ടുഡേ, മലയാള മനോരമ, ദേശാഭിമാനി, ദീപിക, കുങ്കുമം, ജന്മഭൂമി, കേരള ടൈംസ്, മംഗളം എന്നീ പത്ത് ഓണപ്പതിപ്പുകളിലെ ചെറുകഥകളാണ് ഈ കുറിപ്പിനാധാരം.

ചെറുകഥയുടെ ഓണച്ചന്ത

ഈ ഓണപ്പതിപ്പുകളിലെല്ലാംകൂടി നൂറ്റി എഴുപത്തൊൻപത് കഥകളാണുള്ളത്. ഏറ്റവും കൂടുതൽ കഥകൾ ദീപികയിലാണ്. മുപ്പത്തിരണ്ടെണ്ണം. ഏറ്റവും കുറവ് ഇന്ത്യാ ടുഡേയിലും ആറ് കഥകൾ. കഥകളുടെ എണ്ണം മറ്റ് പ്രസിദ്ധീകരണങ്ങളിൽ ഇനി പറയുന്ന വിധമാണ്. മാതൃഭൂമി-9, മലയാള മനോരമ-28, കുങ്കുമം-17, കലാകൗമുദി-18, ജന്മഭൂമി-17, കേരളടൈംസ്-20, ദേശാഭിമാനി-15, മംഗളം-17.

കഥാകൃത്തുക്കളുടെ അടിസ്ഥാനത്തിൽ നോക്കിയാൽ ആറ് കഥകളെഴുതിയ അക്ബർ കക്കട്ടിലാണ് എണ്ണത്തിൽ ഒന്നാം സ്ഥാനത്ത്. അഞ്ച് കഥകൾ വീതമെഴുതിയ വി.കെ.എൻ., കെ.എൽ. മോഹനവർമ, സി. രാധാകൃഷ്ണൻ, യു.എ. ഖാദർ എന്നിവർ രണ്ടാംസ്ഥാനത്ത്. ടി. പദ്മനാഭൻ, ഉണ്ണികൃഷ്ണൻ പുതൂർ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എന്നിവർ നാല് കഥകൾ വീതം, കാക്കനാടൻ, വൈശാഖൻ, സേതു, അഷ്ടമൂർത്തി, ഗ്രേസി എന്നിവർ മൂന്നുവീതം. രണ്ടും മൂന്നും കഥകൾ വീതമെഴുതിയ ചിലർ വേറെയുമുണ്ട്. അത്യുല്പാദന ശേഷിയുള്ള മുഴുവൻ കഥാകൃത്തുക്കളുടേയും കണക്ക് മുഷിപ്പുണ്ടാക്കുമെന്നതിനാൽ ഒഴിവാക്കുകയാണ്. ഇവിടെ സ്പർശിക്കാത്ത മറ്റ് ഓണപ്പതിപ്പുകളിലെ കഥകളുടെ എണ്ണവും കൂടി ഭാവനയിൽ കണ്ടാൽ മാത്രമേ വായനക്കാർക്ക് ഇവരുടെ ഉല്പാദനക്ഷമത ബോധ്യപ്പെടൂ. എന്നാൽ, തകഴി, എം.ടി. വാസുദേവൻനായർ, മാധവിക്കുട്ടി, എൻ.എസ്. മാധവൻ എന്നിവരുടേതായി ഓരോ കഥകൾ മാത്രമേ കണ്ടുള്ളൂ.

മാറ്റത്തിന്റെ വഴി

അമൂർത്താശയങ്ങളുടെ ആവിഷ്‌ക്കാരമാണ് കഥ എന്ന വിശ്വാസം നമ്മുടെ കഥാകൃത്തുക്കളെ വിട്ടുപിരിഞ്ഞുവെന്ന് തോന്നുംവിധമാണ് കഥകളുടെ പൊതുസ്വഭാവം. ഒരു കഥ പറയാൻ ശ്രമിക്കുകയാണ് മിക്കവാറുമെല്ലാവരും. അതിൽ വിജയിച്ചോ ഇല്ലയോ എന്നതു മറ്റൊരു കാര്യം. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിൽനിന്ന് തൊണ്ണൂറുകളിലേക്കുള്ള മലയാള കഥയുടെ പ്രധാന മാറ്റം ഇതാണെന്നുവേണം ധരിക്കാൻ. ഒരു തത്ത്വം പറയുകയല്ല. ഒരു കഥയിലൂടെ തത്ത്വം വെളിവാക്കപ്പെടുകയാണ് വേണ്ടത് എന്ന് നമ്മുടെ കഥാകാരന്മാരിൽ ചിലരെങ്കിലും മനസ്സിലാക്കിയിട്ടുണ്ടെന്നുവേണം ധരിക്കാൻ. അത്രയും ആശ്വാസകരം.

ഈ കഥാചന്തയിലെ ഒരു പ്രത്യേകത മനോരമയിലെ രണ്ടായിരാമാണ്ടിലെ കഥ എന്ന പംക്തിയാണ്. പഴയ അക്ഷരശ്ലോകമത്സരങ്ങളേയും ദ്രുതകവന പരീക്ഷകളേയും പോലുള്ള ഒരു മത്സരമാണത്. രണ്ടായിരാമാണ്ടിൽ നിങ്ങൾ എഴുതാനിടയുള്ള കഥ ഇന്നെഴുതാനാണ് പത്രാധിപരുടെ ക്ഷണം. അതിലും കയറി മത്സരിച്ചിട്ടുണ്ട് നമ്മുടെ ശുദ്ധകലാവാദികളായ എഴുത്തുകാരടക്കമുള്ളവർ. തകഴി, ടി. പദ്മനാഭൻ, സക്കറിയ, സേതു, സി. രാധാകൃഷ്ണൻ, കാക്കനാടൻ, പുനത്തിൽ കുഞ്ഞബ്ദുള്ള, അഷ്ടമൂർത്തി, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എന്നിങ്ങനെ ഒൻപത് കഥാകൃത്തുക്കളാണ് ഈ പംക്തിയിൽ കഥ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

'ഇന്ത്യയിൽ വിപ്ലവ ഗവൺമെന്റ് സ്ഥാപിക്കപ്പെട്ടതിനുശേഷം എഴുതുന്ന കഥ' എന്ന പേരിൽ ഒരു പരിപാടി ദേശാഭിമാനി ആരംഭിച്ചുവെന്നു കരുതുക. അതിൽ കഥയെഴുതുന്ന എല്ലാവരോടുമുണ്ടാകാനിടയുള്ള സഹതാപമാണ് ഈ കഥാകാരന്മാരും എന്നിലുണർത്തിയത്. കാലത്തിന്റെ ഗർഭപാത്രത്തിൽ സൂക്ഷിക്കപ്പെട്ടിട്ടുള്ള അനുഭവസഞ്ചയങ്ങളെക്കുറിച്ച് പ്രാഥമിക ധാരണ പോലുമില്ലാത്തൊരാൾക്കേ ഈ വക മത്സരക്കളികളിൽ പങ്കെടുക്കാൻ തോന്നൂ. ഈ കഥകൾക്കാമുഖമായി പ്രശസ്ത നിരൂപകനായ കെ.പി. അപ്പൻ 'ദീർഘദർശനങ്ങളുടെ നിറഭേദങ്ങൾ' എന്ന പേരിൽ ഒരു ലേഖനമെഴുതിയിട്ടുണ്ട്.

ഭാവി കഥനങ്ങളുടെ അപഹാസ്യത സ്വയം മനസ്സിലാക്കിയിട്ടാവണം, പലരും സ്വന്തം കഥകൾക്ക് ആമുഖക്കുറിപ്പെഴുതി മുൻകൂർ ജാമ്യമെടുത്തിട്ടുണ്ട്. ഉദാഹരണത്തിന് ടി. പദ്മനാഭന്റെ കുറിപ്പിൽനിന്ന് ചില ഭാഗങ്ങൾ ''ഒരു കഥയുടെ മൂല്യനിർണയത്തിൽ അതെഴുതിയ കാലത്തിന് വലിയ പ്രാധാന്യമൊന്നുമില്ല. കൊല്ലങ്ങൾക്കു മുൻപെഴുതിയതാണ് എന്നത് ഒരു പോരായ്മയുമല്ല. ഇന്നലെ എഴുതിയതാണ് എന്നത് ഒരു യോഗ്യതയുമല്ല... സത്യത്തിന്റെ മുഖം, എഴുത്തുകാരന്റെ ആത്മാവിന്റെ സ്പന്ദനം കൃതികളിലൂടെ അനുഭവിച്ചറിയാൻ കഴിയുന്നുണ്ടോ എന്നതാണ് പ്രശ്‌നം... ഇങ്ങനെയൊക്കെയുള്ള (വിശ്വാസിയായ) ഞാൻ എങ്ങനെയാണ് നിങ്ങൾ ആവശ്യപ്പെട്ട രീതിയിലുള്ള കഥ എഴുതുക? ഞാൻ സാധാരണമട്ടിൽ എന്റെ പഴയ രീതിയിൽ ഒരു കഥ അയയ്ക്കുന്നു'' പദ്മനാഭൻ പറഞ്ഞത് ശരിയാണ്. അദ്ദേഹത്തിന്റെ ഈ കഥ രണ്ടായിരാമാണ്ടിലെ കഥയെന്നപേരിൽ വരേണ്ട ഒരു കാര്യവുമുണ്ടായിരുന്നില്ല.

പാത്രമറിയാതെയുള്ള ദാനം

നമ്മുടെ എഴുത്തുകാരുടെ കാലസങ്കല്പം തികഞ്ഞ തമാശയായി ഇതിൽ നിറഞ്ഞുനിൽക്കുന്നു. സ്ഥലകാലങ്ങളെ കൈകാര്യം ചെയ്യുക എന്ന എന്നത്തേയും ക്‌ളേശകരമായ ദൗത്യം നമ്മുടെ പ്രഗൽഭർക്കുപോലും വശമല്ല എന്നാണ് ഈ കഥകൾ തെളിയിക്കുന്നത്. രണ്ടായിരാമാണ്ടിലെ ഒരു കഥയെഴുതാൻ തുടങ്ങിയ ഒരു കഥാകാരൻ പറയുന്നതു മുഴുവൻ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഭാഗത്തെക്കുറിച്ചാണ്. ആ എഴുത്തുകാരന്റെ മനസ്സിൽ ഘനീഭൂതമായിക്കിടക്കുന്ന കാലം അതാണെന്നു വേണം ധരിക്കാൻ. മറ്റൊരു കഥാകൃത്തിന്റെ കഥയിൽ പട്ടി കുരച്ചപ്പോൾ 1993 ജൂൺ അവസാനവാരമായെന്നു കഥാകൃത്ത് അറിഞ്ഞത്രേ. പട്ടികളുടെ ഒരു ബുദ്ധിമുട്ടു നോക്കണേ! കള്ളനെ മാത്രം നോക്കിയാൽ പോരാ. കഥാകൃത്തിന് കാലബോധമുണ്ടാക്കിക്കൊടുക്കുകയും വേണം. കാലം എന്നത് കലണ്ടറിൽ വെറുങ്ങലിച്ചു നിൽക്കുന്ന അക്കങ്ങളല്ല; അത് അനുഭവിച്ചറിയേണ്ട അവസ്ഥയാണ് എന്ന് നമ്മുടെ കഥാകാരന്മാർ ഇനിയും മനസ്സിലാക്കിയില്ലെന്നുവരുമോ? അത് മനസ്സിലായില്ലെങ്കിൽ കാലം അയത്‌നസുന്ദരമായി കൈകാര്യം ചെയ്യുന്ന വി.കെ.എൻ. കൃതികൾ മനസ്സിരുത്തി അവർ പഠിക്കട്ടെ. രണ്ടായിരാമാണ്ടിലെ കഥ എന്ന ശീർഷകത്തിനുപകരം 1950-ലെ കഥകൾ എന്നോ മറ്റോ ഉള്ള ശീർഷകങ്ങളായിരുന്നു അവയിൽ മിക്കതിന്റെയും രചനാശില്പത്തിന് പറ്റിയത്.

ശരാശരി എഴുത്തുകാരെപ്പോലും ഊതി വീർപ്പിച്ചുനിർത്താൻ നമ്മുടെ പ്രസിദ്ധീകരണങ്ങൾ പെടുന്ന പെടാപ്പാട് ഓണക്കാലത്തെ നല്ല ഫലിതങ്ങളായി മാറുന്നു. മനോരമ ഓരോ കഥാകൃത്തിനും കൊടുക്കുന്ന വിശേഷണങ്ങൾ അത്തരത്തിലുള്ളതാണ്. മേതിൽ രാധാകൃഷ്ണനെ പരിചയപ്പെടുത്തുകയാണ്. ''സൂര്യവംശം എന്ന നോവലിലൂടെ മലയാളത്തിൽ അന്നു നിലനിന്നിരുന്ന സർവവിധ സൗന്ദര്യ സങ്കല്പങ്ങളേയും വിനയപൂർവം ധിക്കരിച്ചുകൊണ്ട് മനുഷ്യയാഥാർഥ്യത്തിന്റെ പുതിയൊരു ജ്യോതിശ്ചക്രം തീർത്ത എഴുത്തുകാരനാണ് മേതിൽ. കൺമുന്നിലുള്ള യാഥാർഥ്യത്തിനുമപ്പുറത്തേക്ക് തന്റെ ആത്മസൂര്യനെ കടത്തിവിട്ട് പരമാർഥത്തെ വിളിച്ചുവരുത്തി മലയാള കഥാലോകത്തെ പുതുക്കിപ്പണിഞ്ഞ ഈ കഥാകാരന്റെ രചനകൾ...'' എന്ന തോതിലാണ് ആമുഖക്കുറിപ്പുകൾ. ഈ വക കുറിപ്പുകൾ നേരാണെന്ന് അത് എഴുതിയവരോ വായിക്കുന്നവരോ വിശ്വസിക്കില്ല എന്നെനിക്ക് ഉറപ്പുണ്ട്. അതാത് കഥാകൃത്തുക്കളും ഈ കുറിപ്പുകൾ അതുപോലെ നേരമ്പോക്കായിക്കണ്ടാൽ മലയാള സാഹിത്യത്തിന് കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാക്കാതെ കഴിക്കാം.

നിരൂപകരുടെ അസ്ഥാനത്തുള്ള പുലഭ്യം പോലെതന്നെയാണ് അസ്ഥാനത്തുള്ള പ്രശംസയും അസ്ഥാനത്തുള്ള പ്രശംസ പിൽക്കാലത്ത് ഒരു എഴുത്തുകാരന് വരുത്തിവെക്കാവുന്ന ദുഷ്‌പേരും നമ്മൾ ഓർക്കേണ്ടതുണ്ട്. കെടാമംഗലം പപ്പുക്കുട്ടി മലയാള സാഹിത്യ ചരിത്രത്തിൽ അപമാനിതനാവുന്നത് കേസരിയുടെ ഒരു പ്രശംസ മൂലമാണെന്ന് സാഹിത്യചരിത്രം വെളിപ്പെടുത്തുന്നുണ്ടല്ലോ.

നമ്മെ ശ്രദ്ധിപ്പിക്കുന്ന മറ്റൊരു ഘടകം പ്രണയകഥകളുടെ അഭാവമാണ്. നല്ല പ്രണയകഥകളുടെ ഒന്നുംതന്നെയില്ലെന്നുവേണം പറയാൻ. പകരം കഥകളിൽ വാർധക്യം ഒരു യാഥാർഥ്യമായി നിറഞ്ഞുനിൽക്കുന്നു. വാർധക്യം ഒരു രീതിയിലല്ലെങ്കിൽ മറ്റൊരു രീതിയിൽ പരാമർശവിധേയമാകുന്നുണ്ട് മിക്കവാറും കഥകളിൽ. അതിന്റെ ആവിഷ്‌കാരചാരുത താരതമ്യം ചെയ്തുനോക്കിയാലറിയാം എഴുത്തുകാരന്റെ പ്രതിഭാസ്പർശത്തിന്റെ സാധ്യതകളും. അതിൽ ഉജ്ജ്വലമായത് കെ.എൽ. മോഹനവർമയുടെ 'സായാഹ്നം' (മനോരമ) എന്ന കഥയാണ്. വ്യത്യസ്തഭാഷക്കാരായ രണ്ട് പുരുഷന്മാർ സായാഹ്നങ്ങളിൽ ഒത്തുചേരുന്നതും ഭാഷ മനസ്സിലാക്കാതെ ആശയം കൈമാറുന്നതും മനോജ്ഞമായി കഥാകൃത്ത് ഈ കഥയിൽ ചിത്രീകരിച്ചിരിക്കുന്നു. അതുപോലെ ശോഭനമായ ഭൂതകാലമുള്ള സുന്ദരയ്യയുടെ അച്ഛന്റെ അപ്രസക്തമാകുന്ന (?) വാർധക്യജീവിതം തെളിമയോടെ ടി. പദ്മനാഭനും വരച്ചുകാണിക്കുന്നു. രണ്ടും നല്ല കഥകളാണ്. വാർധക്യത്തിന്റെ ഏകാകിതയാണ് മിക്കവാറും കഥകളിൽ ചിത്രീകരിക്കപ്പെടുന്നത്. എന്നാൽ ജോസഫ് മറ്റം ദീപികയിലെഴുതിയ 'വിധേയൻ' എന്ന കഥ പെൻഷനായതിനുശേഷവും റബ്ബർ വെച്ച് പണമുണ്ടാക്കിയ ഒരാളെക്കുറിച്ചാണ്. ഓരോരുത്തർ ഗൗരവമുള്ളതെന്നു കരുതുന്നതായിരിക്കുമല്ലോ അവരുടെ കഥകൾ വെളിപ്പെടുത്തുന്നത്.

ദാനം - പാത്രം നോക്കിത്തന്നെ

പത്രാധിപർ വിഷയം കൊടുത്ത് എഴുതിപ്പിച്ചതെന്നു തോന്നിപ്പോകുന്ന കഥകളാണ് ദേശാഭിമാനിയിൽ കാണുന്ന 'അധ്യാപകകഥകൾ'. രണ്ട് കഥകളും ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ നമ്മുടെ അധ്യാപക ലോകത്തിന്റെ സവിശേഷതകൾ വിശദീകരിക്കുകയാണ്. പഴയ കാരൂർ കഥകളുമായി താരതമ്യപ്പെടുത്തിയാൽ മതി ഇതിന്റെ ആർജവമില്ലായ്മ മനസ്സിലാക്കാൻ. ഒരു കാരൂർക്കഥ എന്നാണ് എസ്.വി. വേണുഗോപൻനായരുടെ കഥയുടെ പേരുതന്നെ. മാഷ് മൂളിപ്പാട്ടു പാടുന്നു- മുണ്ടൂർ കൃഷ്ണൻകുട്ടി, ഭാരതസ്ത്രീയും ഗ്യാസ് സ്റ്റൗവും- അക്ബർ കക്കട്ടിൽ വിദ്യാഭ്യാസചിന്തകൾ- വി.എസ്. അനിൽകുമാർ, നന്മയുടെ അവസാന കണികയും- പ്രഭാകരൻ പഴശ്ശി എന്നിവയിലെല്ലാം വിസ്തരിക്കപ്പെടുന്നത് നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദുരവസ്ഥയാണ്. ദുഃഖത്തോടെ പറയട്ടെ അക്ബർ കക്കട്ടിലും രചനയിൽ പിറകോട്ടു പോകുന്നുവെന്ന് പറയേണ്ടിവരുന്നു.

പതിവുപോലെ ദേശാഭിമാനിയിലേക്ക് സമകാലിക പ്രശ്‌നങ്ങൾ കഥയാക്കി അയച്ചുകൊടുക്കുമ്പോൾ, ആർഷഭാരതചിന്തയുടെ നല്ല വശങ്ങൾ കഥയാക്കി ജന്മഭൂമിയിലേക്കും അയച്ചുകൊടുക്കുന്നു നമ്മുടെ കഥാകാരന്മാർ. വൈശാഖനാവട്ടെ ആർക്കയയ്ക്കുന്ന കഥകളും പ്രസിദ്ധീകരണങ്ങളുടെ നിറം നോക്കി ഭേദഗതി ചെയ്യുന്നില്ല. തന്റെ പരിമിതികൾക്കകത്തുനിന്നുകൊണ്ട് പ്രസിദ്ധീകരണങ്ങളുടെ നിറം നോക്കി ഭേദഗതി ചെയ്യുന്നില്ല. തന്റെ പരിമിതികൾക്കകത്തുനിന്നുകൊണ്ട് പ്രസിദ്ധീകരണങ്ങളുടെ സ്വഭാവം നോക്കാതെ അദ്ദേഹം കഥകൾ അയച്ചുകൊടുക്കുന്നുവെന്നുവേണം ധരിക്കാൻ. വിഷയവൈവിധ്യം പുലർത്തുന്ന മോഹനവർമയും കഥകളയയ്ക്കുന്നത് പ്രസിദ്ധീകരണങ്ങളുടെ നിറം നോക്കാതെയാണ്. സി. രാധാകൃഷ്ണനാകട്ടെ 'ഏഴാമത്തെ ഇല്ലം' എന്ന പേരിൽ അഭയം തേടിവരുന്ന ഒരു അമ്മയുടേയും കുഞ്ഞിന്റേയും ദുരിതം 'ദുഷിച്ചുനാറിയ സാമൂഹ്യ വ്യവസ്ഥിതി'യുടെ പശ്ചാത്തലത്തിൽ ദേശാഭിമാനിയിൽ പ്രസിദ്ധീകരിക്കുന്നു. എന്നാൽ, ജന്മഭൂമിയിലെ അദ്ദേഹത്തിന്റെ കഥ യു.ജി.സി. പശ്ചാത്തലത്തിൽ നമ്മുടെ പഴയ ഗുരുകുല സമ്പ്രദായം സ്വപനം കാണുന്നതാണ്. മറ്റൊരു വിശേഷം പ്രശസ്ത നിരൂപകനായ എം.കെ. സാനു കുങ്കുമത്തിലെഴുതിയ കഥയാണ്. ചീഫ് എഡിറ്റർ സ്വന്തം പ്രസിദ്ധീകരണത്തിലെഴുതിയ ഏകകഥയും അതുതന്നെയാണ്. കുങ്കുമത്തിലും മാതൃഭൂമിയിലും ദീപികയിലും കഥകൾ കൊടുത്തതിനുശേഷമായിരിക്കണം ഉണ്ണിക്കൃഷ്ണൻ പുതൂരിനോട് ജന്മഭൂമി പത്രാധിപർ കഥ ചോദിച്ചത്. കുങ്കുമത്തിലെ കഥയുടെ ധർമാധർമ ചർച്ച കഥയെന്ന പേരിൽ ജന്മഭൂമിയിൽ വന്നതിന്റെ കാരണം അതാകാനേ വഴിയുള്ളൂ. അങ്ങനെ അറവുശാലയിലേക്ക് കൊണ്ടുപോയ പശു പ്രസവിച്ച കഥ സ്‌നേഹമെന്ന പേരിൽ കുങ്കുമത്തിലും അതിന്റെ തുടർച്ചയായ ചർച്ച വിവാദം എന്ന പേരിൽ ജന്മഭൂമിയിലും നിങ്ങൾക്ക് വായിക്കാം.

പ്രണയകഥകളുടെ കാലം കഴിഞ്ഞുവെങ്കിലും കാമുകിയുടെ നഗ്നചിത്രം വരയ്ക്കണമെന്നാഗ്രഹിക്കുന്ന കാമുകനെ യു.കെ. കുമാരനും (ഒരു നിമിത്തം മാത്രം- കുങ്കുമം) കാബറേ ഡാൻസ് കാണാനെത്തുന്ന കാഴ്ചക്കാർ മറ്റെവിടെയോ ഉള്ള കാബറെ നർത്തകി മുഴുവൻ നഗ്നത കാണിക്കാത്തതിൽ അമർഷം കൊള്ളുന്ന കഥ അശോകൻ ചരുവിലും (വൈകുന്നേരം- കുങ്കുമം) പറയുന്നു. നഗ്നതാപ്രദർശനത്തിന് മലയാളകഥയിൽ ചെറിയ മാർക്കറ്റ് രൂപപ്പെടുന്നുണ്ടോ. 'നഗ്നശരീരങ്ങൾ' എന്നാണ് മാധവിക്കുട്ടി കലാകൗമുദിയിൽ എഴുതിയ കഥയുടെ പേര്.

അതുപോലെ നാലഞ്ച് കഥകളിൽ നഗരത്തിൽ ജോലി ചെയ്യുന്ന ഗൂർഖകളോടുള്ള സ്‌നേഹവാത്സല്യം കഥാകൃത്തുക്കൾ ചിത്രീകരിക്കുന്നുണ്ട്. മാണി പയസ് ദീപികയിലെഴുതിയ ബീർബഹാദൂർ മുൻമോഹൻ എന്ന കഥയുടെ പ്രമേയവും അതുതന്നെയാണ്.

ചരിത്രവ്യാഖ്യാനത്തിന്റെ സ്വാരസ്യം

പ്രമേയസ്വീകരണത്തിന്റെ കാര്യത്തിൽ മോഹനവർമയുടേതിനു നേരെ എതിരാണ് വി.കെ.എന്റെ നില. അഞ്ചുകഥകളിലും വി.കെ.എൻ. തന്റെ സ്വതഃസിദ്ധമായ ശൈലിയിൽ ചരിത്രവ്യാഖ്യാനം തുടരുന്നു. പൊതിയടയ്ക്ക (മാതൃഭൂമി)യിൽ വി.കെ.എൻ. വർണിക്കുന്നത് ധർമപ്രചാരകനായ അശോകനെയാണ്. സോഷ്യലിസ്റ്റ് പ്രചാരകൻ സോഷ്യലിസ്റ്റാവണമെന്ന നിർബന്ധമില്ലാത്തതുപോലെ അശോകൻ ധർമപ്രചാരകനാണ്. ധർമിഷ്ഠനാണോ എന്നറിയാൻ നിവൃത്തിയില്ല. അശോകന്റെ ധർമപ്രചാരണത്തിന്റെ ആക്കം നോക്കുക ''തന്നെക്കൊണ്ടുമാത്രം ധർമപ്രചാരണം നടത്താൻ ആവതല്ലെന്നുകണ്ട അശോകൻ ജില്ലാ ജഡ്ജ്, റവന്യൂ ഡിവിഷണൽ ഓഫീസർ, തഹസിൽദാർമാർ മുതൽപിടി മുതൽ പേരെ ധർമം ശരണം ഗച്ഛാമി ചെയ്യാൻ കല്പന കൊടുത്തു. ബുദ്ധോപദേശങ്ങൾ വർണക്കടലാസിൽ നോട്ടീസായി അച്ചടിച്ച് ജനങ്ങൾക്കിടയിൽ വിതരണം ചെയ്യാൻ പറഞ്ഞു. കല്ലിന്റെ ധർമസ്തംഭങ്ങൾ നാട്ടി അവയിൽ ലേഖനമെഴുതി. ധർമ മഹാപാത്രന്മാരെന്ന ഉന്നതരായ സിവിലുദ്യോഗസ്ഥന്മാരെ ജില്ലതോറും നിയമിച്ചു. നാലുകാതൻചരക്കോളം വരുന്ന ഓരോ പാത്രം ധർമവുമായി ഇവർ ജനത്തെ കാത്ത് കുത്തിയിരുന്നു. ഇവന്മാരുടെ വേലവെയ്പുകൾ, പൂരങ്ങൾ എന്നിവ തനിക്ക് റിപ്പോർട്ട് ചെയ്യാൻ പത്രലേഖകരെ നിയമിച്ചു. ധർമം പ്രചരിപ്പിക്കാൻ വിദേശ രാജ്യങ്ങളെ പ്രേരിപ്പിക്കാൻ അഷ്ടദിക്കിലേക്കും നയതന്ത്ര പ്രതിനിധികളെ നിയോഗിച്ചു. ''വി.കെ.എന്റെ ചരിത്രാഖ്യാനം ആർക്കാണ് രസിക്കാതെ വരിക.

നിത്യവസന്തങ്ങൾ

ചരിത്രം വർത്തമാനകാല ജീവിതത്തിൽ അനുഭവപ്പെടുത്തുന്ന നടുക്കം മനോഹരമായി ആവിഷ്‌കരിച്ചിട്ടുണ്ട്. എൻ.എസ്. മാധവൻ 'തിരുത്ത്' എന്ന കഥയിൽ ബാബറി മസ്ജിദ് തകർക്കപ്പെട്ടതിന്റെ അന്നുരാത്രി ഒരു പത്രമോഫീസ് കേന്ദ്രമാക്കി അദ്ദേഹം ചിത്രീകരിച്ച ആ കഥ സമകാലിക സംഭവങ്ങൾ അന്തരാത്മാവിൽ ബാധിക്കുന്ന ഒരെഴുത്തുകാരനെയാണ് നമ്മൾ അനുഭവപ്പെടുത്തുന്നത്. സമകാലിക സംഭവങ്ങൾ ഇതിവൃത്തമായി മാധവൻ ഇതിനു മുൻപ് രചിച്ച 'വന്മരങ്ങൾ വീഴുമ്പോൾ', 'നാലാം ലോകം' എന്നിവകളെപ്പോലെ ഇതും നല്ല രചനയാണ്.

മലയാള കഥാരചനയുടെ ആവിഷ്‌കാര സൗഭഗം നിറഞ്ഞുനിൽക്കുന്ന ഒരു കഥയാണ് എം.ടിയുടെ ഷെർലക് (ഇന്ത്യാടുഡേ) അമേരിക്കൻ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ഈ കഥയുടെ ശില്പചാരുത ആ കഥയെ മുന്നിൽ നിർത്തുന്നു. ഇത് യഥാർഥത്തിൽ രണ്ടായിരാമാണ്ടിലെ കഥ എന്ന ശീർഷകത്തിനു കീഴിൽ വന്നാലും വായനക്കാരൻ അദ്ഭുതപ്പെടില്ലായിരുന്നു.

ഓണപ്പതിപ്പുകളിലെ നൂറ്റി എഴുപത്തെട്ട് കഥകളും വായിച്ചപ്പോൾ നനയാതിരുന്ന എന്റെ കണ്ണുകൾ ഇ. ഹരികുമാറിന്റെ 'ചിരിക്കാനറിയാത്ത കുട്ടി' (കലാകൗമുദി) എന്ന കഥ വായിച്ചപ്പോൾ ഈറനണിഞ്ഞു.

എം.ടിയുടെ ഷെർലക്, ടി. പദ്മനാഭന്റെ സുനന്ദയുടെ അച്ഛൻ, കെ.എൽ. മോഹനവർമയുടെ സായാഹ്നം, എൻ.എസ്. മാധവന്റെ തിരുത്ത്, ഇ. ഹരികുമാറിന്റെ ചിരിക്കാനറിയാത്ത കുട്ടി എന്നീ കഥകളെ ഓണപ്പതിപ്പുകളിലെ അഞ്ച് മികച്ച രചനകളായി ഞാൻ വിലയിരുത്തുന്നു.

ഇവിടെ പരാമർശിക്കപ്പെടാതെപോയ കുറെ പ്രഗൽഭ കഥാകൃത്തുക്കളുണ്ട്. അവർക്ക് കഴിയും വേഗം കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് കിട്ടട്ടേ എന്ന് പ്രാർഥിക്കുന്നു. അത് കിട്ടുംവരെ അവർ തുടർന്നെഴുതുമെന്നു തോന്നുന്നു. ഈശ്വരാ അടുത്ത ഓണത്തെക്കുറിച്ച് ഓർക്കുമ്പോൾ ഇപ്പഴേ പേടിയാവുന്നു.

മാതൃഭൂമി ആഴ്ചപ്പതിപ്പ് - 1993 ഡിസമ്പർ 26

എം.വി. ബെന്നി

അനുബന്ധ വായനയ്ക്ക്