ബാലകൃഷ്ണ മാരാർ, പുസ്തകപ്രകാശനം

ശ്രീ എൻ.ഇ. ബാലകൃഷ്ണ മാരാരുടെ 'കണ്ണീരിന്റെ മാധുര്യം' എന്ന പുസ്തകത്തിന്റെ പ്രകാശനം. നോവൽ ചർച്ച 2.09.2005

എം. ഗോവിന്ദൻ ഒരിക്കൽ പറയുകയുണ്ടായി ആർക്കും ജീവചരിത്രമെഴുതാമെന്ന്. കാരണം ഓരോരുത്തരുടെ ജീവിതവും വ്യത്യസ്തമാണ്. ഓരോരുത്തരുടെ ജീവിതത്തിൽനിന്നും നമുക്ക് എന്തെങ്കിലും പഠിക്കാനുണ്ടാവും. പക്ഷെ ശ്രീ ബാലകൃഷ്ണ മാരാരുടെ ജീവചരിത്രമെടുത്ത് വായിക്കുമ്പോഴാണ് അതിന്റെ വ്യാപ്തി മനസ്സിലാവുക. ഒരു വ്യക്തിയുടെ ജീവചരിത്രം ആ വ്യക്തിയ്ക്കുമാത്രമല്ല സമൂഹത്തിനാകെ എത്രത്തോളം പ്രാധാന്യമർഹിക്കുന്നതാണെന്ന്. റാഗ്‌സ് ടു റിച്ചസ് എന്ന ഇംഗ്ലീഷ് പ്രയോഗം അക്ഷരംപ്രതി സത്യമാണ് ശ്രീ മാരാരുടെ ജീവിതത്തിൽ. അതിന് അദ്ദേഹത്തെ പ്രാപ്തനാക്കിയത് ജയിക്കുമെന്ന വാശിയും ആത്മവിശ്വാസവും ഒപ്പംതന്നെ കഠിനാദ്ധ്വാനവും. അദ്ദേഹത്തിന്റെ പുസ്തകം പാരായണക്ഷമമാണ് . ഒറ്റയിരിപ്പിന് പുസ്തകം മുഴുവൻ വായിച്ചു തീർക്കാൻ പറ്റും. അങ്ങിനെ വായിച്ചുതീർക്കാൻ പറ്റുന്ന പുസ്തകങ്ങൾ അപൂർമായിരിക്കെ ഇങ്ങിനെ ഒരു ഗ്രന്ഥം വളരെ സ്വാഗതാർഹമാണ്, ആശ്വാസകരമാണ്. പുതിയ പുസ്തകങ്ങളിൽ എത്രയെണ്ണം ഞാനീ പറഞ്ഞ വർഗ്ഗത്തിൽ പെടും? ചിന്തിക്കേണ്ട കാര്യമാണ്.

ബാലേട്ടന് ഇടശ്ശേരി കുടുംബവുമായി വളരെ അടുത്ത ബന്ധമാണുള്ളത്. അച്ഛന്റെ മരണത്തിനുശേഷം ഒന്നോ രണ്ടോ പുസ്തകങ്ങളൊഴിച്ച് ബാക്കി പുസ്തകങ്ങളെല്ലാം പ്രസിദ്ധപ്പെടുത്തിയത് പൂർണ്ണയാണ്. ഞാൻ അച്ഛന്റെ കവിതകൾ സമ്പൂർണ്ണ സമാഹാരത്തിന്റെ രണ്ടാം വാള്യം ഇറക്കിയപ്പോൾ ബാലേട്ടൻ കുറേ കോപ്പികൾ വിറ്റുതന്ന് എന്നെ സഹായിച്ചിട്ടുണ്ട്. അമ്മയ്ക്ക് അദ്ദേഹം സ്വന്തം അനുജനെപ്പോലെയായിരുന്നു. ഇപ്പോൾ ഇറക്കിയ 'അനിതയുടെ വീട്' എന്ന കഥാസമാഹാരമടക്കം എന്റെ മൂന്നു പുസ്തകങ്ങൾ പൂർണ്ണ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

നമ്മുടെ വിഷയത്തിലേയ്ക്കു കടക്കാം. നോവലിന്റെ വളർച്ചയുടെ ചരിത്രമെടുത്തുനോക്കിയാൽ ഒരു കാര്യം വ്യക്തമാവും. രൂപപരമായി കഴിഞ്ഞ നൂറു വർഷത്തിനുള്ളിൽ മലയാള നോവലിനെന്നല്ല ലോകനോവലിനുതന്നെ കാര്യമായ മാറ്റമൊന്നുമുണ്ടായിട്ടില്ല. നിങ്ങൾ എഴുതുന്നത് മനുഷ്യന്റെ കഥതന്നെയാണ്. ഭാവപരമായി പക്ഷെ വളരെയേറെ മാറ്റങ്ങളുണ്ടായിട്ടുണ്ട്. കാലത്തിന്റെ നിലയ്ക്കാത്ത പ്രവാഹത്തിനിടെ മാറിപ്പോകുന്ന മുല്യങ്ങൾ, സാങ്കേതിക വളർച്ചയും അതിനനുസരിച്ച് മാറുന്ന ജീവിതശൈലിയും, രണ്ടു മഹായുദ്ധങ്ങളുടെ അനന്തരഫലമായുണ്ടായ നൈതികത്തകർച്ചയും സ്വാഭാവികമായും കലയേയും സാഹിത്യത്തേയും സ്വാധീനിക്കുകയും അതിന് പുതിയ ഭാവതലങ്ങൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഇത് ഘടനാപരായ മാറ്റങ്ങൾഅനിവാര്യമാക്കുകയും നോവലിനെ ഇന്നത്തെ അവസ്ഥയിൽ എത്തിക്കുകയും ചെയ്തു. ഒരു നൂറ്റാണ്ടിനുമുമ്പ് ജീവിച്ചു മരിച്ച ഒരാൾ ഇന്ന് എഴുന്നേറ്റ് പുറത്തിറങ്ങി നടന്നാൽ ഇതുതന്നെയാണോ ഞാൻ ജീവിച്ചിരുന്ന ലോകമെന്ന് സംശയിക്കാനിടയുണ്ട്. ഇതുതന്നെയാണ് സാഹിത്യത്തിന്റെയും സ്ഥിതി.

പക്ഷെ ഒരു കാര്യം തീർച്ചയാണ് ഒരു നൂറ്റാണ്ടു മുമ്പും ഇന്നും സാഹിത്യം കൈകാര്യം ചെയ്യുന്ന അസംസ്‌കൃതവസ്തു മനുഷ്യനാണ്. അവന്റെ ജീവിതം, പ്രശ്‌നങ്ങൾ. മനുഷ്യന്റെ കഥയ ല്ലാത്ത ഒരു നോവൽ ഇതുവരെ ഉണ്ടായിട്ടില്ല. മൃഗങ്ങളുടെ കഥ പറയുമ്പോഴും അത് മനുഷ്യന്റെ രൂപകഥയായി (allegory) മാത്രമേ പറയുന്നുള്ളു. അനിമൽ ഫാം എന്ന നോവലിലെ മൃഗകഥാപാത്രങ്ങളെല്ലാം സ്റ്റാലിൻ ഭരണകൂടത്തിനു കീഴെയുള്ള റഷ്യൻ ജനതയാണെന്ന് അറിയാമല്ലൊ. റഷ്യൻ ഭരണത്തിന് അലിഗറിയായിട്ടാണ് ജോർജ്ജ് ഓർവൽ അനിമൽ ഫാം എഴുതിയത്. ഈസോപ്പുകഥകളിലും മറ്റുമുള്ള മൃഗങ്ങൾ മനുഷ്യനു പകരം നിൽക്കുന്നവതന്നെയാണല്ലൊ. നോവൽ പരിണമിച്ചുവരുന്നത് വളരെ പ്രകടമായൊരനുഭവമായി മാറുന്ന പടിഞ്ഞാറൻ നാടുകൾ അതിന്റെ പടിപടിയായുള്ള പരിണാമത്തെ അപഗ്രഥനവിധേയമാക്കുകയും, ഓരോ ഘട്ടങ്ങളെയും വർഗ്ഗീകരിക്കുകയും ചെയ്തു. ഞാനുദ്ദേശിക്കുന്നത് നോവലിന്റെ കാര്യം മാത്രമല്ല. നോവലാണ് നമ്മുടെ ചർച്ചാവിഷയമെന്നതുകൊണ്ടങ്ങിനെ പറഞ്ഞുവെന്നു മാത്രമെയുള്ളു. ഈ വർഗ്ഗീകരണം കലയുടെയും വാസ്തുവിദ്യയുടെയും കാര്യത്തിലാണ് കാര്യമായിട്ടുണ്ടായിട്ടുള്ളത്. അതിന്റെ ഒരു അനുബന്ധമായി സാഹിത്യവും പെട്ടുവെന്നു മാത്രമേയുള്ളു.

പടിഞ്ഞാറുള്ളവർ വർഗ്ഗീകരണത്തിന്റെ കാര്യത്തിൽ വളരെ കണിശക്കാരാണ്. ചരിത്രമെഴുതുക എന്ന ശീലം രക്തത്തിൽ കലർന്ന അവർക്ക് അങ്ങിനെയേ പറ്റൂ. നമുക്ക് അങ്ങിനെയൊരു ശിലമില്ല. അത് നമ്മുടെ സ്വഭാവമല്ലാത്തതുകൊണ്ട് ആരെങ്കിലും അതു ചെയ്യുമ്പോൾ വളരെ കൃത്രിമമായി തോന്നും. ശരി, വർഗ്ഗീകരണം നമ്മുടെ ശീലമല്ല, പക്ഷെ അതുപോലെത്തന്നെ ചരിത്രമെഴുത്തും. നമ്മൾ ചരിത്രമെഴുതാൻ തുടങ്ങിയില്ലെ അതു മാറ്റിമാറ്റിയെഴുതാനും താല്പര്യങ്ങൾക്കനുസരിച്ച് വളച്ചൊടിക്കാനും? അതുപോലെ വാസ്തുവിദ്യയിലും കലയിലും സാഹിത്യത്തിലും ആയിക്കൂടെ? ആവാം, പക്ഷെ ആദ്യമായി നാം നമ്മുടെതായ ഒരടിത്തറ തയ്യാറാക്കണം. നിർഭാഗ്യവശാൽ അങ്ങിനെ ഒരടിത്തറ തയ്യാറാക്കാൻ കേരളത്തിലെ ബുദ്ധീജീവികൾ ശ്രമിച്ചില്ല. പടിഞ്ഞാറൻ ബുദ്ധീജീവികളുടെ ഒപ്പമെത്താനുള്ള വ്യഗ്രതയിൽ നമ്മുടെ സഹോദരന്മാർ പടിഞ്ഞാറുള്ളവരെ അനുകരിക്കുകയോ അവർ നൂറ്റാണ്ടുകളായി കെട്ടിപ്പടുത്ത ശാസ്ത്രത്തെ അപ്പടി ഇറക്കുമതി ചെയ്യുകയോ ചെയ്തു. ഇങ്ങിനെയാണ് വായനക്കാർ മലയാള സാഹിത്യവുമായി തെറ്റിപ്പിരിയാനിടവന്നത്. നമ്മുടെ മണ്ണിന്റെ മണമുള്ള ഒരു വർഗ്ഗീകരണം ഇവിടെത്തന്നെ ഉണ്ടാക്കുകയായിരുന്നെങ്കിൽ വായനക്കാർക്ക് അതുമായി പരിചയപ്പെടാനും താദാത്മ്യം പ്രാപിക്കാനും അവസരമുണ്ടായേനെ. മറിച്ച് സായ്പിന്റെ മാതിരിയാവാനുള്ള വ്യഗ്രതയിൽ നമ്മൾ നമ്മുടെ മണ്ണിനെ മറന്നു, സംസ്‌കാരത്തെ മറന്നു.

നമ്മുടെ ഇളംതലമുറയിലെ എഴുത്തുകാർ ഈ ലേബലുകൾ കിട്ടാൻ നെട്ടോട്ടമോടുന്നത് പരിതാപകരമായ കാഴ്ചയാണ്. ആധുനികതയ്ക്കും, ഉത്തരാധുനികതയ്ക്കും ശേഷം ഇപ്പോൾ സൈബർ കഥകളും വർച്വൽ റിയാലിറ്റി കഥകളുമാണ്. തങ്ങളുടെ ഉൽപന്നങ്ങൾക്ക് ഐ.എസ്.ഒ. നമ്പർ കിട്ടാൻ വേണ്ടി വ്യവസായികൾ ശ്രമിക്കുന്നതുപോലെയാണിത്. ഒരിക്കൽ അങ്ങിനെയൊരു ലേബൽ കിട്ടിയാൽ രക്ഷപ്പെട്ടു. ആധുനികതയുടെയും, ഉത്തരാധുനികതയുടെയും മൊത്ത വ്യാപാരവും ചില്ലറവ്യാപാരവും ആരാണ് കൈകാര്യം ചെയ്യുന്നത് എന്ന് നമുക്കിന്ന് അറിയാം. അവരെ സമീപിക്കയെ വേണ്ടു. മറിച്ച് സൈബർ, വെർച്വൽ റിയാലിറ്റികളുടെ ഐ.എസ്.ഒ. മാർക്ക് കിട്ടാൻ ആരെയാണ് സമീപിക്കേണ്ടത് എന്നറിയില്ലെന്നു തോന്നുന്നു. ഓരോരുത്തരും സ്വന്തം നിലയിൽ അവകാശപ്പെടുന്നേയുള്ളു. ഞാനാണ് ആദ്യത്തെ സൈബർ നോവലെഴുതിയത്, ഞാനാണ് ആദ്യത്തെ വർച്വൽ റിയാലിറ്റി നോവലെഴുതിയത് എന്നിത്യാദി. ഇതിനിടയിൽ കാണാതെ പോകുന്നത് നല്ല കഥകളും നോവലുകളുമാണ്. നല്ല നോവലുകളും കഥകളും വരുന്നുണ്ട്. സി. രാധാകൃഷ്ണന്റെ 'തീക്കടൽ കടഞ്ഞ് തിരുമധുരം' എന്ന പുതിയ നോവൽ ഒരു ലേബലുമില്ലാതെത്തന്നെ ജനശ്രദ്ധയാകർഷിച്ചു. അപ്പോൾ കാര്യം ഇതാണ്. നല്ല സൃഷ്ടി നടത്തുകയാണ് വേണ്ടത് അല്ലാതെ രണ്ടാംതരം സൃഷ്ടി നടത്തി അതിന് ലേബൽ കിട്ടാൻ ശ്രമിക്കുകയല്ല. ഇതെല്ലാം കണ്ട് ചിരിക്കുകയല്ലെ നല്ലത്?

ഇ ഹരികുമാര്‍

E Harikumar